വത്തിക്കാന്‍ സിറ്റി: ~ഒക്‌ടോബര്‍ 9 -ന് പ്രകാശനം ചെയ്യുന്ന തന്റെ ആദ്യ അപ്പസ്‌തോലിക പ്രബോധനമായ ‘ഡിലക്‌സി റ്റെ'(ഞാന്‍ നിന്നെ സ്‌നേഹിച്ചു) – യില്‍ വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ തിരുനാള്‍ദിനമായ ഒക്‌ടോബര്‍ 4-ന് ലിയോ 14 ാമന്‍ പാപ്പ ഒപ്പുവച്ചു. വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ആധ്യാത്മികതയെക്കുറിച്ചും, ‘ദരിദ്രരുടെ നിലവിളി’, ‘ദൈവം ദരിദ്രരെ തിരഞ്ഞെടുക്കുന്നു’, ‘യേശു, ദരിദ്രനായ മിശിഹാ’, ‘ദരിദ്രരുടെ സഭ’, ‘സഭയുടെ യഥാര്‍ത്ഥ സമ്പത്ത്’ തുടങ്ങിയ വിഷയങ്ങള്‍ പ്രമേയമാക്കുന്ന പ്രബോധനത്തില്‍ ഒപ്പുവച്ച ദിനത്തില്‍ നടത്തിയ ജൂബിലി പ്രഭാഷണത്തില്‍ ദൈവത്തിനെയും സമ്പത്തിനെയും ഒരുമിച്ച് സേവിക്കാന്‍ കഴിയില്ലെന്ന് ലിയോ 14 ാമന്‍ പാപ്പ ഓര്‍മിപ്പിച്ചു.
ഈ ജൂബിലി വര്‍ഷത്തില്‍ ഒരു തിരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ടെന്നും ഒന്നുകില്‍ ദൈവത്തെയും നീതിയെയും സേവിക്കുക, അല്ലെങ്കില്‍ പണത്തെയും അസമത്വത്തെയും സേവിക്കണമെന്നും കുടിയേറ്റക്കാരുടെയും മിഷന്റെയും ജൂബിലിയോടനുബന്ധിച്ച് നടത്തിയ പ്രഭാഷണത്തില്‍ ലിയോ പാപ്പ പറഞ്ഞു. സമ്പത്തിനെയോ തന്നെത്തന്നെയോ സേവിക്കുന്ന സഭയ്ക്ക് വേണ്ടിയല്ല, മറിച്ച് ദൈവരാജ്യവും അതിന്റെ നീതയും അന്വേഷിക്കുന്ന ഒരു സഭയ്ക്കുവേണ്ടിയാണ് തങ്ങള്‍ പ്രാര്‍ത്ഥിക്കുന്നതെന്ന് പാപ്പ വിശദീകിച്ചു. വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ തിരുനാള്‍ദിനത്തില്‍ നടന്ന ജൂബിലി സദസ്സില്‍, ദാരിദ്ര്യത്തെക്കുറിച്ചുള്ള പ്രബോധനമാണ് പാപ്പ തുടര്‍ന്നത്.
ഭൗതിക സമ്പത്ത് നമ്മെ ഭരിക്കാന്‍ അനുവദിക്കുമ്പോള്‍, നാം ആത്മീയ ദുഃഖത്തിലേക്ക് വീണേക്കാമെന്നും എന്നാല്‍ നാം ദൈവത്തെ തിരഞ്ഞെടുക്കുമ്പോള്‍, പ്രത്യാശയും ക്ഷമയുടെയും കരുണയുടെയും ജീവിതവുമാണ് തിരഞ്ഞെടുക്കുന്നതെന്നും പാപ്പ പറഞ്ഞു.’ഈ വര്‍ഷത്തില്‍, ആരെ സേവിക്കണമെന്ന് നാം തിരഞ്ഞെടുക്കണം, നീതിയോ അനീതിയോ, ദൈവമോ പണമോ? കാരണം ഒരു തിരഞ്ഞെടുപ്പും നടത്താത്തവര്‍ നിരാശയിലേക്ക് നയിക്കപ്പെടുന്നു. ആത്മീയ ദുഃഖത്തിന്റെയും അലസതയുടെയും അനന്തരഫലമാണ് ഒന്നും തിരഞ്ഞെടുക്കാതിരിക്കുക എന്നത്. ഇത് അനുഭവിക്കുന്നവര്‍ മരണത്തേക്കാള്‍ മോശമായ ആന്തരിക അലസതയാല്‍ കീഴടക്കപ്പെടുന്നു,’ പാപ്പ പറഞ്ഞു.
ജീവിതത്തില്‍ ധീരമായ തിരഞ്ഞെടുപ്പ് നടത്തിയവര്‍ക്ക് ഉദാഹരണങ്ങളായി വിശുദ്ധ ഫ്രാന്‍സിസിനെയും വിശുദ്ധ ക്ലാരെയെയും ലിയോ പാപ്പ ചൂണ്ടിക്കാണിച്ചു. സുവിശേഷം മനസിലാക്കുകയും യേശു ചെയ്തതുപോലെ ദാരിദ്ര്യ ജീവിതം തിരഞ്ഞെടുക്കുകയും ചെയ്തവരാണ് ഈ വിശുദ്ധര്‍. ഭൂമി എല്ലാവരുടേതുമാണെന്ന് ഓര്‍മ്മിക്കാന്‍ അവരുടെ തിരഞ്ഞെടുപ്പ് പലരെയും പ്രചോദിപ്പിക്കുന്നതായി പാപ്പ പറഞ്ഞു. ‘നിങ്ങള്‍ക്ക് രണ്ട് യജമാനന്മാരെ സേവിക്കാന്‍ കഴിയില്ല’ എന്ന യേശുവിന്റെ വാക്കുകള്‍ ഉദ്ധരിച്ച പാപ്പ ശരിയായ യജമാനനെ പിന്തുടരുമ്പോള്‍ സഭ യുവത്വം നിലനിര്‍ത്തുമെന്നും യുവാക്കളെ ആകര്‍ഷിക്കുമെന്നും പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *