പരിശുദ്ധ കന്യകാമറിയത്തെ ‘സഹരക്ഷക’ എന്നു വിശേഷിപ്പിക്കുന്നതു ദൈവശാസ്ത്രപരമായി ഉചിതമല്ലെന്നും ‘കൃപാവരത്തിന്റെ മാതാവ്’എന്നും ‘മധ്യസ്ഥ’എന്നുമുള്ള വിശേഷണങ്ങള്‍ വിവേകപൂര്‍വം ഉപയോഗിക്കണമെന്നും വ്യക്തമാക്കി റോമിലെ വിശ്വാസതിരുസംഘം പ്രസിദ്ധീകരിച്ച പ്രബോധന രേഖയുമായി ബന്ധപ്പെട്ട് സീറോമലബാര്‍ സഭയുടെ മേജര്‍ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പുറപ്പെടുവിച്ച ‘മരിയഭക്തിക്കൊരു മാര്‍ഗരേഖ’ എന്ന സര്‍ക്കുലറിന്റെ പൂര്‍ണരൂപം.
മാര്‍ റാഫേല്‍ തട്ടില്‍,
സീറോമലബാര്‍ സഭയുടെ മേജര്‍ആര്‍ച്ചുബിഷപ്
പരിശുദ്ധ പിതാവു ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ അംഗീകാരത്തോടെ റോമിലെ വിശ്വാസതിരുസംഘം പ്രസിദ്ധീകരിച്ച ‘വിശ്വാസികളുടെ സമൂഹത്തിന്റെ മാതാവ്’ എന്ന പ്രബോധനംവഴി പരിശുദ്ധ കന്യകാമറിയത്തെ ‘സഹരക്ഷക’ എന്നു വിശേഷിപ്പിക്കുന്നതു ദൈവശാസ്ത്രപരമായി ഉചിതമല്ല എന്നും ‘കൃപാവരത്തിന്റെ മാതാവ്’എന്നും ‘മധ്യസ്ഥ’എന്നുമുള്ള വിശേഷണങ്ങള്‍ വിവേകപൂര്‍വം ഉപയോഗിക്കണം എന്നും പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. കത്തോലിക്കാസഭ മാതാവിനു നല്കിയിരുന്ന ബഹുമാനത്തില്‍നിന്നു പിന്നോട്ടു പോവുകയാണെന്നും പ്രൊട്ടസ്റ്റന്റ് ആശയങ്ങള്‍ അംഗീകരിക്കുകയാണെന്നുമുള്ള തെറ്റിദ്ധരിപ്പിക്കുന്ന ചര്‍ച്ചകളും വ്യാഖ്യാനങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നതു നിങ്ങള്‍ ശ്രദ്ധിച്ചുകാണുമല്ലോ.
എന്നാല്‍, പരിശുദ്ധ കന്യകാമറിയത്തെക്കുറിച്ചുള്ള തിരുസഭയുടെ അടിസ്ഥാന പ്രബോധനങ്ങളില്‍ യാതൊരുമാറ്റവും വരുത്തിയിട്ടില്ല എന്നു വ്യക്തമായി നാം മനസിലാക്കേണ്ടതുണ്ട്. പരിശുദ്ധ അമ്മയെക്കുറിച്ചു നാലു വിശ്വാസ സത്യങ്ങളാണ് തിരുസഭ ആധികാരികമായി പഠിപ്പിക്കുന്നത്. പരിശുദ്ധ കന്യകാമറിയം ദൈവമാതാവും നിത്യകന്യകയും അമലോത്ഭവയും സ്വര്‍ഗാരോപിതയുമാണ് എന്നതാണ് ആ വിശ്വാസസത്യങ്ങള്‍. ഈ നാലു സത്യങ്ങളും മാറ്റമില്ലാതെ തിരുസഭ ഇന്നും പ്രഘോഷിക്കുന്നു.
അതേസമയം, പരിശുദ്ധ കന്യകാമറിയത്തെ വിശേഷിപ്പിക്കാനുപയോഗിക്കുന്ന ചില പദങ്ങളില്‍ കടന്നുകൂടിയിട്ടുള്ള ദൈവശാസ്ത്രപരമായ വ്യതിയാനങ്ങളെ തിരുത്താനാണ് പുതിയ പ്രബോധനരേഖലക്ഷ്യംവയ്ക്കുന്നത്. മനുഷ്യാവതാരം ചെയ്ത ദൈവപുത്രനു ജന്മംകൊടുക്കുക വഴി ദൈവമാതാവായ പരിശുദ്ധ കന്യകാമറിയം നമ്മുടെയും അമ്മയാണ്. മറിയത്തിന്റെ ആത്മീയ മാതൃത്വത്തോടു ചേര്‍ന്നുനില്ക്കാനുള്ള ആഹ്വാനമാണ് ഈ പ്രബോധനരേഖയുടെ ഹൃദയം.
അതോടൊപ്പംതന്നെ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കാവുന്ന ചിലവിശേഷണങ്ങളെ വിവേകപൂര്‍വം ഒഴിവാക്കാനും ഈ പ്രബോധനരേഖ ആവശ്യപ്പെടുന്നു. അതില്‍ഏറ്റവും പ്രധാനപ്പെട്ടത് ‘സഹരക്ഷക’ എന്ന വിശേഷണം ഒഴിവാക്കാനുള്ള നിര്‍ദേശമാണ്. ഇതിനെ പുതിയൊരു നിര്‍ദേശമായി വ്യാഖ്യാനിക്കുന്നതു ശരിയല്ല. തിരുസഭ ഒരിക്കലും പരിശുദ്ധ കന്യകാമറിയം സഹരക്ഷകയാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുകയോ പഠിപ്പിക്കുകയോ ചെയ്തിട്ടില്ല.
മറിയത്തോടുള്ള സ്‌നേഹാദരവുകള്‍ പ്രകടിപ്പിക്കാന്‍ ചില മരിയഭക്തര്‍ പരിശുദ്ധ അമ്മയെ സഹരക്ഷക എന്നു വിശേഷിപ്പിച്ചിരുന്നു എന്നതു വസ്തുതയാണ്. എന്നാല്‍ ഈ വിശേഷണം ദൈവശാസ്ത്രപരമായി ചില തെറ്റിദ്ധാരണകള്‍ക്കു കാരണമാകും എന്നതു ചൂണ്ടിക്കാണിക്കുകയാണ് പുതിയ പ്രബോധനരേഖ ചെയ്യുന്നത്. ‘മറിയം സഹരക്ഷകയാണ്’ എന്നു പറയുമ്പോള്‍ മിശിഹായുടെ രക്ഷാകര്‍മം അതില്‍ത്തന്നെ അപൂര്‍ണമാണെന്നും മറിയത്തിന്റെ സഹായം കൂടാതെ അതു സാധ്യമാവുകയില്ലായിരുന്നുഎന്നും തെറ്റിദ്ധരിക്കാനുള്ള സാധ്യതയുണ്ട്. അല്ലെങ്കില്‍ ഈശോയും മറിയവും ചേര്‍ന്നാണു മനുഷ്യരക്ഷ സാധ്യമാക്കിയത് എന്നുചിന്തിക്കാനും ഇടയായേക്കാം.
മനുഷ്യകുലത്തിന്റെ രക്ഷയില്‍ ഈശോവഹിച്ച അതുല്യമായസ്ഥാനത്തിന്റെ മഹത്വത്തിനു ഭംഗംവരുത്താന്‍ ഇത്തരം തെറ്റിദ്ധാരണകള്‍ ഇടവരുത്തിയേക്കാമെന്നുള്ളതുകൊണ്ടാണ് ഈ പരാമര്‍ശം ഒഴിവാക്കണമെന്നു പ്രബോധനരേഖ നിര്‍ദേശിക്കുന്നത്. ദൈവത്തിന്റെ രക്ഷാകരപദ്ധതിയില്‍ മറിയം വഹിച്ച നിര്‍ണായകമായ പങ്കിനെ പുതിയ പ്രബോധനരേഖ യാതൊരുവിധത്തിലും നിഷേധിക്കുന്നില്ല. മറിയം ദൈവഹിതത്തിനു തന്നെത്തന്നെ വിട്ടുകൊടുക്കുകയും ഈശോയുടെ അമ്മയാകാന്‍ സഹനപൂര്‍വം സന്നദ്ധയാവുകയും ചെയ്തു. മറിയം ‘ദൈവിക പദ്ധതിയോടു സഹകരിച്ചു’ എന്നതും ‘സഹരക്ഷകയാണ്’ എന്നതും തമ്മില്‍ വ്യത്യാസമുണ്ട്. വിശ്വാസംകൊണ്ടും അനുസരണംകൊണ്ടും സ്വാതന്ത്ര്യത്തോടെ ദൈവത്തിന്റെ രക്ഷാകര്‍മത്തില്‍ സഹകാരിണിയായി എന്നതാണു പരിശുദ്ധ അമ്മയുടെ മഹത്വം.
അതുപോലെതന്നെ, മറിയത്തെ ‘കൃപാവരത്തിന്റെ അമ്മ’എന്നു വിശേഷിപ്പിക്കുമ്പോള്‍ എല്ലാകൃപകളും മറിയത്തില്‍നിന്നാണ് ഉത്ഭവിക്കുന്നത് എന്നൊരു ധ്വനി അതിനുണ്ടാകാം എന്ന വസ്തുതയും പ്രബോധനരേഖ ചൂണ്ടിക്കാണിക്കുന്നുണ്ട്. ‘സകലകൃപകളുടെയും മധ്യസ്ഥ’ എന്ന പ്രയോഗവും പരിമിതികളുള്ളതാണ്. സകലകൃപകളുടെയും ഉറവിടം ദൈവംമാത്രമാണ്. ഏകജാതനായമിശിഹാ എല്ലാ കൃപകളും വര്‍ഷിക്കുന്നത് അവിടുന്നു സ്ഥാപിച്ച തിരുസഭയിലെ പരിശുദ്ധ കൂദാശകളിലൂടെയാണ്. ഈ വിശ്വാസരഹസ്യത്തിന്റെ സമഗ്രതയെ പരിരക്ഷിക്കാന്‍ ‘കൃപാവരത്തിന്റെ അമ്മ’ എന്ന പ്രയോഗം ഒഴിവാക്കുന്നതാണ് അഭിലഷണീയമെന്നു പ്രബോധനരേഖ ചൂണ്ടിക്കാണിക്കുന്നു.
വലിയ വിവേകവും ശ്രദ്ധയും ആവശ്യമുള്ള ഒരുപ്രയോഗമാണ്. ‘മധ്യസ്ഥയായ മാതാവ്’ എന്നത്. പരിശുദ്ധ മറിയം നമുക്കായി ദൈവ സന്നിധിയില്‍ മാധ്യസ്ഥ്യം വഹിക്കുന്നു എന്നതില്‍ സംശയമില്ല. നമുക്കുവേണ്ടി മാധ്യസ്ഥ്യം അപേക്ഷിക്കാന്‍ മാതാവിനു കഴിയും എന്നു പറയുന്നതും ‘അവള്‍ മധ്യസ്ഥയാണ്’ എന്നു വിശേഷിപ്പിക്കുന്നതും തമ്മിലുള്ള ദൈവശാസ്ത്രപരമായ വ്യത്യാസത്തെയാണ് പ്രബോധനരേഖ ചൂണ്ടിക്കാണിക്കുന്നത്. ദൈവത്തിനും മനുഷ്യനും ഇടയില്‍ ഏകമധ്യസ്ഥനായി ഈശോമിശിഹാ മാത്രമാണുള്ളത്. മിശിഹായുടെ ഏക മാധ്യസ്ഥ്യത്തിനു സമാനമായി മാതാവിന്റെ മാധ്യസ്ഥ്യാപേക്ഷയെ അവതരിപ്പിക്കരുത് എന്ന താണ് തിരുസഭയുടെ ബോധ്യം.
ഈശോമിശിഹാ ‘ഏക മധ്യസ്ഥന്‍’ ആയിരിക്കുന്നത് അവിടുന്ന് ഒരേസമയം പൂര്‍ണദൈവവും പൂര്‍ണമനുഷ്യനുമാണ് എന്നതുകൊണ്ടാണ്. ദൈവത്തിനും മനുഷ്യനും ഇടയില്‍ മധ്യസ്ഥ്യത പുലര്‍ത്തുന്ന മറ്റാരുമില്ല എന്നതാണ് ‘മിശിഹാ ഏക മധ്യസ്ഥന്‍’എന്നതിന്റെ അര്‍ഥം. ഈ വ്യത്യാസത്തെ വ്യക്തമായി അവതരിപ്പിക്കാതെ,’മധ്യസ്ഥ’എന്നു മറിയത്തെ വിളിക്കുന്നതു തെറ്റിദ്ധാരണകള്‍ക്ക് ഇടവരുത്തും. ചുരുക്കത്തില്‍ ദൈവത്തിന്റെ രക്ഷാകരപദ്ധതിയില്‍ ഈശോമിശിഹായുടെ അതുല്യമായ അനന്യശ്രേഷ്ഠതയെ ഊന്നിപ്പറയുകയാണ് ഈ പ്രബോധനരേഖയുടെ ലക്ഷ്യം. പരിശുദ്ധമറിയത്തോടുള്ള തിരുസഭയുടെ പരമ്പരാഗത ഭക്തിയെ പരിപോഷിപ്പിക്കുന്നതും ശരിയായ ദിശാബോധം നല്കുന്നതുമാണു പുതിയ പ്രബോധനരേഖ.
പരിശുദ്ധ കന്യകാമറിയം തിരുസഭയില്‍ ഉന്നതമായ വണക്കത്തിനു യോഗ്യയാണ്. കുരിശിന്റെ ചുവടുവരെ ഈശോയെ അനുഗമിക്കാന്‍തക്ക വിശ്വാസബോധ്യവും ആത്മധൈര്യവും മറിയത്തിനുണ്ടായിരുന്നു. തന്റെ മരണത്തിനു മുന്‍പു കുരിശില്‍വച്ച് ഈശോ വിശ്വാസികള്‍ക്കെല്ലാം അമ്മയായി പരിശുദ്ധ മറിയത്തെ നല്കിയതാണ് (യോഹ. 19:27). തിരുസഭയുടെ മാതാവും പ്രതീകവുമാകയാല്‍ പരിശുദ്ധ മറിയത്തിന്റെ ജീവിതം സഭയ്ക്കുമാതൃകയും പ്രചോദനവുമാണ്. ആത്മശരീരങ്ങളോടെ പരിശുദ്ധ കന്യകാമറിയം സ്വര്‍ഗത്തിലേക്കു സ്വീകരിക്കപ്പെട്ടെങ്കില്‍ മറിയത്തെ അനുകരിക്കുന്ന സഭമുഴുവനും അതേസ്വര്‍ഗപ്രവേശനത്തിന് അര്‍ഹമാണ്.
പരിശുദ്ധ അമ്മയോടുള്ള ഭക്തിപ്രകടമാക്കുന്ന ജപമാലയും നൊവേനകളും ഉത്തരീയഭക്തിയും കത്തോലിക്കാ സഭയില്‍ യാതൊരു മാറ്റവുമില്ലാതെ തുടരുന്നതാണ്. രക്ഷാകരപദ്ധതിയില്‍ ഈശോയും മറിയവും വഹിച്ച പങ്കിനെ നിയതമായി നിര്‍വചിക്കുന്ന ഈ പ്രബോധനരേഖയെ ദുര്‍വ്യാഖ്യാനം ചെയ്യുന്നവരുടെ നിക്ഷിപ്ത താത്പര്യങ്ങള്‍ക്കും തെറ്റായ പഠനങ്ങള്‍ക്കുമെതിരേ നമ്മള്‍ അതീവ ജാഗ്രത പാലിക്കണമെന്നും ഓര്‍മ്മിപ്പിക്കട്ടെ.
















Leave a Comment
Your email address will not be published. Required fields are marked with *