സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത
കൂടുതല്‍ വിനീതരാകുന്നതിനെക്കുറിച്ചല്ലാതെ മറ്റെന്താണ് ഈ ദിവസം ധ്യാനിക്കേണ്ടത്? എന്റെ അവിവേകങ്ങളാണ് പലപ്പോഴും അഹന്തകളിലേക്ക് നയിച്ചിട്ടുള്ളത്. ചില കഥകള്‍ നമ്മുടെ ബോധത്തിനുള്ള പ്രഹരങ്ങളാണ്. അത്തരം ഒന്ന് ചരിത്രത്തില്‍ നിന്ന് വായിക്കട്ടെ.
”മഹാനായ അശോക ചക്രവര്‍ത്തി ഒരു ദിവസം രഥത്തില്‍ യാത്രചെയ്യുമ്പോള്‍ ഒരു ബുദ്ധസന്യാസി എതിരേ വരുന്നതുകണ്ട് രഥം നിര്‍ത്തി. സന്യാസിയുടെ മുമ്പില്‍ ശിരസ് നമിച്ച് പ്രണമിച്ചു. അതുകണ്ട് മന്ത്രിമാരില്‍ ഒരാള്‍ക്ക് അസ്വസ്ഥത ഉണ്ടായി. അദ്ദേഹം രാജാവിനോട് ചോദിച്ചു: മഹാരാജാവ് തല കുനിക്കുന്നത് അപമാനമല്ലയോ? രാജാവ് മന്ത്രിയുടെ ചോദ്യത്തിന് ഉത്തരം പറയാതെ ഒരു കല്പന പുറപ്പെടുവിച്ചു.
‘ഒരു ആട്ടിന്‍ തലയും ഒരു പുലിത്തലയും ഒരു മനുഷ്യന്റെ തലയും അടിയന്തരമായി ഹാജരാക്കൂ’. ആടിന്റെ തല ഇറച്ചിക്കടയില്‍ നിന്നും പുലിത്തല ഒരു വേട്ടക്കാരന്റെ കൈയില്‍ നിന്നും ഒരു മനുഷ്യന്റെ തല ശ്മശാനത്തില്‍ നിന്നും ലഭിച്ചു. രാജാവ് മന്ത്രിയോട് പറഞ്ഞു: ‘ഈ മൂന്ന് ശിരസുകളും എടുത്ത് ചന്തയില്‍ കൊണ്ടുപോയി വിറ്റിട്ട് കിട്ടുന്ന പണവുമായി വരിക’. വലിയ ബുദ്ധിമുട്ടൊന്നും കൂടാതെ ആടിന്റെ തല വിറ്റുപോയി. കുറെ സമയം കഴിഞ്ഞപ്പോള്‍ നായാട്ടില്‍ കമ്പം ഉണ്ടായിരുന്ന ഒരു പ്രഭു വന്ന് പുലിത്തലയും വാങ്ങിച്ചു. സന്ധ്യയായിട്ടും വെറുതെ കൊടുക്കാമെന്ന് പറഞ്ഞിട്ടും മനുഷ്യന്റെ തല സ്വീകരിക്കാന്‍ ആരും വന്നില്ല. തിരിച്ചെത്തിയ മന്ത്രിയോട് ചക്രവര്‍ത്തി പറഞ്ഞു: ‘മന്ത്രി അവര്‍കളേ നോക്കുക, പ്രാണന്‍ പോയ ശരീരത്തോട് ആരും അടുക്കുന്നില്ല. അങ്ങനെയുള്ളപ്പോള്‍ ഇതല്പം നേരത്തെ മനസിലാക്കുകയും അതനുസരിച്ച് ലോകത്തിന് മരിച്ച് ജീവിക്കുന്ന ജ്ഞാനികളുടെ പാദങ്ങളില്‍ വീണ് നമസ്‌കരിക്കുന്നതില്‍ എന്ത് തെറ്റാണ്.’
അല്ലെങ്കില്‍ തന്നെ ഇത്രയൊക്കെ നിഗളിക്കാന്‍ നമുക്കെന്താണുള്ളത് ? ദൈവത്തെ നമസ്‌ക്കരിക്കുന്നതും പരസ്പരം നമസ്‌ക്കരിക്കുന്നതും വല്ലാതെ കുറഞ്ഞ് പോകുന്ന ഈ കാലത്ത് അഹങ്കാരികള്‍ പെരുകുന്നത് സ്വാഭാവികമാണ്. അതോ അഹങ്കാരികള്‍ പെരുകുന്നത് കൊണ്ടാണോ നമസ്‌കാരങ്ങള്‍ കുറഞ്ഞ് വരുന്നത് എന്നൊരു സന്ദേഹവും കഴിഞ്ഞയിടെ നമ്മളൊന്ന് പങ്കുവച്ചതാണ്, സഖേ! ഓര്‍ക്കുന്നുവോ?
Leave a Comment
Your email address will not be published. Required fields are marked with *