ഭുവനേശ്വര്‍/ഒഡീഷ: ഒഡീഷയിലെ 30 തോളം ജില്ലകളിലെ ക്രൈസ്തവര്‍ സമാധാനപരമായ പ്രതിഷേധങ്ങള്‍ നടത്തി. മതസ്വാതന്ത്ര്യം സംരക്ഷിക്കണമെന്നും, ക്രൈസ്തവ സമൂഹത്തിനെതിരെ തുടരുന്ന പീഡനങ്ങള്‍ അവസാനിപ്പിക്കണമെന്നും, വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയ മേഖലകളില്‍ നേരിടുന്ന വിവേചനം പരിഹരിക്കണമെന്നും ആവശ്യപ്പെട്ടാണ് നാഷണല്‍ ക്രിസ്ത്യന്‍ ഫ്രണ്ടിന്റെ (എന്‍സിഎഫ്) നേതൃത്വത്തില്‍ ക്രൈസ്തവര്‍ പ്രതിഷേധപ്രകടനങ്ങള്‍ നടത്തിയത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും കളക്ടര്‍മാര്‍ക്ക് നിവേദനം സമര്‍പ്പിച്ചുകൊണ്ടാണ് പ്രതിഷേധപ്രകടനം അവസാനിപ്പിച്ചത്. ഒഡീഷയിലെ ക്രൈസ്തവര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ നിവേദനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാന തലസ്ഥാനമായ ഭുവനേശ്വറില്‍ ഒഡീഷയിലെ യുണൈറ്റഡ് ബിലീവേഴ്സ് കൗണ്‍സില്‍ നെറ്റ്വര്‍ക്ക് ഇന്ത്യയുടെ തലവന്‍ ബിഷപ് ഡോ. പല്ലബ് ലിമ, യുണൈറ്റഡ് മൈനോറിറ്റി ഫോറം ഒഡീഷയുടെ കണ്‍വീനര്‍ ജുഗല്‍ രഞ്ജിത്, എഴുത്തുകാരിയും രാഷ്ട്രീയക്കാരിയുമായ അമിയ പാണ്ഡവ് എന്നിവരടങ്ങുന്ന പ്രതിനിധി സംഘം ഒഡീഷ ഗവര്‍ണര്‍ ഹരി ബാബു കമ്പപതിക്ക് ഇന്ത്യന്‍ രാഷ്ട്രപതിക്ക് സമര്‍പ്പിക്കുന്നതിനായി വിശദമായ നിവേദനം സമര്‍പ്പിച്ചു.
നിര്‍ബന്ധിത മതപരിവര്‍ത്തന ആരോപണത്തിന്റെ മറവില്‍ ഒഡീഷയിലെ ക്രിസ്ത്യാനികളെ ലക്ഷ്യമാക്കി നടക്കുന്ന ആക്രമണങ്ങള്‍, പാസ്റ്റര്‍മാര്‍ക്കെതിരായ വ്യാജ കേസുകള്‍, പള്ളികള്‍ നശിപ്പിക്കല്‍ എന്നിവ അടിയന്തരമായി തടയണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തുടനീളം ക്രിസ്ത്യാനികള്‍ നടത്തുന്ന പ്രാര്‍ത്ഥനാ ചടങ്ങുകള്‍ പതിവായി തടസപ്പെടുത്തുന്നതും നിവേദനത്തില്‍ ചൂണ്ടിക്കാണിച്ചു.
ഒഡീഷയിലെ നവരംഗ്പുര ജില്ലയിലെ ക്രൈസ്തവ ഗോത്ര സമൂഹങ്ങള്‍ക്ക് ശവസംസ്‌കാര അവകാശങ്ങള്‍ നിഷേധിക്കുന്നത് അവസാനിപ്പിക്കണമെന്നതാണ് നിവേദനത്തിലെ മറ്റൊരു പ്രധാന ആവശ്യം. കഴിഞ്ഞ വര്‍ഷം യുണൈറ്റഡ് മൈനോറിറ്റി ഫോറം ഒഡീഷ ജില്ലയിലെ ഗ്രാമങ്ങളില്‍ താമസിക്കുന്ന ക്രിസ്ത്യന്‍ കുടുംബങ്ങളെ അവരുടെ സ്വന്തം പൂര്‍വ്വിക ഭൂമിയില്‍ മരിച്ചവരെ സംസ്‌കരിക്കുന്നതില്‍ നിന്ന് വിലക്കിയ കുറഞ്ഞത് 15 കേസുകളെങ്കിലും രേഖപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ, ദലിത് ക്രിസ്ത്യാനികള്‍ക്ക് പട്ടികജാതി (എസ്സി) പദവി നല്‍കണമെന്ന് നിവേദനം ആവശ്യപ്പെട്ടു. ഒഡിഷ സര്‍ക്കാര്‍ ഒബിസി വിഭാഗങ്ങള്‍ക്ക് നല്‍കുന്ന 11.25% സംവരണം മണ്ഡല്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത 27% നേക്കാള്‍ വളരെ കുറവാണെന്നും നിവേദനത്തില്‍ പറയുന്നു.
ക്രൈസ്തവര്‍ ഫയല്‍ ചെയ്ത കേസുകളില്‍ സംസ്ഥാന പോലീസ് നിഷ്‌ക്രിയത്വം കാണിച്ചതായും ബിഷപ് ലിമ വിമര്‍ശിച്ചു. സമീപ മാസങ്ങളില്‍ ആക്രമണങ്ങളും പീഡനങ്ങളും സംബന്ധിച്ച് ഒഡീഷയിലെ ക്രിസ്ത്യാനികള്‍ സമര്‍പ്പിച്ച 32 പ്രഥമ വിവര റിപ്പോര്‍ട്ടുകളില്‍ (എഫ്ഐആര്‍) ഒന്നിലും തന്നെ നിയമനടപടി സ്വീകരിച്ചിട്ടില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി. തുടര്‍ നടപടികള്‍ തീരുമാനിക്കുന്നതിന് മുമ്പ് സമര്‍പ്പിച്ച നിവേദനത്തോടുള്ള സര്‍ക്കാരിന്റെ പ്രതികരണം സൂക്ഷ്മമായി നിരീക്ഷിക്കാന്‍ എന്‍സിഎഫ് തീരുമാനിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *