മാനന്തവാടി: ദുരന്തങ്ങളില്‍ എല്ലാം നഷ്ടമായ മനുഷ്യരെ ചേര്‍ത്തുനിര്‍ത്തുമ്പോഴാണ് മനുഷ്യന്‍ ദൈവത്തിന്റെ ഛായ ഉള്ളവനായി മാറുന്നതെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്ക ബാവ. മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാന്‍ കെസിബിസിയുടെ സഹകരണത്തോടു കൂടി മാനന്തവാടി രൂപത നടപ്പിലാക്കുന്ന ഭവന നിര്‍മ്മാണ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കെസിബിസി നിര്‍മ്മിക്കുന്ന ആദ്യ വീടിന് തോമാട്ടുചാലില്‍ തറക്കല്ലിട്ടു. മാനന്തവാടി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം അധ്യക്ഷത വഹിച്ചു. കെസിബിസി ജസ്റ്റീസ് ഫോര്‍ പീസ് ആന്റ് ഡവലപ്‌മെന്റ് കമ്മീഷന്‍ സെക്രട്ടറി ഫാ. ജേക്കബ് മാവുങ്കല്‍ പുനരധിവാസ പ്രോജക്ട് വിശദീകരിച്ചു. ബത്തേരി രൂപതാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ തോമസ് അനുഗ്രഹ പ്രഭാഷണം നടത്തി.
എംഎല്‍എമാരായ ഐ.സി ബാലകൃഷ്ണന്‍, അഡ്വ. ടി. സിദ്ദിഖ്, അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഫ്‌സത്ത്, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ ബാബു, വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. ജിനോജ് പാലത്തടത്തില്‍, മാനന്തവാടി രൂപത പ്രൊക്യുറേറ്റര്‍ ഫാ. ജോസ് കൊച്ചറയ്ക്കല്‍, രൂപത പുനരധിവാസ കമ്മിറ്റി വൈസ് ചെയര്‍മാന്‍, സെബാസ്റ്റ്യന്‍ പാലംപറമ്പില്‍, പിആര്‍ഒ സാലു അബ്രാഹം മേച്ചേരില്‍ എന്നിവര്‍ പ്രസംഗിച്ചു.
അമ്പലവയല്‍, മേപ്പാടി പഞ്ചായത്തുകളില്‍ നിന്നുള്ള ജനപ്രതിനിധികള്‍ മാനന്തവാടി, ബത്തേരി, കോഴിക്കോട് രൂപതകളില്‍ നിന്നുള്ള വൈദികരും സന്യസ്തരും, മറ്റ് സഹകാരികളും ഉരുല്‍പൊട്ടല്‍ ദുരന്തബാധിതരും ചടങ്ങില്‍ പങ്കെടുത്തു.
ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് മാനന്തവാടി രൂപത തോമ്മാട്ടുചാലില്‍ വാങ്ങിയ ഭൂമിയിലാണ് ആദ്യ വീടിന്റെ ശിലാസ്ഥാപനം നടന്നത്. കെസിബിസി വയനാട്ടിലും വില ങ്ങാടുമായി നൂറോളം വീടുകളാണ് നിര്‍മിക്കുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *