ഹംഗറിയിലെ രാജാവായ ആന്‍ഡ്ര്യു രണ്ടാമന്റെ മകളായാണ് വിശുദ്ധ എലിസബത്ത് ജനിച്ചത്. തന്റെ നാലാമത്തെ വയസ്സില്‍ എലിസബത്തിനെ അവളുടെ ഭാവിവരനായ തുറുങ്ങിയയിലെ ലുഡ്വിഗ് ലാന്‍ഡ്ഗ്രേവിന്റെ രാജധാനിയില്‍ എത്തിച്ചു. 1221-ല്‍ അവരുടെ വിവാഹം നടന്നു. വിവാഹത്തിന് ശേഷം വിശുദ്ധ ഭര്‍ത്താവിനോടുള്ള തന്റെ കടമയും അതുപോലെ തന്നെ ഒരു ദൈവദാസി എന്ന നിലയിലുള്ള തന്റെ ചുമതലകളും വളരെ ഭംഗിയായി നിര്‍വഹിച്ചു പോന്നു.
ലളിതമായ വസ്ത്രങ്ങള്‍ ധരിച്ച വിശുദ്ധ പിന്നീട് വിശുദ്ധ ഫ്രാന്‍സീസിന്റെ സഭയില്‍ ചേര്‍ന്ന്‍ എളിമ നിറഞ്ഞ ജീവിതം നയിച്ചു. സഹനം നിറഞ്ഞതായിരുന്നു വിശുദ്ധയുടെ തുടര്‍ന്നുള്ള ജീവിതം. ശത്രുക്കളുടെ ഇടപെടല്‍ മൂലം ഒരു വിധവ എന്ന നിലയില്‍ വിശുദ്ധക്കുണ്ടായിരുന്ന വസ്തുവകകള്‍ തിരിച്ചെടുക്കപ്പെട്ടു. അങ്ങിനെ വാര്‍ട്ട്ബര്‍ഗ് ഉപേക്ഷിക്കുവാന്‍ വിശുദ്ധ നിര്‍ബന്ധിതയായി. വിശുദ്ധയുടെ ശത്രുക്കളെ പ്രതിയുള്ള ഭയം നിമിത്തം ഐസ്നാച്ചിലെ ആരും വിശുദ്ധയെ സ്വീകരിക്കുവാന്‍ തയ്യാറായില്ല.
ഒരുപാട് അപേക്ഷിച്ചതിനു ശേഷം ലാന്‍ഡ്ഗ്രേവിലെ ഒരു ആട്ടിടയന്‍ ഉപേക്ഷിക്കപ്പെട്ട ഒരു പന്നികൂട് ഉപയോഗിച്ചുകൊള്ളുവാന്‍ വിശുദ്ധക്ക് അനുവാദം നല്‍കി. അവളെ സന്ദര്‍ശിക്കുവാനോ, സഹായിക്കുവാനോ ആര്‍ക്കും അനുവാദം ഉണ്ടായിരുന്നില്ല. മാസങ്ങള്‍ മാത്രം പ്രായമുള്ള ഇളയ കുട്ടി ഉള്‍പ്പെടെ തന്റെ മൂന്ന്‍ മക്കളുമായി കൊടും ശൈത്യത്തില്‍ അലയുവാനായിരുന്നു വിശുദ്ധയുടെ വിധി.
1228-ല്‍ മാര്‍ബര്‍ഗില്‍ വെച്ച് വിശുദ്ധ ഫ്രാന്‍സീസിന്റെ സന്യാസിനീ സഭയില്‍ ചേര്‍ന്ന്‍ സന്യാസിനീ വസ്ത്രം സ്വീകരിച്ചു. അപ്പോളും തന്റെ കൈവശമുണ്ടായിരുന്ന കുറച്ച് ഭൂമിയില്‍ ഒരു ആശുപത്രി പണിയുകയും സ്വയം ഒരു മണ്‍കുടിലില്‍ താമസിക്കുകയും ചെയ്തു. തന്റെ കഴിവും ആരോഗ്യവും മുഴുവനും പാവങ്ങളെയും രോഗികളെയും സഹായിക്കുന്നതിലും ദൈവീക കാര്യങ്ങളിലും മുഴുകി ജീവിച്ച വിശുദ്ധ, തന്റെ നിത്യവൃത്തിക്കുള്ളത് തുന്നല്‍ പണിയില്‍ നിന്നും സ്വരൂപിച്ചു. പ്രായത്തില്‍ ചെറിയവളും നന്മപ്രവര്‍ത്തികളില്‍ വലിയവളുമായ ഈ വിശുദ്ധ 1231ല്‍ വെറും 24 വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *