Follow Us On

23

November

2024

Saturday

ജൂലൈ 31: വിശുദ്ധ ഇഗ്നേഷ്യസ് ലെയോള

സ്പെയിനിലെ കാന്‍ബ്രിയായിലുള്ള ലൊയോളയിലെ ഒരു കുലീന കുടുംബത്തിലായിരുന്നു ഇഗ്നേഷ്യസ്‌ ലൊയോള ജനിച്ചത്. ആദ്യം അവിടുത്തെ കത്തോലിക്കാ രാജാവിന്റെ രാജാധാനിയില്‍ സേവനം ചെയ്ത ഇഗ്നേഷ്യസ്, പിന്നീട് സൈന്യത്തില്‍ ചേര്‍ന്നു. 1521-ല്‍ പാംബെലൂന സൈനീക ഉപരോധത്തില്‍ പീരങ്കിയുണ്ട കൊണ്ട് കാലില്‍ മുറിവേറ്റ വിശുദ്ധന്‍, തന്റെ രോഗാവസ്ഥയിലെ വിശ്രമകാലം മുഴുവനും ക്രൈസ്തവപരമായ പുസ്തകങ്ങള്‍ വായിക്കുവാനായി ചിലവഴിച്ചു. അത് വഴിയായി യേശുവിന്റെ വഴിയേ പിന്തുടര്‍ന്ന വിശുദ്ധരെ പോലെ അവിടുത്തെ പിന്തുടരുവാനുള്ള ശക്തമായ ആഗ്രഹം വിശുദ്ധനില്‍ ജനിച്ചു. മൊൺസെറാറ്റിലുള്ള പരിശുദ്ധ മാതാവിന്റെ ദേവാലയത്തെക്കുറിച്ച് കേട്ട വിശുദ്ധന്‍ മൊൺസെറാറ്റില്‍ പോയി പരിശുദ്ധ കന്യകയുടെ തിരുമുമ്പില്‍ ഇരു കൈകളും ഉയര്‍ത്തി ആ രാത്രി മുഴുവന്‍ പ്രാര്‍ത്ഥനയില്‍ മുഴുകികൊണ്ട് ക്രിസ്തുവിന്റെ പോരാളിയായി മാറുകയായിരിന്നു. 

പിന്നീട് തന്റെ ആഡംബര വസ്ത്രങ്ങള്‍ ഒരു ഭിക്ഷക്കാരന് ദാനം ചെയ്യുകയും, ചണനാരുകള്‍ കൊണ്ട് നെയ്ത പരുക്കന്‍ വസ്ത്രം ധരിച്ചുകൊണ്ട് മാന്‍റെസായിലേക്ക്‌ പോകുകയും ചെയ്തു. ഒരു വര്‍ഷത്തോളം വിശുദ്ധന്‍ അവിടെ ചിലവഴിച്ചു. അക്കാലത്ത്‌ തനിക്ക്‌ ധര്‍മ്മമായി ലഭിച്ചിരുന്ന വെള്ളവും, അപ്പവുമായിരുന്നു വിശുദ്ധന്റെ ഭക്ഷണം. ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ വിശുദ്ധന്‍ ഉപവസിച്ചു. ഒരു ചങ്ങല തന്റെ അരയില്‍ ധരിച്ചുകൊണ്ട് നാരുകള്‍ കൊണ്ടുള്ള കുപ്പായം ധരിക്കുകയും, വെറും നിലത്ത് കിടന്നുറങ്ങുകയും ചെയ്ത വിശുദ്ധന്‍, ലോഹം കൊണ്ട് പലപ്പോഴും തന്റെ ശരീരത്തില്‍ പീഡനങ്ങള്‍ ഏല്‍പ്പിക്കുക പതിവായിരിന്നു.ഇക്കാലയളവിലാണ് ഒട്ടുംതന്നെ വിദ്യാഭ്യാസം ലഭിക്കാത്ത ഇഗ്നേഷ്യസ് ‘ആത്മീയാഭ്യാസങ്ങള്‍’ (Spiritual Exercises) എന്ന പ്രസിദ്ധമായ ഗ്രന്ഥം രചിക്കുന്നത്. അധികം വൈകാതെ കൂടുതല്‍ ആത്മാക്കളെ നേടുന്നതിനായി വിദ്യാഭ്യാസത്തിന്റെ നേട്ടങ്ങള്‍ കൊയ്യുവാന്‍ തീരുമാനിച്ചുകൊണ്ട് ഇഗ്നേഷ്യസ് കുട്ടികള്‍ക്കൊപ്പം പഠിക്കുവാന്‍ തുടങ്ങി. ഇതിനിടയിലും ആത്മാക്കളുടെ മോക്ഷത്തിനു വേണ്ടിയുള്ള തന്റെ ശ്രമങ്ങള്‍ ഇഗ്നേഷ്യസ് നിറുത്തിയില്ല. അതിനായി പല സ്ഥലങ്ങളില്‍ നിന്നും അദ്ദേഹത്തിനു നേരിടണ്ടി വന്ന സഹനങ്ങളെയും, അപമാനങ്ങളെയും വളരെയേറെ ക്ഷമയോട് കൂടി അദ്ദേഹം നേരിട്ടു.

ഏറ്റവും കഠിനമായ യാതനകളും, ഒരു പക്ഷേ മരണം വരെ സംഭവിച്ചേക്കാവുന്ന രീതിയിലുള്ള പീഡനങ്ങളും, കാരാഗ്രഹവാസവും ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ യേശുവിനു വേണ്ടി ഇതില്‍ കൂടുതല്‍ സഹിക്കുവാന്‍ ഇഗ്നേഷ്യസ് തയ്യാറായിരുന്നു. പാരീസിലെ സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥിയായിരിക്കെ അതേ സര്‍വ്വകലാശാലയില്‍ നിന്നും സാഹിത്യത്തിലും, ദൈവശാസ്ത്രത്തിലും ബിരുദധാരികളും, വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ളവരുമായ ഒമ്പത്‌ സഹചാരികള്‍ക്കൊപ്പം വിശുദ്ധന്‍ മോണ്ട്മാര്‍ട്രേയില്‍ വെച്ച് ഒരു കൂട്ടായ്മക്ക് രൂപം നല്‍കി. ഇതായിരുന്നു പിന്നീട് റോമില്‍വെച്ച് സ്ഥാപിക്കപ്പെട്ട ഈശോ സഭയുടെ ആദ്യ അടിത്തറ.

സാധാരണയായുള്ള മൂന്ന്‍ വൃതങ്ങള്‍ക്കൊപ്പം വിശുദ്ധന്‍ പ്രേഷിതപ്രവര്‍ത്തനത്തെ ആസ്പദമാക്കിയുള്ള നാലാമതൊരു വൃതവും കൂട്ടി ചേര്‍ത്തുകൊണ്ട് തന്റെ സഭയെ അപ്പസ്തോലിക പ്രവര്‍ത്തനവുമായി കൂടുതല്‍ അടുപ്പിച്ചു. പോള്‍ മൂന്നാമനാണ് ആദ്യമായി ഈ സഭയെ സ്വാഗതം ചെയ്യുന്നതും അംഗീകരിക്കുന്നതും; പില്‍ക്കാലത്ത് മറ്റ് പാപ്പാമാരും, ട്രെന്റ് സുനഹദോസും ഈശോ സഭയെ അംഗീകരിച്ചു. ഇഗ്നേഷ്യസ് തന്റെ മുഴുവന്‍ സഭാ മക്കളേയും സുവിശേഷ പ്രഘോഷണത്തിനായി വിവിധ രാജ്യങ്ങളിലേക്ക് അയച്ചു. ഇതില്‍ വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ ഇന്‍ഡീസിലേക്കാണ് അയക്കപ്പെട്ടത്. അപ്രകാരം വിജാതീയര്‍, അന്ധവിശ്വാസങ്ങള്‍, മതവിരുദ്ധത എന്നിവക്കെതിരെ ഒരു തുറന്ന യുദ്ധത്തിനു തന്നെ വിശുദ്ധന്‍ ആരംഭം കുറിച്ചു.

പ്രൊട്ടസ്റ്റന്റ്കാരുടെ ദൈവശാസ്ത്രത്തിനെതിരെ വിശുദ്ധന്‍ അക്ഷീണം പോരാടി. യൂറോപ്പില്‍ പ്രൊട്ടസ്റ്റന്റ് വിഭാഗക്കാര്‍ക്കെതിരായ പോരാട്ടത്തില്‍ തിരുസഭയുടെ ഏറ്റവും വലിയ പോരാളികളായിരുന്നു ഈശോ സഭക്കാര്‍. വിശുദ്ധ മന്ദിരങ്ങളുടെ മോടി കൂട്ടല്‍, വേദോപദേശം നല്‍കല്‍, നിരന്തരമായ സുവിശേഷ പ്രഘോഷണങ്ങള്‍ എന്നിവ വഴി വിശുദ്ധന്‍ കത്തോലിക്കരുടെ ഇടയില്‍ ദൈവഭക്തി പുനഃസ്ഥാപിച്ചു. യുവാക്കളില്‍ ഭക്തിയും, അറിവും വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നിരവധി സ്കൂളുകള്‍ ഇഗ്നേഷ്യസ് സ്ഥാപിച്ചു. റോമിലെ ജെര്‍മന്‍ കോളേജ്, പാപം നിറഞ്ഞ ജീവിതം നയിച്ചിരുന്ന സ്ത്രീകള്‍ക്കായുള്ള അഭയകേന്ദ്രം, അശരണരായ യുവതികള്‍ക്കുള്ള ഭവനം, അനാഥ മന്ദിരങ്ങള്‍, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേണ്ടിയുള്ള മതപ്രബോധന ശാലകള്‍ തുടങ്ങി നിരവധി നല്ലകാര്യങ്ങള്‍ വിശുദ്ധന്‍ നടപ്പിലാക്കി.

പിശാചിനെ അടിച്ചമര്‍ത്താനുള്ള വിശുദ്ധന്റെ ശക്തി അത്ഭുതകരമായിരുന്നു. ദിവ്യപ്രകാശത്താല്‍ വിശുദ്ധന്റെ മുഖം വെട്ടിത്തിളങ്ങുന്നതിനു വിശുദ്ധ ഫിലിപ്പ് നേരിയും, മറ്റുള്ളവരും സാക്ഷികളായിട്ടുണ്ട്. അവസാനം തന്റെ അറുപത്തഞ്ചാമത്തെ വയസ്സില്‍, താന്‍ ജീവിത കാലം മുഴുവന്‍ പ്രഘോഷിച്ച തന്റെ ദൈവത്തിന്റെ പക്കലേക്ക് വിശുദ്ധന്‍ യാത്രയായി. ഇഗ്നേഷ്യസിന്റെ അത്ഭുത പ്രവര്‍ത്തനങ്ങളും, സഭക്ക് വേണ്ടി അദ്ദേഹം ചെയ്തിട്ടുള്ള സേവനങ്ങളും വിശുദ്ധനെ വളരെയേറെ ആദരണീയനാക്കി. ഗ്രിഗറി പതിനഞ്ചാമന്‍ പാപ്പായാണ് ഇഗ്നേഷ്യസ് ലൊയോളയെ വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്തിയത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?