Follow Us On

20

April

2025

Sunday

ഒരു ഓസ്ട്രിയന്‍ സ്‌നേഹഗാഥ

ഒരു ഓസ്ട്രിയന്‍  സ്‌നേഹഗാഥ

ജോസഫ് മൈക്കിള്‍

ബൈക്ക് വാങ്ങാന്‍ നവവൈദികന് ഇടവകാംഗങ്ങള്‍ നല്‍കിയ പണംകൊണ്ട് പാവപ്പെട്ട കുടുംബത്തിന് വീട് നിര്‍മിച്ചു നല്‍കുമ്പോള്‍ അതൊരു വലിയ പദ്ധതി യുടെ തുടക്കംകുറിക്കലാണെന്ന് ആരും ചിന്തിച്ചിരുന്നില്ല. എന്നാല്‍ 38 വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ നിര്‍മിച്ച വീടുകളുടെ
എണ്ണം 1900-കഴിഞ്ഞിരിക്കുന്നു.

2004-ലെ സുനാമിയില്‍ തകര്‍ന്നടിഞ്ഞ തമിഴ്‌നാട്ടിലെ കോട്ടാറിനടുത്തുള്ള കുളച്ചലിന്റെ പുനര്‍നിര്‍മാണത്തിന് ഓസ്ട്രിയന്‍ ഗവണ്‍മെന്റ് നടപ്പാക്കിയത് 87 കോടി രൂപയുടെ പ്രോജക്ട് ആയിരുന്നു. പദ്ധതിയുടെ ചുമതലക്കാരനായി ഓസ്ട്രിയന്‍ സര്‍ക്കാര്‍ നിയമിച്ചത് ഫാ. വര്‍ഗീസ് താണിയത്ത് എന്ന മലയാളി വൈദികനെയാണ്. ഈ വൈദികനെ ഗവണ്‍മെന്റ് ഇത്രയും വലിയ ഉത്തരവാദിത്വം ഏല്പിച്ചപ്പോള്‍ അദ്ദേഹം നടത്തിക്കൊണ്ടിരുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയായി അതുമാറി. 1500 വീടുകള്‍ ഉള്‍പ്പെടെ ഒരു ടൗണ്‍ഷിപ്പാണ് അവിടെ ഉയര്‍ന്നത്. സ്‌കൂള്‍, ആശുപത്രി, കളിസ്ഥലങ്ങള്‍ തുടങ്ങിയവ അതില്‍ ഉണ്ടായിരുന്നു. മത്സ്യത്തൊഴിലാളികളായ പ്രദേശവാസികളുടെ വലകളും വള്ളങ്ങളുമടക്കമുള്ള ജീവനോപാദികളും സുനാമി കവര്‍ന്നിരുന്നു. നഷ്ടപ്പെട്ട വള്ളങ്ങള്‍ക്ക് പകരം പുതിയ വള്ളങ്ങളും വലകളും തുടങ്ങി എല്ലാവിധത്തിലും ഗ്രാമത്തെ മനോഹരമായി പുനര്‍നിര്‍മ്മിച്ചു.

വൈപ്പിനിലെ 260 വീടുകള്‍

അതേസമയം സുനാമി വന്നപ്പോള്‍ സ്വന്തം നാടിനെയും ചേര്‍ത്തുപിടിച്ച ചരിത്രം കൂടിയുണ്ട് ഫാ. വര്‍ഗീസ് താണിയത്തിന്. കൊച്ചിയിലെ വൈപ്പിനില്‍ 260 വീടുകളാണ് അദ്ദേഹത്തിന്റെ ശ്രമഫലമായി ഉയര്‍ന്നത്. അതിനുള്ള പണവും സ്വരൂപിച്ചത് ഓസ്ട്രിയയില്‍നിന്നായിരുന്നു. ഗവണ്‍മെന്റിന്റെ പണം ആയിരുന്നില്ല, അവിടുത്തെ സാധാരണക്കാരും സമ്പന്നരുമായവര്‍ പങ്കുവച്ച പണം. 2018 ലെ പ്രളയ കാലത്തും കാരുണ്യത്തിന്റെ കരങ്ങളുമായി അദ്ദേഹം നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി. പ്രളയത്തെ തുടര്‍ന്ന് 2000 കുടുംബങ്ങള്‍ക്ക് അവരുടെ വീടുകളില്‍നിന്ന് നഷ്ടപ്പെട്ട പാത്രങ്ങള്‍, സാധനങ്ങള്‍ തുടങ്ങിയവ വാങ്ങി നല്‍കി. ആയിരം കുടുംബങ്ങള്‍ക്ക് കിടക്കകള്‍ നല്‍കി. വീട് നിര്‍മ്മാണത്തിനൊപ്പം നിരവധി സാമൂഹ്യ പ്രവര്‍ത്തനങ്ങളും ചെയ്തുവരുന്നു. പഠിക്കാന്‍ കഴിവും ബുദ്ധിയും ഉണ്ടായിട്ടും പണമില്ലാത്തതിന്റെ പേരില്‍ പഠനം നിലച്ചുപോയവര്‍ക്ക് മുന്നോട്ടുള്ള വഴി തുറന്നു കൊടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. അച്ചന്‍ നല്‍കിയ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകൊണ്ട് ഉന്നതപദവികളില്‍ എത്തിയവരുടെ എണ്ണവും ചെറുതല്ല.

ഇപ്പോള്‍ ഓരോ വര്‍ഷവും 40 മുതല്‍ 50 വരെ വീടുകള്‍ എറണാകുളം തൃശൂര്‍ ജില്ലകളിലായി സൗജന്യമായി നിര്‍മിച്ചു നല്‍കിവരുന്നു. പ്രധാനമായും വരാപ്പുഴ, കോട്ടപ്പുറം രൂപതകളിലാണ് പദ്ധതി വഴി വീടുകള്‍ ഉയരുന്നത്. 38 വര്‍ഷങ്ങള്‍കൊണ്ട് നിര്‍മിച്ച വീടുകളുടെ എണ്ണം 1900 പിന്നിട്ടിരിക്കുന്നു. അതിനുള്ള പണം കണ്ടെത്തുന്നത് ഓസ്ട്രിയയില്‍നിന്നും ഈ വൈദികനാണ്. തികച്ചും നിയമപരമായി നടത്തുന്ന പ്രവര്‍ത്തനങ്ങളെപ്പറ്റി ഓസ്ട്രിയന്‍ ഗവണ്‍മെന്റിന് കൃത്യമായ വിവരങ്ങള്‍ ഉള്ളതിനാലാണ് സുനാമിയെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ചുമതല അച്ചനെ ഏല്പിച്ചത്. വീടുകളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍നിന്ന് ഇതുവരെയും സംഭാവനകള്‍ വാങ്ങിയിട്ടില്ല.

കേരളത്തില്‍ ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതും നേതൃത്വം നല്‍കുന്നതും ഫാ. വര്‍ഗീസിന്റെ ഇളയ സഹോദരനും കോട്ടപ്പുറം രൂപതയിലെ കൊടുങ്ങല്ലൂര്‍ സെന്റ് തോമസ് തീത്ഥാടനകേന്ദ്രത്തിന്റെ റെക്ടറുമായ ഫാ. ഫ്രാന്‍സിസ് താണിയത്താണ്. കോട്ടപ്പുറം രൂപതയിലെ വലിയപണിക്കന്‍തുരുത്തിലെ താണിയത്ത് പരേതരായ ഔസോ-വിരോണി ദമ്പതികളുടെ 11 മക്കളില്‍ നാലു പേര്‍ സമര്‍പ്പിതരാണ്. രണ്ടു വൈദികരും രണ്ട് സിസ്റ്റേഴ്‌സും. ഫാ. വര്‍ഗീസ് താണിയത്ത് ഇപ്പോള്‍ ഓസ്ട്രിയയിലെ ഹൊറാള്‍ബര്‍ഗ് രൂപതാ വൈദികനാണ്. കംപാഷനേറ്റ് സര്‍വൈറ്റ്‌സ് ഓഫ് മേരി സന്യാസ സഭയുടെ മദര്‍ ജനറലിന്റെ ഫസ്റ്റ് കൗണ്‍സിലറായി ഇറ്റലിയില്‍ ശുശ്രൂഷ ചെയ്യുന്ന സിസ്റ്റര്‍ മഗ്ദലേന താണിയത്തും സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി സന്യാസ സഭയുടെ ഹൈദരബാദ് പ്രൊവിന്‍സില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വം വഹിക്കുന്ന സിസ്റ്റര്‍ കാര്‍മലി താണിയത്തും സഹോദരിമാരാണ്.

ഞായറാഴ്ച രണ്ടാമത്തെ കുര്‍ബാനയ്ക്ക് ശേഷം മുറിയില്‍ വിശ്രമിക്കുമ്പോള്‍ കുഞ്ഞിന്റെ കരച്ചില്‍ കേട്ടാണ് വാതില്‍ തുറന്നത്. കൈക്കുഞ്ഞിനെ തോളില്‍ എടുത്ത ഒരു സ്ത്രീയായിരുന്നു വാതില്ക്കല്‍. കൂടെ 3 വയസ് തോന്നിക്കുന്ന ഒരു പെണ്‍കുഞ്ഞും. തങ്ങള്‍ക്ക് വീട് ഇല്ലെന്നും അച്ചന്‍ സഹായിക്കണമെന്നും അവര്‍ കണ്ഠമിടറി പറഞ്ഞു.

ദൈവത്തിന്റെ മനസില്‍ വിരിഞ്ഞ പദ്ധതി

കത്തോലിക്ക സഭ ദിവ്യകാരുണ്യ വര്‍ഷം പ്രഖ്യാപിച്ചപ്പോള്‍ അതിന്റെ ഓര്‍മക്കായി 50 വീടുകളും കോട്ടപ്പുറം രൂപതയുടെ ജൂബിലിയോടനുബന്ധിച്ച് 50 വീടുകളും നിര്‍മിച്ചിരുന്നു. ആദ്യത്തെ 800 വീടുകളുടെ നിര്‍മാണത്തിന് നേതൃത്വം നല്‍കിയത് ഈ വൈദിക സഹോദരന്മാരുടെ പിതാവ് ഔസോ താണിയത്ത് ആയിരുന്നു. ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുമ്പോള്‍ ജാതി-മത പരിഗണനകളില്ല. അര്‍ഹതമാത്രമാണ് പരിഗണിക്കുന്നത്. വരാപ്പുഴ അതിരൂപതയിലെ സംഘടനകള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ അന്വേഷണങ്ങള്‍ നടത്തിയാണ് ആളുകളെ തിരഞ്ഞെടുക്കുന്നത്.

ഓരോ മാസവും നിര്‍മ്മിക്കുന്ന വീടുകളുടെ എണ്ണം നാലില്‍ കുറയാറില്ല. ചില മാസങ്ങളില്‍ ആറോ അതിലധികവുമൊക്കെയായി ഉയരാറുണ്ട്, വീടിന്റെ തറ മുതല്‍ പെയിന്റിംഗ് വരെ ചെയ്യുന്നത് സ്ഥിരം തൊഴിലാളികളും. ഓരോ മാസവും ഇത്രയും വീടുകള്‍ നിര്‍മിച്ചു നല്‍കുന്നത് തികച്ചും സൗജന്യമായിട്ടാണ്. ഈ ഭവനനിര്‍മാണ പദ്ധതി മാനുഷിക ബുദ്ധിയില്‍നിന്നും രൂപംകൊണ്ടതല്ല ദൈവികമായ വലിയൊരു ഇടപെടലിന്റെ ചരിത്രമുണ്ട്. ദൈവത്തിന്റെ വഴികള്‍ എപ്പോഴും വ്യത്യസ്തമായിരിക്കും എന്നോര്‍മ്മിപ്പിക്കുന്നതുപോലെ. ബ്രദര്‍ വര്‍ഗീസ് താണിയത്തിനെ തിയോളജി പഠനത്തിനായി വരാപ്പുഴ അതിരൂപത ഓസ്ട്രിയയിലേക്ക് അയക്കുകയായിരുന്നു.

1987-ല്‍ തിരുപ്പട്ട സ്വീകരണം ഓസ്ട്രിയയില്‍ വച്ചായിരുന്നു. തുടര്‍ന്ന് അധികം കഴിയുന്നതിനുമുമ്പ് ഇന്ത്യയിലേക്ക് മടങ്ങി. വരാപ്പുഴ അതിരൂപതയിലെ ചാത്തിയത്ത് മൗണ്ട് കാര്‍മല്‍ ഇടവകയുടെ അസിസ്റ്റന്റ് വികാരിയായിട്ടായിരുന്നു ഫാ. വര്‍ഗീസ് താണിയത്തിന്റെ പ്രഥമ നിയമനം. ഒരു ഞായറാഴ്ച രണ്ടാമത്തെ കുര്‍ബാനയ്ക്ക് ശേഷം മുറിയില്‍ വിശ്രമിക്കുമ്പോള്‍ ഒരു കുഞ്ഞിന്റെ കരച്ചില്‍ കേട്ടാണ് വാതില്‍ തുറന്നത്. കൈക്കുഞ്ഞിനെ തോളില്‍ എടുത്ത ഒരു സ്ത്രീയായിരുന്നു വാതില്ക്കല്‍. കൂടെ 3 വയസ് തോന്നിക്കുന്ന ഒരു പെണ്‍കുഞ്ഞും. കടുത്ത ദാരിദ്ര്യത്തിന്റെ നടുവിലാണ് അവര്‍ ജീവിക്കുന്നതെന്ന് കുഞ്ഞുങ്ങളുടെ മുഖഭാവം വ്യക്തമാക്കിയിരുന്നു. ഒരു സങ്കടം പറയാനാണ് അവര്‍ എത്തിയത്. തങ്ങള്‍ക്ക് വീട് ഇല്ലെന്നും അച്ചന്‍ സഹായിക്കണമെന്നും അവര്‍ കണ്ഠമിടറി പറഞ്ഞു. അവരെ ആശ്വസിപ്പിച്ചുകൊണ്ട് ആ യുവ വൈദികന്‍ പറഞ്ഞു, ഞാന്‍ നാളെ വീട്ടിലേക്ക് വരാം. പിറ്റേന്ന് അവരുടെ വീട്ടില്‍ ചെന്ന ഫാ. വര്‍ഗീസ് ഞെട്ടിപ്പോയി. നാല് തൂണുകളില്‍ ഒരു പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയതിന്റെ താഴെയായിരുന്നു ആറ് അംഗങ്ങളുള്ള ആ കുടുംബം കഴിഞ്ഞിരുന്നത്.

ബൈക്കിന് പകരം വീട്

ഇപ്പോള്‍ മഴ പെയ്താല്‍ നനയാതിരിക്കാന്‍ കുട നിവര്‍ക്കേണ്ടി വരുമല്ലോ എന്നായിരുന്നു വീടിനകത്ത് നില്ക്കുമ്പോള്‍ അദ്ദേഹത്തിന്റെ മനസിലൂടെ കടന്നുപോയ ചിന്ത. വിഷമിക്കേണ്ട നിങ്ങള്‍ക്കൊരു വീട് ഞാന്‍ നിര്‍മിച്ചു തരുമെന്ന് അച്ചന്‍ പറഞ്ഞു. അതു കേട്ടപ്പോള്‍ അവരുടെ മുഖങ്ങളില്‍ തെളിഞ്ഞ ആനന്ദം ഒരിക്കലും വിസ്മരിക്കാന്‍ കഴിയുന്നതായിരുന്നില്ല. മറ്റൊന്നും ആലോചിക്കാതെയാണ് അങ്ങനെയൊരു വാഗ്ദാനം നടത്തിയത്. ആ കുടുംബത്തിന്റെ ദയനീയ അവസ്ഥ ആ യുവവൈദികനെ അത്രയും സങ്കടപ്പെടുത്തി എന്നതാണ് യാഥാര്‍ത്ഥ്യം. തനിക്ക് അഞ്ചുവയസുള്ളപ്പോള്‍ വീട്ടില്‍ വെള്ളം കയറിയ ഒരു ഓര്‍മയും മനസിലേക്കു വന്നിരുന്നു. പിന്നീട് പലപ്പോഴും അമ്മ പറഞ്ഞിരുന്നതും ഓര്‍മയില്‍ ഉണ്ടായിരുന്നു. ഒരാള്‍ക്ക് ചെയ്തു കൊടുക്കാന്‍ കഴിയുന്ന ഏറ്റവും വലിയ നന്മ അവര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുകയാണ്. തിരിച്ചുപോരുമ്പോഴാണ് അദ്ദേഹം പണത്തെക്കുറിച്ച് ചിന്തിച്ചത്. വീട് നിര്‍മിക്കാനുള്ള പണം എവിടെനിന്ന് കണ്ടെത്തും. യുവവൈദികന്റെ മുമ്പില്‍ പണത്തിനുള്ള വഴികളൊന്നും തെളിഞ്ഞുവന്നില്ല.

സ്വന്തം വീട്ടിലേക്കായിരുന്നു അദ്ദേഹം അവിടെനിന്നും പോയത്. തന്റെ പിതാവിനോട് ആ കുടുംബത്തിന്റെ ദയനീയാവസ്ഥയെക്കുറിച്ച് പറഞ്ഞു. അത് കേട്ട് അദ്ദേഹം ചോദിച്ചു, നീ കുറച്ചുനാള്‍ ഓസ്ട്രിയയില്‍ ജീവിച്ചതല്ലേ അവിടെയുള്ള ആരുടെയെങ്കിലും സഹായത്തോടെ അവര്‍ക്ക് വീട് നിര്‍മിച്ച് നല്‍കാന്‍ പറ്റില്ലേ? പൗരോഹിത്യ സ്വീകരണ ദിനത്തില്‍ ഓസ്ട്രിയയിലെ ഇടവകാംഗങ്ങള്‍ ചേര്‍ന്ന് സമ്മാനമായി ഒരു ബുള്ളറ്റ് വാങ്ങാനുള്ള പണം നല്‍കിയിരുന്നു. അവധി ദിവസങ്ങളില്‍ വിവിധ സര്‍വീസുകള്‍ ചെയ്തതിന്റെ പ്രതിഫലമായി ലഭിച്ച പണവും ചേര്‍ന്ന് 25,000 രൂപ ഉണ്ടായിരുന്നു. ബുള്ളറ്റ് ബുക്കുചെയ്തിരുന്നു. തന്റെ പിതാവിനോടു പറഞ്ഞു, ഇപ്പോള്‍ എനിക്ക് ബുള്ളറ്റ് വേണ്ട. ആ പണം ഉപയോഗിച്ച് പാവപ്പെട്ട കുടുംബത്തിന് അപ്പച്ചന്‍ വീട് നിര്‍മിച്ചു നല്‍കണം. അങ്ങനെ പൗരോഹിത്യ സ്വീകരണത്തിന്റെ ഓര്‍മക്ക് ബൈക്കിനു പകരം ഒരു നിര്‍ധനകുടുംബത്തിന് വീട് ഉയര്‍ന്നു.

25,000 നല്‍കിയപ്പോള്‍ ലഭിച്ചത് 75,000

ഏതാനും ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ ഓസ്ട്രിയയില്‍ നിന്നും രണ്ടുപേര്‍ ഫാ. വര്‍ഗീസിനെ കാണാനെത്തി. അച്ചന്‍ ശു്രശൂഷ ചെയ്തിരുന്ന ഇടവകയില്‍നിന്നുള്ളവരായിരുന്നു. ഒരാള്‍ തമാശരൂപേണ പറഞ്ഞു. ഞങ്ങള്‍ വിചാരിച്ചു അച്ചന്‍ ബുള്ളറ്റുമായി എയര്‍പോര്‍ട്ടില്‍ വന്ന് ഞങ്ങളെ കൂട്ടിക്കൊണ്ടുവരുമായിരിക്കുമെന്ന്. അച്ചന്റെ ബൈക്ക് എവിടെ, ഒന്ന് ഓടിച്ചു നോക്കട്ടെ എന്നു കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. കുറച്ചു കഴിഞ്ഞ് അച്ചന്‍ അവരുമായി പുറത്തേക്കുപോയി. വീട് ചൂണ്ടിക്കാണിച്ചിട്ട് പറഞ്ഞു ഇതാണ് നിങ്ങള്‍ നല്‍കിയ പണംകൊണ്ട് വാങ്ങിയ ബൈക്ക്. അവരിലും അതു അമ്പരപ്പ് സൃഷ്ടിച്ചു. അവര്‍ വീടിന്റെ കുറച്ചു ഫോട്ടോകള്‍ എടുത്തു. ഡല്‍ഹിയും ആഗ്രയുമൊക്കെ സന്ദര്‍ശിച്ചാണ് അവര്‍ മടങ്ങിയത്. ഓസ്ട്രിയയിലെത്തി ഇന്ത്യയിലെ ഫോട്ടോകള്‍ കാണിക്കുന്നതിനൊപ്പം അച്ചന്‍ പണിതു നല്‍കിയ വീടിന്റെ ഫോട്ടോയും ഇടവകക്കാരെ കാണിച്ചു. അവര്‍ക്കെല്ലാം ആ യുവവൈദികനോട് വലിയ ആദരവുതോന്നി. അച്ചന് ഒരു ബുള്ളറ്റുകൂടി വാങ്ങാനുള്ള പണം നല്‍കണമെന്നവര്‍ ഏകകണ്ഠമായി തീരുമാനിച്ചു. 25,000 നല്‍കണമെന്ന് വിചാരിച്ചാണ് പിരിവ് നടത്തിയതെങ്കിലും അവരെപ്പോലും അമ്പരപ്പിക്കുന്ന രീതിയില്‍ 75,000 രൂപ ലഭിച്ചു. 25,000 നല്‍കിയപ്പോള്‍ ദൈവം അതിന്റെ മൂന്നിരട്ടിയായി മടക്കി നല്‍കുകയായിരുന്നിരിക്കാം.

ഇതിനിടയില്‍ മറ്റൊരു സംഭവം ഉണ്ടായി. അച്ചന്‍ പണിതു നല്‍കിയ വീടിന്റെ കാര്യം നാട്ടില്‍ കാട്ടുതീപോലെ പടര്‍ന്നു. വര്‍ഗീസ് അച്ചന്‍ ഓസ്ട്രിയയില്‍ നിന്നും കുറെ പണം കൊണ്ടുവന്നിട്ടുണ്ട്, അതുകൊണ്ടാണ് വീട് നല്‍കാന്‍ പറ്റിയതെന്ന വാര്‍ ത്തക്ക് വലിയ പ്രചാരണം ലഭിച്ചു. പിറ്റേന്നു മുതല്‍ വീടില്ലാത്ത ആളുകള്‍ അപേക്ഷകളുമായി അച്ചനെ അന്വേഷിച്ച് വരാന്‍ തുടങ്ങി. ആളുകളെ എങ്ങനെ സഹായിക്കാന്‍ കഴിയുമെന്ന് ചിന്തിച്ചിരുന്നപ്പോഴാണ് 75,000 രൂപ കയ്യില്‍ കിട്ടിയത്. സിംഹക്കുഴിയില്‍ കിടന്ന ദാനിയേലിന് ഹബക്കുക്ക് പ്രവാചകനിലൂടെ ഭക്ഷണം നല്‍കിയ ദൈവത്തെയാണ് അദ്ദേഹത്തിന് ആ സമയം ഓര്‍മവന്നത്. വര്‍ഗീസച്ചന്‍ വിചാരിച്ചു ഇതുകൊണ്ട് മൂന്നു വീട് നിര്‍മ്മിക്കാമല്ലോ. ബുള്ളറ്റ് എന്ന സ്വപ്‌നത്തിന് അദ്ദേഹം വീണ്ടും അവധി നല്‍കി. താന്‍ നിര്‍മിച്ച വീടുകളുടെ ഫോട്ടോയും വീഡിയോയുമൊക്കെ ഓസ്ട്രിയയിലെ ഇടവകാംഗങ്ങള്‍ക്ക് അയച്ചുകൊടുത്തു. ഇപ്പോഴും വീടിനുവേണ്ടി കാത്തിരിക്കുന്ന ഒരുപാടുപേര്‍ ഉണ്ടെന്ന വിവരം അതില്‍ ചേര്‍ത്തിരുന്നു.

‘തലചായ്ക്കാന്‍ ഒരിടം’

വിവരമറിഞ്ഞ ഓസ്ട്രിയയിലുള്ള നാലുപേര്‍ നാല് ഭവനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തു. ഏതാനും ഇടവകാംഗങ്ങള്‍ ചേര്‍ന്ന് ഒരു കമ്മിറ്റിയും രൂപീകരിച്ചു. അതിന്റെ നേതൃത്വത്തില്‍ വീടിനുവേണ്ടിയുള്ള ഫണ്ട് സമാഹരണം തുടങ്ങി. നാല്, 16, 40 അങ്ങനെ വീടുകളുടെ എണ്ണവും പെരുകികൊണ്ടിരുന്നു. ‘തലചായ്ക്കാനൊരിടം’ എന്ന പദ്ധതിയുടെ തുടക്കം അവിടെയായിരുന്നു. മൂന്നു വര്‍ഷത്തിനുശേഷം അച്ചന്‍ ഓസ്ട്രിയയിലേക്കു മടങ്ങി. അതേതുടര്‍ന്ന് വീടു നിര്‍മാണം കൂടുതല്‍ ഊര്‍ജിതമായി.

ഓരോ വര്‍ഷവും
നിര്‍മിക്കുന്ന വീടുകളുടെ എണ്ണം 30, 40, 50 എന്നിങ്ങനെ
വര്‍ധിച്ചുകൊണ്ടിരുന്നു. ഇപ്പോഴും ഓസ്ട്രിയയില്‍
ആ കമ്മിറ്റി സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.
കമ്മറ്റിയംഗങ്ങളില്‍ പലര്‍ക്കും പ്രായമായി. വര്‍ഷങ്ങളോളം ഈ വൈദികരുടെ പിതാവ് ഔസോ താണിയത്തായിരുന്നു വീടുകളുടെ നിര്‍മാണ ചുമതല വഹിച്ചിരുന്നത്.

ഓരോ വര്‍ഷവും നിര്‍മിക്കുന്ന വീടുകളുടെ എണ്ണം 30, 40, 50 എന്നിങ്ങനെ വര്‍ധിച്ചുകൊണ്ടിരുന്നു. ഇപ്പോഴും ഓസ്ട്രിയയില്‍ ആ കമ്മിറ്റി സജീവമായി പ്രവര്‍ത്തിക്കുന്നു. കമ്മറ്റിയംഗങ്ങളില്‍ പലര്‍ക്കും പ്രായമായി. പുതിയ തലമുറയും പദ്ധതിയോടു സഹകരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. വര്‍ഷങ്ങളോളം വര്‍ഗീസ് അച്ചന്റെ പിതാവ് ഔസോ താണിയത്തായിരുന്നു വീടുകളുടെ നിര്‍മാണ ചുമതല വഹിച്ചിരുന്നത്. 2024-ല്‍ 40 വീടുകളാണ് നിര്‍മിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ കോട്ടപ്പുറം രൂപതയുടെ പാസ്റ്ററല്‍ സെന്ററായ വികാസില്‍ നടന്ന സമ്മേളനത്തില്‍ താക്കോല്‍ ദാനം നിര്‍വഹിച്ചത് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയായിരുന്നു. ഇപ്പോള്‍ 15 വീടുകളുടെ നിര്‍മാണം നടന്നുവരുന്നു.

അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ 2000 വീടുകള്‍ പൂര്‍ത്തിയാക്കണമെന്നാണ് ആഗ്രഹമെന്ന് ഫാ. ഫ്രാന്‍സിസ് താണിയത്ത് പറയുന്നു. ഒരു കുടുംബത്തിന് മോശമല്ലാത്ത വീട് ലഭിച്ചുകഴിയുമ്പോള്‍ അവരുടെ ജീവിതംതന്നെ മാറിമറിയുന്ന നിരവധി അനുഭവങ്ങള്‍ ഈ വൈദികന് പറയാനുണ്ട്. വല്ലാര്‍പാടത്ത് ഒരു കുടുംബത്തിന് വീട് പണിതു കൊടുത്തു. ആ വീട്ടിലെ രണ്ട് പെണ്‍മക്കള്‍ക്ക് 35 വയസു കഴിഞ്ഞിട്ടും വിവാഹം നടന്നിരുന്നില്ല. വിവാഹാലോചനകളുമായി വന്ന പലരും സാഹചര്യങ്ങള്‍ കണ്ട് മടങ്ങുകയായിരുന്നു. വീട് പണിതു കഴിഞ്ഞ് അധികം കഴിയുന്നതിനുമുമ്പുതന്നെ രണ്ടു പേരുടെയും വിവാഹം നടന്നു.

കാരുണ്യവാനായ അപ്പച്ചന്‍

”ഞങ്ങളുടെ അപ്പച്ചന്റെ വിശ്വാസചൈതന്യവും ജീവകാരുണ്യ പ്രവൃത്തികളുമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഞങ്ങള്‍ക്കും പ്രചോദനമായത്. മറ്റുള്ളവരോടുള്ള അപ്പച്ചന്റെ കരുതല്‍ വലുതായിരുന്നു. എന്റെ കുട്ടിക്കാലത്ത് വെള്ളപ്പൊക്കം പതിവായിരുന്നു. സ്‌കൂളുകളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന ആളുകള്‍ക്ക് അപ്പച്ചന്‍ വീട്ടില്‍നിന്ന് ഭക്ഷണമുണ്ടാക്കി കൊടുക്കുമായിരുന്നു. തുടര്‍ച്ചയായ മഴമൂലം പണിക്കുപോകാന്‍ കഴിയാതെ അക്കാലത്ത് ആരുടെ കൈയിലും ഒന്നും ഉണ്ടാകുമായിരുന്നില്ല. ഒരിക്കല്‍ ദൈവാലയത്തിലെ പെരുന്നാള്‍ നടത്തിയപ്പോള്‍ പാവപ്പെട്ട പത്ത് പെണ്‍കുട്ടികള്‍ക്ക് വിവാഹത്തിനുള്ള പൈസ നല്‍കി സഹായിച്ചതൊക്കെ മനസിലെ പച്ചപിടിച്ചുനില്ക്കുന്ന ഓര്‍മകളാണ്.” ഫാ. ഫ്രാന്‍സിസ് പറയുന്നു.

ഈ ട്രസ്റ്റിന്റെ കീഴില്‍ കുട്ടികളുടെ വിദ്യാഭ്യാസ സഹായങ്ങളും ചെയ്തുവരുന്നു. നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയാണ് അധികവും സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. സ്‌കോളര്‍ഷിപ്പ് കിട്ടിയ കുട്ടികള്‍ പിന്നീട് അവര്‍ക്ക് ജോലി ലഭിച്ചുകഴിഞ്ഞപ്പോള്‍ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവരെ സഹായിച്ച അനുഭവങ്ങളുമുണ്ട്. കൈമാറ്റം ചെയ്യുന്ന നന്മയുടെ ചങ്ങലക്ക് തുടക്കംകുറിക്കാന്‍ കഴിഞ്ഞതില്‍ സംതൃപ്തി ഉണ്ടെന്ന് ഫാ. ഫ്രാന്‍സിസ് പറയുന്നു. സ്‌കൂള്‍ തുറക്കുമ്പോള്‍ പഠനോപകരണങ്ങള്‍ നല്‍കുന്നത് പതിവാണ്. തുരുത്തിപ്പുറം സ്‌കൂളില്‍ രണ്ടുവര്‍ഷം മുമ്പ് അഞ്ചുലക്ഷം രൂപ ചെലവാക്കി ചില്‍ഡ്രന്‍ പാര്‍ക്ക് നിര്‍മിച്ചുനല്‍കിയിരുന്നു.

ഹൃദയം നിറയുന്ന പുഞ്ചിരികള്‍

വീടുകള്‍ നിര്‍മാണത്തിന് നേതൃത്വം നല്‍കുന്ന ട്രസ്റ്റില്‍ സഹോദരങ്ങള്‍ എല്ലാവരും അംഗങ്ങളാണ്. നേരിട്ട് ചെയ്യുന്ന പ്രൊജക്ടായതുകൊണ്ടുതന്നെ എറണാകുളം-തൃശൂര്‍ ജില്ലകളില്‍ത്തന്നെ ഈ പ്രവര്‍ത്തനം കേന്ദ്രീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. അതുകൊണ്ടുതന്നെ ഭാവിയിലും മറ്റു ജില്ലകളിലേക്ക് വീടുനിര്‍മാണം ഉണ്ടാവില്ല. വീടുകളുടെ നിര്‍മാണത്തിന്റെ ഉത്തരവാദിത്വം മുഴുവന്‍ വഹിക്കുന്നത് ഫാ. ഫ്രാന്‍സിസ് ആണ്. ഇടവകയുടെ ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ക്കൊപ്പം ഓരോ മാസവും നാലു മുതല്‍ അഞ്ചുവരെ വീടുനിര്‍മാണത്തിന് നേതൃത്വം നല്‍കുന്നത് ശ്രമകരമാണ്. എത്ര ബുദ്ധിമുട്ടിയാലും വീടിന്റെ താക്കോല്‍ ലഭിക്കുമ്പോള്‍ ആ മുഖങ്ങളില്‍ തെളിയുന്ന പുഞ്ചിരി കാണുമ്പോള്‍ എല്ലാ ക്ഷീണങ്ങളും തനിയെ അപ്രത്യക്ഷമാകുമെന്നാണ് ഫാ. ഫ്രാന്‍സിസ് താണിയത്ത് പറയുന്നത്. ഇന്ത്യയിലെ നിയമമനുസരിച്ച് 2000-ല്‍ ട്രസ്റ്റ് രൂപീകരിച്ചു. വിദേശ പണം സ്വീകരിക്കുന്നതിനായി എഫ്‌സിആര്‍എ ലൈസന്‍സ് എടുത്തു.

ഫണ്ട് കണ്ടെത്തുന്ന ഫാ. വര്‍ഗീസ് താണിയത്തിന്റെ നേതൃത്വത്തില്‍ ഓസ്ട്രിയയില്‍ പലവിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പദ്ധതിയോടു സഹകരിക്കുന്നവരില്‍ സാധാരണക്കാരും സമ്പന്നരുമൊക്കെയുണ്ട്. വീടുകളില്‍ ആഘോഷങ്ങള്‍ നടക്കുമ്പോള്‍ ചെറിയതോതില്‍ പിരിവു നടത്തും. സ്‌കൂളിലെ കുട്ടികളെ സംഘടിപ്പിച്ച് സ്‌കിറ്റ് തയാറാക്കി തെരുവില്‍ അവതരിപ്പിച്ച് അതില്‍നിന്നും ലഭിക്കുന്ന വരുമാനം വീടു നിര്‍മാണത്തിന് ഉപയോഗിക്കും. മഞ്ഞുകാലത്ത് വാഹനം പാര്‍ക്കുചെയ്ത് ദൈവാലയത്തിലേക്ക് വരുമ്പോള്‍ ഷൂ ഐസില്‍ പൊതിയുന്നത് ഓസ്ട്രിയയില്‍ പതിവാണ്. ആളുകളുടെ ഷൂവില്‍ പറ്റിയിരിക്കുന്ന ഐസ് വിമന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ തുടച്ചു നല്‍കും. അതിലൂടെ ലഭിക്കുന്ന യൂറോകളും വീടിനു നിര്‍മിക്കുന്നതിനുള്ള വരുമാന മാര്‍ഗമാണ്. പെന്‍ഷന്‍ കിട്ടുന്നതുകയില്‍നിന്നും 50, 100 യൂറോ വീതം മാറ്റിവച്ച് രണ്ടായിരം യൂറോ ഒക്കെ ആകുമ്പോള്‍ അച്ചന്റെ കൈയില്‍ കൊടുക്കുന്നവര്‍ ധാരാളമുണ്ട്. ഓരോ വീടിനും ഇങ്ങനെയുള്ള സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയുമൊക്കെ അനുഭവങ്ങള്‍ പറയാനുണ്ട്. അങ്ങനെ മനസില്‍ നന്മയുള്ള അനേകര്‍ പങ്കുവയ്ക്കുന്ന ചെറുതും വലുതുമായ തുകകളാണ് ഇങ്ങകലെ കേരളത്തില്‍ അനേകരുടെ വീട് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Don’t want to skip an update or a post?