Follow Us On

19

November

2025

Wednesday

വനംവകുപ്പിനെതിരെ കോതമംഗലത്ത് നടന്ന പ്രതിഷേധത്തില്‍ ആയിരങ്ങള്‍ അണിചേര്‍ന്നു

വനംവകുപ്പിനെതിരെ കോതമംഗലത്ത് നടന്ന പ്രതിഷേധത്തില്‍ ആയിരങ്ങള്‍ അണിചേര്‍ന്നു
കോതമംഗലം: ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിനും ജനപ്രതിനിധികള്‍ക്കും വൈദികര്‍ക്കും നാട്ടുകാര്‍ക്കുമെതിരെ വനംവകുപ്പ് എടുത്ത കള്ളക്കേസ് പിന്‍വലിക്കണമെന്നും രാജപാത എന്നറിയപ്പെടുന്ന പഴയ ആലുവ-മൂന്നാര്‍ റോഡ് ഗതാഗതത്തിന് തുറന്നുനല്‍കണമെന്നും ആവശ്യപ്പെട്ട് കോതമംഗലത്ത് നടത്തിയ പ്രതിഷേധാഗ്നിയില്‍ ആയിരങ്ങള്‍ അണിചേര്‍ന്നു.
കോതമംഗലം രൂപതയുടെ നേതൃത്വത്തിലാണ് പന്തംകൊളുത്തി പ്രകടനവും സമ്മേളനവും നടത്തിയത്. ചെറിയപള്ളി താഴത്തുനിന്ന് തുടങ്ങിയ പ്രകടനം ഗാന്ധി സ്‌ക്വയറിനു സമീപം സമാപിച്ചു. കോതമംഗലം രൂപതയുടെ വിവിധ പ്രദേശങ്ങളില്‍നിന്നായി വൈദികരും സന്യസ്തരും വിശ്വാസികളും ഉള്‍പ്പെടെയുള്ളവര്‍ കത്തിച്ച പന്തങ്ങളും മുദ്രാവാക്യം വിളികളുമായി അണിനിരന്നു. പ്രതിഷേധാഗ്നി കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ ഉദ്ഘാടനം ചെയ്തു.
മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ പിതാവുള്‍പ്പെടെയുള്ളവര്‍ക്കെതിരെ വനംവകുപ്പ് രജിസ്റ്റര്‍ ചെയ്ത കള്ളക്കേസുകള്‍ പിന്‍വലിച്ചില്ലെങ്കില്‍ ജനങ്ങള്‍ക്കൊപ്പം താനും രാജപാതയിലൂടെ നടക്കുമെന്ന് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ പറഞ്ഞു. വേണ്ടിവന്നാല്‍ ജയില്‍വാസം ഉള്‍പ്പെടെ അതിന്റെ പേരിലുള്ള എന്തു പ്രത്യാഘാതവും നേരിടാന്‍ തയാറാണ്. 89-കാരനായ പിതാവ് ഒരിക്കലും തനിച്ചാകില്ല. രൂപതയും വിശ്വാസിസമൂഹവും താനും ഒറ്റക്കെട്ടായി കൂടെയുണ്ടാകും. അത് അറസ്റ്റ് വരിക്കാനാണെങ്കിലും ജയിലിലേക്കാണെങ്കിലും പിന്‍മാറില്ല; മാര്‍ മഠത്തിക്കണ്ടത്തില്‍ വ്യക്തമാക്കി.
രൂപത വികാരി ജനറല്‍ മോണ്‍. പയസ് മലേക്കണ്ടം, ആന്റണി ജോണ്‍ എംഎല്‍എ, അഡ്വ. എ.ജെ. ദേവസ്യ, ഫാ. റോബിന്‍ പടിഞ്ഞാറേക്കുറ്റ്, സിജുമോന്‍ കെ. ഫ്രാന്‍സിസ്, ഫാ. അരുണ്‍ വലിയതാഴത്ത്, റവ. ഡോ. തോമസ് ജെ. പറയിടം എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?