ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിനെ ദീപികയുടെ മുന്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ടി. ദേവപ്രസാദ് അനുസ്മരിക്കുന്നു.
‘രക്തസാക്ഷിയാകണം എന്നായിരുന്നു കുട്ടിക്കാലത്ത് എനിക്കാഗ്രഹം. ഓരോ പുതിയ നിയോഗവും അതിനാവും എന്നാണ് ഞാന്‍ കരുതുന്നത്,…” കാഞ്ഞിരപ്പള്ളിയില്‍ നിന്നും ചങ്ങനാശേരിയിലേക്ക് മെത്രാപ്പോലീത്തയായി സ്ഥലം മാറിയപ്പോള്‍ കാഞ്ഞിരപ്പള്ളിയിലെ വൈദികര്‍ കൊടുത്ത യാത്രയയപ്പു യോഗത്തില്‍ പവ്വത്തില്‍ പിതാവ് തന്നെക്കുറിച്ച് വെളിപ്പെടുത്തിയ കാര്യമാണിത്. രക്തസാക്ഷിയാകണം എന്ന ആഗ്രഹം ആ ഹൃദയത്തിന്റെ താളമായിരുന്നു എന്നത് ആ ജീവിതത്തെ വായിച്ചെടുക്കുവാന്‍ സഹായിക്കുന്ന താക്കോല്‍ തന്നെയാണ്. അദ്ദേഹം അന്ന് വൈദികരോട് പറഞ്ഞ ഒരു ആഗ്രഹം കൂടി ഇതിനോട് ചേര്‍ത്ത് വയ്ക്കണം, ”ഞാന്‍ കടന്നു പോകുമ്പോള്‍ എന്റെ കുഴിമാടത്തില്‍ എന്തെങ്കിലും കുറിച്ചുവയ്ക്കണം എന്ന് ആരെങ്കിലും ആഗ്രഹിക്കുന്നെങ്കില്‍ അത് ഇങ്ങനെയാവണം എന്നാണ് എന്റെ ആഗ്രഹം. ഈ മനുഷ്യന്‍ തന്റെ സഹവൈദികരെ അവസാനം വരെ സ്‌നേഹിച്ചു.” പവ്വത്തില്‍ പിതാവ് കടന്നുപോകുമ്പോള്‍ അദ്ദേഹത്തെ അറിയുന്നവരെല്ലാം ഹൃദയത്തില്‍നിന്നും പറയുന്നു, രക്തസാക്ഷിയായ പിതാവ്.
കേരളത്തിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ടി.എം. ജേക്കബ് ഒരിക്കല്‍ പവ്വത്തില്‍ പിതാവിനെ കാണാന്‍ പോയി. തന്റെ സങ്കടങ്ങള്‍ പിതാവുമായി പങ്കുവയ്ക്കാനായിരുന്നു യാത്ര. അദ്ദേഹം വളരെ പഠിച്ച് ഏറെ ദീര്‍ഘവീക്ഷണത്തോടെ കൊണ്ടുവന്ന പ്രീഡിഗ്രി ബോര്‍ഡ് എന്ന വിദ്യാഭ്യാസ പരിഷ്‌കരണ പരിപാടിയെ രാഷ്ട്രീയമായി പ്രതിപക്ഷവും വ്യക്തിപരമായ വിരോധംകൊണ്ട് സ്വന്തം പാര്‍ട്ടിക്കാരടക്കമുള്ള ഭരണമുന്നണിക്കാരും അത്തരം പല കാരണങ്ങള്‍കൊണ്ട് വലതുപക്ഷ പത്രങ്ങളും എതിര്‍ക്കുന്ന കാലം. അദ്ദേഹം പദ്ധതിയെക്കുറിച്ച് പിതാവുമായി ദീര്‍ഘനേരം സംസാരിച്ചു. എല്ലാം കേട്ടശേഷം പിതാവ് പറഞ്ഞു. ”പഠിച്ച്, നല്ല ഉദ്ദേശ്യത്തോടെയും ബോധ്യത്തോടെയും നടപ്പാക്കുന്ന കാര്യങ്ങള്‍ എത്ര എതിര്‍പ്പുണ്ടായാലും ഉപേക്ഷിക്കരുത്. നമ്മുടെ ശരി കാലം തെളിയിക്കും.” തന്റെ ജീവിതത്തെയും കാഴ്ചപ്പാടുകളെയും സമീപനങ്ങളെയും വല്ലാതെ സ്വാധീനിച്ച വലിയ സാന്ത്വനമായിരുന്നു ആ വാക്കുകള്‍ എന്ന് പിന്നിട് പല വട്ടം ടി.എം. ജേക്കബ് പറഞ്ഞിട്ടുണ്ട്.
എനിക്ക് ജീവിക്കുക എന്നാല്‍ സഭയാണ് എന്ന പവ്വത്തില്‍ പിതാവിന്റെ ജീവിതപ്രമാണം വെറും ഒരു ഭംഗിവാക്കായിരുന്നില്ല. ഹൃദയരക്തംകൊണ്ട് ചാലിച്ചെഴുതിയ ചോരക്കഥയായിരുന്നു. ഈ നിലപാടുകള്‍ മൂലം അദ്ദേഹത്തിന് ചിന്തേണ്ടിവന്ന രക്തത്തുള്ളികളും നഷ്ടപ്പെട്ട പദവികളും ചെറുതല്ല. ഔദ്യോഗിക പദവിയില്‍ നിന്നും വിരമിച്ച് ഏതാണ്ട് ഒന്നര ദശാബ്ദത്തോട് അടുക്കുമ്പോഴും ഒരിക്കല്‍ ഏതാണ്ട് ഒറ്റയാനെപ്പോലേ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ സഭ ആകെ ഏറ്റെടുക്കുമ്പോഴും സോഷ്യല്‍ മിഡിയാ ഏറ്റവും അധികം മുറിപ്പെടുത്തി രസിച്ചത് ഈ പുണ്യപിതാവിനെ ആയിരുന്നു.
സീറോ മലബാര്‍ സഭയ്ക്കുവേണ്ടി
താന്‍ സീറോ മലബാര്‍ സഭാംഗവും വൈദികനും മെത്രാനും ഒക്കെ ആയത് ദൈവത്തിന്റെ തീരുമാനമാണെന്നും ആ വിളിക്കനുസരിച്ച് പ്രവര്‍ത്തിക്കേണ്ടത് തന്റെ ദൗത്യമാണെന്നും അദ്ദേഹം ഉറച്ചു വിശ്വസിച്ചു. അദ്ദേഹം സഭയെക്കുറിച്ചു പഠിച്ചതും പറഞ്ഞതും ഒന്നും സംവാദത്തില്‍ ജയിക്കാനായിരുന്നില്ല. ദൈവം ഏല്‍പ്പിച്ച ദൗത്യം നിറവേറ്റുക എന്നതുമാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
സീറോ മലബാര്‍ സഭയുടെ ആരാധനക്രമവും തനിമയും പുനരുദ്ധരിക്കണമെന്നും കാത്തുസൂക്ഷിക്കപ്പെടണമെന്നും ഉള്ളത് പവ്വത്തില്‍ പിതാവിന്റെ സ്വകാര്യ ആവശ്യമായിരുന്നില്ല. ആഗോള സഭയുടെ മാര്‍പാപ്പമാരുടെ കല്പനയായിരുന്നു. പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പ മുതലുള്ളവര്‍ ഇക്കാര്യത്തില്‍ ശക്തമായ നിലപാടാണെടുത്തത്. അതെല്ലാം വായിച്ചു പഠിച്ചതാണ് പവ്വത്തില്‍ പിതാവിനെ വ്യത്യസ്ഥനാക്കിയത്. അദ്ദേഹം പഠിച്ചത് ഡോക്ടറേറ്റ് നേടാനായിരുന്നില്ല. പിന്നെയോ സഭയെക്കുറിച്ച് അറിയാനായിരുന്നു.
സീറോ മലബാര്‍ സഭയ്ക്കുവേണ്ടിയുള്ള പവ്വത്തില്‍ പിതാവിന്റെ വാദങ്ങള്‍ ഏറ്റവും ശക്തമായി പ്രകടമാക്കപ്പെട്ടു തുടങ്ങിയത് 1969 ല്‍ ബംഗളൂരുവില്‍ നടന്ന ചര്‍ച്ച് ഇന്‍ ഇന്ത്യാ സെമിനാര്‍ മുതലാണ്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ വെളിച്ചത്തില്‍ ഇന്ത്യന്‍ റീത്ത് ഉണ്ടാക്കുവാനുള്ള നീക്കങ്ങള്‍ സെമിനാറിലുണ്ടായി. കൗണ്‍സിലിന്റെ വെളിച്ചം അതല്ലെന്നും പൗരസ്ത്യ സഭകള്‍ എന്ന പ്രമാണരേഖ ആവശ്യപ്പെടുന്നത് പൗരസ്ത്യസഭകള്‍ അവയുടെ ഉറവിടങ്ങളിലേക്ക് മടങ്ങണം എന്നാണെന്നും പവ്വത്തിലച്ചന്‍ വാദിച്ചു.
രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രബോധനങ്ങള്‍ വിശദമായി പഠിച്ച പവ്വത്തിലച്ചന്റെ നിലപാട് ചര്‍ച്ച് ഇന്‍ ഇന്ത്യ സമ്മേളനത്തെ സജീവമാക്കി. ഭാരതത്തിലെ വിവിധ പ്രാദേശിക സഭകളില്‍ നടന്ന ചര്‍ച്ചകളും തീരുമാനങ്ങളും ഉള്‍ക്കൊള്ളിച്ച് തയാറാക്കിയ സംശോദക ഗ്രന്ഥത്തിന്റെ രചയിതാക്കളില്‍ ഒരാളായിരുന്നു പിതാവ്. ഈ ദിശയിലുള്ള പഠനങ്ങള്‍ക്കായി 1971 ല്‍ അദ്ദേഹം ഇന്ത്യന്‍ അക്കാദമി ഓഫ് ഈസ്റ്റേണ്‍ ലിറ്റര്‍ജി സ്ഥാപിച്ചു.
വൈവിധ്യത്തിലെ ഭംഗി
1972 ജനുവരി ഏഴിന് ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി നിയമിതനായ അദ്ദേഹം ഫെബ്രുവരി 13 ന് റോമില്‍വച്ച് പോള്‍ ആറാമന്‍ പാപ്പായില്‍ നിന്നും മെത്രാന്‍ പട്ടം സ്വീകരിച്ചു. സഭയിലെ വൈവിധ്യം ഭാരതത്തിലെ മെത്രാന്മാരുടെ സംഘത്തെക്കൊണ്ട് അംഗീകരിപ്പിക്കുന്നതില്‍ പവ്വത്തില്‍ പിതാവ് വഹിച്ച പങ്ക് വിപ്ലവകരമാണ്.
1975 ല്‍ റോമില്‍ നടന്ന സഭയുടെ സുവിശേഷ പ്രഘോഷണ ദൗത്യത്തെക്കുറിച്ചുള്ള സിനഡിന് ഒരുക്കമായി 1974 ജനുവരിയില്‍ നടന്ന കല്‍ക്കട്ട സിബിസിഐ സമ്മേളനത്തില്‍ റീത്തുകളെക്കുറിച്ച് നടന്ന ചര്‍ച്ചയില്‍ പവ്വത്തില്‍ പിതാവ് സജീവ പങ്കാളിത്തം വഹിച്ചു. പ്രശസ്ത ദൈവശാസ്ത്രജ്ഞനും ബൈബിള്‍ പണ്ഡിതനുമായ മല്പാന്‍ മാത്യു വെള്ളാനിക്കലും ഒപ്പം ഉണ്ടായിരുന്നു. സുവിശേഷവത്കരണം ഇന്ത്യന്‍ പശ്ചാത്തലത്തില്‍ എന്ന വിഷയത്തെക്കുറിച്ച് മല്പാന്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍ ഭാരതത്തിലാകെ സുവിശേഷ പ്രവര്‍ത്തനം നടത്തുവാന്‍ മൂന്നു റീത്തുകള്‍ക്കും അവകാശവും ചുമതലയും ഉണ്ടെന്ന് ചുണ്ടിക്കാട്ടി. എതിര്‍പ്പുകളുണ്ടായെങ്കിലും മല്പാന്റെ നിര്‍ദേശത്തെ പവ്വത്തില്‍ പിതാവ് ശക്തമായി പിന്താങ്ങി. ഇതിന്റെ ഫലമായി മെത്രാന്‍ സമിതിയുടെ സ്റ്റാന്‍ഡിംഗ് കമ്മറ്റിയില്‍ ഇത് വിശദമായി ചര്‍ച്ച ചെയ്യുകയും ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഇന്റര്‍ റിച്വല്‍ സമിതി രൂപീകരിക്കുകയും ചെയ്തു.
പ്രവര്‍ത്തന സ്വാതന്ത്ര്യം
സീറോ മലബാര്‍ സഭയുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം സംബന്ധിച്ച് 1982 ലും 1984 ലും സീറോ മലബാര്‍ സഭാപിതാക്കന്മാര്‍ റോമിന് കൊടുത്ത നിവേദനത്തിനു പിന്നില്‍ പവ്വത്തില്‍ പിതാവിന്റെ സജീവ പങ്കാളിത്വമുണ്ടായിരുന്നു. 1987 മെയ് 28 നാണ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഇന്ത്യയിലെ എല്ലാ മെത്രാന്മാര്‍ക്കുമായി റീത്തുകളുടെ സഹവര്‍ത്തിത്വം സംബന്ധിച്ച് കത്തയച്ചത്. ഭാരതത്തില്‍ മൂന്നു കത്തോലിക്കാ സഭകള്‍ ഉണ്ടെന്നും മൂന്നും അവരുടെ വ്യക്തിത്വം സംരക്ഷിക്കണമെന്നും അവര്‍ക്ക് ഭാരതത്തിലെവിടെയും അജപാലന ശുശ്രൂഷക്ക് അവകാശമുണ്ടെന്നും കത്തില്‍ വ്യക്തമാക്കി. 1988 ഏപ്രില്‍ 30 ന് മുംബൈ, പൂന, നാസിക് ലത്തീന്‍ രൂപതകളിലുള്ള സീറോ മലബാര്‍ കത്തോലിക്കര്‍ക്കായി മുംബൈയിലെ കല്യാണ്‍ ആസ്ഥാനമാക്കി രൂപത സ്ഥാപിക്കുകയും വടക്കേ ഇന്ത്യയില്‍ ഉണ്ടായിരുന്ന ഏക്‌സാര്‍ക്കേറ്റുകളെ രൂപതകളാക്കി ഉയര്‍ത്തുകയും ചെയ്തു. 1992 ല്‍ സീറോ മലബാര്‍ സഭ ഒരു സ്വയാധികാരസഭയായി ഉയര്‍ത്തപ്പെട്ടു. അമേരിക്ക, ഓസ്‌ട്രേലിയ, യൂറോപ്പ്, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ രുപതകള്‍ സ്ഥാപിക്കപ്പെടുകയും ചെയ്തു. 2017 ല്‍ ഷംഷാബാദ് രൂപത സ്ഥാപിക്കപ്പെട്ടതോടെ സീറോ മലബാര്‍ സഭയക്ക് അഖിലേന്ത്യാ തലത്തില്‍ അജപാലനാധികാരം ലഭ്യമായി. സഭയുടെ ഈ വളര്‍ച്ചയുടെ പിന്നില്‍ ഏറെ ചിന്തപ്പെട്ട രക്തം പവ്വത്തില്‍ പിതാവിന്റേതായിരുന്നു.
സഭാ സംബന്ധമായ ചില നിലപാടുകളില്‍ ഉറച്ചുനിന്നതിന് പലരും തന്നെ തെറ്റിദ്ധരിച്ചു എന്നും അതു തന്നെ വല്ലാതെ വേദനിപ്പിച്ചു എന്നും ഓര്‍മക്കുറിപ്പുകളില്‍ പവ്വത്തില്‍ പിതാവ് എഴുതിയിട്ടുണ്ട്. ആരാധനക്രമ പുനരുദ്ധാരണത്തില്‍ സീറോ മലബാര്‍ സഭ എന്താണ് ചെയ്യേണ്ടത് എന്ന കാര്യത്തില്‍ സഭയുടെ പ്രബോധനങ്ങളുടെയും ആധികാരിക നിലപാടുകളുടെയും അടിസ്ഥാനത്തില്‍ അദ്ദേഹത്തിന് കൃത്യമായ നിലപാടുണ്ടായിരുന്നു. ഇക്കാര്യം തന്റെ രൂപതയിലും അതിരൂപതയിലും സാമന്തരൂപതകളിലും കൃത്യമായി പഠിപ്പിക്കുവാനും വൈദികരെയും സഭാ നേതാക്കളെയും ബോധ്യപ്പെടുത്തുവാനും അദ്ദേഹത്തിനായി. 1985 നവംബര്‍ അഞ്ചിന് ചങ്ങനാശേരി മെത്രാപ്പോലീത്ത ആയി. 1993 ല്‍ രൂപീകരിക്കപ്പെട്ട സീറോ മലബാര്‍ സഭയുടെ സ്ഥിരം സിനഡില്‍ അംഗമായി. 1993 ല്‍ കെസിബിസിയുടെയും 1994 ല്‍ സിബിസിഐയുടെയും അധ്യക്ഷനായി.
എല്ലാ സഭകളെയും സ്‌നേഹിച്ച പിതാവ്
1994 ല്‍ സിബിസിഐയുടെ അധ്യക്ഷനായി പിതാവ് തിരഞ്ഞെടുക്കപ്പെട്ടു. ഇപ്പോഴുള്ളതുപോലെ അധ്യക്ഷ പദവി മൂന്ന് റീത്തുകള്‍ക്കായി അന്ന് ക്രമപ്പെടുത്തിയിരുന്നില്ല. അദ്ദേഹം പ്രസിഡന്റായി മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍ രണ്ടാം വട്ടവും തിരഞ്ഞെടുക്കപ്പെട്ടു. സീറോ മലബാര്‍ സഭയെ സ്‌നേഹിച്ചതുകൊണ്ട് മറ്റു സമൂഹങ്ങള്‍ക്ക് പിതാവ് ഒരിക്കലും എതിരായിരുന്നില്ല. സീറോ മലബാര്‍ സഭയുടെ ശക്തനായ വക്താവായ പവ്വത്തില്‍ പിതാവിനെ കുറിച്ച് ഇപ്പോഴത്തെ വിജയപുരം മെത്രാന്‍ ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ ഒരിക്കല്‍ പറഞ്ഞു, ”ലത്തീന്‍ ലിറ്റര്‍ജി സംബന്ധിച്ച് ചില സംശയങ്ങളുമായി വരാപ്പുഴ മെത്രാപ്പോലീത്ത ആയിരുന്ന കൊര്‍ണെലിയോസ് ഇലഞ്ഞിക്കല്‍ പിതാവിനെ സമീപിച്ചപ്പോള്‍ അദ്ദേഹം ചോദിച്ചത് പവ്വത്തില്‍ പിതാവിനോട് ചോദിക്കരുതായിരുന്നോ എന്നാണ്.”
പിന്നീട് പലപ്പോഴും താന്‍ അങ്ങനെ സമീപിക്കുകയും തനിക്ക് കൃത്യമായ ഉപദേശം ലഭിക്കുകയും ചെയ്തതായി തെക്കത്തേച്ചേരില്‍ പിതാവ് പറഞ്ഞിട്ടുണ്ട്. സീറോ മലങ്കര സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പിനെ തിരഞ്ഞെടുക്കുന്നതിന് നടന്ന ആദ്യത്തെ സിനഡില്‍ പവ്വത്തില്‍ പിതാവ് നടത്തിയ ധ്യാന പ്രസംഗത്തെക്കുറിച്ച്, അത് പകര്‍ന്ന കൃത്യമായ ഉള്‍ക്കാഴ്ചകളെക്കുറിച്ച,് തിരഞ്ഞെടുപ്പ് ്അനയാസമാക്കിയതിനെക്കുറിച്ച് സിനഡ് പിതാക്കന്മാര്‍ അന്ന് പറഞ്ഞിരുന്നു. മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ സഭയായി ഉയര്‍ത്തപ്പെട്ട സീറോ മലങ്കര സഭയ്ക്ക് ആദ്യ കാതോലിക്കാ ബാവയായ സിറില്‍ മാര്‍ ബസേലിയോസ് ബാവയെ വളരെ പെട്ടെന്ന് നഷ്ടപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് പുതിയ കാതോലിക്കാ ബാവയെ തിരഞ്ഞെടുക്കുവാന്‍ പിതാക്കന്മാര്‍ സമ്മേളിച്ചത്. അന്നുണ്ടായിരുന്നത് ആറു മെത്രാന്മാര്‍. പുതിയ സഭ ആരെ എല്‍പ്പിക്കും എന്നത് വലിയ വിഷയമായിരുന്നു. പക്ഷേ പവ്വത്തില്‍ പിതാവിന്റെ ധ്യാനം കഴിഞ്ഞതോടെ എല്ലാം വളരെ കൃത്യമായിരുന്നു.
ജപമാല
ഒരു ലേഖന പരമ്പര സംബന്ധിച്ച വിഷയവുമായി പവ്വത്തില്‍ പിതാവിനെ കാണേണ്ടി വന്ന ഒരവസരത്തില്‍ പല സംശയങ്ങളും ഉന്നയിച്ച കൂട്ടത്തില്‍ ഞാന്‍ ചോദിച്ചു. പിതാവ് കൊന്തയ്ക്ക് എതിരാണോ? മേശയുടെ ഇരുവശങ്ങളിലുമായാണ് ഞങ്ങള്‍ ഇരുന്നത്. പെട്ടെന്ന് അദ്ദേഹം എഴുന്നേറ്റ് ഞാനിരുന്ന വശത്തേക്ക് വന്നു. എന്നിട്ട് ളോഹയുടെ പോക്കറ്റില്‍ നിന്നും ജപമാല എടുത്ത് എന്നെ കാണിച്ചു. ഇത് ആരെയും കാണിക്കാന്‍ കൊണ്ടുനടക്കുന്നതല്ല. യാമ പ്രാര്‍ത്ഥനക്കു പകരമല്ല ജപമാല എന്നാണ് ഞാന്‍ പറയുന്നത്. ജപമാല ചൊല്ലണം. പിതാവ് മരണാസന്നനായി ചെത്തിപ്പുഴ ആശുപത്രിയില്‍ കിടക്കുന്നതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വന്നപ്പോള്‍ അദ്ദേഹത്തിന്റെ കഴുത്തില്‍ ഉണ്ടായിരുന്നതും കൊന്ത..!
പവ്വത്തില്‍ പിതാവ് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ചെയര്‍മാന്‍ ആയിരിക്കെയാണ് സ്വാശ്രയ കോളജ് വിഷയത്തില്‍ സര്‍ക്കാറുമായി വലിയ പോരാട്ടങ്ങള്‍ നടന്നത്. ക്രോസ് സബ്‌സിഡി എന്ന നിര്‍ദേശത്തെ പിതാവ് എതിര്‍ത്തു. സമുദായം നത്തുന്ന സ്ഥാപനങ്ങളില്‍ കുറെ കുട്ടികളെ പഠിപ്പിക്കുന്നതിന് സമുദായത്തിലെ കുട്ടികള്‍ തന്നെ ചെലവ് വഹിക്കണം എന്ന സര്‍ക്കാര്‍ നിര്‍ദേശം കാട്ടുനീതിയാണെന്ന് പിതാവ് വാദിച്ചു. അവസാനം കോടതി പിതാവിന്റെ നിലപാട് അംഗീകരിച്ചു. എല്ലാവര്‍ക്കും ഒരേ ഫീസ് ചുമത്തുവാന്‍ അനുവദിച്ചു.
2007 ജനുവരി 22 ന് മെത്രാപ്പോലീത്തായുടെ ചുമതലകളില്‍നിന്നും വിരമിച്ചു. 2023 മാര്‍ച്ച് 18 ന് നിത്യസമ്മാനത്തിനായി യാത്രയായി. നല്ല മരണത്തിന്റെ മധ്യസ്ഥനും പിതാവിന്റെ സ്വര്‍ഗീയ മധ്യസ്ഥനുമായ യൗസേപ്പ് പിതാവിന്റെ മരണത്തിരുനാളായിരുന്നു പിറ്റേന്ന്. സാമൂഹിക പ്രശ്‌നങ്ങളില്‍ പിതാവ് എടുത്ത നിലപാടുകള്‍ സമൂഹം ഏറെ ജാഗ്രതയോടെ ശ്രദ്ധിച്ചു. സഭയെ എല്ലാ അര്‍ത്ഥത്തിലും ധന്യമാക്കിയ ഒരു പുണ്യജീവിതമാണ് മാര്‍ ജോസഫ് പവ്വത്തില്‍. നിറഞ്ഞു കത്തിയ ഒരു നിറദീപം.
Leave a Comment
Your email address will not be published. Required fields are marked with *