Follow Us On

21

January

2025

Tuesday

‘ദീദി’ ഇന്നും ജീവിക്കുന്നു ഹൃദയങ്ങളില്‍

‘ദീദി’  ഇന്നും ജീവിക്കുന്നു ഹൃദയങ്ങളില്‍

സിസ്റ്റര്‍ എല്‍സി ചെറിയാന്‍ എസ്‌സിജെഎം

ജാര്‍ഖണ്‍ഡ് സംസ്ഥാനം രൂപീകൃതമായതിന്റെ 11 -ാമത് വാര്‍ഷികദിനമായ 2011 നവംബര്‍ 15 നാണ് ‘പാഹാരിയ’ ഗോത്രവര്‍ഗത്തിന്റെ ശബ്ദമായിരുന്ന സിസ്റ്റര്‍ വല്‍സ ജോണ്‍ മാലമേല്‍ എസ്‌സിജെഎമ്മിന്റെ ശബ്ദം എന്നേക്കുമായി നിലച്ചത്. ഗോത്രവര്‍ഗക്കാരെ ചൂഷണം ചെയ്തിരുന്ന ഖനന കമ്പനിയടക്കമുള്ള നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ അതിക്രൂരമായ വിധത്തില്‍ സിസ്റ്റര്‍ വല്‍സ വധിക്കപ്പെടുകയായിരുന്നു.
‘ദീദി’ എന്ന് ഗോത്രജനത സ്‌നേഹത്തോടെ വിളിച്ചിരുന്ന സിസ്റ്റര്‍ വല്‍സ ജോണ്‍ വേര്‍പെട്ട് വര്‍ഷങ്ങള്‍ക്കു ശേഷവും ഇന്നും ഇവരുടെ ഹൃദയങ്ങളില്‍ ജീവിക്കുന്നുവെന്ന് ഇവിടെയുള്ള മനുഷ്യരുടെ വാക്കുകള്‍ വ്യക്തമാക്കുന്നു.

സിസ്റ്റര്‍ വല്‍സ ജോണിന്റെ വേര്‍പാടിലൂടെ തങ്ങളുടെ സംരക്ഷണ കവചമാണ് നഷ്ടമായതെന്ന് സിസ്റ്ററിന്റെ സഹായിയായി സേവനം ചെയ്തിരുന്ന സൂരജ്മുനി ഹെംബ്രോം പറഞ്ഞു. ”ദീദി (ചേച്ചി) ഉണ്ടായിരുന്നെങ്കില്‍ ഞങ്ങളുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്തുമായിരുന്നു. ദീദിയുടെ മരണശേഷം നിരവധി കുട്ടികള്‍ സ്‌കൂള്‍ പഠനം ഉപേക്ഷിച്ചു. ഞങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ ശ്രമിക്കുന്നവരെ പ്രതിരോധിക്കാനും സ്വന്തം കാലില്‍ നില്‍ക്കാനും ദീദി ഞങ്ങളെ പഠിപ്പിച്ചു.” ഗോത്രജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി സ്വജീവന്‍തന്നെ നല്‍കിക്കൊണ്ട് സിസ്റ്റര്‍ വല്‍സ നടത്തിയ പോരാട്ടം വൃഥാവിലായില്ല. 2014-ല്‍ ഒരു സു പ്രീം കോടതി വിധിയെ തുടര്‍ന്ന് ഖനന കമ്പനി അവിടുത്തെ പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിച്ചു. മൈനിംഗിനുള്ള ലൈസന്‍സ് അനധികൃത മാര്‍ഗത്തിലൂടെയാണ് കരസ്ഥമാക്കിയതെന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് കമ്പനിക്ക് പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കേണ്ടി വന്നത്.

വെല്ലുവിളി ഏറ്റെടുക്കുന്നു
1958 ഫെബ്രുവരി 18-ന് എറണാകുളം, ഇടപ്പള്ളിയിലെ പുരാതന കത്തോലിക്ക കുടുംബത്തിലാണ് വല്‍സാ ജോണിന്റെ ജനനം. ക്രൈസ്തവമൂല്യങ്ങള്‍ തങ്ങളുടെ മക്കള്‍ക്ക് പകര്‍ന്നുകൊടുക്കുന്നതില്‍ ബദ്ധശ്രദ്ധരായിരുന്ന ജോണും ഏലിക്കുട്ടിയുമായിരുന്നു മാതാപിതാക്കള്‍. നാല് സഹോദരിമാരും മൂന്ന് സഹോദരന്മാരുമടങ്ങിയ ആ കുടുംബത്തിലെ രണ്ടാമത്തെ ഇളയ കുഞ്ഞായിരുന്നു വല്‍സ. ബിരുദപഠനവും പ്രഫഷണല്‍ ടീച്ചേഴ്‌സ് ട്രെയിനിംഗും പൂര്‍ത്തിയാക്കിയ വല്‍സ ഇടപ്പള്ളിയിലെ ഗവണ്‍മെന്റ് ഏയ്ഡഡ് സ്‌കൂളില്‍ അധ്യാപികയായി നാല് വര്‍ഷക്കാലം (1980-1984) സേവനം ചെയ്തു. ഈ സമയത്താണ് തന്റെ കര്‍ത്താവും ഗുരുവുമായ യേശുവിനെ അനുഗമിക്കുവാന്‍, സന്യാസിനിയാകുവാനുള്ള വെല്ലുവിളി നിറ ഞ്ഞ തീരുമാനത്തിലേക്ക് വല്‍സ ജോണ്‍ എത്തുന്നത്.

1984 ഏപ്രില്‍ മാസത്തില്‍ കോണ്‍ഗ്രിഗേഷന്‍ ഓഫ് ദി സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി ഓഫ് ജീസസ് ആന്‍ഡ് മേരി സന്യാസിനി സഭയില്‍ വല്‍സ ജോണ്‍ ചേര്‍ന്നു. ആദ്യഘട്ട പരിശീലനത്തിന് ശേഷം അമൃത്സറിലായിരുന്നു തുടര്‍പരിശീലനം. 1987 നവംബര്‍ നാലാം തിയതി, പ്രഥമ വ്രതവാഗ്ദാനം നടത്തി കര്‍ത്താവിന് വേണ്ടി തന്നെത്തന്നെ പൂര്‍ണമായി സമര്‍പ്പിച്ചു.
ജാര്‍ഖണ്‍ഡിലെ പലമാവും ജില്ലയിലുള്ള ഉള്‍ഗ്രാമമായ നൊയാദിയില്‍ ഹിന്ദി മീഡി യം സ്‌കൂളില്‍ അധ്യാപികയായി ആയിരുന്നു സിസ്റ്റര്‍ വല്‍സ ജോണിന്റെ ആദ്യ നിയമനം. അവധിദിനങ്ങളില്‍ കമ്മ്യൂണിറ്റി ജോലിയുടെ ഭാഗമായി അവിടെയുള്ള ഭവനങ്ങള്‍ സന്ദര്‍ശിക്കാന്‍ സിസ്റ്റര്‍ വല്‍സക്ക് അവസരം ലഭിച്ചു. ക്രമേണ സ്‌കൂള്‍ വിട്ടുകഴിഞ്ഞാല്‍ ഒരു കപ്പ് ചായ പോലും കുടിക്കാതെ അവിടെയുള്ള ഭവനങ്ങള്‍ സന്ദര്‍ശിക്കുകയും അവിടുത്തെ പ്രശ്‌നങ്ങള്‍ മനസിലാക്കുകയും ചെയ്യുന്നതില്‍ സിസ്റ്റര്‍ ശ്രദ്ധിച്ചുതുടങ്ങി. നൊയാദിയിലെ മൂന്ന് വര്‍ഷത്തെ സേവനത്തിന് ശേഷം ഹിമാചല്‍പ്രദേശിലെ ഉനായില്‍ ഭിന്നശേഷിക്കാാരായ കുട്ടികളുടെ സേവനത്തിനായി സിസ്റ്ററിനെ നിയമിച്ചു.

ഗുരുനാഥന്റെ വഴിയെ
ഇവിടെ ശുശ്രൂഷ ചെയ്യുന്ന സമയത്ത് ദരിദ്രരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും ഇടയില്‍ ശുശ്രൂഷ ചെയ്യുവാനുള്ള താല്‍പ്പര്യം സിസ്റ്റര്‍ വല്‍സ ജോണ്‍ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറിനെ അറിയിച്ചു. ദരിദ്രരുടെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിക്കാനുള്ള സിസ്റ്റര്‍ വല്‍സയുടെ പ്രത്യേക താല്‍പ്പര്യം തിരിച്ചറിഞ്ഞ അധികാരികള്‍ സിസ്റ്ററിനെ സോഷ്യല്‍ വര്‍ക്ക് പഠിക്കുന്നതിന് ബീഹാറിലെ കോഗൗളിലേക്ക് അയച്ചു. ബീഹാറിലെ മുസാഹാര്‍ ദളിത് സമൂഹത്തിനിടയില്‍ പ്രവര്‍ത്തിക്കാനുള്ള ആ അവസരം വലിയ ആനന്ദത്തോടെയാണ് സിസ്റ്റര്‍ ഏറ്റെടുത്തത്. 1993 ജൂണ്‍ 23 – നായിരുന്നു നിത്യവ്രതവാഗ്ദാനം. തുടര്‍ന്ന് സിസ്റ്റര്‍ വല്‍സയുടെ അഭ്യര്‍ത്ഥനപ്രകാരം സന്താള്‍ പാര്‍ഗാനാസ് പ്രദേശത്തുള്ള കൊഡ്മാ ഗ്രാമത്തില്‍ നിയമിതയായി. വര്‍ഷങ്ങളായി അവിടെ ശുശ്രൂഷ ചെയ്യുന്ന ഫാ. തോമസ് കവലക്കാടിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ സിസ്റ്ററിന് വലിയ സഹായമായി. കൊഡ്മാ ഗ്രാമത്തില്‍ താമസിച്ചുകൊണ്ട് അവരുടെ ഭാഷയും സംസ്‌കാരവും പഠിക്കുവാനും ഗ്രാമീണരുമായി ഇടപഴ കുവാനും സിസ്റ്റര്‍ ആരംഭിച്ചു. തന്റെ ഗുരുനാഥനെപ്പോലെ ദരിദ്രരോടുള്ള സ്‌നേഹത്താല്‍ ജ്വലിച്ചിരുന്ന സിസ്റ്റര്‍ വല്‍സക്ക് അവരിലൊരാളായി മാറുന്നത് വലിയ പ്രയാസകരമായ കാര്യമായിരുന്നില്ല.

ദരിദ്രര്‍ നേരിടുന്ന ചൂഷണങ്ങള്‍ക്കും അനീതിക്കുമെതിരെ കയ്യും മെയ്യും മറന്ന് സര്‍വ്വശക്തിയുമുപയോഗിച്ച് സിസ്റ്റര്‍ വല്‍സ എന്നും പോരാടി. അതിന്റെ ഭാഗമായിട്ടാണ് കോണ്‍വെന്റ് വിട്ട് അവരോടൊപ്പം ഗ്രാമത്തില്‍ വന്ന് സിസ്റ്റര്‍ താമസമാക്കിയത്. സ്വാധീനവും അധികാരവും ഉള്ളവര്‍ ദരിദ്രരെ ചൂഷണം ചെയ്യുന്നത് സിസ്റ്റര്‍ വല്‍സക്ക് ഒരിക്കലും അംഗീകരിക്കാവുന്ന കാര്യമായിരുന്നില്ല. ഇത്തരം ചൂഷണങ്ങള്‍ക്കെതിരെ നടത്തുന്ന പോരാട്ടം തന്നെ ഭരമേല്‍പ്പിക്കപ്പെട്ട മിഷന്റെ ഭാഗമാണെന്ന് സിസ്റ്റര്‍ വല്‍സ ഉറച്ച് വിശ്വസിച്ചു. കൊടും ശൈത്യവും, പേമാരിയും, തീവ്രമായ ചൂടും, സമയം തെറ്റിയുള്ള ഭക്ഷണവുമൊന്നും തന്റെ ദൗത്യം നിര്‍വഹിക്കുന്നതിന് സിസ്റ്റര്‍ വല്‍സക്ക് തടസമായില്ല.

രക്തം ചിന്തി പൂര്‍ത്തീകരിച്ച മിഷന്‍

നീതിക്കുവേണ്ടിയും അവകാശങ്ങള്‍ക്കുവേണ്ടിയും പോരാടാന്‍ ജനങ്ങളെ സംഘടിപ്പിക്കുന്നതിനും നേതൃത്വം നല്‍കുന്നതിനുമുള്ള സ്വതസിദ്ധമായ നേതൃവാസന സിസ്റ്റര്‍ വല്‍സയുടെ പ്രത്യേകതയായിരുന്നു. നിരവധി ചൂഷണങ്ങള്‍ക്ക് വിധേയമായിരുന്ന സന്താള്‍ സമൂഹത്തിലെ ഒരംഗമായി അവരോടൊപ്പം സിസ്റ്റര്‍ ഉറച്ചുനിന്നു. 1998-ല്‍ ഡുംകയിലെ ജിയാപാനിയിലുള്ള എസ്‌സിജെഎം സമൂഹത്തോടൊപ്പം താമസിച്ച്, സ്‌കൂളില്‍ പഠിപ്പിക്കാനുള്ള ഉത്തരവാദിത്വവും സിസ്റ്റര്‍ വല്‍സയില്‍ നിക്ഷിപ്തമായി. 2000 ജനുവരിയില്‍ ഈ സമൂഹത്തിന്റെ സുപ്പീരിയര്‍ പദവിയും സിസ്റ്റര്‍ക്ക്‌നല്കപ്പെട്ടു. ഈ തിരക്കിനിടയിലും സമീപത്തുള്ള ഗ്രാമങ്ങള്‍ സന്ദര്‍ശിക്കാനും അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാനും സിസ്റ്റര്‍ സമയം കണ്ടെത്തിയിരുന്നു. ഗ്രാമത്തലവന്‍മാരുമായി കൂടിക്കാഴ്ച നടത്തി തദ്ദേശ സ്വയംഭരണ സംവിധാനങ്ങള്‍ക്ക് പിന്തുണയും സഹകരണവും നല്‍കാന്‍ അവരെ പ്രചോദിപ്പിച്ചു. തദ്ദേശീയരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ നടത്തിയ ശ്രമങ്ങളുടെ ഫലമായി സ്‌കൂളുകളിലേക്ക് കുട്ടികള്‍ വന്നു, വിദ്യ നേടുന്നവരുടെ സംഖ്യ വര്‍ധിച്ചു.

ബാരാമാസിയ എന്ന ഗ്രാമത്തിലേക്ക് സിസ്റ്റര്‍ വല്‍സ നടത്തിയ ഒരു യാത്രയിലാണ് ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ ഒരു ക്യാമ്പ് അവിടെ നടക്കുന്നത് സിസ്റ്ററിന്റെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഗോത്രവര്‍ഗക്കാര്‍ താമസിക്കുന്ന മേഖല കേന്ദ്രമാക്കി വന്‍കിട ഖനന പദ്ധതി ആരംഭിക്കാനും അതിനായി ഇവിടെയുള്ള ഗോത്രവിഭാഗത്തെ കുടിയൊഴിപ്പിക്കാനുമുളള നടപടികള്‍ നടക്കുന്നതായി സിസ്റ്റര്‍ മനസിലാക്കി. തുടര്‍ന്ന് അധികാരികളുടെ അനുവാദത്തോടെ അധ്യാപനം മതിയാക്കി ഗോത്രവര്‍ഗക്കാരുടെ ഭൂമി സംരക്ഷിക്കുന്നതിന് അവരെ സംഘടിപ്പിക്കുന്നതിനായി സിസ്റ്റര്‍ പാച്ചുവാര ഗ്രാമത്തിലേക്ക് താമസം മാറ്റി. അവരിലൊരാളായി സിസ്റ്റര്‍ വല്‍സയെ കണ്ട ഗ്രാമവാസികളുടെ പരിപൂര്‍ണ പിന്തുണ സിസ്റ്റര്‍ വല്‍സയ്ക്കുണ്ടായിരുന്നു. ദീദി പറയുന്ന എന്ത് കാര്യവും ചെയ്യാന്‍ അവര്‍ തയാറായി.
തങ്ങളുടെ ഉന്നമനം മാത്രം ലക്ഷ്യമാക്കിയുള്ള നിസ്വാര്‍ത്ഥമായ സേവനമാണ് ദീദി നടത്തുന്നതെന്ന ഉറപ്പായിരുന്നു അവരുടെ ബലം.

പോരാട്ടത്തിന്റെ കാലഘട്ടം
ഗവണ്‍മെന്റിന്റെ യഥാര്‍ത്ഥ ലക്ഷ്യങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ് സിസ്റ്റര്‍ വല്‍സ ആദ്യം ചെയ്തത്. ചില ഗവണ്‍മെന്റ് നടപടിക്രമങ്ങളുടെ ഭാഗമായാണ് സര്‍വ്വേ നടത്തുന്നതെന്നാണ് ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ഗ്രാമവാസികളോട് പറഞ്ഞിരുന്നത്. ഇവിടെ ഖനനം നടത്താനുള്ള പദ്ധതിയെക്കുറിച്ചോ അതിനുവേണ്ടി അവിടെ ഭൂമി ഏറ്റെടുക്കാന്‍ നടത്തുന്ന ശ്രമങ്ങളെക്കുറിച്ചോ ഒന്നും ഗവണ്‍മെന്റ് പ്രദേശവാസികളെ അറിയിച്ചിരുന്നില്ല. ഇവിടെനിന്ന് കുടിയിറക്കപ്പെടുന്നവര്‍ക്കായി യാതൊരു പുനരധിവാസ പദ്ധതിയും ഗവണ്‍മെന്റ് പ്രഖ്യാപിച്ചിരുന്നില്ല. തങ്ങളുടെ ഭൂമി കവര്‍ന്നെടുക്കപ്പെടാന്‍ പോവുകയാണെന്ന യാഥാര്‍ത്ഥ്യം ഗ്രാമവാസികള്‍ ഞെട്ടലോടെയാണ് തിരിച്ചറിഞ്ഞത്.

പതിയെ, പതിയെ അവരുടെ പ്രതിഷേധം സംഘടിത രൂപം കൈവരിച്ചു. ഈ സമയമെല്ലാം സിസ്റ്റര്‍ വല്‍സ അവരോടൊപ്പം ഉറച്ചുനിന്ന് അവര്‍ക്ക് വേണ്ട പ്രചോദനവും സഹായവും നല്‍കിക്കൊണ്ടിരുന്നു. രാജ്മഹല്‍ ബച്ചാവോ ആന്തോളന്‍(രാജ്മഹല്‍ മലയോര സംരക്ഷണ മുന്നേറ്റം) എന്ന പേരിലുള്ള സമിതി രൂപീകരിച്ചുകൊണ്ട് പ്രക്ഷോഭപരിപാടികളുമായി മുന്നോട്ടുപോകുവാന്‍ പ്രദേശവാസികള്‍ തീരുമാനിച്ചു. ഈ മുന്നേറ്റത്തിന്റെ നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത്’കേസുകള്‍ കെട്ടിച്ചമച്ചുകൊണ്ടാണ് ഭരണകൂടം പ്രതികരിച്ചത്. സിസ്റ്റര്‍ വല്‍സയ്‌ക്കെതിരെ മാത്രം ഏഴു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതിനിടെ ഖനനത്തിനായി ശ്രമിക്കുന്ന കമ്പനി പ്രദേശത്തെ ഗോത്രജനങ്ങളെ സ്വാധീനിക്കുന്നതിനായി അവരുടെ യുവനേതാക്കള്‍ക്ക് പണം നല്‍കുകയും ചിലര്‍ക്ക് കമ്പനിയില്‍ ജോലി നല്‍കുകയും ചെയ്തു. ഇത്തരത്തില്‍ കമ്പനനിയുടെ വക്താക്കളായി മാറിയ യുവജനങ്ങള്‍ ഗോത്രവിഭാഗക്കാര്‍ വസിക്കുന്നത് ഗവണ്‍മെന്റ് ഭൂമിയിലാണെന്നും ഇപ്പോള്‍ ഇവിടെ നിന്ന് ഒഴിഞ്ഞുപോവുകയാണെങ്കില്‍ പണം ലഭിക്കുമെന്നും പ്രചരിപ്പിക്കാന്‍ തുടങ്ങി.

അന്ത്യംവരെ ജനങ്ങളോടൊപ്പം
പണത്തിന്റെയും സ്വാധീനത്തിന്റെയും വലയില്‍ കുടുങ്ങി ജനകീയ പ്രതിരോധത്തിന്റെ മൂര്‍ച്ച സാവധാനം ചോര്‍ന്നുതുടങ്ങി. ഇതുവരെ ഒരു മനസോടെ ചിന്തിച്ചിരുന്ന ഗ്രാമീണര്‍ തമ്മില്‍ കലഹങ്ങള്‍ പതിവായി. ഖനനത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും എന്നിങ്ങനെ വലിയ വേര്‍തിരിവ് ജനങ്ങളുടെ ഇടയില്‍ സംഭവിച്ചു. 2001 – 2004 കാലഘട്ടത്തില്‍ ഈ കലഹങ്ങള്‍ വര്‍ധിച്ചുവന്നപ്പോഴും സിസ്റ്റര്‍ വല്‍സ ജനങ്ങളുടെ പക്ഷത്ത് ഉറച്ചുനിന്നു. എന്നാല്‍ സിസ്റ്റര്‍ വല്‍സയുടെ സാന്നിധ്യം നിക്ഷിപ്ത താല്‍പര്യങ്ങള്‍ വച്ചുപുലര്‍ത്തിയവ ര്‍ക്ക് തങ്ങളുടെ പദ്ധതികള്‍ നടത്തുന്നതിന് വിഘാതമായി മാറുന്നു എന്ന് തോന്നിയപ്പോള്‍ നിരവധി വ്യാജ ആരോപണങ്ങള്‍ സിസ്റ്റര്‍ വല്‍സയെക്കുറിച്ച് അവര്‍ പറഞ്ഞുപരത്തി. അക്രമാസക്തമായ ആ അന്തരീക്ഷത്തിന്റെ പാരമ്യത്തിലാണ് ആസൂത്രിതവും അതിക്രൂരവുമായ വിധത്തില്‍ സിസ്റ്റര്‍ വല്‍സയെ വധിച്ചത്. നിരവധി വധഭീഷണികള്‍ ലഭിച്ചിരുന്നതിനാലും സിസ്റ്ററിന്റെ ജീവന് ഭീഷണിയുണ്ടെന്ന് അറിയാവുന്നതിനാലും പ്രദേശവാസികളായ മൂന്ന് യുവജനങ്ങള്‍ സിസ്റ്ററിന് എപ്പോഴും കാവല്‍ നിന്നിരുന്നു. എന്നാല്‍ സിസ്റ്റര്‍ കൊല്ലപ്പെട്ട ആ രാത്രിയില്‍ ഈ യുവജനങ്ങളെ 40 ഓളം വരുന്ന കൊലയാളി സംഘം ആദ്യം കീഴടക്കി. തുടര്‍ന്നാണ് അവര്‍ സിസ്റ്റര്‍ വല്‍സയെ കത്തിയും കോടാലിയും മറ്റ് മാരകായുധങ്ങളും ഉപയോഗിച്ച് അതിക്രൂരമായി വധിച്ചതെന്ന് ആ കൊലപാതകത്തിന് ദൃക്‌സാക്ഷിയായ സൂരജ്മുനി ഹെംബ്രോം പറഞ്ഞു.

എല്ലാക്കാലത്തും ദരിദ്രരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും പക്ഷം ചേര്‍ന്ന് പ്രവര്‍ത്തിച്ച സിസ്റ്റര്‍ വല്‍സ, യേശുവിനെേപ്പോലെ തന്റെ ജീവരക്തംതന്നെ അവര്‍ക്കു വേണ്ടി ചിന്തിക്കൊണ്ട് ഭൂമിയിലെ ദൗത്യം പൂര്‍ത്തീകരിച്ചു. പാവങ്ങളില്‍ ദൈവമുഖം ദര്‍ശിച്ച സിസ്റ്റര്‍, അവക്ക് നീതിനേടി കൊടുക്കുന്നതിനു വേണ്ടിയാണ് സ്വയം മറന്നു പോരാടിയത്. രക്തസാക്ഷിത്വത്തില്‍ കുറഞ്ഞ ഒന്നുകൊണ്ടും അടയാളപ്പെടുത്താനാവാത്ത വിധം അത്ര ആഴമുള്ളതായിരുന്നു ആ പ്രതിബദ്ധത. ഏത് നിമിഷവും സംഭവിക്കാമായിരുന്ന ആ മാരക ആക്രമണത്തിനുള്ള സാധ്യത എല്ലാക്കാലവും നിലനിന്നിരുന്നെങ്കിലും തന്റെ ദൗത്യത്തില്‍ നിന്ന് സിസ്റ്റര്‍ വല്‍സ പിന്‍മാറിയില്ല. ദൈവമക്കളുടെ അവകാശമായ സാമൂഹ്യനീതിക്കുവേണ്ടിയുള്ള മനുഷ്യമനഃസാക്ഷിയുടെ അടങ്ങാത്ത ദാഹത്തിന് കൂടുതല്‍ ഉയരങ്ങള്‍ താണ്ടുവാനുള്ള ചിറകായി സിസ്റ്റര്‍ വല്‍സയുടെ രക്തസാക്ഷിത്വം മാറിയിരിക്കുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?