Follow Us On

04

May

2024

Saturday

ജൂലൈ 26: വിശുദ്ധ ജോവാക്കിമും വിശുദ്ധ ഹന്നായും

നിരവധി അത്ഭുതങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള കാനഡായിലെ പ്രസിദ്ധമായ വിശുദ്ധ ആന്നേ ഡെ ബീപ്രേ ദേവാലയത്തെക്കുറിച്ച് അറിയാത്തവര്‍ വളരെ ചുരുക്കമേ കാണുകയുള്ളൂ. ഇവിടെ രോഗശാന്തി ലഭിക്കുന്ന അനേകം മുടന്തന്‍മാര്‍ തങ്ങളുടെ ക്രച്ചസ് ഉപേക്ഷിക്കുന്നു. വിശുദ്ധ ജോവാക്കിമിനോടും വിശുദ്ധ ഹന്നായോടും പ്രാര്‍ത്ഥിക്കുവാനായി ആയിരകണക്കിന് മൈലുകള്‍ അപ്പുറത്ത് നിന്നുപോലും ഈ ദേവാലയത്തിലേക്ക്‌ തീര്‍ത്ഥാടകര്‍ പ്രവഹിക്കുന്നു. ഒരുകാലത്ത്‌ ജൂലൈ 26ന് വിശുദ്ധ ഹന്നായുടെ തിരുനാള്‍ മാത്രമേ ആഘോഷിക്കപ്പെട്ടിരുന്നുള്ളു. പക്ഷേ പുതിയ ദിനസൂചികയില്‍ പരിശുദ്ധ മറിയത്തിന്റെ മാതാപിതാക്കളുടെ രണ്ട് തിരുനാളുകളും ഒരുമിച്ചു ആഘോഷിക്കപ്പെടുന്നു.

ഏതാണ്ട് 170-ല്‍ രചിക്കപ്പെട്ട യാക്കോബിന്റെ സുവിശേഷങ്ങളില്‍ നിന്നുമാണ് പരിശുദ്ധ മറിയത്തിന്റെ മാതാപിതാക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിവായിട്ടുള്ളത്. ഇതിലെ വിവരങ്ങള്‍ അനുസരിച്ച് അക്കാലത്തു ഏറെ ബഹുമാനിതനുമായ വ്യക്തിയായിരുന്നു ജൊവാക്കിം. അദ്ദേഹത്തിന്റെ പത്നിയായിരുന്നു ഹന്നാ. ഈ ദമ്പതികള്‍ക്ക്‌ വര്‍ഷങ്ങളായി കുട്ടികളൊന്നും ഇല്ലാതിരുന്നു. മക്കള്‍ ജനിക്കാത്തത് കൊണ്ട് ദൈവത്തിന്റെ ഒരു ശിക്ഷ എന്ന നിലയിലായിരുന്നു അവര്‍ ഇതിനെ കണ്ടിരുന്നത്. വര്‍ഷങ്ങള്‍ നീണ്ട അവരുടെ പ്രാര്‍ത്ഥനയുടെ ഫലമായി മറിയം ജനിക്കുകയും, അവളുടെ ചെറുപ്പത്തില്‍ തന്നെ അവര്‍ അവളെ ദൈവത്തിനു സമര്‍പ്പിക്കുകയും ചെയ്തു.

വിശുദ്ധരായ ജോവാക്കിമിന്റെയും, ഹന്നായുടേയും തിരുനാളുകള്‍ പണ്ട് മുതലേ നിലവിലുണ്ട്. മധ്യകാലഘട്ടത്തില്‍ വിശുദ്ധ ഹന്നായുടെ നാമധേയത്തില്‍ നിരവധി ദേവാലയങ്ങളും, ആശ്രമങ്ങളും സമര്‍പ്പിക്കപ്പെട്ടിരുന്നു. പണ്ട് മുതലേ ഈ ദമ്പതികളെ ക്രിസ്തീയ വിവാഹ ബന്ധത്തിന്റെ ഉത്തമ മാതൃകകളായിട്ട് പരിഗണിച്ചു വരുന്നു. ജെറുസലെമിലെ സുവര്‍ണ്ണ കവാടത്തില്‍ വെച്ചുള്ള അവരുടെ കണ്ടുമുട്ടല്‍ കലാകാരന്‍മാരുടെ ഇഷ്ടപ്പെട്ട വിഷയമായിരുന്നു.

യേശുവിന്റെ വല്യമ്മയെന്ന നിലയില്‍ ഹന്നാ പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുകയും, പലപ്പോഴും ചിത്രകലകളില്‍ യേശുവിന്റെയും മറിയത്തിന്റെയും ഒപ്പം ചിത്രീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഫ്രാന്‍സിലെ ബ്രിട്ടാണിയിലുള്ള സെന്റ്‌ ആന്നേ ഡി ഓരേ’യും, കാനഡായിലെ ക്യൂബെക്കിന് സമീപത്തുള്ള സെന്റ്‌ ആന്നേ ഡി ബീപ്രേയും ഈ വിശുദ്ധയുടെ പ്രസിദ്ധമായ ദേവാലയങ്ങളാണ്. പരിശുദ്ധ മറിയത്തിന്റെ മാതാപിതാക്കളുടെ ജീവിതത്തെക്കുറിച്ച് നമുക്ക്‌ വളരെക്കുറച്ചു അറിവ്‌ മാത്രമേയുള്ളു. എന്നിരുന്നാലും പരിശുദ്ധ മറിയത്തേ പരിഗണിച്ചു നോക്കുമ്പോള്‍, മറിയത്തേ നമുക്ക്‌ സമ്മാനിച്ചുകൊണ്ട് രക്ഷാകര ദൗത്യത്തില്‍ ഒരു പ്രധാനപ്പെട്ട പങ്ക് വഹിച്ച ഇവര്‍ തീര്‍ച്ചയായും ഉന്നതമായ വ്യക്തിത്വങ്ങളാണെന്ന് ഉറപ്പിക്കാം.

വിശുദ്ധ ഹന്നായുടെ നാമധേയത്തില്‍ ജെറുസലേമില്‍ ഒരു ദേവാലയം ഉണ്ട്. ഇത് വിശുദ്ധരായ ജോവാക്കിമിന്റെയും, ഹന്നായുടേയും ഭവനമിരുന്ന സ്ഥലത്ത് തന്നെയാണെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ദമ്പതിമാരുടെ ഭവനത്തില്‍ വെച്ചാണ് കന്യകാ മറിയം ദൈവമാതാവാകുവാനുള്ള ദൈവീക പരിശീലനം നേടിയത്‌. പരിശുദ്ധ മാതാവിനോടുള്ള ക്രൈസ്തവരുടെ സ്നേഹത്തിന്റെ ഒരു വിപുലീകരണമാണ് ഈ ദമ്പതിമാരോടുള്ള ഭക്തി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?