സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത
യേശു തമ്പുരാന്‍ പരീശന്മാരുടെയും ന്യായശാസ്ത്രിമാരുടെയും മതാത്മകതയെ നിശിതമായി വിമര്‍ശിക്കുന്ന ഭാഗമാണ് വിശുദ്ധ മത്തായിയുടെ സുവിശേഷം 23-ാം അധ്യായം ഒന്നുമുതല്‍ പന്ത്രണ്ടുവരെയുള്ള തിരുവചനങ്ങള്‍. അവര്‍ പറയുന്നത് നിങ്ങള്‍ ആചരിക്കുക. എന്നാല്‍ അവര്‍ പ്രവര്‍ത്തിക്കുന്നതുപോലെ പ്രവര്‍ത്തിക്കരുത് എന്നാണ് ഈ ഭാഗത്ത് പറയുന്ന ഒരു കാര്യം. തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും; തന്നെത്തന്നെ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും എന്നും ഇവിടെ യേശുതമ്പുരാന്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. വാക്കും പ്രവൃത്തിയും തമ്മിലുള്ള അന്തരം എപ്പോഴാണോ നേതൃത്വത്തില്‍ ഉണ്ടാവുന്നത് അപ്പോള്‍ ഒരു ഫരിസേയത്വത്തിന്റെ മനോഭാവം അത്തരം ആളുകളില്‍ നിഴലിക്കുന്നുണ്ടെന്നത് വ്യക്തമാണ്.
ക്രിസ്തുവിന്റെ കാലത്തിനു മുമ്പും ക്രിസ്തുവിന്റെ കാലത്തും ക്രിസ്തുവിന്റെ കാലത്തിനുശേഷവും അത് അങ്ങനെതന്നെയായിരുന്നു. അവര്‍ മുഖ്യാസനങ്ങള്‍ തിരഞ്ഞെടുക്കുകയും പ്രധാന അങ്ങാടികളില്‍ വന്ദനം ആഗ്രഹിക്കുകയും ചെയ്യുന്നുവെന്ന് വളരെ സ്പഷ്ടമായി യേശുതമ്പുരാന്‍ പറയുന്നുണ്ട്. നാലാം നൂറ്റാണ്ടില്‍ സഭാചരിത്രത്തില്‍ വളരെ ഗൗരവതരമായ പ്രതിസന്ധിയുണ്ടായതായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഏഡി 313 ല്‍ കോണ്‍സ്റ്റന്റന്‍ രാജാവിന്റെ മിലാന്‍ വിളംബരത്തിന് ശേഷം രാജ്യത്തിന്റെ ഔദ്യോഗിക മതമായി ക്രിസ്തുമതം മാറുന്നു. അതുവരെയും വളരെ പീഡനങ്ങള്‍ ഏറ്റുവാങ്ങിയിരുന്ന സഭ പിന്നീട് രാജകീയ ആനുകൂല്യങ്ങള്‍ അനുസൃതമായി സമ്പല്‍സമൃദ്ധി കൈവരിക്കുകയും സഭയ്ക്ക് ഭൗതികമായ വളര്‍ച്ചയുണ്ടാവുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അനേകം ആളുകള്‍ ക്രിസ്തുമതത്തിലേക്ക് ആകൃഷ്ടരാകുന്നുണ്ട്.
ഇപ്രകാരം പുതുതായി ക്രിസ്തുമതത്തിലേക്ക് ചേര്‍ക്കപ്പെട്ടവരും എന്നാല്‍ അതുവരെയും നീറോയുടെയും മറ്റ് രാജാക്കന്മാരുടെയും പീഡനകാലത്ത് കഠിനമായ പീഡനങ്ങളിലൂടെ കടന്നുപോയവരും തമ്മില്‍ ആശയപരമായ ചെറിയൊരു പ്രശ്‌നം ഉടലെടുക്കുന്നു.
വളരെ പെട്ടെന്ന് രാജാവിന്റെ ആനൂകൂല്യമുള്ള മതത്തിലേക്ക് വന്നുകയറിയവരും യോഗാത്മകമായ, നിഷ്ഠബദ്ധമായ മത ജീവിതം നയിക്കുന്നവരും തമ്മിലുള്ള ആശയപരമായ ഒരു പ്രശ്‌നമായിരുന്നു അത്. മതജീവിതത്തെ വളരെ ലിബറലായി കൊണ്ടുനടക്കുന്ന പുതിയ ആളുകളുടെ മനോഭാവം മതനിഷ്ഠവും വ്രത ബദ്ധവുമായ ജീവിതം നയിക്കുന്നവര്‍ക്ക് പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞെന്നുവരില്ലല്ലോ.
ആശ്രമപ്രസ്ഥാനങ്ങളുടെ വിശ്വാസജീവിതവും പുതുതായി മതപരിവര്‍ത്തനം നടത്തി വളരെ ഉദാരമായി മതത്തെ കൈകാര്യം ചെയ്യുന്ന ആളുകളുടെ സമീപനവും തമ്മിലുള്ള ആശയപരമായ പ്രശ്‌നങ്ങളുടെ പരിഹാരത്തിനായി നിരവധി എഴുത്തുകള്‍ അക്കാലത്ത് സംഭവിച്ചിട്ടുണ്ട്. പ്രധാനമായും സ്വര്‍ണനാവുകാരനായ മാര്‍ ഇവാനിയോസിന്റെ On the priesthood, മിലാനിലെ ബിഷപ്പായിരുന്ന അംബ്രോസിന്റെ On the office, ഗ്രിഗറി ദ ഗ്രേറ്റിന്റെ Pastoral Rule എന്നിവയെല്ലാം അക്കൂട്ടത്തില്‍ പെടുന്നവയാണ്.
പൗരോഹിത്യം നയിക്കുന്ന വ്യക്തികള്‍ ആശയപരമായി നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് മഹാനായ ഗ്രിഗറി തന്റെ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഒരു പുരോഹിതന്, ആത്മീയനേതൃത്വഭാരവാഹിത്വം വഹിക്കുന്ന ഒരാള്‍ക്കുവേണ്ട നിരവധി ഗുണവിശേഷങ്ങളെക്കുറിച്ച് അദ്ദേഹം വിവരിക്കുന്നുണ്ട്. അതില്‍ പ്രധാനമാണ് വിശുദ്ധ മത്തായിയുടെ സുവിശേഷം 23-ാം അധ്യായം ഒന്നുമുതല്‍ പന്ത്രണ്ടുവരെയുള്ള തിരുവചനഭാഗങ്ങളുമായി ബന്ധപ്പെടുത്തിയുള്ള വ്യാഖ്യാനം.
Inexperienced should not be obtain spiritual authortiy എന്നാണ്. നല്ല പാകം വരാത്തവര്‍, പക്വതയില്ലാത്തവര്‍ ആത്മീയ നേതൃത്വത്തിലേക്ക് വരരുതെന്നാണ് ഇവിടെ പറയുന്നത്. അത്തരക്കാര്‍ കടന്നുവരുമ്പോള്‍ അതു വളരെയേറെ അപകടം ക്ഷണിച്ചുവരുത്തും. എന്താണ് പാകം വരല്‍? ക്രിസ്തുവിന്റെ പാകമാണ് അത്. ആത്യന്തികമായി ക്രിസ്തുവാണ് നമ്മുടെയെല്ലാവരുടെയും ജീവിതത്തിന്റെ മാനദണ്ഡം. ആ മാനദണ്ഡം നമുക്ക് നഷ്ടമാകുമ്പോഴാണ് മറ്റു പലതും ആകാനും പല പദവികളും സ്ഥാനങ്ങളും കരസ്ഥമാക്കാനും നാം ശ്രമിക്കുന്നത്. പാകംവരാത്ത ആളുകള്‍ ആരൊക്കെയാണെന്ന് ചോദിച്ചാല്‍ അതിന് പറയുന്ന ഉത്തരം മുകളില്‍ പറഞ്ഞ തിരുവചനഭാഗത്തുനിന്നുള്ളതാണ്.
വിരുന്നുശാലകളില്‍ മുഖ്യസ്ഥാനവും സംഘാലയങ്ങളില്‍ മുഖ്യാസനവും തെരുവുകളില്‍ വന്ദനവും മനുഷ്യരില്‍ നിന്ന് ഗുരുവെന്ന വിളിയും ആഗ്രഹിക്കുന്നവരാണ് പാകം വരാത്തവര്‍.
സംഘാലയങ്ങളില്‍ മുഖ്യാസനം. പ്രധാനപ്പെട്ട ഇരിപ്പിടത്തിലേക്ക് കയറിയിരിക്കണമെന്ന് ആഗ്രഹിക്കുന്ന ആളുകള്‍ പാകംവരാത്ത ആളുകളാണെന്നാണ് പറയുന്നത്.
വ്യര്‍ത്ഥസ്തുതികളില്‍ അഭിരമിക്കുന്നവരാണ് അവര്‍. വന്ദ്യപിതാവേ എന്നുപറഞ്ഞ് നിങ്ങള്‍ ഓടിവന്ന് എന്റെ കൈമുത്തണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഞാന്‍ പാകം വരാത്ത വ്യക്തിയാണെന്നാണ് അര്‍ത്ഥം. ഞാന്‍ വലിയ സംഭവമാണ്, എന്നെ എല്ലാവരും ബഹുമാനിക്കണം എന്നുപറഞ്ഞ് ഞാന്‍ നടക്കുകയാണെങ്കില്‍ നിങ്ങള്‍ വിചാരിക്കില്ലേ ഞാനെന്തൊരു മുഢനാണെന്ന്, ഇത്തരത്തിലുള്ള പാകമില്ലായ്മയെക്കുറിച്ചാണ് യേശുതമ്പുരാന്‍ പറയുന്നത്. മതത്തില്‍ മാത്രമോ രാഷ്ട്രീയത്തില്‍ മാത്രമോ അല്ല സിംഹാസനങ്ങളുടെയും കസേരകളുടെയും പേരിലുള്ള തര്‍ക്കങ്ങള്‍. എല്ലാ മേഖലയിലും കസേരയെ പ്രതിയുള്ള തര്‍ക്കങ്ങളുണ്ട്.
സോക്രട്ടീസിനെക്കുറിച്ചുള്ള ഒരു കഥ പറയാം. അദ്ദേഹം ഒരു തച്ചനായിരുന്നുവെന്നു ചില പാരമ്പര്യങ്ങള്‍ പറയുന്നുണ്ട്. തച്ചുശാലയിലായിരുന്ന സോക്രട്ടീസിനെ കാണാന്‍ ഒരു ചെറുപ്പക്കാരന്‍ ഏതാനും പേരുമായി എത്തുന്നു. വീട്ടില്‍ നിന്ന് ഒരു കസേര ചുമന്നുകൊണ്ടാണ് അയാള്‍ എത്തിയിരിക്കുന്നത്.
കസേരയുടെ കാലിന് ചെറിയ രീതിയിലുള്ള ഇളക്കമുണ്ട്. അതു നന്നാക്കുക എന്നതാണ് ലക്ഷ്യം. അതനുസരിച്ച് കസേര കൊണ്ടുവന്ന് തച്ചുശാലയില്‍ ഇറക്കിവച്ചു. മഹാന്മാരായ എന്റെ പൂര്‍വ്വപിതാക്കന്മാര്‍ ഇരുന്നിട്ടുള്ള കസേരയാണ് ഇത്. അതുകൊണ്ട് സൂക്ഷിച്ചുവേണം ഇതിന്റെ പണി നിര്‍വഹിക്കാന്‍ എന്ന് ആ ചെറുപ്പക്കാരന്‍ സോക്രട്ടീസിന് നിര്‍ദ്ദേശം നല്‍കുന്നു.
എല്ലാം കേട്ടുകഴിഞ്ഞതിനുശേഷം ചെറുപ്പക്കാരനെ ശരിക്കും മനസിലാക്കിയ സോക്രട്ടീസ് അകത്തേക്കു പോയി. തിരികെ വന്ന സോക്രട്ടീസിന്റെ പക്കല്‍ ഒരു ഭൂപടമുണ്ടായിരുന്നു. അതു നിവര്‍ത്തിക്കാണിച്ചുകൊണ്ട് അദ്ദേഹം ആ ചെറുപ്പക്കാരനോട് ചോദിച്ചു:
‘ഇതിലെവിടെയാണ് ഗ്രീസ് ?’
വിശാലമായ ഭൂപടത്തിന്റെ ചെറിയൊരു ഭാഗത്തായി കിടക്കുന്ന ഗ്രീസ് ആ ചെറുപ്പക്കാരന്‍ കാണിച്ചുകൊടുത്തു.
‘ഗ്രീസിന്റെ തലസ്ഥാനമായ ഏഥെന്‍സ് എവിടെയാണ് ?’
ചെറുപ്പക്കാരന്‍ പൊട്ടുപോലെ കിടക്കുന്ന ഏഥന്‍സും കാണിച്ചുകൊടുത്തു.
‘ഇതിലെവിടെയാണ് നിങ്ങളുടെ വീട് സ്ഥിതിചെയ്യുന്ന തെരുവ് ?’
സോക്രട്ടീസ് ചെറുപ്പക്കാരനോട് ചോദിച്ചു.
നിങ്ങളുടെ വീട് എവിടെയാണെന്നെങ്കിലും പറയാന്‍ കഴിയുമോ? സോക്രട്ടീസ് ചോദിച്ചു.
വേണ്ട, നിങ്ങളുടെ ഈ കസേര എവിടെയാണെന്നെങ്കിലും. സോക്രട്ടീസിന്റെ ആ ചോദ്യങ്ങള്‍ക്കു മുമ്പില്‍ ചെറുപ്പക്കാരന്‍ വിയര്‍ത്തു. ഇതാണ് എല്ലാവരുടെയും അവസ്ഥ.
അനന്തവിശാലമായ ഈ ലോകത്ത് നമ്മള്‍ പെരുപ്പിച്ചുകാണിക്കുന്ന പലതുമുണ്ടല്ലോ അവയെല്ലാം തികച്ചും അപ്രസക്തങ്ങളാണ്. ദൈവത്തിന്റെ മുമ്പിലും മനുഷ്യരുടെ മുമ്പിലുമെല്ലാം എത്രയോ നിസാരം. ഇങ്ങനെയൊരു വിവേകം തിരിച്ചെടുക്കുന്നതിനെക്കുറിച്ചാണ് തിരുവചനം പറയുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *