Follow Us On

06

June

2025

Friday

90 ന്റെ നിറവില്‍ മാത്യു എം. കണ്ടത്തില്‍

90 ന്റെ നിറവില്‍  മാത്യു എം. കണ്ടത്തില്‍

സാധാരണ കുട്ടികള്‍ മാതാപിതാക്കളുടെ കൈപിടിച്ചു നടക്കുന്ന ചെറുപ്രായത്തില്‍ പൊതുപ്രവര്‍ത്തനമാരംഭിച്ച്, സംസ്ഥാനത്തു നിറഞ്ഞുനില്‍ക്കുന്ന സാമൂഹ്യപ്രവര്‍ത്തകനും സീറോ മലബാര്‍ സഭയുടെ പല പരമോന്നത സമിതികളില്‍വരെ അംഗവുമായി സ്തുത്യര്‍ഹമായ ശുശ്രൂഷകള്‍ ചെയ്ത മാത്യു എം. കണ്ടത്തില്‍ 90 വയസ് പിന്നിട്ടിരിക്കുന്നു.

കേരളത്തില്‍ മദ്യനിരോധനസമിതി, ചെറുപുഷ്പ മിഷന്‍ലീഗ്, കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റി കമ്മിറ്റിയംഗം തുടങ്ങിയ നിലകളിലെല്ലാം പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം അധ്യാപക ജോലിയില്‍നിന്ന് വിരമിച്ചശേഷം പൂര്‍ണസമയ പൊതുപ്രവര്‍ത്തകനായിരുന്നു. ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ മാര്‍ വള്ളോപ്പിള്ളിയുടെ സ്മരണ നിലനിര്‍ ത്താന്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്നു. മാര്‍ വള്ളോപ്പിള്ളിയോടൊപ്പം അ വിഭക്ത തലശേരി രൂപതയുടെ മുക്കും മൂലയുംവരെ പ്രവര്‍ത്തനനിരതനായി സന്ദര്‍ശിക്കാന്‍ കഴിഞ്ഞിരുന്നു. സമാനതകളില്ലാത്ത പൊതുപ്രവര്‍ത്തനത്തിന് സമയവും സമ്പത്തും നല്‍കിയ മഹത്‌വ്യക്തിയാണ് അദ്ദേഹം.

‘നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക’ എന്ന വിശുദ്ധഗ്രന്ഥവചനത്തോട് ക്രിയാത്മകമായി പ്രതികരിച്ച മാത്യു എം. കണ്ടത്തില്‍ ബിഷപ് മാര്‍ വള്ളോപ്പിള്ളി, മദ്യനിരോധന സമിതി നേതാക്കളായിരുന്ന ഗാന്ധിയന്മാരായ പ്രഫ. എം.പി. മന്മഥന്‍, ഐ.കെ കുമാരന്‍മാസ്റ്റര്‍, പ്രഫ. ജി. കുമാരപിള്ള തുടങ്ങിയവര്‍ക്കൊപ്പം മദ്യവിരുദ്ധസമരങ്ങളുടെയെല്ലാം മുന്‍നിര പോരാളിയായിരുന്നു. ആര്‍ച്ചുബിഷപ് മാര്‍ ജോര്‍ജ് വലിയമറ്റം, ഗോരക്പൂര്‍ ബിഷപ്പായിരുന്ന മാര്‍ ഡോമിനിക്ക് കോക്കാട്ട്, പി.സി അബ്രാഹം തുടങ്ങിയവര്‍ക്കൊപ്പം മിഷന്‍ലീഗ് പ്രവര്‍ത്തനങ്ങളിലും മുന്‍നിരക്കാരനായിരുന്നു. വിശുദ്ധ ഗ്രന്ഥം കാട്ടുന്ന വഴികളിലൂടെയാണ് എന്നും യാത്ര. മിക്കപ്പോഴും തോല്‍ക്കുന്ന സമരങ്ങളുടെ പടനായകനായിരുന്നു മാത്യു. കെ. കേളപ്പന്‍, പി.പി ഉമ്മര്‍കോയ, മൂര്‍ക്കോത്ത് രാമുണ്ണി, പാമ്പന്‍ മാധവന്‍ തുടങ്ങിയ ഗാന്ധിയന്മാര്‍ക്കൊപ്പമുള്ള പ്രവര്‍ത്തന അനുഭവങ്ങള്‍ ഇപ്പോഴും ആവേശം നല്‍കുന്നതാണ്.

ആലക്കോട് നടന്ന 125 ദിവസംനീണ്ട മദ്യഷാപ്പുവിരുദ്ധസമരം, വായാട്ടുപറമ്പ്, ഊരമന തുടങ്ങി ചരിത്രത്തില്‍ ഇടംപിടിച്ച നിരവധി മദ്യവിരുദ്ധ സമരങ്ങളില്‍ പൂര്‍ണസമയ പങ്കാളിയായി. ജോണ്‍ കച്ചിറമറ്റം ഉള്‍പ്പെടെ നേതാക്കള്‍ക്കൊപ്പം ഫാ. വടക്കന്റെ നേതൃത്വത്തിലുള്ള കൊട്ടിയൂര്‍ കുടിയിറക്ക് വിരുദ്ധസമരത്തില്‍ പങ്കെടുത്തു. കൊട്ടിയൂരില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള ജാഥയില്‍ ബി.വെല്ലിംഗ്ടണ്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കൊപ്പം ആദ്യാവസാനം പങ്കെടുത്തിരുന്നു. തലശേരി രൂപതയുടെ പ്രാരംഭകാലംമുതല്‍ തുടര്‍ന്നുവരുന്ന സഭാസേവനത്തെയും ത്യാഗങ്ങളെയും അംഗീകരിച്ച് തലശേരി അതിരൂപതാ സുവര്‍ണ ജൂബിലിയാഘോഷവേളയില്‍ അദ്ദേഹത്തെ ആദരിച്ചിരുന്നു. ഫാ. തോമസ് തൈത്തോട്ടം, മോണ്‍. മാത്യു എം. ചാലില്‍ എന്നിവരുമായി ആത്മബന്ധം പുലര്‍ത്തിയിരുന്നു. അതിരൂപത പാസ്റ്ററല്‍ കൗണ്‍സിലില്‍ ദീര്‍ഘകാലം അംഗമായിരുന്നു.

മാത്യു എം. കണ്ടത്തിലിന്റെ തൊണ്ണൂറാം ജന്മദിനം 24 മണിക്കൂര്‍ ഉപവാസമനുഷ്ഠിച്ചാണ് ആഘോഷിച്ചത്. സണ്ണി ആശാരിപറമ്പില്‍, ഡോ. സെബാസ്റ്റ്യന്‍ ഐക്കര, ഡി.പി ജോസ് തുടങ്ങി ബിഷപ് വള്ളോപ്പിള്ളി ഫൗണ്ടേഷന്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ സേവനപരിപാടികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?