Follow Us On

21

December

2024

Saturday

രാത്രിയില്‍ ആരുമറിയാതെ കടന്നുവന്ന മെത്രാന്‍…

രാത്രിയില്‍ ആരുമറിയാതെ കടന്നുവന്ന മെത്രാന്‍…

 അന്തോണി വര്‍ഗീസ്

ഒരുകാലത്ത്~റോമന്‍ സാമ്രാജ്യത്തിന്റെ അധീനതയിലായിരുന്ന ഏഷ്യാമൈനര്‍ ഇന്ന് അനറ്റോളിയ എന്ന പേരിലാണ് അറിയപ്പെടുന്നത്. തുര്‍ക്കിയുടെ ഭാഗമായ ഈ പ്രദേശത്താണ് വിശുദ്ധ നിക്കോളാസ് ജനിച്ചത്. പാരമ്പര്യമനുസരിച്ച് എഡി 270 മാര്‍ച്ച് 15 -ന് ഏഷ്യാമൈനറിലെ ലിസിയയിലുള്ള പടാരയിലെ അനറ്റോലിയന്‍ തുറമുഖത്താണ് വിശുദ്ധന്റെ ജനനം. ഗ്രീക്ക് വംശജരായ അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ധനികരായിരുന്നു. ഉത്തമ ക്രൈസ്തവ ശിക്ഷണത്തിലും ഭക്തിയിലും നിക്കോളാസിനെ വളര്‍ത്തിയ മാതാപിതാക്കള്‍ പക്ഷേ, നിക്കോളാസിന്റെ ചെറുപ്പത്തില്‍ തന്നെ പകര്‍ച്ചവ്യാധി പിടിപെട്ട് മരണത്തിന് കീഴടങ്ങി. പ്രായത്തില്‍ കവിഞ്ഞ പക്വതയില്‍ വളര്‍ന്ന നിക്കോളാസ് തന്റെ സ്വത്തുക്കള്‍ മുഴുവന്‍ ദരിദ്രരെയും രോഗികളെയും കഷ്ടപ്പെടുന്നവരെയും സഹായിക്കാനാണ് ഉപയോഗിച്ചത്. ‘നിനക്ക് ഒരു കുറവുണ്ട്. നിനക്കുള്ളതെല്ലാം വിറ്റു ദരിദ്രര്‍ക്കു കൊടുക്കുക, അപ്പോള്‍ സ്വര്‍ഗത്തില്‍ നിനക്കു നിക്ഷേപം ഉണ്ടാകും’ (ലൂക്കാ 18 : 22) എന്ന യേശുവിന്റെ വാക്കുകളാണ് അദ്ദേഹത്തെ ഇതിന് പ്രേരിപ്പിച്ചത്. തുടര്‍ന്ന് ദൈവത്തെ സേവിക്കുന്നതിനായി തന്റെ ജീവിതം സമര്‍പ്പിച്ച അദ്ദേഹം പ്രാര്‍ത്ഥനയിലും ആത്മീയതയിലും താപസ പ്രവൃത്തികളിലും മുഴുകി വൈദിക പരിശീലനത്തില്‍ ഏര്‍പ്പെട്ടു. താമസിയാതെ വൈദികനായ അദ്ദേഹം നന്നേ ചെറുപ്പത്തില്‍ത്തന്നെ മീറായിലെ ബിഷപ്പായും തിരഞ്ഞെടുക്കപ്പെട്ടു. ആവശ്യക്കാരോടുള്ള ഉദാരമനസ്‌കത, കുട്ടികളോടുള്ള സ്‌നേഹം, ദരിദ്രരോടുള്ള അനുകമ്പ, ആരോരും ഇല്ലാത്തവരോടുള്ള പക്ഷം ചേരല്‍, കപ്പലുകളില്‍ യാത്ര ചെയ്യുന്ന നാവികരോടുള്ള കരുതല്‍ എന്നിവയാല്‍ ബിഷപ് നിക്കോളാസ് നാടുനീളെ അറിയപ്പെടാന്‍ തുടങ്ങി.

ചെറുപ്പത്തില്‍, നിക്കോളാസ് വിശുദ്ധ നാട്ടിലേക്കൊരു തീര്‍ത്ഥാടനം നടത്തി. യേശു നടന്നിടത്ത് നടക്കുമ്പോള്‍, യേശുവിന്റെ ജീവിതവും പുനരുത്ഥാനവും കൂടുതല്‍ ആഴത്തില്‍ അനുഭവിക്കാന്‍ നിക്കോളാസ് ശ്രമിച്ചു. കടല്‍ മാര്‍ഗമായിരുന്നു അദ്ദേഹത്തിന്റെ യാത്ര. തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങവെ കടലില്‍ ശക്തമായ കൊടുങ്കാറ്റുണ്ടായി. ശിഷ്യരുടെ പ്രാര്‍ത്ഥന കേട്ട് കാറ്റിനെയും കടലിനെയും ശാന്തമാക്കിയ ഈശോയില്‍ ആശ്രയിച്ചുകൊണ്ട് ആ സമയം നിക്കോളാസ് ശാന്തമായി പ്രാര്‍ത്ഥിച്ചു. എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് കാറ്റും തിരമാലകളും പെട്ടെന്ന് കെട്ടടങ്ങി. ഭയചകിതരായ നാവികര്‍പോലും ഇതുകണ്ട് അത്ഭുതപ്പെട്ടു. പില്‍ക്കാലത്ത് നിക്കോളാസ് നാവികരുടെയും കടല്‍ യാത്രക്കാരുടെയും മത്സ്യത്തൊഴിലാളികളുടെയും മധ്യസ്ഥനായി മാറി.
കുട്ടികളെ അതിയായി സ്‌നേഹിച്ചിരുന്ന വിശുദ്ധ നിക്കോളാസിന്റെ ജീവിതത്തില്‍ ഒരേ രീതിയിലുള്ള രണ്ട് അത്ഭുതസംഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതിലൊന്ന് ഇങ്ങനെയാണ്: ഫ്രാന്‍സിലെ നീചനും ദുഷ്ടനുമായ ഒരു വിജാതീയ കശാപ്പുകാരന്‍ തന്റെ ദേവനെ പ്രീതിപ്പെടുത്താനായി കളിച്ചുകൊണ്ടിരുന്ന മൂന്ന് ബാലകരെ വശത്താക്കി പിടിച്ചു കൊണ്ടുപോവുകയും കഷണം കഷണങ്ങളാക്കി നരബലി നടത്തുകയും ചെയ്തു. ഈ സംഭവം അറിഞ്ഞ മെത്രാനായ വിശുദ്ധ നിക്കോളാസ് സംഭവസ്ഥലത്ത് എത്തുകയും ഒരു വലിയ കുട്ടയ്ക്കുള്ളില്‍ ഒളിപ്പിച്ചുവച്ച വെട്ടി നുറുക്കിയ കുട്ടികളുടെ ശരീര ഭാഗങ്ങളുടെ മുമ്പില്‍ വച്ച് ഈ കുഞ്ഞുങ്ങളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുവാന്‍ ദൈവത്തോട് ഹൃദയം നുറുങ്ങി പ്രാര്‍ത്ഥിക്കുകയും ചെയ്തു.

തത്ഫലമായി മാംസതുണ്ടുകള്‍ ഒന്നായ് ചേരുകയും അവര്‍ ജീവിതത്തിലേക്ക് തിരിച്ചുവരികയും ചെയ്തു. മറ്റൊരു സംഭവം, ഏഥന്‍സില്‍ പഠിക്കാന്‍ പോയ മൂന്ന് ദൈവശാസ്ത്ര വിദ്യാര്‍ത്ഥികളെ പോകുന്ന വഴിയില്‍ ദുഷ്ടനായ ഒരു സത്രക്കാരന്‍ കൊള്ളയടിക്കുകയും കൊലപ്പടുത്തുകയും ചെയ്തു.
അവരുടെ അവശിഷ്ടങ്ങള്‍ അച്ചാര്‍ സൂക്ഷിക്കുന്ന വലിയ ഭരണിയില്‍ അദ്ദേഹം ഒളിപ്പിച്ചു. ഇതേ വഴിയിലൂടെ യാത്ര ചെയ്തുകൊണ്ടിരുന്ന ബിഷപ് നിക്കോളാസ് ഈ സത്രത്തിന്റെ അടുത്തെത്തിയപ്പോള്‍ അവിടെത്തന്നെ ഒരു സ്ഥലത്ത് രാത്രിയില്‍ ചെലവഴിക്കുവാന്‍ തീരുമാനിച്ചു. രാത്രി ഉറക്കത്തില്‍ നിക്കോളാസ് കുറ്റകൃത്യത്തെക്കുറിച്ച് സ്വപ്‌നം കണ്ടു. അസ്വസ്ഥനായ അദ്ദേഹം ചാടി എഴുന്നേറ്റു, സത്രം നടത്തിപ്പുകാരനെ വിളിച്ചു; ദൈവനാമത്തില്‍ നിക്കോളാസ് ആ സത്രം സൂക്ഷിപ്പുകാരനോട് കാര്യങ്ങള്‍ അന്വേഷിച്ചു. നിക്കോളാസിന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ അദ്ദേഹത്തിന് പിടിച്ചുനില്‍ക്കാനായില്ല, അദ്ദേഹം നടന്ന കാര്യങ്ങള്‍ നിക്കോളാസിന് മുന്നില്‍ വിവരിച്ചു. ആ നിമിഷം തന്നെ നിക്കോളാസ് ദൈവത്തോട് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചപ്പോള്‍ ആ മൂന്ന് ദൈവശാസ്ത്ര വിദ്യാര്‍ത്ഥികളും ഉയിര്‍ത്തെഴുന്നേല്ക്കുകയും ചെയ്തു.

പലപ്പോഴും വിശുദ്ധ നിക്കോളാസ് ഒരു സാധാരണക്കാരനായി വേഷം മാറി ജനങ്ങളുടെ കൂടെ നടക്കുകയും അവരുടെ കൂടെ ആയിരിക്കുകയും ചെയ്തിരുന്നു. അങ്ങനെയാണ് നിക്കോളാസ് ജനത്തിന്റെ ജീവിതാവസ്ഥയെക്കുറിച്ചും സാഹചര്യങ്ങളെക്കുറിച്ചും അറിഞ്ഞതും മനസിലാക്കിയിരുന്നതും. ജനങ്ങളെ പട്ടിണിയില്‍ നിന്ന് രക്ഷിച്ചും അന്യായമായി കുറ്റാരോപിതരായ നിരപരാധികളെ മോചിപ്പിച്ചും ദയയും കാരുണ്യവും സ്‌നേഹവും നല്‍കി എല്ലാവരെയും ചേര്‍ത്തുപിടിച്ചും നല്ല ഇടയനായ ഈശോയെപ്പോലെ ആടുകളുടെ ഗന്ധമുള്ള നല്ലിടയനായി നിക്കോളാസും മാറി. ഇത്തരമൊരു യാത്രയിലാണ്, പാപത്തിലേക്ക് വഴുതിവീണേക്കാവുന്ന അവസ്ഥയിലായിരുന്ന ഒരു ദരിദ്ര കുടുംബത്തിന്റെ സങ്കടാവസ്ഥയില്‍ മാലാഖയെപ്പോലെ വിശുദ്ധന്‍ ഇടപെട്ടത്. വിശുദ്ധന്റെ ജീവിതത്തില്‍ നടന്ന അനേകം സംഭവങ്ങളില്‍ പരമപ്രധാനമായ ഈ സംഭവം ക്രിസ്മസ് നാളുകളിലാണ് നടന്നത്. ഈ സംഭവത്തിലൂടെയാണ് നിക്കോളാസ് പില്‍ക്കാലത്ത് ക്രിസ്മസ് അപ്പൂപ്പന്‍ എന്ന സാന്താക്ലോസായി അറിയപ്പെടാന്‍ തുടങ്ങിയത്.

ദരിദ്രനായ ഒരു പിതാവിന് വിവാഹ പ്രായമെത്തിയ മൂന്നു പെണ്‍മക്കള്‍ ഉണ്ടായിരുന്നു. സ്ത്രീധനം നല്‍കാനുള്ള സമ്പത്ത് ഇല്ലാതിരുന്നനാല്‍ വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കാന്‍ ആ മൂന്ന് യുവതികള്‍ക്കും സാധിച്ചില്ല. ഒന്നുകില്‍ അടിമകളായി വില്‍ക്കപ്പെടും, അല്ലാത്തപക്ഷം വേശ്യാവൃത്തി ചെയ്ത് വരുമാനം കണ്ടെത്തേണ്ടി വരും എന്ന ദുഖകരമമായ അവസ്ഥ. ഈ കുടുംബത്തെ രഹസ്യമായി നിരീക്ഷിച്ച വിശുദ്ധന്‍ ആരുമറിയാതെ അവരെ സഹായിക്കാന്‍ തീരുമാനിച്ചു. രാത്രിയുടെ യാമങ്ങളില്‍ ഓരോ യുവതിയുടെയും വിവാഹത്തിന് ആവശ്യമായ പണവും സ്വര്‍ണവും അവരുടെ വീട്ടില്‍ വിശുദ്ധന്‍ എത്തിച്ചുനല്‍കി. ഇത് ആര് കൊണ്ടുവന്നു, എപ്പോള്‍ കൊണ്ടുവന്നു എന്നൊന്നും അവര്‍ക്ക് മനസിലായില്ല. അവര്‍ അന്വേഷിച്ചിട്ടും അത് കണ്ടെത്താനായില്ല. കാരണം, വളരെ രഹസ്യമായിട്ടായിരുന്നു നിക്കോളാസ് ഇതൊക്കെ ചെയ്തിരുന്നത്. ആ പണം ഉപയോഗിച്ച് മൂത്ത രണ്ട് യുവതികളുടെയും വിവാഹം ഭംഗിയായി നടന്നു. മൂന്നാമത്തെ യുവതിയുടെ വിവാഹ സമയം അടുത്തുവന്നപ്പോള്‍ പതിവുപോലെ വിശുദ്ധന്‍ രഹസ്യമായി പണവും സ്വര്‍ണവും അടങ്ങിയ ഒരു ബാഗ് വീട്ടുപടിക്കല്‍ കൊണ്ടുവന്നു വച്ചു. എന്നാല്‍ ഇത്തവണ ആളെ കണ്ടുപിടിക്കണമെന്ന ദൃഢനിശ്ചയത്തോടെ ഉറക്കമളച്ച് കാത്തിരുന്ന ആ പിതാവും മക്കളും കണ്ണുനീരോടുകൂടി വിശുദ്ധന്റെ കാല്‍ക്കല്‍ വീണ് നന്ദി പറഞ്ഞു. ക്രിസ്മസ് രാത്രികളില്‍ സമ്മാനപ്പൊതികളുമായി നമ്മുടെ അടുത്തേക്ക് വരുന്ന ക്രിസ്മസ് പപ്പയായ സാന്താക്ലോസ് (സാന്താ – saint/ക്‌ളോസ് – നിക്കോളാസ്) പിറവിയെടുക്കുന്നത് ഈ സംഭവത്തിലൂടെയാണ്.

ക്രിസ്ത്യാനികളെ നിഷ്‌കരുണം പീഡിപ്പിച്ച റോമന്‍ ചക്രവര്‍ത്തി ഡയോക്ലീഷ്യന്റെ വാഴ്ചയില്‍, ബിഷപ് നിക്കോളാസ് നിരവധി തവണ പിടിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും നാടുകടത്തപ്പെടുകയും തടവിലാക്കപ്പെടുകയും ചെയ്തു. ആ കാലത്ത് ജയിലുകള്‍ ബിഷപ്പുമാരെയും വൈദികരെയും ഡീക്കന്മാരെയും കൊണ്ട് നിറഞ്ഞിരുന്നു. ജയില്‍ മോചിതനായ ശേഷം, നിക്കോളാസ് റോമാ ചക്രവര്‍ത്തിയായ കോണ്‍സ്റ്റാന്റൈന്‍ ഒന്നാമന്റെ നിര്‍ദേശപ്രകാരം സില്‍വസ്റ്റര്‍ ഒന്നാമന്‍ പാപ്പായുടെ നേതൃത്വത്തില്‍ അഉ 325-ല്‍ ക്രൈസ്തവ ചരിത്രത്തില്‍ നിര്‍ണായകമായിത്തീര്‍ന്ന നിഖ്യാ സുന്നഹദോസില്‍ പങ്കെടുത്തു. അഉ 343 ഡിസംബര്‍ 6-ന് തന്റെ 73 -ാമത്തെ വയസില്‍ അദ്ദേഹം മീറായില്‍ വച്ച് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. അദ്ദേഹത്തിന്റെ മരണദിനമായ ഡിസംബര്‍ 6 വിശുദ്ധന്റെ തിരുനാളായി ആചരിക്കുന്നു.

വിശുദ്ധ നിക്കോളാസിനെപ്പോലെ ഒന്നും പ്രതീക്ഷിക്കാതെ, കൂടെയുള്ളവര്‍ക്ക് നന്മ ചെയ്യാനും അവരെ സ്‌നേഹിക്കാനും ചേര്‍ത്തുപിടിക്കാനും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനും നാം വിളിക്കപ്പെട്ടിരിക്കുന്നു. ക്രിസ്മസിനായി ഒരുങ്ങുന്ന ഈ നാളുകളില്‍ വിശുദ്ധനെ പോലെ നമുക്കും ഈശോയെ പ്രതി സ്‌നേഹത്തിന്റെ സമ്മാനങ്ങള്‍ എല്ലാവര്‍ക്കുമായി നല്‍കാം. ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയും അര്‍ത്ഥശൂന്യമായ ആഘോഷങ്ങളില്‍ നിന്ന് ഓടി മാറിയും കൂടെയുള്ളവരെ സ്‌നേഹിച്ചും ആദരിച്ചും ചേര്‍ത്തുപിടിച്ചും അവരുടെ കണ്ണുനീര്‍ തുടച്ചും ഉള്ളത് പങ്കുവെച്ചും ഈ ക്രിസ്മസ് നമുക്ക് അര്‍ത്ഥപൂര്‍ണമാക്കാം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?