സ്വന്തം ലേഖകന്‍
ആശങ്കപ്പെടുത്തുന്ന വാര്‍ത്തകളാണ് ദൈവത്തിന്റെ സ്വന്തം നാടെന്ന് അഭിമാനിക്കുന്ന കേരളത്തില്‍നിന്നും കേള്‍ക്കുന്നത്. അക്രമങ്ങള്‍ പെരുകുമ്പോഴും യഥാര്‍ത്ഥ കാരണങ്ങളിലേക്ക് ചര്‍ച്ചകള്‍ എത്തുന്നില്ല. രാസലഹരികളിലും മയക്കുമരുന്നുകളിലും മാത്രം പ്രശ്‌നം ഒതുക്കപ്പെടുന്നു. മദ്യത്തിന്റെ സ്വാധീനം കാര്യമായ ചര്‍ച്ചയാകുന്നില്ല. ലഹരി ഉപയോഗം വ്യാപകമാകുന്നു എന്ന് ആകുലപ്പെടുന്ന അധികാരികള്‍ത്തന്നെ മദ്യം സുലഭമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനാലാണ് മദ്യത്തിന്റെ കാര്യം വരുമ്പോള്‍ നിശബ്ദതരാകുന്നത്. സ്‌കൂള്‍ കുട്ടികള്‍പ്പോലും ലഹരിയുടെ നീരാളികൈകളില്‍ അകപ്പെട്ടു തുടങ്ങിയിരിക്കുന്നു.
സ്വന്തം ജീവനൊപ്പം മക്കളുടെ ജീവനെടുത്തുള്ള കൂട്ട ആത്മഹത്യകളും കൊലപാതകങ്ങളും പെരുകുന്നു. ജന്മം നല്‍കിയ മാതാപിതാക്കള്‍ക്കുനേരെ ആയുധമെടുക്കുന്ന മക്കള്‍, കുട്ടികള്‍ക്കുനേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തുടങ്ങി മുമ്പെങ്ങുമില്ലാത്ത രീതിയില്‍ തിന്മ പെരുകുകയാണ്. വര്‍ധിക്കുന്ന വിവാഹമോചനങ്ങള്‍, കുടുംബത്തകര്‍ച്ചകള്‍ തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ഇതിനു പുറമേയുണ്ട്. കേരളം ഭൗതികമായി വളര്‍ന്നപ്പോള്‍ നീതിബോധത്തിലും ധാര്‍മികതയിലും വീഴ്ചകള്‍ സംഭവിച്ചു. മനസുമരവിപ്പിക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഇനി അങ്ങനെ സംഭവിക്കില്ലെന്നു വിചാരിക്കുമ്പോള്‍ അതിലും ഭയാനകമായ കാര്യങ്ങളായിരിക്കും അടുത്ത ദിവസം കേള്‍ക്കുന്നത്.
ഇത്തരം മാറ്റങ്ങള്‍ വളരെ പെട്ടെന്നു സംഭവിക്കുന്നവയല്ല. ചിന്തകളിലും കാഴ്ചപ്പാടുകളിലും സംഭവിക്കുന്ന വ്യതിയാനങ്ങളില്‍നിന്നാണ് ഇതിന്റെയൊക്കെ ആരംഭം. പാശ്ചാത്യരാജ്യങ്ങളിലെ തകര്‍ച്ചകളുടെ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്നു ആശ്ചര്യപ്പെട്ട കാലം മലയാളികള്‍ക്ക് ഉണ്ടായിരുന്നു. എന്നാല്‍, അത്തരം തകര്‍ച്ചകളുടെ നടുവിലാണ് നമ്മുടെ നാടും.
ദൈവവിശ്വാസവും ധാര്‍മികതയുമൊക്കെ സമൂഹത്തെ പൊതിഞ്ഞുപിടിക്കുന്ന മതിലുകളാണ്. പുരോഗമന ചിന്തകളുടെ പേരിലുള്ള ചില പ്രവൃത്തികള്‍ ധാര്‍മികതയില്‍ വിള്ളലുകള്‍ വീഴ്ത്തുന്നുണ്ട്. തിന്മകള്‍ നന്മകളുടെ രൂപത്തിലാണ് ഇപ്പോള്‍ അവതരിപ്പിക്കപ്പെടുന്നത്. ആത്മീയതയും ദൈവവിശ്വാസവും മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. അവിടെ സംഭവിച്ച വീഴ്ചകളില്‍നിന്നാണ് തകര്‍ച്ചകള്‍ ആരംഭിച്ചത്. തിന്മ പെരുകുമ്പോള്‍ പലവിധത്തില്‍ സമൂഹത്തെ മുഴുവന്‍ അതു ബാധിക്കും.
ഏതുവിധത്തില്‍ കേരളത്തെ വീണ്ടെടുക്കാമെന്ന ചിന്തകള്‍ ഉയര്‍ന്നുവരണം. വൈകുംതോറും തകര്‍ച്ചകളുടെ ആഴം വര്‍ധിക്കും. ഭൂതകാല നന്മകള്‍ കൈമോശം വരാന്‍ അനുവദിക്കരുത്. ദൈവത്തിന്റെ സ്വന്തം നാട് എന്നും അങ്ങനെ തന്നെ മുമ്പോട്ടുപോകണം. പക്ഷേ, അധികാരികളും പൊതുസമൂഹം വേണ്ട ഗൗരവം ഈ മേഖലക്ക് നല്‍കുന്നില്ലെന്നാണ് നിരീക്ഷകരുടെ വിലയിരുത്തലുകള്‍.
Leave a Comment
Your email address will not be published. Required fields are marked with *