കാക്കനാട്: ദൈവസ്‌നേഹത്തിന്റെ മനുഷ്യാവതാരമാണ് ക്രിസ്മസെന്ന് മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. സീറോമലബാര്‍സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുവേണ്ടി സംഘടിപ്പിച്ച ക്രിസ്മസ് സ്‌നേഹസംഗമത്തില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
അച്ചടി-ദൃശ്യ മാധ്യമ രംഗത്തു പ്രവര്‍ത്തിക്കുന്നവരാണ് ഈ സംഗമത്തില്‍ പങ്കുചേര്‍ന്നത്. തിരുപ്പിറവിയുടെ സന്തോഷവും സ്‌നേഹവും പങ്കുവച്ചുകൊണ്ട് മാര്‍ റാഫേല്‍ തട്ടില്‍ ക്രിസ്മസ് ആശംസകള്‍ നേരുകയും സ്‌നേഹോപഹാരങ്ങള്‍ നല്‍കുകയും ചെയ്തു.
സ്‌നേഹം പഠിപ്പിക്കുക മാത്രമല്ല ജീവിതത്തിലൂടെ പ്രാവര്‍ത്തികമാക്കുകയും ചെയ്ത ഈശോ സ്‌നേഹിതര്‍ക്കുവേണ്ടി ജീവന്‍ ബലിയര്‍പ്പിക്കുന്നതിനേക്കാള്‍ വലിയ സ്‌നേഹമില്ലെന്ന് സ്വന്തം ജീവിതത്തിലൂടെ സാക്ഷ്യപ്പെടുത്തി. അതിനുവേണ്ടിയാണ് ദൈവപുത്രന്‍ മനുഷ്യനായി പുല്‍ക്കൂട്ടില്‍ ജനിച്ചതെന്ന് മേജര്‍ ആര്‍ച്ചുബിഷപ്പ് ക്രിസ്മസ് സന്ദേശത്തില്‍ പറഞ്ഞു. മനുഷ്യരോടു കൂടെ നടക്കാന്‍ വന്ന ദൈവം ഒന്നിച്ചു നടക്കാന്‍ നമ്മെയും ആഹ്വാനം ചെയ്യുന്നു. നാമെല്ലാവരും സഹയാത്രികരാണ് എന്നതിന്റെ ഓര്‍മപ്പെടു ത്തലാണ് ക്രിസ്മസ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്രിസ്മസ് സ്‌നേഹസംഗമത്തില്‍ വിവിധ മാധ്യമ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ചു പങ്കെടുത്തവരെ സ്വാഗതം ചെയ്തുകൊണ്ട് മേജര്‍ ആക്കിഎപ്പിസ്‌കോപ്പല്‍ കൂരിയാ ചാന്‍സലര്‍ ഫാ. അബ്രഹാം കാവില്‍പുരയിടത്തിലും കൃതജ്ഞതയര്‍പ്പിച്ചുകൊണ്ട് സഭയുടെ പിആര്‍ഒയും മീഡിയ കമ്മീഷന്‍ സെക്രട്ടറിയുമായ ഫാ. ആന്റണി വടക്കേകര വി.സിയും സംസാരിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *