കട്ടപ്പന: കിഴക്കിന്റെ കാല്‍വരി എന്നറിയപ്പെടുന്ന ഇടുക്കി രൂപതയുടെ തീര്‍ത്ഥാടന കേന്ദ്രമായ എഴുകുംവയല്‍ കുരിശുമലയിലേക്ക് തീര്‍ത്ഥാടക പ്രവാഹം. നോമ്പുകാല തീര്‍ത്ഥാടനത്തിന് എത്തുന്ന വരുടെ എണ്ണം ഓരോ ദിവസവും വര്‍ധിച്ചുവരുന്നു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കൂടാതെ തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും ഉള്ള നൂറുകണക്കിന് വിശ്വാസികള്‍ കുരിശുമല കയറാന്‍ എത്തുന്നുണ്ട്.
വലിയ നോമ്പിലെ അഞ്ചാമത്തെ വെള്ളിയാഴ്ചയായ ഇന്നലെ (ഏപ്രില്‍ 4) നേരം പുലരുന്നതിനു മുന്‍പേ ആരംഭിച്ച കുരിശുമല കയറ്റം വൈകിയും തുടര്‍ന്നു. വിവിധ പ്രദേശങ്ങളില്‍ നിന്നും ഇടവക വൈദികരുടെ നേതൃത്വത്തില്‍ കുരിശുമലയിലേക്ക് വിശ്വാസികള്‍ എത്തി.
മല അടിവാരത്തുള്ള ടൗണ്‍കപ്പേളയില്‍ നിന്നും കുരിശിന്റെ വഴി ആരംഭിച്ചപ്പോള്‍ നൂറുകണക്കിന് വിശ്വാസികളാണ് കുരിശിന്റെ വഴിയില്‍ പങ്കുചേര്‍ന്നത്.
ഇടുക്കി രൂപത കാല്‍നട കുരിശുമല തീര്‍ത്ഥാടനം അടുത്ത വെള്ളിയാഴ്ച (ഏപ്രില്‍ 11) നടക്കും. അര ലക്ഷത്തിലധികം വിശ്വാസികള്‍ നാല്‍പതാം വെള്ളിയാഴ്ച്ച കുരിശുമല ചവിട്ടും. ദുഃഖവെള്ളിയാഴ്ച്ച കട്ടപ്പനയില്‍ നിന്നും രാവിലെ ആറു മണിമുതലും നെടുങ്കണ്ടത്തു നിന്നും രാവിലെ 7 മണി മുതലും കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും എഴുകുംവയല്‍ കുരിശുമലയിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. ഇടുക്കി രൂപതയിലെ 11, 12 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഏഴാം തീയതി തിങ്കളാഴ്ച്ച കുരിശുമലയിലേക്ക് കാല്‍നടയായി തീര്‍ഥാടനത്തിന് എത്തും.
വലിയ നോമ്പുകാലത്ത് രാത്രികാലങ്ങളിലും കുരിശുമല കയറുന്നതിനുള്ള സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്. കിഴക്കന്‍ കാല്‍വരി കുരിശുമല കയറാന്‍ ജാതിമതഭേദമന്യേ ഏവരെയും സ്വാഗതം ചെയ്യുന്നതായി തീര്‍ത്ഥാടന ദേവാലയ ഡയറക്ടര്‍ ഫാ. തോമസ് വട്ടമല, ഫാ. ലിബിന്‍ വള്ളിയാംതടത്തില്‍ എന്നിവര്‍ പറഞ്ഞു.
കുരിശുമലയില്‍ എത്തുന്ന മുഴുവന്‍ വിശ്വാസികള്‍ക്കും ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ക്രൂശിതരൂപം, തോമാശ്ലീഹായുടെ വലിയ രൂപം, ഗത്സമേനില്‍ പ്രാര്‍ത്ഥിക്കുന്ന ഈശോയുടെ രൂപം, സംശയാലുവായ തോമയുടെ ചിത്രം, കേരളത്തില്‍ ആദ്യമായി നിര്‍മ്മിച്ച മിസേറിയ രൂപം ഇവയെല്ലാം സന്ദര്‍ശിക്കുന്നതിനും പ്രാര്‍ത്ഥിക്കുന്നതിനും സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *