കൊച്ചി: സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ സച്ചിന്‍ ബേബി എന്ന കപ്പൂച്ചിന്‍ സന്യാസിയുടെ വൈദികപട്ട സ്വീകരണവും നന്ദിപ്രസംഗവും സുഹൃത്തായ നടി അനുശ്രീ പങ്കുവച്ച കുറിപ്പുമൊക്കെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എന്നാല്‍ ഒരിക്കല്‍ സോഷ്യല്‍ മീഡിയയിലെ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്ത് സെമിനാരിയില്‍ ചേര്‍ന്ന് സച്ചിന്‍ ഏകദേശം ഒരു ദശാബ്ദത്തോളം നീണ്ട സന്യാസ പരിശീലന കാലഘട്ടത്തിന്റെ ഏറിയ സമയവും ഫോണോ ഇന്റര്‍നെറ്റ് സൗകര്യമോ ഒന്നും കാര്യമായി ഉപയോഗിക്കാതെയാണ് മുമ്പോട്ട് പോയിരുന്നതെന്ന സത്യം അധികം ആര്‍ക്കുമറിയില്ല. ഇന്ന് സംഗീതവും ആത്മീയ ചിന്തകളും പങ്കുവച്ചുകൊണ്ട് സുവിശേഷത്തിന്റെ സന്തോഷം അനേകരിലേക്കെത്തിക്കുന്ന ഫാ. സച്ചിന്‍ ബേബിയെ ലക്ഷക്കണക്കിനാളുകള്‍, പ്രത്യേകിച്ചും യുവജനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുന്നത്. എങ്കിലും ലൈക്കുകളുടെയും ഷെയറുകളുടെയും ലോകത്തിനപ്പുറം ഫ്രാന്‍സിസ്‌കന്‍ ലാളിത്യവും പ്രേഷിത തീക്ഷ്ണതയുമാണ് ഈ യുവ വൈദികനെ അടയാളപ്പെടുത്തുന്നത്.
സോഷ്യല്‍ മീഡിയ സമയം പാഴാക്കുന്ന ഇടമാണെന്ന് വിശ്വസിച്ചാണ് അത് ഉപേക്ഷിക്കാനുള്ള തീരുമാനം അദ്ദേഹം സ്വീകരിച്ചത്. എന്നാല്‍ അതേ സോഷ്യല്‍ മീഡിയ സുവിശേഷത്തിന്റെ സന്തോഷം പങ്കുവയ്ക്കുന്നതിനുള്ള മാധ്യമമാക്കി മാറ്റി എന്നതാണ് ഫാ. സച്ചിന്‍ ബേബിയുടെ വിജയം.ഒരു കൗണ്‍സിലിങ്ങ് സമയത്ത്,സച്ചിന്‍ സോഷ്യല്‍ മീഡിയയിലൂടെ ദൈവത്തെ പ്രഘോഷിക്കുമെന്ന് സിഎംസി സന്യാസ സഭാംഗമായ കൗണ്‍സിലര്‍ പറഞ്ഞപ്പോള്‍ ‘അത് ഒരിക്കലും സംഭവിക്കില്ല’ എന്നായിരുന്നു അന്ന് സെമിനാരി വിദ്യാര്‍ത്ഥിയായിരുന്ന സച്ചിന്റെ മറുപടി. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പും ആ സന്യാസിനിയുടെ വാക്കുകള്‍ നിറവേറുമ്പോള്‍ ഇത് ദൈവികപദ്ധതിയാണെന്ന് സച്ചിനൊപ്പം അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരും തിരിച്ചറിയുന്നു.
തന്റെ കലാപരമായ കഴിവുകള്‍ പരിചയക്കാരുമായി പങ്കുവെക്കാന്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ് സച്ചിന്റെ ജീവിതം മാറിമറിഞ്ഞത്. തുടക്കത്തില്‍, തന്റെ ചിത്രങ്ങളും സ്‌കെച്ചുകളും പങ്കുവെക്കാന്‍ മാത്രമാണ് അദ്ദേഹം ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ആരംഭിച്ചത്. പിന്നീട്, തന്റെ സംഗീത വീഡിയോകളും പങ്കുവെക്കാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ വീഡിയോകള്‍ അതിവേഗം വൈറലായി. മികച്ച സംഗീതത്തോടൊപ്പം, കപ്പൂച്ചിന്‍ വേഷവും സത്യസന്ധമായ അവതരണവും ആളുകളെ ആകര്‍ഷിച്ചു. സോഷ്യല്‍ മീഡിയയിലെ പ്രശസ്തിയുടെ നടുവിലും, താന്‍ ‘യേശുവിന്റെ കൈകളിലെ ഒരു ഉപകരണം’ മാത്രമാണെന്ന് ഫാ. സച്ചിന്‍ ബേബി ഏറ്റുപറയുന്നു.
















Leave a Comment
Your email address will not be published. Required fields are marked with *