റോം: 540 കോടിയോളം ജനങ്ങള്‍ക്ക് അതായത് മൂന്നില്‍ രണ്ട് പേര്‍ക്ക് ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കുവാനും ഭയം കൂടാതെ മതാചാരങ്ങള്‍ അനുഷ്ഠിക്കാനും തങ്ങളുടെ വിശ്വാസം പരസ്യമായി പ്രഖ്യാപിക്കുവാനുമുള്ള സ്വാതന്ത്ര്യമില്ലെന്ന് കത്തോലിക്ക സന്നദ്ധസംഘടനയായ എയ്ഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ് (എസിഎന്‍) 2025 റിപ്പോര്‍ട്ട്. ചൈന, ഉത്തര കൊറിയ എന്നീ രാജ്യങ്ങള്‍ക്ക് പുറമെ അടുത്തിടെ വിശ്വാസത്തിന്റെ പേരില്‍ ആക്രമണങ്ങള്‍ വര്‍ധിച്ചു വരുന്ന ഇന്ത്യയും, മതസ്വാതന്ത്ര്യം ഏറ്റവും മോശമായ രാജ്യങ്ങളുടെ പട്ടികയിലുണ്ട്.
‘മതസ്വാതന്ത്ര്യം ഒരു ആനുകൂല്യമല്ല, മനുഷ്യാവകാശമാണ്’ എന്ന ശക്തമായ സന്ദേശവുമായാണ് എസിഎന്‍ മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള ദ്വിവത്സര റിപ്പോര്‍ട്ട് പുറത്തിറക്കിയത്. റിപ്പോര്‍ട്ടിംഗ് കാലയളവില്‍, ഏഷ്യയില്‍ നിന്ന് കസാക്കിസ്ഥാനിലെയും ശ്രീലങ്കയിലെയും മതസ്വാതന്ത്ര്യത്തിന്റെ അവസ്ഥയില്‍ ക്രിയാത്മക മാറ്റമുണ്ടായത് റിപ്പോര്‍ട്ടിലെ രജതരേഖയായി.
ലിയോ 14-ാമന്‍ മാര്‍പാപ്പയുമായി എസിഎന്‍ സ്റ്റാഫംഗങ്ങളും സഹകാരികളു കൂടിക്കാഴ്ച നടത്തി. ഇരുപത്തിയഞ്ച് വര്‍ഷത്തിലേറെയായി, എസിഎന്‍ പ്രസിദ്ധീകരിക്കുന്ന മതസ്വാതന്ത്ര്യ റിപ്പോര്‍ട്ട് കേവലം വിവരങ്ങള്‍ നല്‍കുന്നതിനപ്പുറം ശബ്ദമില്ലാത്തവര്‍ക്ക് ശബ്ദം നല്‍കിക്കൊണ്ടും അനേകരുടെ വേദനകള്‍ വെളിപ്പെടുത്തിക്കൊണ്ടും സാക്ഷ്യമായി മാറുന്നുണ്ടെന്ന് പാപ്പ പറഞ്ഞു.
വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിന്‍ റിപ്പോര്‍ട്ടിന്റെ പ്രകാശന ചടങ്ങില്‍ പ്രസംഗിച്ചു. മതസ്വാതന്ത്ര്യം മനഃസാക്ഷിയെ സംരക്ഷിക്കുമെന്നും, വ്യത്യസ്ത വിശ്വാസങ്ങള്‍ പിന്തുടരുന്ന ആളുകള്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ കഴിയുന്ന സമൂഹങ്ങള്‍ സൃഷ്ടിക്കുമെന്നും കര്‍ദിനാള്‍ പറഞ്ഞു. റിപ്പോര്‍ട്ടനുസരിച്ച് സ്വേച്ഛാധിപത്യം, ഇസ്ലാമിക്ക് തീവ്രവാദം, വംശീയ-മത ദേശീയത, യുദ്ധം തുടങ്ങിയവയാണ് മതസ്വാതന്ത്ര്യത്തെ ഹനിക്കുന്ന പ്രധാന ഘടകങ്ങള്‍. പാകിസ്ഥാന്‍, ഇന്ത്യ, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ മതസ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *