കൊച്ചി : ലത്തീന്‍ കത്തോലിക്കാ സമുദായ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച വിഷയത്തില്‍ ബിഷപ്പുമാര്‍ നല്‍കുന്ന കത്ത് ആധികാരിക രേഖയായി കണക്കാക്കണമെന്ന ജസ്റ്റിസ് ജെബി കോശി കമ്മീഷന്‍ ശുപാര്‍ശ അടിയന്തരമായി സര്‍ക്കാര്‍ നടപ്പിലാക്കണമെന്ന് കെഎല്‍സിഎ സംസ്ഥാന സമിതി ആവശ്യപ്പെട്ടു. ഇടവക തലത്തിലുള്ള പ്രാദേശിക രേഖകളുടെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട ബിഷപ്പുമാര്‍ നല്‍കുന്ന കത്ത് സഹായകരമായ രേഖയായല്ല ആധികാരിക രേഖയായി പരിഗണിക്കണം എന്നാണ് ജെ ബി കോശി കമ്മീഷന്‍ ശുപാര്‍ശകളില്‍ ഉള്ളത്.
സമുദായം നിരന്തരമായി ആവശ്യപ്പെട്ടു വരുന്ന കാര്യം കൂടിയാണ് അത്. കേവലം ഒരു സര്‍ക്കാര്‍ ഉത്തരവിലൂടെ നിസ്സാരമായി നടപ്പിലാക്കാവുന്ന ഈ വിഷയം സംബന്ധിച്ച് കൂടുതല്‍ ആശയക്കുഴപ്പമുണ്ടാക്കുകയാണ് മന്ത്രി നിയമസഭയില്‍ ചെയ്തിരിക്കുന്നത്. ഈ വാക്കുകള്‍ കേട്ട് റവന്യൂ ഉദ്യോഗസ്ഥര്‍ ഇനിയും സര്‍ട്ടിഫിക്കറ്റ് നിഷേധിക്കാന്‍ തുനിഞ്ഞാല്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. സമുദായ സര്‍ട്ടിഫിക്കറ്റ് ആരുടെയും ഔദാര്യമല്ല. ജെ ബി കോശി ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിന് വേണ്ടി പ്രതിഷേധ പരിപാടികള്‍ ആരംഭിക്കുമെന്നും കെഎല്‍സിഎ ഭാരവാഹികള്‍ അറിയിച്ചു.
സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു ജോസി, ട്രഷറര്‍ രതീഷ് ആന്റണി, ആന്റണി നോറോണ, വിന്‍സി ബൈജു, നൈജു അറക്കല്‍, അഡ്വ. ജസ്റ്റിന്‍ കരിപാട്ട് , ജോസഫ്കുട്ടി കടവില്‍, സാബു കാനക്കാപള്ളി, അനില്‍ ജോസ്, പൂവംബേബി, ജോണ്‍ ബാബു, ഷൈജ ഇ ആര്‍, അഡ്വ. ആര്‍ എല്‍ മഞ്ജു എന്നിവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *