സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത
തിരുപ്പിറവിയുമായി ബന്ധപ്പെട്ടുള്ള വളരെ പ്രശസ്തമായ റഷ്യന്‍ നാടോടി കഥയാണ് The story of babushka. ബാബുഷ്‌ക്കാ എന്നാല്‍ വയോധിക എന്നാണ് അര്‍ത്ഥം നല്‍കിയിട്ടുള്ളത്. ഒരു ഗ്രാമത്തില്‍ താമസിക്കുന്ന സ്ത്രീയാണ് അവര്‍. സദാനേരം എന്തെങ്കിലും ജോലികളില്‍ ഏര്‍പ്പെട്ടിരിക്കും, അടിച്ചുവാരല്‍, തുടച്ച് വൃത്തിയാക്കല്‍, പാചകം, ഉദ്യാനപാലനം എന്നിങ്ങനെ ഓരോന്നായി മാറി മാറി ചെയ്തുകൊണ്ടിരിക്കും. ആ ഗ്രാമത്തിലെ ഏറ്റവും വെടിപ്പും സൗന്ദര്യവുമുള്ള ചെറുവീടാണത്രേ അവരുടേത്. അങ്ങനെയിരിക്കെ ഒരുനാള്‍ ആ ഗ്രാമത്തിന്റെ ആകാശത്തില്‍ ഒരു അപൂര്‍വ്വനക്ഷത്രം തെളിഞ്ഞു. ഗ്രാമവാസികള്‍ക്കിടയില്‍ സംസാരമായി. ബാബുഷ്‌ക്കാ കേട്ടുവെങ്കിലും അത്രവലിയ ശ്രദ്ധയൊന്നും കൊടുത്തില്ല. കാരണം, അവള്‍ക്ക് നല്ല പണിത്തിരക്കുണ്ടല്ലോ എന്നും. അന്ന് രാത്രിയില്‍ അത് കാണാനൊന്നും നേരം കിട്ടിയതുമില്ല.
പിറ്റേന്നു അതിരാവിലെ അവളുടെ വീട്ടില്‍ മൂന്ന് അതിഥികള്‍ എത്തി. വാതില്‍ക്കല്‍ മുട്ടുന്നത് കേട്ട് തുറന്നപ്പോള്‍ അവള്‍ വല്ലാതെ ആശ്ചര്യപ്പെട്ടു. രാജകീയ വേഷം അണിഞ്ഞ മൂന്ന് പേര്‍. ഈ പകല്‍ ഞങ്ങള്‍ക്ക് ഇവിടെ വിശ്രമിക്കാന്‍ അവസരം ഉണ്ടാകുമോ? ഈ ഗ്രാമത്തിലെ ഏറ്റവും വെടിപ്പുള്ള ഭവനം എന്നു ഞങ്ങള്‍ ഇതിനെക്കുറിച്ച് കേട്ടിരിക്കുന്നു. നിങ്ങള്‍ ആരാണ്? എന്നവള്‍ ചോദിച്ചു. ഞങ്ങള്‍ ദൂരെനിന്ന് വരുന്ന മൂന്ന് രാജാക്കന്മാരാണ്. നിങ്ങള്‍ എവിടേക്ക് പോവുകയാണ്. ഞങ്ങള്‍ ഒരു അപൂര്‍വ്വനക്ഷത്രത്തെ പിന്‍തുടര്‍ന്നുവരുകയാണ്. രാത്രിയില്‍ അത് വീണ്ടും തെളിയും വരെ ഞങ്ങള്‍ ഇവിടെ കാത്തിരിക്കും. സ്‌നേഹപൂര്‍വ്വം സ്വാഗതം ചൊല്ലി ബാബുഷ്‌ക്കാ അവരെ അകത്തേക്ക് ആനയിച്ചു. ആഹാരം നല്‍കി സല്‍ക്കരിച്ചു.
ഒരു രാജാവ് അവളോട് ചോദിച്ചു, ഞങ്ങളുടെ യാത്രയില്‍ നീയും ചേരുന്നോ? ഭൂസ്വര്‍ഗങ്ങള്‍ക്ക് അധിപതിയായ പിറന്ന രാജാവിനെ കാണുവാനാണ് ഞങ്ങള്‍ പോകുന്നത്. തിരുസന്നിധിയില്‍ അര്‍പ്പിക്കാന്‍ കാഴ്ചദ്രവ്യങ്ങളും കരുതിയിട്ടുണ്ട്. നീയും എന്തെങ്കിലും സമ്മാനം കരുതി ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നോളൂ. ബാബുഷ്‌ക്കായുടെ മറുപടി ഇങ്ങനെയാണ്. ഓ! രാജസന്നിധിയില്‍ സ്വീകരിക്കപ്പെടുവാന്‍ ഞാന്‍ ആരുള്ളു, രാജകുമാരന് സമ്മാനം നല്‍കാന്‍ പറ്റിയത് എന്താണ്? എന്റെ കൈവശം കുറെ കളിപ്പാട്ടങ്ങളുണ്ട്. ശൈശവത്തില്‍ മരിച്ചുപോയ എന്റെ മകന്റെ കളിപ്പാട്ടങ്ങള്‍. അത്രയും പറഞ്ഞ് അവള്‍ വിതുമ്പി. മറ്റൊരു രാജാവ് അവളെ ആശ്വസിപ്പിച്ചു. സര്‍വ്വലോകരക്ഷകനായി പിറന്നവന്‍ നിന്റെയും നാഥനാണ്.
നക്ഷത്രം ഉദിക്കുമ്പോള്‍ ഞങ്ങള്‍ക്കൊപ്പം പോരുക!. എത്ര ദൂരം പോകേണ്ടിവരും, ഏതു വേഷം ധരിക്കും, സമ്മാനങ്ങള്‍ ഒരുക്കേണ്ടേ, പിന്നെ രാജാക്കന്മാര്‍ പോയ ശേഷം വീട് വീണ്ടും വൃത്തിയാക്കേണ്ട, അങ്ങനെ ചിന്തിച്ചിരുന്ന് നേരം സന്ധ്യയായി. ആകാശത്തിലെ നക്ഷത്രം തെളിഞ്ഞു. നീ ഒരുങ്ങിയോ? രാജാക്കന്മാര്‍ യാത്രയ്ക്കായി ഒരുങ്ങികഴിഞ്ഞു. ബാബുഷ്‌ക്കാ പറഞ്ഞു, ഞാന്‍ നാളെ വരാം. എനിക്ക് ഇത്തിരി പണികള്‍ കൂടെ ഉണ്ട്. അവര്‍ യാത്ര പറഞ്ഞ് ഇറങ്ങി. ബാബുഷ്‌ക്കാ തന്റെ ജോലികളിലേക്കും. കുറെ കഴിഞ്ഞ് പെട്ടി തുറന്നപ്പോള്‍ പൊടി പിടിച്ചിരിക്കുന്ന കളിപ്പാട്ടങ്ങള്‍ കണ്ട് അവ തുടച്ചെടുത്തു. യാത്രകള്‍ക്കുള്ള ഒരുക്കങ്ങള്‍ ചെയ്തു. അപ്പോഴേക്കും നേരം വെളുത്തിരുന്നു, നക്ഷത്രം മറഞ്ഞു. അവള്‍ കരുതി രാജാക്കന്മാര്‍ അടുത്ത വിശ്രമസ്ഥലം തേടിയിട്ടുണ്ടാവും. ഇപ്പോള്‍ ഇറങ്ങിയാല്‍ അവരെ കണ്ടെത്താം. എന്നാലും നല്ല ക്ഷീണം. ചെറുതായി ഒന്നു മയങ്ങിയിട്ട് പോകാം. അങ്ങനെയിരുന്നവള്‍ ആ പകലത്രയും ഉറങ്ങിപ്പോയി.
ഉണര്‍ന്ന ഉടന്‍ തന്നെ രാജാക്കന്മാര്‍ നടന്ന ദിശയിലേക്ക് വെച്ചുപിടിച്ചു. വഴിയില്‍ കണ്ടവരോടൊക്കെ അന്വേഷിച്ചു. അവരെ കണ്ടവരുണ്ട്. പക്ഷേ അവര്‍ അകലെയാണെന്ന് അവര്‍ അറിഞ്ഞു. കനത്ത മഞ്ഞ് വീഴ്ച അവരുടെ കാല്‍പാദങ്ങളെ മറയ്ക്കുകയും ചെയ്തിട്ടുണ്ട്. അവള്‍ യാത്ര തുടര്‍ന്നു. ഗ്രാമങ്ങള്‍ വിട്ട് പട്ടണങ്ങള്‍ എത്തി. ഒരു വലിയ കൊട്ടാരം അവള്‍ കണ്ടു. ഇവിടെയാണോ ഒരു രാജകുമാരന്‍ ജനിച്ചത്. അവള്‍ കൊട്ടാരം കാവല്‍ക്കാരനോട് ചോദിച്ചു.? ഇല്ലല്ലോ എന്നാണ് ഉത്തരം. ഇവിടെ മൂന്ന് രാജാക്കന്മാര്‍ വന്നിരുന്നുവോ? ഉവ്വ്, പക്ഷേ അധികനേരം നിന്നില്ല. ബെത്‌ലഹേമിലേക്കാണ് അവര്‍ പോയത്. ആ ദരിദ്രര്‍ പാര്‍ക്കുന്നിടത്തേക്ക് എന്തിനാണോ അവര്‍ പോയത് എന്നു എനിക്ക് അറിയില്ല കാവല്‍ക്കാരന്‍ പറഞ്ഞു. അവള്‍ ഉടനെ അങ്ങോട്ടു ഓടി.
സായാഹ്നത്തില്‍ അവിടെ എത്തി. ഒരു സത്രം കണ്ടു., അവിടെ രാജാക്കന്മാരെ അന്വേഷിച്ചു. സത്രം ഉടമസ്ഥന്‍ അവളോടു പറഞ്ഞു. രണ്ട് നാള്‍ മുമ്പ് മൂന്ന് രാജാക്കന്മാര്‍ ഇവിടെ വന്നിരുന്നു. പക്ഷേ ഒരു രാത്രിപോലും ഇവിടെ താമസിച്ചില്ല. പെട്ടെന്ന് അത്ഭുതശിശുവിനെക്കുറിച്ച് ആരാഞ്ഞു. സത്രക്കാരന്‍ അവളോട് പറഞ്ഞു. നിങ്ങള്‍ക്ക് അവനെ കാണണമോ, ഇവിടെ തൊട്ടടുത്താണ്. എനിക്ക് രാത്രിയില്‍ ആ ദമ്പതികള്‍ക്ക് നല്ലൊരു സ്ഥലം നല്‍കാന്‍ കഴിഞ്ഞില്ല. കാരണം, എന്റെ സത്രത്തിലെ മുറികള്‍ നേരത്തെതന്നെ നിറഞ്ഞിരുന്നു. തൊട്ടടുത്തുള്ള കാലിത്തൊഴുത്തിലാണ് ഒരു ഇടം അവര്‍ക്ക് കിട്ടിയത്. ബാബുഷ്‌ക്കായെ അയാള്‍ അങ്ങോട്ടു അയച്ചു. ബാബുഷ്‌ക്കാ അവിടെ ശിശുവിനെയും അമ്മയപ്പന്മാരെയും കണ്ടില്ല.
ബാബുഷ്‌ക്കാ പെട്ടന്നൊരു ശബ്ദം കേട്ടു തിരിഞ്ഞു. അവള്‍ ഏറിയ പ്രതീക്ഷയോടെ പിന്നില്‍ കണ്ട ആളെ നോക്കി. ഒരുപക്ഷേ അയാള്‍ക്ക് അറിയാമായിരിക്കും ആ കുടുംബം എവിടെയെന്ന്. അയാള്‍ പറഞ്ഞു അവര്‍ ഇവിടെ ഇല്ല. ജീവന്‍ പോലും അപകടത്തിലായതിനാല്‍ അവര്‍ ദൂരദേശത്തേക്ക് പോയിരിക്കുന്നു. അവനെ കാണാനെത്തിയ രാജാക്കന്മാരും സ്വദേശത്തേക്ക് മടങ്ങി. എന്നാല്‍ അതില്‍ ഒരാള്‍ നിന്നെക്കുറിച്ച് പറഞ്ഞിരുന്നു. നീ അല്പം വൈകിപ്പോയി, സര്‍വ്വലോകത്തിനുമുണ്ടാകാനുമുള്ള മഹാസന്തോഷമാണ് അറിയിക്കപ്പെട്ടത്. ലോകരക്ഷകനാണ് പിറന്നത്. അയാള്‍ മറഞ്ഞപ്പോള്‍ അവള്‍ വിങ്ങിക്കേണു. രക്ഷകനെയാണ് തനിക്ക് നഷ്ടമായതെന്ന് ഓര്‍ത്ത് വിലപിച്ചു. കഥ അവസാനിക്കുന്നത് ഇങ്ങനെയാണ്.
ബാബുഷ്‌ക്കാ യാത്ര നിര്‍ത്തിയില്ല. അവള്‍ പിന്നീട് നടന്ന വഴികളിലെല്ലാം ആഹാരവും വസ്ത്രവും കളിപ്പാട്ടങ്ങളും മാത്രമല്ല കൂടും കൂട്ടും കളിയും ചിരിയും നിഷേധിക്കപ്പെട്ട നിരവധി കുഞ്ഞുങ്ങളെ കണ്ടു. അവള്‍ക്ക് ആകുന്ന വിധമെല്ലാം അവള്‍ ആ കുഞ്ഞുങ്ങള്‍ക്ക് ആവശ്യമുള്ളവ ഓരോന്നായി നല്‍കി. കാരണം, അവരില്‍ ക്രിസ്തു ഉണ്ടെന്ന് അവള്‍ക്ക് ഉറപ്പായിരുന്നു.
കഥയില്‍ ചോദ്യമില്ല. പക്ഷേ ചിലപ്പോള്‍ ഉത്തരങ്ങളുണ്ട്. ഈ ചെറിയവനില്‍ ഒരുവന് നിങ്ങള്‍ നല്‍കുന്നത് എനിക്കു നല്‍കുന്നതാണ് എന്ന വചനമാണ് ഈ വയോധിക നമ്മുടെ മനസില്‍ നിറയ്ക്കുക. ശരിക്കും സഖാവേ, നമ്മുടെ വീട്ടിലേയും പള്ളികളിലേയും മാളുകളിലേയും പുല്‍ക്കൂടുകള്‍ക്ക് വെളിയിലേക്കും ഇറങ്ങണം ക്രിസ്തുവിനെ തേടി.
അന്നമില്ലാതെ. അഭയമില്ലാതെ അംബരവുമില്ലാതെ അലയുന്ന കുറേ കുഞ്ഞുങ്ങള്‍ നമ്മുടെ അടുത്തും അകലെയും ഒക്കെ ഉണ്ട്. അവരുടെ ഒപ്പം ക്രിസ്തുവും ഉണ്ട്. ശരിക്കും അവന്‍ മാത്രമേ, അവരുടെ ഒപ്പം ഉള്ളു !!
Leave a Comment
Your email address will not be published. Required fields are marked with *