Follow Us On

06

June

2025

Friday

മിഷനറിമാര്‍ നേരിടുന്ന ഭീഷണികള്‍ സര്‍ക്കാരുകള്‍ ഗൗരവമായെടുക്കണം: കെസിബിസി

മിഷനറിമാര്‍ നേരിടുന്ന ഭീഷണികള്‍ സര്‍ക്കാരുകള്‍ ഗൗരവമായെടുക്കണം: കെസിബിസി
കൊച്ചി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനനിരതരായിരിക്കുന്ന മിഷനറിമാര്‍ നേരിടുന്ന ഭീഷണികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഗൗരവമായെടുക്കുകയും പരിഹാരം കണ്ടെത്തുകയും വേണമെന്ന് കെസിബിസി. കേരള കത്തോലിക്കാ സഭാ കാര്യാലയമായ പാലാരിവട്ടം പിഒസിയില്‍ നടന്ന കെസിബിസി വര്‍ഷകാലസമ്മേളനമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
കാലംചെയ്ത ഫ്രാന്‍സിസ് പാപ്പായ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചും പുതുതായി ചുമതലയേറ്റ ലിയോ പതിനാലാമന്‍ പാപ്പായോട് വിധേയത്വം പ്രഖ്യാപിച്ചും ആരംഭിച്ച സമ്മേളനത്തില്‍ സഭാപരവും സാമൂഹികവുമായ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
2025 ലെ മഹാജൂബിലി ആഘോഷവും കേരളകത്തോലിക്കാ സഭ പ്രഖ്യാപിച്ച സഭാനവീകരണവും നിഖ്യാ സൂനഹദോസിന്റെ 1700-ാം വാര്‍ഷികവും സംയുക്തമായി കേരളസഭാതലത്തില്‍ ആചരിക്കുവാന്‍ കെസിബിസി സമ്മേളനം തീരുമാനിച്ചു.
വര്‍ധിച്ചുവരുന്ന നിരീശ്വരവാദ-യുക്തിവാദ ആഭിമുഖ്യങ്ങളെ ക്കുറിച്ചും അവയുടെ പ്രത്യാഘാതങ്ങളെക്കുറിച്ചും കൂടുതല്‍ ആഴത്തില്‍ പഠിക്കുവാനും വിശ്വാസികള്‍ക്കും സമൂഹത്തിനും അവബോധം നല്‍കാനും കെസിബിസി യോഗം തീരുമാനിച്ചു.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ ആക്രമിക്കപ്പെടുന്നത് സംബന്ധിച്ച് കഴിഞ്ഞ രണ്ട് ആഴ്ചകള്‍ക്കിടയില്‍ ഒഡീഷയില്‍ മാത്രം വൈദികര്‍ക്കും സന്യസ്തര്‍ക്കും എതിരെ രണ്ട് അക്രമസംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പാവപെട്ട ജനങ്ങള്‍ക്ക് വിദ്യാഭ്യാസ – ആതുര ശുശ്രൂഷ സേവനങ്ങള്‍ പതിറ്റാണ്ടുകളായി നല്‍കിവരുന്ന പ്രേഷിതര്‍ക്കെതിരെ നടക്കുന്ന ഇത്തരം അതിക്രമങ്ങള്‍ ന്യായീകരിക്കാന്‍ കഴിയുന്നതല്ല.
വയനാട്, വിലങ്ങാട് ദുരന്തബാധിത മേഖലകളില്‍ കേരളസഭയുടെ നേതൃത്വത്തിലുള്ള പുനരധിവാസ – സമാശ്വാസ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമായ വിധത്തില്‍ മുന്നേറുന്നതായി മെത്രാന്മാര്‍ വിലയിരുത്തി.
മാസങ്ങളായി സമരമുഖത്ത് തുടരുന്ന മുനമ്പം നിവാസികളുടെ പ്രതിസന്ധികള്‍ക്ക് ഇനിയും പരിഹാരമാകാത്തത് കെസിബിസി ഗൗരവമായി ചര്‍ച്ച ചെയ്തു. ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഉചിതമായ നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുകയും നിവാസികളുടെ റവന്യൂ അവകാശങ്ങള്‍ പൂര്‍ണ്ണമായും ശാശ്വതമായും പുനഃസ്ഥാപിക്കാന്‍ ആവശ്യമായ നടപടികള്‍ അവധാനതയോടെ കൈക്കൊള്ളുകയും വേണം.
തീരശോഷണവും കടലാക്രമണവും വര്‍ധിച്ചുകൊ ണ്ടിരിക്കുന്നതിന് ആനുപാതികമായി തീരദേശവാസികളും മല്‍സ്യബന്ധനം ഉപജീവനമാര്‍ഗ്ഗമായി സ്വീകരിച്ചിരിക്കുന്ന അനേകായിരം കുടുംബങ്ങളും കൂടുതല്‍ വലിയ പ്രതിസന്ധികളില്‍ അകപ്പെട്ടിരിക്കുകയാണ്. ആ ജനതയുടെ സാമ്പത്തികവും ഭൗതികവുമായ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ അടിയന്തിരമായി കൈക്കൊള്ളണം.
വിഴിഞ്ഞം സമരസമയത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ണ്ണമായും പാലിക്കുകയും ഗോഡൗണില്‍ താമസിച്ചിരുന്ന മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം പൂര്‍ത്തിയാക്കുകയും വേണമെന്ന് മെത്രാന്‍ സമിതി ആവശ്യപ്പെട്ടു.
വന്യമൃഗ ശല്യം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ 1972-ലെ വനം വന്യജീവി സംരക്ഷണ നിയമത്തില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തണം. വികസിത രാജ്യങ്ങളിലെപോലെ, പെരുകുന്ന വന്യമൃഗങ്ങളെ നിയന്ത്രിക്കാനുള്ള ശാസ്ത്രീയ സമീപനങ്ങള്‍ കേരളത്തില്‍ സ്വീകരിക്കണം. സമീപകാലങ്ങളായി വനംവകുപ്പ് നിഷ്‌ക്രിയമായും ജനവിരുദ്ധമായും മാറുന്നതായുള്ള പരാതികള്‍ പരിഗണിച്ച് യുക്തമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം.
ക്രൈസ്തവ പിന്നോക്കാവസ്ഥയെക്കുറിച്ച് പഠനം നടത്തിയ ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്റെ  റിപ്പോര്‍ട്ട് ഇനിയും പ്രസിദ്ധീകരിക്കാനോ ശുപാര്‍ശകളിന്മേല്‍ നടപടികള്‍ സ്വീകരിക്കാനോ സര്‍ക്കാര്‍ ശ്രമിക്കാത്തത് പ്രതിഷേധാര്‍ഹമാണ്. കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ പ്രസിദ്ധീകരിക്കുകയും  തുടര്‍നടപടികള്‍ അടിയന്തിരമായി കൈക്കൊള്ളുകയും വേണമെന്ന് കെസിബിസി വര്‍ഷകാലസമ്മേളനം ആവശ്യപ്പെട്ടു.
കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമീസ് കാതോലിക്ക ബാവ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കേരളത്തിലെ 32 രൂപതകളില്‍നിന്നുള്ള മെത്രാന്മാര്‍ പങ്കെടുത്തു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?