Follow Us On

22

January

2025

Wednesday

വയനാടിന്റെ പുതിയ എംപിക്ക് ഒരു തുറന്ന കത്ത്‌

വയനാടിന്റെ പുതിയ  എംപിക്ക് ഒരു തുറന്ന കത്ത്‌

ഫാ. ജോസഫ് വയലില്‍ CMI
(ചെയര്‍മാന്‍, ശാലോം ടി.വി)

വയനാട് പാര്‍ലമെന്റ് മണ്ഡലത്തിന്റെ പുതിയ എംപിയായി തിരഞ്ഞെടുക്കപ്പെട്ട പ്രിയങ്ക ഗാന്ധിക്ക് ആശംസകളും പ്രാര്‍ത്ഥനകളും! ഇത്രയും ഭൂരിപക്ഷത്തോടെ പ്രിയങ്ക ജയിച്ചതിന് പിന്നില്‍ പല കാരണങ്ങളുണ്ട്. പരമ്പരാഗതമായി വയനാട് കോണ്‍ഗ്രസ് മണ്ഡലമാണ്. നെഹ്‌റു കുടുംബത്തോടും പ്രിയങ്ക ഗാന്ധിയോടുമുള്ള ആളുകളുടെ പ്രത്യേക സ്‌നേഹവും പരിഗണനയും മറ്റൊരു കാരണമാണ്. എന്നാല്‍ അതിനെക്കാള്‍ പ്രധാനമായ ഒരു കാര്യം ഇതാണ്: പ്രിയങ്കഗാന്ധി ജയിച്ചുവന്നാല്‍ മണ്ഡലത്തിന് പല ഗുണങ്ങളും ഉണ്ടാകുമെന്ന ജനങ്ങളുടെ ആശയും പ്രത്യാശയും പ്രതീക്ഷയും.

മറ്റ് ഏതൊരു മലയാളി ജയിച്ച് പാര്‍ലമെന്റില്‍ എത്തിയാലും ചെലുത്താന്‍ പറ്റുന്നതിനെക്കാള്‍ സ്വാധീനം പ്രിയങ്കഗാന്ധിക്ക് പാര്‍ലമെന്റിലും പുറത്തും ഉണ്ട്. ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടുന്നതും സ്വാധീനമുള്ളതുമായ വ്യക്തിയാണ് പ്രിയങ്ക. അതോടൊപ്പം പ്രിയങ്കയുടെ പാര്‍ട്ടിപരമായും വ്യക്തിപരവുമായ ബന്ധങ്ങളും സ്വാധീനങ്ങളും ഡല്‍ഹിയിലും ഭരണത്തിലും ഉണ്ട്. അതിനുപുറമെ രാഹുല്‍ഗാന്ധിയുടെയും സോണിയാ ഗാന്ധിയുടെയും സപ്പോര്‍ട്ടും അധികാരികളുടെമേലുള്ള സമ്മര്‍ദവും സ്വാധീനവും പ്രിയങ്കക്ക് കിട്ടും. കേരളത്തില്‍നിന്ന് എത്ര കഴിവുള്ള ആള്‍ ജയിച്ച് ഡല്‍ഹിയില്‍ എത്തിയാലും ഇത്രയും ശ്രദ്ധയും സ്വാധീനവും ഉണ്ടാക്കാന്‍ പറ്റില്ല. അതിനാല്‍ പ്രിയങ്ക ടീം മനസുവച്ചാല്‍ കാര്യമായ എന്തെങ്കിലും നന്മകള്‍ മണ്ഡലത്തിന് ഉണ്ടാകും എന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു, പ്രത്യാശിക്കുന്നു. അതിനാല്‍ പ്രിയങ്ക ഗാന്ധിയോട് ചില അഭ്യര്‍ത്ഥനകള്‍ ഉണ്ട്.

ഒന്നാമതായി, അങ്ങ് ധാരാളം സമയം മണ്ഡലത്തില്‍ ചെലവഴിക്കണം. മണ്ഡലത്തില്‍ രണ്ടോ മൂന്നോ ഓഫീസുകളും തുറന്ന് അവിടെ ഓരോ സ്റ്റാഫിനെയുംവച്ച് ഡല്‍ഹിയില്‍ താമസിക്കുന്ന ഒരു വിസിറ്റിങ്ങ് എംപിയായി അങ്ങ് മാറരുത്. എന്തെങ്കിലും ആവശ്യങ്ങള്‍ ഉണ്ടെങ്കില്‍ കടലാസില്‍ അപേക്ഷ എഴുതി ഓഫീസില്‍ കൊടുത്തേക്ക്, അവിടെയുള്ള സ്റ്റാഫ് ബാക്കി കാര്യങ്ങള്‍ നോക്കിക്കൊള്ളും; അവര്‍ തന്നോട് ബന്ധപ്പെടും എന്ന നിലപാട് ദയവായി പ്രിയങ്ക ഗാന്ധി സ്വീകരിക്കരുത്. അങ്ങനെപോയാല്‍ ഇവിടുത്തെ ഓഫീസുകളില്‍ ഇരിക്കുന്നവര്‍ ദാദാമാര്‍ ആയി മാറുകയും അങ്ങ് ഔട്ട് ആവുകയും ചെയ്യും.
നോമിനേഷന്‍ കൊടുക്കുന്നതിന്റെ അന്നുതന്നെ അങ്ങ് ഡല്‍ഹിക്ക് മടങ്ങി. അത് ഞങ്ങള്‍ ആരും പ്രതീക്ഷിച്ചതല്ല. രണ്ടുമൂന്നു ദിവസമെങ്കിലും മണ്ഡലത്തില്‍ തങ്ങി ഇലക്ഷന്‍ പ്രചാരണത്തിന് ഒരു ഊര്‍ജം പകരും എന്നാണ് ഞങ്ങള്‍ കരുതിയത്.

അന്നുതന്നെ അതിനെപ്പറ്റി വിമര്‍ശനങ്ങള്‍ ഉണ്ടാകുകയും ചെയ്തു. അതുകൂടി പരിഗണിച്ചായിരിക്കാം പിന്നീട് കുറെ ദിവസങ്ങള്‍ മണ്ഡലത്തില്‍ ചെലവഴിച്ചു. വോട്ട് പിടിക്കാന്‍ അങ്ങ് ഇറങ്ങിയപ്പോള്‍ ജനങ്ങള്‍ എത്രമാത്രം അങ്ങയെ സ്‌നേഹിക്കുന്നു, എന്തുമാത്രം അങ്ങയുടെ സാന്നിധ്യം, ഒരു ഷെയ്ക്ക് ഹാന്റ്, ഒരു പുഞ്ചിരി, ഒരു വാക്ക് ആഗ്രഹിക്കുന്നു എന്ന് മനസിലായില്ലേ? അതിനാല്‍ തങ്ങളുടെ കൂടെയുള്ള, തങ്ങള്‍ക്ക് കാണാനും സംസാരിക്കാനും തങ്ങളുടെ ആവശ്യങ്ങള്‍ നേരിട്ട് പറയാനും സംലഭ്യയായ ഒരു പ്രിയങ്കയെ ആണ് ജനം ആഗ്രഹിക്കുന്നത്. അതിനാല്‍ അങ്ങ് കൂടുതല്‍ സമയം മണ്ഡലത്തില്‍ ചെലവഴിക്കണം. അങ്ങ് ഒരു വിസിറ്റിങ്ങ് എംപിയായി ജനങ്ങളെ നിരാശപ്പെടുത്തരുത്.

രണ്ടാമത് പറയാനുള്ള കാര്യം ഇതാണ്: അങ്ങ് ഏതാണ്ട് നാലര വര്‍ഷത്തോളം എംപിയായിരിക്കും. അതിനാല്‍ സാധാരണക്കാരോട് സംസാരിക്കാന്‍ അങ്ങ് കുറച്ച് മലയാളം പഠിക്കണം. തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് അങ്ങ് പല മലയാളം വാക്കുകളും പറഞ്ഞു. അത് ജനങ്ങളെ കൈയിലെടുക്കാനുള്ള ഒരു തന്ത്രം മാത്രമാണ്. ആരോ പഠിപ്പിച്ച ചില കൊച്ചുവാചകങ്ങള്‍ വിളിച്ചുപറഞ്ഞു. എന്നാല്‍ അതുപോര. സാധാരണ ജനങ്ങളുമായി ആശയവിനിമയം നടത്താന്‍ വേണ്ടുന്ന മലയാളം അങ്ങ് പഠിക്കണം.

മൂന്നാമത്തെ കാര്യമാണ് അതിലും പ്രധാനം. അങ്ങയുടെ കഴിവും സ്വാധീനവും മണ്ഡലത്തിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാനും മണ്ഡലത്തിന്റെ വളര്‍ച്ചയ്ക്കുംവേണ്ടി ഉപയോഗിക്കണം. രാഹുല്‍ഗാന്ധി എംപി ആയിരുന്നതോടൊപ്പം ദേശീയ രാഷ്ട്രീയത്തിലെ മുന്നണിപോരാളിയും ആയിരുന്നു. അതുകൊണ്ട് മണ്ഡലത്തില്‍ സമയം ചെലവഴിക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടില്ല. അതുകൊണ്ട് വിസിറ്റിങ്ങ് എംപി എന്ന പേരും അദ്ദേഹത്തിന് കിട്ടി.
അങ്ങയുടെ ശക്തിയും സ്വാധീനവും മണ്ഡലത്തോടുള്ള കടപ്പാടും പ്രവൃത്തികളിലൂടെ വെളിപ്പെടുത്തണം. വല്ലപ്പോഴും വന്ന് ഒരു പത്രസമ്മേളനവും ഏതാനും മീറ്റിങ്ങുകളും ചില പൊതുസമ്മേളനങ്ങളിലെ പ്രസംഗങ്ങളും നടത്തി തിരിച്ചു പോകുന്ന ഒരു എംപി ആകരുത്. മാസത്തിലെ ഒരാഴ്ചവീതം എല്ലാ മാസവും മണ്ഡലത്തില്‍ താമസിച്ച് ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കണം. സാധാരണക്കാരന് അടിയന്തിരമായി ഡല്‍ഹിയില്‍നിന്നും നാട്ടില്‍ എത്താന്‍ ഒരു ട്രെയിന്‍ടിക്കറ്റുപോലും കിട്ടില്ല. അങ്ങേക്ക് അത്തരം പ്രശ്‌നങ്ങള്‍ ഇല്ല.

എപ്പോള്‍ വേണമെങ്കിലും വിമാനടിക്കറ്റ് കിട്ടും. ഹെലികോപ്റ്റര്‍ സേവനം വേണമെങ്കില്‍ അതും കിട്ടും. മണ്ഡലത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഡല്‍ഹിയിലെ സ്വാധീനം ഉപയോഗിക്കണം. അതോടൊപ്പം വയനാടിന്റെ വികസനത്തിനായി കുറേ കാര്യങ്ങള്‍ ചെയ്യണം. പെട്ടെന്ന് ഒരു ഉയര്‍ത്തെഴുന്നേല്‍പ്പിന് വയനാടിനെ സഹായിക്കുക ടൂറിസം വികസനമാണ്. അതിനുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ അങ്ങ് നേതൃത്വം എടുക്കണം. ടൂറിസംകേന്ദ്രങ്ങളെ ഗുണനിലവാരമുള്ളതാക്കണം. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കണം. നല്ല റോഡുകള്‍, നല്ല താമസ സൗകര്യങ്ങള്‍ തുടങ്ങിയവ വേണം. എറണാകുളത്തോ പാലക്കാട്ടോ കണ്ണൂരോ ഉള്ളതുപോലെ നല്ലൊരു അമ്യൂസ്‌മെന്റ് പാര്‍ക്ക് ഉണ്ടായാല്‍ ടൂറിസം വളരും, തൊഴില്‍ അവസരം കൂടും, ചെറുകിട സംരംഭങ്ങള്‍ വളരും.
അതുപോലെ, ഗുണമേന്മയുള്ള തൊഴില്‍ അധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനം ഒരെണ്ണമെങ്കിലും തുടങ്ങാന്‍ കഴിയുമോ? കേരളം-കര്‍ണാടക രാത്രിയാത്രാനിരോധനപ്രശ്‌നം പരിഹരിക്കാന്‍ നന്നായി ശ്രമിക്കുമോ? വയനാട് ചുരം റോഡുകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുമോ? വന്യമൃഗ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ തീവ്രമായ ഒരു ശ്രമം നടത്തുമോ?

ചുരുക്കത്തില്‍, വയനാടിന്റെ മൊത്തത്തിലുള്ള ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പിന് അങ്ങ് കാരണക്കാരിയാകുമോ? ഇത് ജനങ്ങള്‍ പ്രതീക്ഷിക്കുന്നു. അങ്ങേക്ക് എല്ലാവിധ വിജയാശംസകളും!
വായനക്കാര്‍ക്ക് ക്രിസ്മസ്-പുതുവത്സര മംഗളങ്ങള്‍ നേരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?