Follow Us On

25

February

2025

Tuesday

മേജര്‍ സെമിനാരികള്‍ക്ക് പുതിയ റെക്ടര്‍മാര്‍

മേജര്‍ സെമിനാരികള്‍ക്ക് പുതിയ റെക്ടര്‍മാര്‍
കാക്കനാട്: സീറോമലബാര്‍സഭയുടെ കേരളത്തിലെ മൂന്നു സിനഡല്‍ മേജര്‍ സെമിനാരികള്‍ക്ക് പുതിയ റെക്ടര്‍മാര്‍ നിയമിതരായി. മംഗലപ്പുഴ സെന്റ് ജോസഫ്‌സ് പൊന്തിഫിക്കല്‍ സെമിനാരിയുടെ റെക്ടറായി റവ.ഡോ. സ്റ്റാന്‍ലി പുല്‍പ്രയില്‍, വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയുടെ റെക്ടറായി റവ. ഡോ. ഡൊമിനിക് വെച്ചൂര്‍, കുന്നോത്ത് ഗുഡ് ഷെപ്പേര്‍ഡ് മേജര്‍ സെമിനാരിയുടെ റെക്ടറായി റവ. ഡോ. മാത്യു പട്ടമന എന്നിവരാണ് നിയമിതരായത്.
മംഗലപ്പുഴ സെമിനാരിയുടെ റെക്ടറായി 2024 ഓഗസ്റ്റില്‍ നടന്ന സിനഡു തിരഞ്ഞെടുത്ത ഫാ. സ്റ്റാന്‍ലിയെ വത്തിക്കാനിലെ പൗരസ്ത്യ സഭകള്‍ക്കുവേണ്ടിയുള്ള കാര്യാലയമാണ് നിയമിച്ചത്. പൊന്തിഫിക്കല്‍ സെമിനാരിയായതിനാലാണു സിനഡു തിരഞ്ഞെടുക്കുന്ന വൈദികനെ വത്തിക്കാനില്‍നിന്നു നിയമിക്കുന്നത്. വടവാതൂര്‍, കുന്നോത്ത് മേജര്‍ സെമിനാരികളുടെ റെക്ടര്‍മാരായി 2025 ജനുവരി മാസത്തില്‍ നടന്ന സിനഡു തിരഞ്ഞെടുത്ത ഫാ. ഡൊമിനിക്, ഫാ. മാത്യു എന്നിവരെ സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലാണ് നിയമിച്ചത്. അഞ്ചുവര്‍ഷത്തേക്കാണ് കാലാവധി.
മംഗലപ്പുഴ സെന്റ് ജോസഫ്‌സ് പൊന്തിഫിക്കല്‍ സെമിനാരിയുടെ റെക്ടറായി നിയമിതനായ ഫാ. സ്റ്റാന്‍ലി പുല്‍പ്രയില്‍ കോതമംഗലം രൂപതാംഗമാണ്. പോത്താനിക്കാട് പുല്‍പ്രയില്‍ പരേതനായ ജോസഫ്-ഏലിക്കുട്ടി ദമ്പതികളുടെ മകനായ ഫാ. സ്റ്റാന്‍ലി 1992 ഡിസംബര്‍ 28നു പൗരോഹിത്യം സ്വീകരിച്ചു. റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയില്‍നിന്നു ദൈവശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റും ഡോക്ടറേറ്റും നേടിയ അദ്ദേഹം കോതമംഗലം രൂപതയുടെ മൈനര്‍ സെമിനാരിയില്‍ റെക്ടര്‍, ഫരീദാബാദ് രൂപത വികാരി ജനറാള്‍ എന്നീ നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്.
കരിമണ്ണൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളി വികാരിയായി സേവനം ചെയ്യുന്നതിനിടെയാണു പുതിയ നിയമനം. സെന്റ് ജോസഫ്‌സ് പൊന്തിഫിക്കല്‍ സെമിനാരി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ടോണി നീലങ്കാവിലാണ് നിയമന പ്രഖ്യാപനം നടത്തിയത്.
വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയുടെ റെക്ടറായി നിയമിതനായ ഫാ. ഡൊമിനിക് വെച്ചൂര്‍ പാലാ രൂപതാംഗമാണ്. അറക്കുളം വെച്ചൂര്‍ തോമസ്-ത്രേസ്യായാമ്മ ദമ്പതികളുടെ മകനായ ഫാ. ഡൊമിനിക് 1996 ഡിസംബര്‍ 30നു പൗരോഹിത്യം സ്വീകരിച്ചു. റോമിലെ അല്‍ഫോന്‍സിയന്‍ അക്കാദമിയില്‍നിന്ന് മോറല്‍ തിയോളജിയില്‍ ഡോക്ടറേറ്റ് നേടിയ ഫാ. ഡൊമിനിക് വിവിധ തിയോളജിക്കല്‍ സ്ഥാപനങ്ങളില്‍ അധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
വടവാതൂര്‍ സെമിനാരിയില്‍ അധ്യാപകനായി സേവനം ചെയ്തുവരവേയാണ് റെക്ടറായി അദ്ദേഹം നിയമിത നായിരിക്കുന്നത്. സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരി കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയിലാണ് നിയമന പ്രഖ്യാപനം നടത്തിയത്.
കുന്നോത്ത് ഗുഡ് ഷെപ്പേര്‍ഡ് മേജര്‍ സെമിനാരി റെക്ടറായി നിയമിതനായ ഫാ. മാത്യു പട്ടമന തലശേരി അതിരൂപതാംഗമാണ്. കരിക്കോട്ടക്കരി പട്ടമന പരേതനായ തോമസ്-ത്രേസ്യ ദമ്പതികളുടെ മകനായ അദ്ദേഹം 1994 ഏപ്രില്‍ ഏഴിന് പൗരോഹിത്യം സ്വീകരിച്ചു. റോമിലെ ആഞ്ചെലിക്കും പൊന്തിഫിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഫിലോസഫിയില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.
തലശേരി മൈനര്‍ സെമിനാരിയില്‍ അധ്യാപകനായും വിവിധ ഇടവകകളില്‍ വികാരിയായും സേവനമനുഷ്ഠിച്ച ഫാ. മാത്യു 16 വര്‍ഷമായി കുന്നോത്ത് സെമിനാരിയില്‍ അധ്യാപകനാണ്. മേജര്‍ സെമിനാരി വൈസ് റെക്ടര്‍, പ്രൊക്യുറേറ്റര്‍ തസ്തികകളിലും സേവനമനുഷ്ഠിച്ചിരുന്നു. ഗുഡ് ഷെപ്പേര്‍ഡ് മേജര്‍ സെമിനാരി കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയാണ് നിയമന പ്രഖ്യാപനം നടത്തിയത്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?