കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഫാ. എബ്രാഹാം മുത്തോലത്ത് ഫൗണ്ടേഷനുമായി സഹകരിച്ച് ഏര്‍പ്പെടുത്തിയ ചൈതന്യ എക്സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനും ആഭ്യന്തര വകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറിയുമായിരുന്ന ടി.കെ. ജോസ്, സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്പ്പറേഷന് ചെയര്മാന് സ്റ്റീഫന്‍ ജോര്‍ജ്ജ് എക്സ് എംഎല്‍എ, സംസ്ഥാന ഡിസെബിലിറ്റി കമ്മീഷണര്‍ ഡോ. ബാബുരാജ് പി.റ്റി, പത്തനംതിട്ട ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഷേര്‍ളി സക്കറിയാസ്, റിട്ടയേര്‍ഡ് തഹസില്‍ദാറും കെഎസ്എസ്എസ് ബോര്‍ഡ് മെമ്പറുമായ ജോര്‍ജ്ജ് കുര്യന് പാണ്ടവത്ത് എന്നിവരെയാണ് അവാര്‍ഡിനായി തെരഞ്ഞെടുത്തത്.
ഇരുപതിനായിരത്തി ഒന്ന് രൂപയും (20,001) മൊമന്റോയും അടങ്ങുന്ന അവാര്‍ഡ് ജൂണ്‍ 28 ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നിന് തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.
നാളികേര വികസന ബോര്‍ഡിന്റെ തെങ്ങിന്റെ ചങ്ങാതിക്കുട്ടം പദ്ധതി നടത്തിപ്പിലും കെഎസ്എസ്എസ് സ്വാശ്രയസംഘ ക്ഷേമ പ്രവര്‍ത്തനങ്ങളിലും നല്കിയ സേവനങ്ങളെ മാനിച്ചാണ് ടി.കെ ജോസിന് പുരസ്കാരം സമ്മാനിക്കുന്നത്.
ന്യൂനപക്ഷ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളോടൊപ്പം കോട്ടയം അതിരൂപതയുടെ സാമൂഹിക സാമുദായിക മേഖലകളില്‍ നല്കി വരുന്ന സേവനങ്ങളെ മാനിച്ചാണ് സ്റ്റീഫന്‍ ജോര്‍ജിന് പുരസ്കാരം സമ്മാനിക്കുന്നത്. ഭിന്നശേഷി ഉന്നമനം ലക്ഷ്യമാക്കി കെഎസ്എസ്എസ് നടപ്പിലാക്കി വരുന്ന വിവധങ്ങളായ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും അഡ്വക്കസി നെറ്റ്വര്‍ക്ക് മീറ്റിംഗുകള്‍ക്കും പരിശീലനങ്ങള്‍ക്കും നല്കി വരുന്ന സഹകരണങ്ങളെയും പ്രോത്സാഹനങ്ങളെയും മാനിച്ചാണ് ഡോ. ബാബുരാജ് പി.റ്റിയ്ക്ക് പുരസ്കാരം സമ്മാനിക്കുന്നത്.
കാര്‍ഷിക മേഖലയുടെ ഉന്നമനത്തോടൊപ്പം കെഎസ്എസ്എസ് കര്‍ഷക സംഘങ്ങളുടെ രൂപീകരണത്തിലും വളര്‍ച്ചയിലും കര്‍ഷക സംഘ പരിശീലന ബോധവല്‍ക്കരണ പരിപാടികള്‍ക്കും ചൈതന്യ കാര്‍ഷിക മേള ഉള്‍പ്പെടെയുള്ള ജനകീയ പ്രവര്‍ത്തനങ്ങളിലും നല്കി വരുന്ന സേവനങ്ങളെ മാനിച്ചാണ് ഷേര്‍ളി സക്കറിയാസിന് പുരസ്കാരം സമ്മാനിക്കുന്നത്.
കെഎസ്എസ്എസ് ബോര്‍ഡ് മെമ്പര്‍ എന്ന നിലയിലും വിവിധ സര്‍ക്കാര്‍ സര്‍ക്കാരിതര ഡിപ്പാര്‍ട്ടുമെന്റുകളുടെ സേവനങ്ങളുടെ ലഭ്യമാക്കലിനും നല്കി വരുന്ന പ്രോത്സനവും പിന്തുണയും പരിഗണിച്ചാണ് ഏറ്റുമാനൂര്‍ സ്വദേശിയായ ജോര്‍ജ്ജ് കുര്യന് പുരസ്കാരം സമ്മാനിക്കുന്നത്.
28ന് നടക്കുന്ന അവാര്‍ഡുദാന സമ്മേളനം സഹകരണ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന് ഉദ്ഘാടനം ചെയ്യും. കോട്ടയം ആര്‍ച്ചുബിഷപ് മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. മത സാമൂഹിക രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.
Leave a Comment
Your email address will not be published. Required fields are marked with *