സഹനങ്ങളെ സുകൃതങ്ങളാക്കിയാൽ വിശുദ്ധരാകാം. അതിനെ നിഷേധിച്ച് കൊടിപിടിച്ചാൽ ചായക്കോപ്പയിലെ കൊടുങ്കാറ്റു മാത്രമായ വിപ്ലവകാരിയും!- പുത്തൻചിറയിലെ മറിയം ത്രേസ്യ പുണ്യവതിയുടെ തിരുനാൾ ആഘോഷിക്കുമ്പോൾ ആത്മപരിശോധന ചെയ്യാം ഏതുഗണത്തിൽ ഉൾപ്പെടും ഞാൻ?
കുരിശിന്റെ വിശുദ്ധ യോഹന്നാന്റെ ആത്മഭാഷണമെന്ന ചരിത്രപുസ്തകമാണ് ലിസ്യുവിലെ വിശുദ്ധ ത്രേസ്യയെ കർമലസഭയിലേക്ക് നയിച്ചത്. ഈ ത്രേസ്യയുടെ ഗ്രന്ഥമാണ് വിശുദ്ധ അൽഫോൻസയെ കന്യാമഠത്തിൽ എത്തിച്ചതും സഹനപുത്രിയാക്കി മാറ്റിയതും. ആത്മാക്കളെ നേടാൻ ഏതു നരകത്തിലും പോകാൻ ഞാൻ തയാർ,’ എന്ന് പ്രാർത്ഥിച്ച അമ്മത്രേസ്യയാണ് പുത്തൻചിറയിലെ ത്രേസ്യയ്ക്ക് പ്രചോദനം.
വിശുദ്ധാരാമത്തിൽ പല ത്രേസ്യമാരുണ്ടിന്ന്. മദർ ത്രേസ്യ (കൊൽക്കത്തയിലെ ത്രേസ്യ)യ്ക്കു പുറമെ, അമ്മത്രേസ്യ(ആവിലായിലെ ത്രേസ്യ) കൊച്ചുത്രേസ്യ (ലിസ്യൂവിലെ ത്രേസ്യ) എന്നിവരുടെ കൂട്ടത്തിൽ 2019 ഒക്‌ടോബർ 13മുതൽ കുഞ്ഞുത്രേസ്യയുമുണ്ട് (പുത്തൻചിറയിലെ ത്രേസ്യ). കുഞ്ഞുത്രേസ്യയുടെ വഴി ഭക്തിമാർഗത്തിന്റേതാണ്. സഹനങ്ങളെ ആരാധനയും വേദനകളെ ആഘോഷങ്ങളുമാക്കുന്ന വഴി. കുരിശുകളെ തട്ടിമാറ്റി ക്രൂശിതന്റെ വഴിയേ യാത്രചെയ്യാൻ പ്രലോഭിക്കപ്പെടുന്ന ഇക്കാലത്ത് മറിയം ത്രേസ്യ വലിയ പ്രചോദനമാണ്.
‘സ്വർഗത്തിൽ ചെന്നാൽ എനിക്ക് കൂടുതൽ ജോലിയുണ്ട്. ആത്മാക്കളുടെ രക്ഷയ്ക്കായി പ്രാർത്ഥിക്കും,’ എന്ന് കൊച്ചുത്രേസ്യയും പ്രാർത്ഥിച്ചു. ‘ഞാൻ സഹിച്ചുകൊള്ളാം, ആത്മാക്കളെ തരിക,’ എന്നതായിരുന്നു കുഞ്ഞുത്രേസ്യയുടെ പ്രാർത്ഥന. ‘ചെറുപ്പം മുതൽ ദൈവത്തെ സ്‌നേഹിക്കാനുള്ള തീവ്രമായ ദാഹത്താൽ എന്റെ ആത്മാവ് ഏറെ ക്ലേശിച്ചിരുന്നു,’ എന്ന് പറഞ്ഞാണ് മറിയം ത്രേസ്യയുടെ അത്മകഥ ആരംഭിക്കുന്നത്.
തൃശൂർ ജില്ലയിലെ പുത്തൻചിറയിൽനിന്ന് മറിയം ത്രേസ്യയെന്ന ഒരു സാധാരണ കന്യാസ്ത്രീ വിശുദ്ധാരാമത്തിൽ എത്താൻ കാരണം, അവളുടെ സ്വകാര്യ സഹനങ്ങളെ ആത്മരക്ഷാർത്ഥം ഉയർത്തി എന്നതാണ്- സ്‌നേഹം എല്ലാം സഹിക്കുന്നു! ആശാൻ കളരിയിൽനിന്ന് എഴുതാനും വായിക്കാനും പഠിച്ചതൊഴികെ ഉന്നത വിദ്യാഭ്യാസങ്ങളൊന്നും നേടിയിട്ടില്ലാത്ത മറിയം ത്രേസ്യ കുടുംബപ്രേഷിതത്വത്തിന്റെ മധ്യസ്ഥയായതും 38-ാം വയസിൽ ‘കോൺഗ്രിഗേഷൻ ഓഫ് ദ ഹോളി ഫാമിലി’ എന്ന ശ്രേഷ്ഠമാർന്ന സന്യാസിനീസഭയ്ക്ക് തുടക്കം കുറിച്ചതും അവളിൽ എരിഞ്ഞമർന്ന ആത്മാക്കൾക്കായുള്ള ദാഹത്താലത്രേ.
അതിനിടയിൽ ഭ്രാന്തിയെന്ന് മുദ്രകുത്തപ്പെട്ടതും പിശാചുബാധിതയെന്ന് സംശയിക്കപ്പെട്ടതും അതിനെ തുടർന്ന് സഭാധികൃതരിൽനിന്ന് തിക്താനുഭവങ്ങൾ ഏൽക്കേണ്ടിവന്നതും ഒന്നും അവളെ തളർത്തിയില്ല. കാരണം, സ്‌നേഹം ഒരിക്കലും അവസാനിക്കുന്നില്ല. സഹനങ്ങളെ സുകൃതങ്ങളാക്കിയാൽ വിശുദ്ധരാകാം. അതിനെ നിഷേധിച്ച് കൊടിപിടിച്ചാൽ ചായക്കോപ്പയിലെ കൊടുങ്കാറ്റു മാത്രമായ വിപ്ലവകാരിയും!
Leave a Comment
Your email address will not be published. Required fields are marked with *