ജോസഫ് ജോസഫ്
‘ആദ്യമായും അവസാനമായും എനിക്ക് ഒരു കാര്യമേ പറയാനുള്ളൂ. ഈ വിജയം നേടിത്തന്നത് എന്റെ ഈശോയും മാതാവുമാണ്” ഈ വര്‍ഷത്തെ ലോഗോസ് പ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ട ആറാം ക്ലാസില്‍ പഠിക്കുന്ന 11 വയസുകാരന്‍ ജിസ്‌മോന്‍ സണ്ണി വിജയം നേടിയ വേദിയില്‍ പറഞ്ഞ വാക്കുകളാണിത്. ജിസ്‌മോന്‍ നേരിട്ട ശാരീരിക വെല്ലുവിളികളെയും കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകളെയുംകുറിച്ച് അറിയുമ്പോഴാണ് നാലര ലക്ഷംപേരെ പിന്നിലാക്കി ലോഗോസ് പ്രതിഭയായ ഈ ആറാം ക്ലാസുകാരന്റെ വാക്കുകള്‍ വെറും ഭംഗിവാക്കല്ലെന്ന് വ്യക്തമാകുന്നത്.
കോതമംഗലം രൂപതയിലെ ബെത്‌ലഹേം ഇടവകയിലെ, ചാത്തംകണ്ടത്തില്‍ സണ്ണിയുടെയും സിസിലിയുടെയും ഏകമകനാണ് ജിസ്‌മോന്‍ സണ്ണി. പിയര്‍ റോബിന്‍ സിന്‍ഡ്രം എന്ന രോഗമുള്ളതിനാല്‍ സാധാരണ ഭക്ഷണങ്ങള്‍ കഴിക്കാനും സംസാരിക്കാനും ജിസ്‌മോന് ചെറിയ തോതിലുള്ള ബുദ്ധിമുട്ടുണ്ട്. ഈ പരിമിതികളുടെ നടുവിലും യൂട്യൂബിലൂടെ തിരുവചനങ്ങള്‍ തീക്ഷ്ണതയോടെ പ്രഘോഷിച്ചതിലൂടെ നേരത്തെ തന്നെ ശ്രദ്ധ നേടിയ ജിസ്‌മോന് സ്വന്തമായ യൂട്യൂബ് ചാനലുമുണ്ട് (https://www.youtube.com/@Jismonsunny-n8b) രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ സമ്പൂര്‍ണ ബൈബിള്‍ പകര്‍ത്തിയെഴുതുകയും ചെയ്തിരുന്നു. ജിസ്‌മോന്റെ അമ്മ സിസിലി, ജിസ്‌മോന്‍ ഉദരത്തിലായിരുന്ന സമയത്തുതന്നെ ഉച്ചത്തില്‍ വചനം വായിക്കുമായിരുന്നു. കുഞ്ഞ് ജനിച്ചുകഴിഞ്ഞപ്പോള്‍ മുതല്‍ വചനം ചെവിയില്‍ പറഞ്ഞുകൊടുത്താണ് വളര്‍ത്തിയതും. അതുകൊണ്ടാവണം ജിസ്‌മോന്‍ വലിയ താല്‍പ്പര്യത്തോടെ ദൈവവചനം പഠിക്കുകയും പ്രഘോഷിക്കുകയും ഇപ്പോള്‍ ലോഗോസ് പ്രതിഭാപട്ടം സ്വന്തമാക്കുകയും ചെയ്തത്.
പരിശുദ്ധ മറിയം എപ്രകാരമാണ് ലോഗോസ് മത്സരത്തില്‍ വിജയത്തിലേക്ക് നയിച്ചതെന്ന് ജിസ്‌മോന്‍ യൂട്യൂബ് ചാനലില്‍ വിവരിക്കുന്നുണ്ട്. 2023-ല്‍ ലോഗോസ് മത്സരത്തില്‍ ആദ്യമായി പങ്കെടുത്ത ജിസ്‌മോന്‍ എ വിഭാഗത്തില്‍ ഒന്നാമതെത്തിയിരുന്നു. ഈ വര്‍ഷവും എ വിഭാഗത്തില്‍ ഒന്നാമതെത്തിയതോടെ വലിയ പ്രതീക്ഷയോടെയാണ് ലോഗോസ് ഗ്രാന്റ് ഫിനാലെ മത്സരത്തിന് ജിസ്‌മോന്‍ എത്തിയത്. ആറു പ്രായവിഭാഗങ്ങളായി നടത്തിയ മത്സരത്തിലെ ഓരോ വിഭാഗത്തിലെയും വിജയികളാണ് ലോഗോസ് ഗ്രാന്‍ഡ് ഫിനാലയില്‍ പങ്കെടുത്തത്. ഒന്‍പത് റൗണ്ടുകളാണ് മത്സരത്തിനുണ്ടായിരുന്നത്. ആദ്യറൗണ്ടുകളില്‍ നന്നായി ഉത്തരം പറഞ്ഞെങ്കിലും പിന്നീടുള്ള റൗണ്ടുകളില്‍ ജിസ്‌മോന്‍ പിന്നിലേക്ക് പോയി. ആ സമയം പരിശുദ്ധ മറിയത്തോട് പ്രാര്‍ത്ഥിച്ചപ്പോള്‍ പരിശുദ്ധ അമ്മ ദര്‍ശനത്തിലൂടെ ഒരു ബസര്‍ മെഷീന്‍ കാണിച്ചുതന്നതായി ജിസ്‌മോന്‍ പറയുന്നു. അവസാന റൗണ്ട് ബസര്‍ റൗണ്ടായിരുന്നു. ആദ്യം ബസര്‍ പ്രസ് ചെയ്യുന്ന വ്യക്തിക്ക് മാത്രമാണ് ഉത്തരം പറയാനുള്ള അവസരം ലഭിക്കുന്നത്.
ബസര്‍ പ്രസ് ചെയ്തശേഷം അഞ്ച് സെക്കന്റിനുള്ളില്‍ ഉത്തരം പറയാതിരിക്കുകയോ ഉത്തരം പറയുന്നത് തെറ്റിക്കുകയോ ചെയ്താല്‍ നെഗറ്റീവ് മാര്‍ക്ക് ഉണ്ട്. ആദ്യത്തെ ചോദ്യത്തിന് ബസര്‍ പ്രസ് ചെയ്ത് ശരിയായി ഉത്തരം പറഞ്ഞു. എന്നാല്‍ രണ്ടാമത്തെ ചോദ്യത്തിന് ബസര്‍ പ്രസ് ചെയ്‌തെങ്കിലും പൂര്‍ണമായ ഉത്തരം പറയാത്തതിനാല്‍ നെഗറ്റീവ് മാര്‍ക്ക് ലഭിച്ചു. ഈ സമയം കൃപാസനം ധ്യാനകേന്ദ്രത്തില്‍നിന്ന് ലഭിച്ച മാതാവിന്റെ ഉടമ്പടി കാശുരൂപത്തില്‍ പിടിച്ചുകൊണ്ട് മാതാവിനോട് പ്രാര്‍ത്ഥിച്ച ജിസ്‌മോന് മാതാവ് ദര്‍ശനം നല്‍കിയതായും സങ്കീര്‍ത്തനം 27:1 ”കര്‍ത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്. ഞാന്‍ ആരെ ഭയപ്പെടണം” എന്ന വചനത്തിലൂടെ ധൈര്യപ്പെടുത്തിയതായും ജിസ്‌മോന്‍ സാക്ഷ്യപ്പെടുത്തുന്നു. തുടര്‍ന്ന് 4,5,6 ചോദ്യങ്ങള്‍ക്ക് യഥാസമയം ബസര്‍ പ്രസ് ചെയ്യുകയും ശരിയായ ഉത്തരം പറയുകയും ചെയ്തുകൊണ്ട് ജിസ്‌മോന്‍ അത്ഭുതകരമായി ഒന്നാം സ്ഥാനത്ത് എത്തുകയായിരുന്നു. സാധാരണയായി എല്ലാ കാര്യങ്ങളും വളരെ സാവകാശം മാത്രം ചെയ്യുന്ന ജിസ്‌മോന് പരിശുദ്ധ മറിയത്തിന്റെ പ്രത്യേക മധ്യസ്ഥത്തിലൂടെയാണ് ബസര്‍ വേഗം അമര്‍ത്താനും ശരിയായി ഉത്തരം പറയാനും സാധിച്ചതെന്ന് അമ്മ സിസിലിയും സാക്ഷ്യപ്പെടുത്തുന്നു.
കല്ലൂര്‍ക്കാട് സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ ജിസ്‌മോന്‍ പഠനത്തിലും മുന്‍പന്തിയിലാണ്. ഇരിങ്ങാലക്കുട രൂപതയില്‍നിന്നുള്ള മെറ്റില്‍ഡ ജോണ്‍സണ്‍ എ വിഭാഗത്തില്‍നിന്ന് ലോഗോസ് പ്രതിഭയായതിനുശേഷം ഇത് രണ്ടാംതവണയാണ് എ വിഭാഗത്തില്‍നിന്ന് ഒരു കുട്ടി പ്രതിഭാപട്ടം ചൂടുന്നത്. നാലുലക്ഷത്തി അറുപത്തിരണ്ടായിരം പേരാണ് ഈ വര്‍ഷം ലോഗോസ് ക്വിസില്‍ പങ്കെടുത്തത്.
Leave a Comment
Your email address will not be published. Required fields are marked with *