Follow Us On

23

November

2024

Saturday

നവംബർ 17: ഹംഗറിയിലെ വിശുദ്ധ എലിസബത്ത്

ഹംഗറിയിലെ രാജാവായ ആന്‍ഡ്ര്യു രണ്ടാമന്റെ മകളായാണ് വിശുദ്ധ എലിസബത്ത് ജനിച്ചത്. തന്റെ നാലാമത്തെ വയസ്സില്‍ എലിസബത്തിനെ അവളുടെ ഭാവിവരനായ തുറുങ്ങിയയിലെ ലുഡ്വിഗ് ലാന്‍ഡ്ഗ്രേവിന്റെ രാജധാനിയില്‍ എത്തിച്ചു. 1221-ല്‍ അവരുടെ വിവാഹം നടന്നു. വിവാഹത്തിന് ശേഷം വിശുദ്ധ ഭര്‍ത്താവിനോടുള്ള തന്റെ കടമയും അതുപോലെ തന്നെ ഒരു ദൈവദാസി എന്ന നിലയിലുള്ള തന്റെ ചുമതലകളും വളരെ ഭംഗിയായി നിര്‍വഹിച്ചു പോന്നു.

രാത്രികാലങ്ങളില്‍ വിശുദ്ധ വളരെയേറെ നേരം ഉറക്കമില്ലാതെ പ്രാര്‍ത്ഥനകളില്‍ മുഴുകുമായിരുന്നു. എല്ലാ തരത്തിലുള്ള കാരുണ്യ പ്രവര്‍ത്തികളും വിശുദ്ധ വളരെ ഉത്സാഹപൂര്‍വ്വം ചെയ്തു വന്നു. വിധവകളെയും, അനാഥരേയും, രോഗികളെയും, പാവപ്പെട്ടവരേയും വിശുദ്ധ അകമഴിഞ്ഞ് സഹായിച്ചു. ഒരു ക്ഷാമകാലത്ത് വിശുദ്ധ തന്റെ ശേഖരത്തിലുണ്ടായിരുന്ന മുഴുവന്‍ ധാന്യങ്ങളും പാവങ്ങള്‍ക്ക് വിതരണം ചെയ്തു.
കൂടാതെ, താന്‍ സ്ഥാപിച്ച ആശുപത്രിയിലെ കുഷ്ഠരോഗികളെ പരിചരിക്കുകയും അവരുടെ പാദങ്ങള്‍ കഴുകുകയും പാദങ്ങളിലും കരങ്ങളിലും ചുംബിക്കുകയും ചെയ്യുമായിരുന്നു. അഗതികളായവര്‍ക്ക് അനുയോജ്യമായ താമസ സൌകര്യവും വിശുദ്ധ നല്‍കിയിരുന്നു. 1227-ല്‍ ഫ്രെഡറിക്ക് ചക്രവര്‍ത്തിയുടെ നേതൃത്വത്തിലുള്ള കുരിശുയുദ്ധത്തിനിടക്ക് വിശുദ്ധയുടെ ഭര്‍ത്താവ് മരണപ്പെട്ടു. തുടര്‍ന്ന്‍ വിശുദ്ധ തന്റെ രാജകീയ പദവികളെല്ലാം ഉപേക്ഷിക്കുകയും കൂടുതല്‍ സ്വത്രന്തമായി ദൈവീകകാര്യങ്ങളില്‍ മുഴുകുകയും ചെയ്തു.

ലളിതമായ വസ്ത്രങ്ങള്‍ ധരിച്ച വിശുദ്ധ പിന്നീട് വിശുദ്ധ ഫ്രാന്‍സീസിന്റെ സഭയില്‍ ചേര്‍ന്ന്‍ എളിമ നിറഞ്ഞ ജീവിതം നയിച്ചു. സഹനം നിറഞ്ഞതായിരുന്നു വിശുദ്ധയുടെ തുടര്‍ന്നുള്ള ജീവിതം. ശത്രുക്കളുടെ ഇടപെടല്‍ മൂലം ഒരു വിധവ എന്ന നിലയില്‍ വിശുദ്ധക്കുണ്ടായിരുന്ന വസ്തുവകകള്‍ തിരിച്ചെടുക്കപ്പെട്ടു. അങ്ങിനെ വാര്‍ട്ട്ബര്‍ഗ് ഉപേക്ഷിക്കുവാന്‍ വിശുദ്ധ നിര്‍ബന്ധിതയായി. വിശുദ്ധയുടെ ശത്രുക്കളെ പ്രതിയുള്ള ഭയം നിമിത്തം ഐസ്നാച്ചിലെ ആരും വിശുദ്ധയെ സ്വീകരിക്കുവാന്‍ തയ്യാറായില്ല.

ഒരുപാട് അപേക്ഷിച്ചതിനു ശേഷം ലാന്‍ഡ്ഗ്രേവിലെ ഒരു ആട്ടിടയന്‍ ഉപേക്ഷിക്കപ്പെട്ട ഒരു പന്നികൂട് ഉപയോഗിച്ചുകൊള്ളുവാന്‍ വിശുദ്ധക്ക് അനുവാദം നല്‍കി. അവളെ സന്ദര്‍ശിക്കുവാനോ, സഹായിക്കുവാനോ ആര്‍ക്കും അനുവാദം ഉണ്ടായിരുന്നില്ല. മാസങ്ങള്‍ മാത്രം പ്രായമുള്ള ഇളയ കുട്ടി ഉള്‍പ്പെടെ തന്റെ മൂന്ന്‍ മക്കളുമായി കൊടും ശൈത്യത്തില്‍ അലയുവാനായിരുന്നു വിശുദ്ധയുടെ വിധി.

1228-ല്‍ മാര്‍ബര്‍ഗില്‍ വെച്ച് വിശുദ്ധ ഫ്രാന്‍സീസിന്റെ സന്യാസിനീ സഭയില്‍ ചേര്‍ന്ന്‍ സന്യാസിനീ വസ്ത്രം സ്വീകരിച്ചു. അപ്പോളും തന്റെ കൈവശമുണ്ടായിരുന്ന കുറച്ച് ഭൂമിയില്‍ ഒരു ആശുപത്രി പണിയുകയും സ്വയം ഒരു മണ്‍കുടിലില്‍ താമസിക്കുകയും ചെയ്തു. തന്റെ കഴിവും ആരോഗ്യവും മുഴുവനും പാവങ്ങളെയും രോഗികളെയും സഹായിക്കുന്നതിലും ദൈവീക കാര്യങ്ങളിലും മുഴുകി ജീവിച്ച വിശുദ്ധ, തന്റെ നിത്യവൃത്തിക്കുള്ളത് തുന്നല്‍ പണിയില്‍ നിന്നും സ്വരൂപിച്ചു. പ്രായത്തില്‍ ചെറിയവളും നന്മപ്രവര്‍ത്തികളില്‍ വലിയവളുമായ ഈ വിശുദ്ധ 1231ല്‍ വെറും 24 വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?