ഇടുക്കി: ഇടുക്കി രൂപതയുടെ രോഗീപരിചരണ ശുശ്രൂഷയായ ബെത്ലഹേം കാരിത്താസും കെസിബിസി വിമന്‍സ് കമ്മീഷന്‍ ഇടുക്കി രൂപതാ വിഭാഗവും ഇടുക്കി ജില്ലാ വിമെന്‍സ് കൗണ്‍സിലും സംയുക്തമായി ഇടുക്കി മെഡിക്കല്‍ കോളേജില്‍ സംഘടിപ്പിച്ച രോഗീദിനാചരണം ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു.
ഹൈറേഞ്ച് മേഖലയിലെ ജനങ്ങളുടെ ആരോഗ്യപരിപാ ലനത്തിനായി അത്യധ്വാനം ചെയ്യുന്ന ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെയുള്ള എല്ലാ ആരോഗ്യപ്രവര്‍ത്തര്‍ക്കും ബിഷപ് നന്ദി അര്‍പ്പിച്ചു. ഹൈറേഞ്ചിലെ ജനതയ്ക്ക് മികച്ച ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാകുന്ന നിലയിലേക്ക് മെഡിക്കല്‍ കോളേജിനെ വളര്‍ത്താന്‍ ഗവണ്‍മെന്റും ജനപ്രതിനിധികളും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണമെന്നും മാര്‍ നെല്ലിക്കുന്നേല്‍ പറഞ്ഞു.
‘ഞാന്‍ രോഗിയായിരുന്നു. നിങ്ങള്‍ എന്നെ സന്ദര്‍ശിച്ചു ‘ എന്ന ക്രിസ്തുവചനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ‘ബെത്ലഹേം കാരിത്താസ്’ പ്രവര്‍ത്തകര്‍ ആശുപത്രികളില്‍ നടത്തിവരുന്ന സന്നദ്ധപ്രവര്‍ത്തനങ്ങളെ മാര്‍ നെല്ലിക്കുന്നേല്‍ അഭിനന്ദിച്ചു.
കഴിഞ്ഞ 13 വര്‍ഷക്കാലമായി വൈകുന്നേരങ്ങളില്‍ ബെത്‌ലഹേം കാരിത്താസിന്റെ നേതൃത്വത്തില്‍ ഇടുക്കി മെഡിക്കല്‍ കോളേജ്, പാറേമാവ് ആയുര്‍വേദ ആശുപത്രി എന്നിവിടങ്ങളില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി മുടങ്ങാതെ നടത്തിവരുന്ന അത്താഴവിതരണം നടത്തുന്ന പദ്ധതിയാണ് ബെത്‌ലഹേം കാരിത്താസ്. ഇതിന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്ന എല്ലാവര്‍ക്കും മാര്‍ നെല്ലിക്കുന്നേല്‍ നന്ദി അര്‍പ്പിച്ചു.
മെഡിക്കല്‍ കോളേജില്‍ എത്തുന്ന രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ഉപയോഗത്തിനായി നല്‍കുന്ന വാട്ടര്‍ ഡിസ്‌പെന്‍സറിന്റെ രേഖകള്‍ മാര്‍ നെല്ലിക്കുന്നേല്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹരീഷിന് കൈമാറി. തുടര്‍ന്ന് ബിഷപ്പ് മെഡിക്കല്‍ കോളേജിലെ അത്താഴവിതരണത്തിലും പങ്കെടുത്തു.
കെസിബിസി വിമന്‍സ് കമ്മീഷന്‍ ഇടുക്കി രൂപതാ പ്രസിഡന്റും ജില്ലാ വിമന്‍സ് കൗണ്‍സില്‍ സെക്രട്ടറിയുമായ റോസക്കുട്ടി അബ്രഹാം, മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹരീഷ്, ഹോസ്പിറ്റല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി മെംബര്‍ ജോസ് കുഴികണ്ടം, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ നിമ്മി ജയന്‍ എന്നിവര്‍ യോഗത്തിന് ആശംസകള്‍ അര്‍പ്പിച്ചു.
യോഗത്തിന് മുന്നോടിയായി സിസ്റ്റേഴ്‌സിന്റെ നേതൃത്വത്തില്‍ ഇടുക്കി രൂപതാ പ്രയര്‍ ഗ്രൂപ്പ്, വിന്‍സെന്റ് ഡി പോള്‍, മാതൃവേദി പ്രവര്‍ത്തകര്‍ രോഗീസന്ദര്‍ശനം നടത്തി. ഫാ. ജോസഫ് നടുപ്പടവില്‍, ഫാ. അമല്‍ താണോലില്‍, ഫാ. സിജോ മേക്കുന്നേല്‍, ഇടുക്കി രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം അനൂപ് കുന്നേല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Leave a Comment
Your email address will not be published. Required fields are marked with *