കൊച്ചി: ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യാന്‍ ഫെബ്രുവരി 17 ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന ഉന്നതതല അവലോകന യോഗത്തില്‍ പല ശുപാര്‍ശകളും നടപ്പിലാക്കി എന്ന നിലപാട് കൂടുതല്‍ വ്യക്തത വരുത്തി ഏതൊക്കെ ശുപാര്‍ശകളാണ് നടപ്പിലാക്കിയതെന്ന് ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തണമെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎല്‍സിഎ).
ഇതുവരെയുള്ള നടപടിക്രമങ്ങള്‍ തൃപ്തികരമെന്ന് യോഗം വിലയിരുത്തിയതായും വകുപ്പുകള്‍ പല ശുപാര്‍ശകളും നടപ്പിലാക്കിയതായും മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍, ഇതുവരെ നടപ്പാക്കിയ നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിലെ തടസങ്ങള്‍ ഉള്‍പ്പെടെ എളുപ്പത്തില്‍ നടപ്പിലാക്കാവുന്ന പല ശുപാര്‍ശകളും ഇതുവരെയും നടപ്പിലാക്കിയിട്ടില്ല. റിപ്പോര്‍ട്ട് നടപ്പിലാക്കു ന്നതിന്റെ ഭാഗമായി ക്രൈസ്തവ സംഘടനാ നേതൃത്വങ്ങളുടെ പ്രതിനിധികളുമായി ചര്‍ച്ചകള്‍ ഉണ്ടാകണം.
വിവിധ വകുപ്പുകളോട് മറുപടി പറയാന്‍ നിര്‍ദ്ദേശിച്ച് നല്‍കിയ 284 ശുപാര്‍ശകളില്‍ ഇതുവരെ വിവിധ വകുപ്പുകള്‍ നടപ്പാക്കിയ ശുപാര്‍ശകള്‍ എന്തൊക്കെയാണെന്നും ഇതിനകം സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്നുമുള്ള വിശദാംശങ്ങള്‍ രേഖയായി പുറത്തുവിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, ജനറല്‍ സെക്രട്ടറി ബിജു ജോസി എന്നിവര്‍ ആവശ്യപ്പെട്ടു.
Leave a Comment
Your email address will not be published. Required fields are marked with *