കൊച്ചി: സീറോ മലബാര്‍ സഭയുടെ സമുദായ സംഘടനയായ കത്തോലിക്ക കോണ്‍ഗ്രസിന്റെ ജന്മവാര്‍ഷികം മെയ് 17,18 തിയതികളില്‍ പാലക്കാട് വച്ച് അന്താരാഷ്ട്ര സമ്മേളനവും അവകാശ പ്രഖ്യാപന റാലിയും ഉള്‍പ്പെടെ വിപുലമായ പരിപാടികളോടെ നടക്കും.
18 ന് നടക്കുന്ന മഹാസമ്മേളനം സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്യും. സമുദായ ശാക്തീകരണം രാഷ്ട്ര പുരോഗതിക്ക് എന്ന മുദ്രാവാക്യത്തോടെ നടക്കുന്ന മഹാസംഗമത്തില്‍ സഭാമേലധ്യക്ഷന്മാരും സമുദായ നേതാക്കളും പങ്കെടുക്കും.
ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച് സഭാനേതൃത്വത്തോടും സമുദായ നേതൃത്വത്തോടും ചര്‍ച്ച ചെയ്ത് നടപ്പാക്കണമെന്നും റബര്‍, നെല്ല്, നാളികേരം ഉള്‍പ്പെടെ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് വിലസ്ഥിരത ഉറപ്പാക്കണമെന്നും വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നും ലഹരി മാഫിയയില്‍നിന്നും സംസ്ഥാനത്തെ രക്ഷിക്കണമെന്നും വിവിധ കേന്ദ്രങ്ങളില്‍നിന്നും സമുദായത്തിന് നേരെയുണ്ടാകുന്ന ഗൂഡോദ്ദേശപരമായ അധിനിവേശങ്ങള്‍ അവസാനിപ്പിക്കണമെന്നും ഈ സമ്മേളനം ഉയര്‍ത്തുന്ന പ്രധാനപ്പെട്ട ആവശ്യങ്ങളാണ്.
17 ന് താമരശേരി രൂപതയുടെ നേതൃത്വത്തില്‍ കൂരാച്ചുണ്ടില്‍നിന്നും പതാകപ്രയാണവും തൃശൂര്‍ അതിരൂപതയുടെ നേതൃത്വത്തില്‍ പാലയൂരില്‍നിന്ന് തോമാശ്ലീഹായുടെ ഛായാചിത്രപ്രയാണവും നടക്കും. പ്രയാണങ്ങള്‍ വൈകുന്നേരം അഞ്ചുമണിക്ക് പാലക്കാട് കത്തീഡ്രല്‍ അങ്കണത്തില്‍ എത്തിച്ചേര്‍ന്ന് പതാക ഉയര്‍ത്തല്‍ നടക്കും.
18 ഞായര്‍ രാവിലെ പത്തിന് കേന്ദ്ര പ്രതിനിധി സഭാ സമ്മേളനം മുണ്ടൂര്‍ യുവക്ഷേത്രയില്‍വച്ചു നടക്കും. 44 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളും എല്ലാ രൂപതകളില്‍നിന്നുമുള്ള ഭാരവാഹികളും പങ്കെടുക്കും. ഉച്ചകഴിഞ്ഞ് 2.30 ന് പതിനായിരങ്ങള്‍ പങ്കെടുക്കുന്ന അവകാശ പ്രഖ്യാപനറാലി പാലക്കാട് കോട്ട മൈതാനത്തുനിന്നാരംഭിച്ച് ടൗണിലൂടെ പാലക്കാട് സെന്റ് റാഫേല്‍ കത്തീഡ്രല്‍ പള്ളിയങ്കണത്തിലെ സമ്മേളനവേദിയില്‍ എത്തിച്ചേരും.
തുടര്‍ന്ന് നടക്കുന്ന അന്താരാഷ്ട്ര സമുദായ സമ്മേളനത്തില്‍ സഭാ മേലധ്യക്ഷന്മാരും സമുദായ നേതാക്കളും സമുദായത്തിന്റെ സാമൂഹ്യ രാഷ്ട്രീയ അവകാശങ്ങള്‍ പ്രഖ്യാപിക്കും. വിവിധ പ്ലോട്ടുകളുടെ അകമ്പടിയോടെയുള്ള റാലിയില്‍ എല്ലാ രൂപതകളില്‍നിന്നുമുള്ള സമുദായ അംഗങ്ങളും പാലക്കാട് രൂപതയിലെ എല്ലാ ഇടവകകളില്‍നിന്നുമുള്ള സമുദായ അംഗങ്ങളും യുവജനങ്ങളും പങ്കെടുക്കും.
Leave a Comment
Your email address will not be published. Required fields are marked with *