കൊച്ചി: മദര്‍ ഏലീശ്വായുടെ വിശുദ്ധവും ധീരവും അചഞ്ചലവുമായ വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും ജീവിതം അനേകര്‍ക്ക് പ്രചോദനമായി തീരുമെന്ന് പെനാങ് രൂപത മെത്രാന്‍ കര്‍ദിനാള്‍ സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ്. കേരള സഭയിലെ ആദ്യ സന്ന്യാസിനിയും, ഇന്ത്യയിലെ സ്ത്രീകള്‍ക്കു വേണ്ടിയുള്ള പ്രഥമ കര്‍മലീത്താ നിഷ്പാദുക മൂന്നാം സഭയുടെ സ്ഥാപകയുമായ മദര്‍ ഏലീശ്വായെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയ തിരുകര്‍മങ്ങളില്‍ മുഖ്യകാര്‍മികത്വം വഹിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
ദേശീയ മരിയന്‍ തീര്‍ഥാടനകേന്ദ്രമായ എറണാകുളം വല്ലാര്‍പാടം ബസിലിക്കയില്‍ നടന്ന തിരുകര്‍മങ്ങളുടെ ഭാഗമായി വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ധന്യ മദര്‍ ഏലീശ്വായെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിനുള്ള അഭ്യര്‍ഥന നടത്തി. കര്‍ദിനാള്‍ സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപിച്ചപ്പോള്‍ ദേവാലയ മണികള്‍ മുഴങ്ങി.
വത്തിക്കാന്റെ ഇന്ത്യയിലെ അപ്പസ്തോലിക പ്രതിനിധി ആര്‍ച്ചുബിഷപ് ഡോ. ലെയോപോള്‍ദോ ജിറെല്ലി സന്ദേശം നല്‍കി. കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് വാഴ്ത്തപ്പെട്ട മദര്‍ ഏലീശ്വായുടെ തിരുസ്വരൂപം അനാവരണം ചെയ്തു. തുടര്‍ന്ന് മദറിന്റെ തിരുശേഷിപ്പ് ഔദ്യോഗികമായി ഏറ്റുവാങ്ങി അള്‍ത്താരയില്‍ പ്രതിഷ്ഠിച്ചു.

ദിവ്യബലിക്കുശേഷം ഏലീശ്വാമ്മയുടെ നൊവേന സിബിസിഐ അധ്യക്ഷന്‍ ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പ്രകാശനം ചെയ്തു. കെആര്‍എല്‍സിബിസി പ്രസിഡന്റ് ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ സുവനീര്‍ പ്രകാശനം ചെയ്തു. കോഫി ടേബിള്‍ ബുക്കിന്റെ പ്രകാശനം ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ആദ്യകോപ്പി മദര്‍ ഷഹീല സിടിസിക്ക് നല്‍കി നിര്‍വ്വഹിച്ചു. ബസിലിക്കയിലേക്കുള്ള വാഴ്ത്തപ്പെട്ട മദര്‍ ഏലീശ്വായുടെ തിരുസ്വരൂപ പ്രയാണത്തോടെ ചടങ്ങുകള്‍ സമാപിച്ചു.
സാംബിയയിലെ ചിപാത്താ രൂപതാ ബിഷപ് ജോര്‍ജ് കോസ്മസ് സുമീറെ ലുംഗു, ടാന്‍സനിയയിലെ മഫിംഗാ രൂപതയിലെ ബിഷപ് വിന്‍സെന്റ് കോസ്മസ് മൗഗലാ, മുംബൈ ആര്‍ച്ചുബിഷപ് ജോണ്‍ റോഡ്രിഗസ്, ആഗ്ര ആര്‍ച്ചുബിഷപ് ആല്‍ബര്‍ട്ട് ഡിസൂസ, മദ്രാസ്-മൈലാപ്പൂര്‍ ആര്‍ച്ചുബിഷപ് ജോര്‍ജ് അന്തോണിസാമി, ലഖ്നൗ ബിഷപ് ജെറാള്‍ഡ് ജോണ്‍ മത്യാസ്, ഭോപ്പാല്‍ ആര്‍ച്ചുബിഷപ് സെബാസ്റ്റ്യന്‍ ദുരൈരാജ്, ബെര്‍ഹാംപുര്‍ ബിഷപ് ശരത് ചന്ദ്ര നായക്, കര്‍ണൂര്‍ ബിഷപ് ഡോ. ജോഹന്നാന്‍സ്, ഷിംല-ചണ്ഡിഗഢ് ബിഷപ് എമരിറ്റസ് ഇഗ്‌നേഷ്യസ് ലയോള മസ്‌ക്രിനാസ്, ജബുവ ബിഷപ് പീറ്റര്‍ റുമാല്‍ ഖരാഡി, ശിവഗംഗ ബിഷപ് ലൂര്‍ദ് ശിവഗംഗ, ഇംഫാല്‍ ആര്‍ച്ചുബിഷപ് എമരിറ്റസ് ഡോമിനിക് ലുമോണ്‍, ഝാന്‍സി എമരിറ്റസ് ബിഷപ് ഡോ. പീറ്റര്‍ പറപ്പുള്ളില്‍, സീറോ മലബാര്‍ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, തിരുവനന്തപുരം ആര്‍ച്ചുബിഷപ് ഡോ. തോമസ് ജെ. നെറ്റോ, ആര്‍ച്ചുബിഷപ് ഡോ. ഫ്രാന്‍സീസ് കല്ലറക്കല്‍, ബിഷപ് ഡോ. ജോസഫ് കരിയില്‍, വരാപ്പുഴ സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍, കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍, നെയ്യാറ്റിന്‍കര ബിഷപ് ഡോ. ഡി. സെല്‍വരാജന്‍, ഡോ. വിന്‍സെന്റ് സാമുവല്‍, കൊല്ലം ബിഷപ് ഡോ. ആന്റണി മുല്ലശേരി, പുനലൂര്‍ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, വിജയപുരം സഹായ മെത്രാന്‍ ഡോ. ജസ്റ്റിന്‍ മഠത്തിപ്പറമ്പില്‍, ആലപ്പുഴ ബിഷപ് ഡോ. ജെയിംസ് ആനാപറമ്പില്‍, കൊച്ചി നിയുക്ത മെത്രാന്‍ ഡോ. ആന്റണി കാട്ടിപ്പറമ്പില്‍, കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല, കണ്ണൂര്‍ സഹായമെത്രാന്‍ ഡോ. ഡെന്നിസ് കുറുപ്പശേരി, സുല്‍ത്താന്‍പേട്ട് ബിഷപ് ഡോ. അന്തോണിസാമി പീറ്റര്‍ അബീര്‍, മാര്‍ തോമസ് ചക്യത്ത്, ഡോ. ജോഷ്വ മാര്‍ ഇഗ്‌നാത്തിയോസ്, മാര്‍ അപ്രേം എന്നിവര്‍ ദിവ്യബലിയില്‍ പങ്കെടുത്തു.

മദര്‍ ഏലീശ്വാ 1866 ഫെബ്രുവരി 13-ന് കൂനമ്മാവില്‍ സ്ഥാപിച്ച കര്‍മലീത്ത നിഷ്പാദുക മൂന്നാം സഭ (ടിഒസിഡി) ആണ് 1890 -ല്‍ റീത്തടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ടാണ് കോണ്‍ഗ്രിഗേഷന്‍ ഓഫ് തെരേസ്യന്‍ കാര്‍മലൈറ്റ്‌സ് (സിടിസി), കോണ്‍ഗ്രിഗേഷന്‍ ഓഫ് ദ മദര്‍ ഓഫ് കാര്‍മല്‍ (സിഎംസി), എന്നീ രണ്ട് സന്യാ സിനി സഭകള്‍ രൂപംകൊണ്ടത്.
















Leave a Comment
Your email address will not be published. Required fields are marked with *