ഇടുക്കി: ഇടുക്കി രൂപതാ ദിനം നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടന ദൈവാലയത്തില്‍ ഇന്ന് (മെയ് 13) നടക്കും. വിവിധ കര്‍മ്മപരിപാടികളോടെ ഏപ്രില്‍ 20ന് ആരംഭിച്ച രൂപതാ ദിനാഘോഷങ്ങള്‍ക്ക് ഇന്ന് പരിസമാപ്തിയാകും. രൂപതാ ദിനാചരണത്തിന്റെ ഭാഗമായി മൂന്ന് ജൂബിലി തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ നിന്നും ആരംഭിച്ച പ്രയാണങ്ങള്‍ ഇന്നലെ (തിങ്കള്‍) സമ്മേളന നഗരിയില്‍ എത്തിച്ചേര്‍ന്നു.
വാഴത്തോപ്പില്‍ നിന്നും ആരംഭിച്ച ഛായാചിത്ര പ്രയാണവും അടിമാലി സെന്റ് ജൂഡ് ടൗണ്‍ പള്ളിയില്‍ നിന്നും ആരംഭിച്ച ദീപശിഖ പ്രയാണവും രാജകുമാരി ദൈവമാതാ തീര്‍ത്ഥാടന ദൈവാലയത്തില്‍ നിന്നും ആരംഭിച്ച പതാക പ്രയാണവും വൈകുന്നേരം അഞ്ചുമണിക്ക് നെടുങ്കണ്ടം കരുണ ആനിമേഷന്‍ സെന്ററില്‍ എത്തിച്ചേര്‍ന്നു.
തുടര്‍ന്ന് നടന്ന വിളംബര വാഹനജാഥയില്‍ താളമേളങ്ങളുടെ അകമ്പടിയോടെ നൂറുകണക്കിന് വാഹനങ്ങള്‍ പങ്കെടുത്തു. നെടുംകണ്ടം ടൗണിലൂടെ നടന്ന വിളംബരജാഥയില്‍ പ്രയാണങ്ങളെ സ്വീകരിച്ച് സമ്മേളന നഗരിയില്‍ എത്തിച്ചു. തുടര്‍ന്ന് രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ പതാക ഉയര്‍ത്തി.
രൂപതാ ദിനത്തോടനുബന്ധിച്ചു നടക്കുന്ന സമ്മേളനം മാവേലിക്കര രൂപതാ മെത്രാന്‍ ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് ഉദ്ഘാടനം ചെയ്യും. മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ അധ്യക്ഷത വഹിക്കും. കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ മുഖ്യപ്രഭാഷണം നടത്തും. ജഗദല്‍പൂര്‍ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കൊല്ലംപറമ്പില്‍, അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി, എം എം മണി എംഎല്‍എ, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും.
Leave a Comment
Your email address will not be published. Required fields are marked with *