തലശേരി: തലശേരി അതിരൂപതയുടെ വിവിധ ഫൊറോന കേന്ദ്രങ്ങളില്‍നിന്ന് ചെമ്പേരി ലൂര്‍ദ് മാതാ ബസിലിക്കയിലേക്ക് നടത്തിയ പ്രഥമ മരിയന്‍ തീര്‍ഥാടനം ശ്രദ്ധേയമായി. പതിനായിരങ്ങള്‍ വിശ്വാസപൂര്‍വം കാല്‍നട തീര്‍ത്ഥാടനത്തില്‍ അണിചേര്‍ന്നു.
എടൂര്‍ സെന്റ് മേരീസ് ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടനപള്ളിയില്‍നിന്ന് ആരംഭിച്ച മരിയന്‍ ജപമാലറാലിക്ക് ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി നേതൃത്വം നല്‍കി. മാടത്തില്‍ സെന്റ് സെബാസ്റ്റ്യന്‍സ് ദൈവാലയത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്കും ജപമാല പ്രാര്‍ത്ഥനയ്ക്കും ആര്‍ച്ചുബിഷപ് എമരിറ്റസ് മാര്‍ ജോര്‍ജ് ഞറളക്കാട്ട് കാര്‍മികത്വം വഹിച്ചു.
ലൂര്‍ദ് മാതാ ബസിലിക്കയില്‍ എത്തിച്ചേര്‍ന്ന തീര്‍ത്ഥാടകര്‍ക്കായി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയുടെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയര്‍പ്പിച്ചു. തുടര്‍ന്ന് തലശേരി അതിരൂപതയിലെ മുഴുവന്‍ കുടുംബങ്ങളെയും പരിശുദ്ധ കന്യകാമറിയത്തിന്റെ വിമലഹൃദയത്തിന് പ്രതിഷ്ഠിച്ചു.
പ്രാര്‍ത്ഥനകള്‍ക്കും ജപമാലകള്‍ക്കും വിശുദ്ധ കുര്‍ബാനയ്ക്കും ആരാധനയ്ക്കുംശേഷമാണ് ഓരോ ഫൊറോനയില്‍നിന്നും വിശ്വാസികള്‍ കാല്‍നടയായി ചെമ്പേരി ലൂര്‍ദ്മാതാ ബസിലിക്കയില്‍ എത്തിച്ചേര്‍ന്നത്.
വിവിധ ഫൊറോന ദൈവാലയങ്ങളില്‍ നടന്ന മരിയന്‍ നൈറ്റിന് അതിരൂപത വികാരി ജനറല്‍ മോണ്‍. മാത്യു ഇളംതുരുത്തിപടവില്‍, ഫാ. ജോസഫ് കാക്കരമറ്റത്തില്‍, ഫാ. ജോസഫ് മുട്ടത്തുകുന്നേല്‍, ഫാ. ബെന്നി പുത്തന്‍നട, ഫാ. ലൂയി മരിയദാസ് മേനാച്ചേരി, ഫാ. ജോസഫ് മഞ്ഞളാംകുന്നേല്‍, ഫാ. സെബാസ്റ്റ്യന്‍ തെങ്ങുംപള്ളില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ലൂര്‍ദ് മാതാ ബസിലിക്കയിലെത്തിയ വിശ്വാസികളെ റെക്ടര്‍ റവ. ഡോ. ജോര്‍ജ് കാഞ്ഞിരക്കാട്ടിന്റെയം അസിസ്റ്റന്റ് വികാരി ഫാ. അമല്‍ ചെമ്പകശേരിയുടെയും ബസിലിക്ക കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തില്‍ സ്വീകരിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *