Follow Us On

06

May

2024

Monday

ജീവന്റെ മൂല്യം പ്രഘോഷിക്കാൻ കനേഡിയൻ നിരത്തുകളിൽ  ആയിരങ്ങൾ അണിചേരും; ‘ലൈഫ് ചെയിൻ’ ഒക്ടോ.2ന്

ടൊറന്റോ: ജീവന്റെ സംസ്‌ക്കാരത്തിന് എതിരായ വെല്ലുവിളി ശക്തമാകുമ്പോൾ, ജീവന്റെ മൂല്യം പൊതുനിരത്തിൽ പ്രഘോഷിക്കാൻ കാനഡയിലെ വിശ്വാസീസമൂഹം അണിചേരുന്ന ‘ലൈഫ് ചെയിൻ’ വിജിൽ ക്യാംപെയിന് ഇനി ദിനങ്ങൾ മാത്രം. ഒക്ടോബർ രണ്ടിന് രാജ്യത്തിന്റെ 300 നഗരങ്ങളിൽ ക്രമീകരിക്കുന്ന നിശബ്ദ പ്രാർത്ഥനാ ജാഗരണത്തിൽ ആയിരങ്ങൾ അണിചേരുമെന്നാണ് റിപ്പോർട്ടുകൾ. ഉച്ചയ്ക്ക് 2.00മുതൽ 3.00വരെ നടക്കുന്ന ‘ലൈഫ് ചെയിനി’ൽ ആബാലവൃദ്ധം ജനങ്ങളുടെ പങ്കാളിത്തവുമുണ്ടാകും.

ഗർഭച്ഛിദ്രത്തിന്റെ ദൂഷ്യങ്ങളെ കുറിച്ചും ദത്തെടുക്കുന്നതിന്റെ നന്മയെക്കുറിച്ചും ആളുകളെ ഉദ്ബോധിപ്പിക്കുക എന്നതാണ് ‘ലൈഫ് ചെയിൻ’ മുന്നേറ്റത്തിന്റെ ലക്ഷ്യം. നഗരങ്ങളിലെ തിരക്കേറിയ റോഡുകളുടെ വശങ്ങളിൽ അണിനിരക്കുന്ന സംഘങ്ങൾ, പ്രോ ലൈഫ് സന്ദേശങ്ങൾ പതിച്ച പ്ലക്കാർഡുകളിലൂടെ അനേകരിലേക്ക് ജീവന്റെ മൂല്യത്തെ കുറിച്ചും ജീവൻ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും നിശബ്ദ പ്രഘോഷണം നടത്തും.

ജീവന്റെ സംരക്ഷണത്തിനായി പൊതുജനമധ്യേ സാക്ഷ്യമേകാൻ എത്തുന്നവർക്ക് പിന്തുണ അറിയിച്ച് ടൊറന്റോ ആർച്ച്ബിഷപ്പ് കർദിനാൾ തോമസ് കോളിൻസ് സന്ദേശം നൽകിയിട്ടുണ്ട്. ‘അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതുമുതൽ സ്വാഭാവിക മരണംവരെയുള്ള മനുഷ്യജീവന്റെ പവിത്രത സാക്ഷ്യപ്പെടുത്തുക എന്നത് സുപ്രധാനമാണ്. പ്രസ്തുത ദൗത്യം നിറവേറ്റുന്ന ‘ലൈഫ് ചെയിൻ സംരംഭത്തിന് എല്ലാവിധ പിന്തുണയും അറിയിക്കുന്നു,’ അദ്ദേഹം വ്യക്തമാക്കി.

കത്തോലിക്കാ സഭ മാത്രമല്ല, ഇതര ക്രൈസ്തവ വിഭാഗങ്ങളും ‘ലൈഫ് ചെയിന്’ പിന്തുണ വാദ്ഗാനം ചെയ്തതും ശ്രദ്ധേയമാണ്. ഇദംപ്രഥമമായി 1987ൽ കാലിഫോർണിയയിൽ സംഘടിക്കപ്പെട്ട ഈ മുന്നേറ്റം 1990ലാണ് കാനഡയിലെത്തിയത്. എല്ലാ വർഷവും മുടക്കം കൂടാതെ സംഘടിപ്പിക്കപ്പെടുന്ന ‘ലൈഫ് ചെയിന്’ മഹാമാരിയുടെ നാളിലും മുടക്കമുണ്ടായില്ല എന്നതും ശ്രദ്ധേയമാണ്. മഹാമാരിയുടെ നടുവിൽ ക്രമീകരിച്ച കഴിഞ്ഞ വർഷത്തെ കാംപെയിനിലും അനേകരാണ് പങ്കെടുക്കാനെത്തിയത്.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യുക

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?