കാക്കനാട്: സമര്‍പ്പിതര്‍ തീക്ഷ്ണമായ പ്രേഷിതാഭിമുഖ്യത്തില്‍ ജീവിക്കുകയും പ്രവര്‍ത്തിക്കുകയും വേണമെന്നു മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. സീറോമലബാര്‍സഭയിലെ സന്യാസിനീ സമൂഹങ്ങളുടെ മേലധികാരികള്‍ക്കായി സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസില്‍ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമര്‍പ്പിത സമൂഹങ്ങള്‍ ചെയ്യുന്ന പ്രേഷിതപ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി പ്രകടിപ്പിക്കുകയും മിഷന്‍ പ്രദേശങ്ങളില്‍ തങ്ങളുടെ പ്രത്യേക സിദ്ധിയും ദര്‍ശനവുമനുസരിച്ചു ധീരതയോടെ ശുശ്രുഷ ചെയ്യണമെന്നും മേജര്‍ ആര്‍ച്ചുബിഷപ്പ് ഓര്‍മിപ്പിച്ചു. സാമൂഹിക പ്രതിബദ്ധതയോടെ ചെയ്യുന്ന കാര്യങ്ങള്‍ തുടരുമ്പോള്‍തന്നെ സുവിശേഷാത്മകമായ ക്രൈസ്തവ സാക്ഷ്യം ജീവിക്കക്കുകയും വേണം. സ്ഥാപനവത്ക്കരണത്തെക്കാള്‍ ദൈവോന്മുഖമായ ജീവിതത്തെ മറ്റുള്ളവര്‍ക്കു പരിചയപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ മുഴുകണമെന്നും നിലവിലുള്ള സ്ഥാപനങ്ങള്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ക്കു തടസ്സമാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മാര്‍ തട്ടില്‍ പറഞ്ഞു.
സമര്‍പ്പിത സമൂഹങ്ങളുടെ മദര്‍ ജനറല്‍മാരും, പ്രൊവിന്‍ഷ്യല്‍ സുപ്പീരിയേഴ്‌സും, മിഷന്‍ പ്രദേശങ്ങളില്‍ സേവനം ചെയ്യുന്നവരുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു സംസാരിച്ചു.
സുവിശേഷവത്കരണത്തിനുവേണ്ടിയുള്ള കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍, കമ്മീഷന്‍ അംഗങ്ങളായ മാര്‍ ജോസഫ് കൊല്ലംപറമ്പില്‍ സിഎംഐ, മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, സമര്‍പ്പിതര്‍ക്കുവേണ്ടിയുള്ള കമ്മീഷന്റെ സെക്രട്ടറി ഫാ. സെബാസ്റ്റ്യന്‍ മുട്ടംതൊട്ടില്‍ എന്നിവര്‍ സംസാരിച്ചു. കമ്മീഷന്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ് എലുവത്തിങ്കല്‍, ഓഫീസ് സെക്രട്ടറി സിസ്റ്റര്‍ മെര്‍ലിന്‍ ജോര്‍ജ് എംഎസ്എംഐ എന്നിവര്‍ സമ്മേളനത്തിനു നേതൃത്വം നല്‍കി.
Leave a Comment
Your email address will not be published. Required fields are marked with *