Follow Us On

23

February

2025

Sunday

ന്യൂനപക്ഷ ആനുകൂല്യങ്ങളിലും വിവേചനമോ?

ന്യൂനപക്ഷ  ആനുകൂല്യങ്ങളിലും  വിവേചനമോ?

കോഴിക്കോട്: ന്യൂനപക്ഷങ്ങളില്‍ ഒരു വിഭാഗത്തിനു മാത്രം പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയരുന്നു. ഈ നടപടി നിയമപരമായും ധാര്‍മികമായും ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ മുഖേന മദ്രസ അധ്യാപകര്‍ക്ക് നല്‍കുന്ന ഭവനവായ്പ 2.5 ലക്ഷത്തില്‍നിന്ന് അഞ്ച് ലക്ഷമായി ഉയര്‍ത്തിയതുമായി ബന്ധപ്പെട്ടാണ് വിവാദങ്ങള്‍ ഉണ്ടായിരിക്കുന്നത്. മദ്രസ അധ്യാപകര്‍ക്ക് അഞ്ച് ലക്ഷം രൂപവരെ പലിശരഹിത വായ്പ നല്‍കാനാണ് തീരുമാനം. ഒരു വിഭാഗത്തിനുമാത്രം പലിശരഹിത വായ്പ നല്‍കുന്നതിന്റെ മാനദണ്ഡം ചോദ്യം ചെയ്യപ്പെടുകയാണ്.

സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ കമ്പനി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേരള സര്‍ക്കാര്‍ കമ്പനിയാണ്. ക്രിസ്ത്യന്‍, മുസ്ലീം, സിക്ക്, ബുദ്ധ, ജൈന, പാഴ്‌സി എന്നീ ന്യൂനപക്ഷ സമുദായാംഗങ്ങളുടെ സാമ്പത്തികവും വികസനപരവുമായ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണ് സ്ഥാപനത്തിന്റെ ലക്ഷ്യം. കേന്ദ്ര ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്റെ ചാനലൈസിംഗ് ഏജന്‍സിയാണിത്. ന്യൂനപക്ഷങ്ങള്‍ക്കുള്ള സ്വയംതൊഴില്‍ പദ്ധതി, വിദ്യാഭ്യാസ വായ്പ, ബിസിനസ് വികസന വായ്പ, ഭവനവായ്പ തുടങ്ങിയ വിവിധ പദ്ധതികള്‍ക്ക് വായ്പ നല്‍കുന്നുണ്ട്. അവയ്ക്ക് പലിശയും ഈടാക്കുന്നുണ്ട്. ന്യൂനപക്ഷങ്ങള്‍ക്കുള്ള ഭവനവായ്പയ്ക്ക് 6 ശതമാനവും സ്വയംതൊഴില്‍ പദ്ധതിക്ക് 8 ശതമാനവും പലിശ നല്‍കണം. അത്തരമൊരു സാഹചര്യത്തില്‍ മദ്രസ അധ്യാപകര്‍ക്കുമാത്രമായി പലിശ രഹിത വായ്പ നല്‍കുമ്പോള്‍ അതിനെതിരെ പ്രതികരണങ്ങള്‍ സ്വാഭാവികമായും ഉണ്ടാകും. പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടും ബന്ധപ്പെട്ടവര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങള്‍ക്ക് സംസ്ഥാന ന്യൂപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ വഴി നല്‍കുന്ന പലിശരഹിത ഭവനവായ്പാ വര്‍ധിപ്പിക്കുമെന്ന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍ പ്രഖ്യാപിച്ചിരുന്നു. മദ്രസ അധ്യാപകര്‍ക്ക് അധ്യാപനത്തിനൊപ്പം സ്വയംതൊഴില്‍ കണ്ടെത്താനും പലിശ ഇല്ലാത്ത വായ്പ നല്‍കുന്നുണ്ട്. ഇതും മറ്റു ന്യൂനപക്ഷ സമുദായങ്ങളില്‍പ്പെട്ടവര്‍ക്ക് നല്‍കുന്നില്ല. ഗവണ്‍മെന്റ് നല്‍കുന്ന ആനുകൂല്യങ്ങള്‍ ഒരു വിഭാഗത്തിന് മാത്രം അനുവദിക്കുന്നത് അനീതിയും വിവേചനവുമാണ്. മതാധ്യാപകര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുകയാണെങ്കില്‍ എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഒരുപോലെ നല്‍കണം. രാജ്യത്തിന്റെ മതേതരസ്വഭാവത്തെതന്നെ ചോദ്യംചെയ്യുന്ന വിധത്തിലുള്ള നടപടിയാണ് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.

ഉപേക്ഷിക്കപ്പെട്ട രോഗികളെയും വൃദ്ധരെയും സംരക്ഷിക്കുന്ന ജീവകാരുണ്യ സ്ഥാപനങ്ങള്‍ നടത്തുന്നത് അധികവും ക്രൈസ്തവരാണ്. എന്നാല്‍, എല്ലാ ജാതി-മത വിഭാഗങ്ങളിലും ഉള്‍പ്പെട്ടവരാണ് അവിടുത്തെ അന്തേവാസികള്‍. സമൂഹത്തില്‍ ഉപേക്ഷിക്കപ്പെട്ടവരെ സംരക്ഷിക്കേണ്ടത് ഗവണ്‍മെന്റിന്റെ ഉത്തരവാദിത്വമാണ്. അതു സ്വയം ഏറ്റെടുത്തു നടത്തുന്നവരെ സഹായിക്കുന്ന നിലപാടല്ല അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതും. 2014 ന് ശേഷം അത്തരം സ്ഥാപനങ്ങള്‍ക്കുള്ള ഗ്രാന്റ് വര്‍ധിപ്പിക്കുകയോ 2014ന് ശേഷം തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് ഗ്രാന്റ് അനുവദിക്കുകയോ ചെയ്തിട്ടില്ല. എന്നുമാത്രമല്ല, സംസ്ഥാന ഗവണ്‍മെന്റു നല്‍കുന്ന വാര്‍ധ്യകാല പെന്‍ഷനുകള്‍ ഇത്തരം സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്ക് നല്‍കിയിരുന്നത് നിര്‍ത്തലാക്കുകയും ചെയ്തു. ആരും തിരിഞ്ഞുനോക്കാന്‍ ഇല്ലാത്തവര്‍ക്കു ലഭിച്ചിരുന്ന തുച്ഛമായ പെന്‍ഷന്‍പോലും നിര്‍ത്തലാക്കുകയും അതേസമയംതന്നെ മറ്റൊരു വിഭാഗത്തിന് മാത്രമായി പുതുതായി ആനുകൂല്യങ്ങള്‍ കൊണ്ടുവരുകയും ചെയ്യുമ്പോഴാണ് പ്രതിഷേധം ഉയരുന്നത്.

വിവിധ മതവിഭാഗങ്ങള്‍ ഇടകലര്‍ന്നു ജീവിക്കുന്ന സമൂഹമാണ് നമ്മുടേത്. ഭരണനേതൃത്വത്തിലുള്ളവര്‍ വിവിധ വിശ്വാസം പുലര്‍ത്തുന്നവരുമാണ്. അവര്‍ താന്‍ ഉള്‍പ്പെട്ട സമുദായത്തിലെ അംഗങ്ങള്‍ക്ക് മാത്രം ആനുകൂല്യങ്ങള്‍ നല്‍കാന്‍ തുടങ്ങിയാലുള്ള അവസ്ഥ എന്താകും? സമൂഹത്തില്‍ അനാവശ്യമായ ചേരിതിരിവ് സൃഷ്ടിക്കാനും നിലനില്ക്കുന്ന മതസൗഹാര്‍ദത്തിന്റെ മുകളില്‍ പോറല്‍ വീഴ്ത്താനും ഇത്തരം തീരുമാനങ്ങള്‍ കാരണമാകും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?