ഫാ. ജോസ് ആലുങ്കല്‍ എസ്ഡിബി
നമുക്കൊക്കെ ഒരിക്കലും ക്ഷമിക്കാന്‍ കഴിയാത്തവരായി ആരെങ്കിലുമൊക്കെ ഉണ്ടാകുമോ? സൈമണ്‍ വിഷന്താള്‍ തനിക്കുണ്ടായ ജീവിതാനുഭവത്തെ ആസ്പദമാക്കി എഴുതിയ പുസ്തകമാണ് സൺഫ്ലവർ (The Sunflower: On the Limits and Possibilities of Forgiveness). രണ്ടാം ലോകമഹായുദ്ധം അവസാനിക്കാറായ നാളുകളില്‍ നാസി സൈനികരെ ശുശ്രൂഷിച്ചിരുന്ന ഒരു ആശുപത്രിയില്‍ മാലിന്യ നിര്‍മാര്‍ജ്ജനത്തിനായി ഇദ്ദേഹത്തെ കൊണ്ടുപോവുകയുണ്ടായി. അദ്ദേഹം അവിടെ ജോലി ചെയ്തുകൊണ്ടിരുന്നപ്പോള്‍ ഒരു നഴ്‌സ് വന്ന് മരണത്തെ മുഖാമുഖം കണ്ടുകൊണ്ട് അത്യാസന്ന നിലയില്‍ കിടക്കുന്ന ഒരു സൈനികന് അദ്ദേഹത്തെ കാണാന്‍ താത്പര്യമുണ്ടെന്ന് അറിയിച്ചു. മരിക്കുന്നതിന് മുമ്പായി താന്‍ ചെയ്ത എല്ലാ ക്രൂരതകളും ഏറ്റുപറഞ്ഞ് ഒരു യഹൂദനോട് മാപ്പുചോദിക്കണമെന്ന് അദ്ദേഹത്തിന് അതിയായ ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് സൈമണ്‍ വിഷന്താളിനെ ഈ സൈനികന്റെ അടുക്കലേക്ക് കൊണ്ടുവരുന്നത്. ഈ സൈനികന്‍ തന്റെ കൂട്ടുകാരൊടൊപ്പം ചെയ്ത അതിക്രൂരമായ ഒരു പ്രവൃത്തി ഷന്താളുമായി പങ്കുവയ്ക്കുന്നുണ്ട്.
‘ഒരു ഗ്രാമത്തില്‍ പ്രവേശിച്ച് അവിടെ ഉണ്ടായിരുന്ന യഹൂദരെയെല്ലാം മൂന്ന് നിലകളുള്ള ഒരു കെട്ടിടത്തില്‍ കയറ്റിയശേഷം ആ കെട്ടിടം അഗ്‌നിക്കിരയാക്കി. ജനാലകള്‍ക്കിടയില്‍ക്കൂടി ചാടി രക്ഷപെടാന്‍ ശ്രമിച്ചവരെയെല്ലാം സൈനികര്‍ വെടിവെച്ച് കൊന്നു. ആ നിമിഷത്തില്‍ തനിക്ക് ഒരിക്കലും മറക്കാനാവാത്ത ഒരനുഭവം അയാള്‍ വിവരിക്കുന്നുണ്ട്: ‘രണ്ടാമത്തെ നിലയില്‍ ജനാലയ്ക്ക് പിന്നിലായി ഞാന്‍ ഒരു മനുഷ്യനെയും അയാളുടെ കയ്യില്‍ ഒരു കൊച്ചുകുഞ്ഞിനെയും കണ്ടു. അയാളുടെ സമീപത്തായി ആ കുട്ടിയുടെ അമ്മയുമുണ്ടായിരുന്നു. ആ മനുഷ്യന്‍ കുട്ടിയുടെ കണ്ണ് തന്റെ കൈകൊണ്ട് മൂടിയതിന് ശേഷം കെട്ടിടത്തിന് വെളിയിലേക്ക് ചാടുകയാണ്, ഒപ്പം അമ്മയും. അതുപോലെ തീ പടര്‍ന്ന ശരീരങ്ങള്‍ ജനാലയില്‍ നിന്ന് നിലത്തേക്ക് ചാടുന്നുണ്ടായിരുന്നു. ഞങ്ങള്‍ ആരെയും വെറുതെ വിട്ടില്ല. അവരെയെല്ലാം നിറുത്താതെ വെടിവെച്ചു… എന്റെ ദൈവമേ..’
ഈ സംഭവമെല്ലാം വിവരിച്ചതിന് ശേഷം ആ നാസി സൈനികന്‍ യഹൂദനായ സൈമണ്‍ വിഷന്താളിനോട് ചെയ്തുപോയ തെറ്റുകള്‍ക്കെല്ലാം മാപ്പുചോദിച്ചു. എന്നാല്‍ എല്ലാം ശാന്തമായി കേട്ട ഷന്താള്‍ ആ വ്യക്തിയോട് യാതൊന്നും സംസാരിക്കാതെ, ക്ഷമിക്കാതെ അവിടെനിന്ന് പുറത്തേക്ക് പോകുകയാണ്. അടുത്ത ദിവസം അതെ ആശുപത്രിയില്‍ ജോലിക്ക് വരുന്ന ഷന്താള്‍ നഴ്‌സിനോട് ആ സൈനികനെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ കേള്‍ക്കുന്നത് അയാളുടെ മരണ വാര്‍ത്തയാണ്. വലിയ ആത്മസംഘര്‍ഷത്തിലൂടെ കടന്ന് പോവുന്ന ഷന്താള്‍ തന്റെ വായനക്കാരോട് യഹൂദരെ ഇത്രയും കിരാതമായി പീഡിപ്പിച്ച ആ സൈനികനോട് ക്ഷമിക്കാതിരുന്നത് തെറ്റാണോ എന്ന് ചോദിക്കുന്നു. ഈ നോവല്‍ വായനക്കാരെ ശരിക്കും ധര്‍മ്മസങ്കടത്തിലാക്കുന്നുണ്ട്. ക്ഷമിക്കുക എന്നത് ഓരോ വ്യക്തിയും ബോധപൂര്‍വ്വം നടത്തുന്ന തിരഞ്ഞെടുപ്പാണ്. ആന്തരികമായ മുറിവുകള്‍ അവശേഷിക്കുമ്പോഴും നമുക്കൊക്കെ ഹ്യദയപൂര്‍വ്വം ക്ഷമിക്കാന്‍ കഴിയണം.
കാല്‍വരിയില്‍ നസ്രായന്‍ അര്‍പ്പിച്ച ആത്മബലിയാണ് പാപത്താല്‍ അധപതിച്ച മാനവരാശിയെ ദൈവവുമായി അനുരഞ്ജിപ്പിച്ചത്. അങ്ങനെ തന്റെ പുത്രന്‍ വഴിയായി അബ്ബാ നിബന്ധനകളും പരിധികളും ഇല്ലാതെ നമ്മോട് ക്ഷമിക്കുകയാണ്. ആദത്തിന്റെയും ഹവ്വായുടെയും അനുസരണക്കേട് നിമിത്തം അബ്ബായുമായി നമുക്കുണ്ടായ ആത്മബന്ധം നഷ്ടപ്പെട്ടു. അബ്ബാ പിതാവിനോടുള്ള യേശുവിന്റെ പരിപൂര്‍ണ്ണമായ അനുസരണമാണ് നമുക്ക് നഷ്ടമായ ഈ ആത്മബന്ധത്തെ തിരികെ നല്‍കുന്നത്. ‘കണ്ണിന് പകരം കണ്ണ്, പല്ലിന് പകരം പല്ല്…’ ഇതായിരുന്നു നസ്രായന്റെ കാലത്തെ പ്രതികാര ചിന്തയുടെ പ്രാഥമിക പാഠം. ന്യായമായ പ്രതികാരത്തിനുള്ള അവകാശം നിയമം അവര്‍ക്ക് അനുവദിച്ചു നല്‍കിയിരുന്നു. എന്നാല്‍ യേശു തന്റെ ശിഷ്യരെ പഠിപ്പിക്കുക പ്രതികാരചിന്ത ദൈവിക പദ്ധതിക്ക് എതിരാണെന്നുള്ള യാഥാര്‍ത്ഥ്യമാണ്. പരിധികളില്ലാത്ത ക്ഷമയെക്കുറിച്ച് യേശു പഠിപ്പിക്കുന്നത് തന്റെ ജീവിതത്തിലൂടെയാണ്. വലത്തെ കരണത്തടിക്കുന്നവന് മറ്റേ കരണം കൂടി കാട്ടി കൊടുക്കാന്‍ യേശു പറയുന്നുണ്ട്. അതുപോലെ യേശു തന്റെ ശിഷ്യഗണത്തെ പഠിപ്പിക്കുക ഉടുപ്പ് ചോദിക്കുന്നവന് പൂര്‍ണമനസോടുകൂടി മേലങ്കി കൂടി കൊടുക്കാനാണ്. ഒരു മൈല്‍ ദൂരം നടക്കാന്‍ ആവശ്യപ്പെടുന്നവനോടൊപ്പം രണ്ട് മൈല്‍ ദൂരം നടക്കാന്‍ യേശു പറയുന്നുണ്ട്.
കാല്‍വരിയിലേക്കുള്ള തന്റെ യാത്രയില്‍ താന്‍ പഠിപ്പിച്ച ഈ ക്ഷമയുടെ പാഠങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കികൊണ്ട് യേശു ശിഷ്യര്‍ക്ക് മാതൃകയാവുകയാണ്. ലോകം കണ്ട ഏറ്റവും ക്രൂരമായ ശിക്ഷാ വിധികളില്‍ ഒന്നായിട്ടാണ് കുരിശ് മരണത്തെ വിലയിരുത്തുന്നത്. കുരിശ് മരണത്തിന് വിധേയനാകുന്ന വ്യക്തിയുടെ വസ്ത്രങ്ങള്‍ മാത്രമല്ല അയാളുടെ മൗലികമായ അവകാശങ്ങള്‍ പോലും ഉരിഞ്ഞെടുക്കപ്പെടുകയാണ്. പീലാത്തോസിന്റെ അരമനയില്‍ യേശു ചാട്ടവാറിനാല്‍ മര്‍ദ്ദിക്കപ്പെടുന്നുണ്ട്. റോമന്‍ പടയാളികള്‍ യേശുവിനെ പലതരത്തില്‍ ആക്ഷേപിച്ചു. കാല്‍വരിയിലേക്കുള്ള യാത്രയില്‍ അവന് അഭിമുഖീകരിക്കേണ്ടി വന്നത് തുടര്‍ച്ചയായുള്ള ചാട്ടവാറടികളും, കുരിശുമായുള്ള വീഴ്ചകളും, അസഭ്യ വര്‍ഷവുമൊക്കെയായിരുന്നു. തുടര്‍ന്ന് അവന്റ കൈകാലുകള്‍ കാരിരുമ്പിനാല്‍ കുരിശില്‍ തറക്കപ്പെടുകയാണ്. കുരിശില്‍ തറയ്ക്കപ്പെടുന്ന വ്യക്തിയുടെ സഹനം അതിന്റെ പാരമ്യത്തില്‍ എത്തുക കുരിശില്‍ ഉയര്‍ത്തപ്പെടുമ്പോഴാണ്. സഹനത്തിന്റെ ഈ നെല്ലിപ്പലകയിലും യേശു തന്റെ പിതാവിനോട് പ്രാര്‍ഥിക്കുക: ‘പിതാവേ ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവരറിയുന്നില്ല ഇവരോട് ക്ഷമിക്കണമേ…’ എന്നായിരുന്നു. മാനവചരിത്രത്തിലെ തന്നെ സുപ്രധാനമായ മുഹൂര്‍ത്തമായിരുന്നു ഇത്. മാനവരാശി തങ്ങളെ പീഡിപ്പിക്കുന്നവരോട് കരുണാര്‍ദ്രമായി ക്ഷമിക്കുന്നതിനുള്ള കൃപ നസ്രായന്റെ കരുണാര്‍ദ്രമായ ക്ഷമ വഴി നേടുകയാണ്.
അവസാനമായി നല്ല കള്ളന്‍ നസ്രായനോട് ക്ഷമയും കരുണയും യാചിക്കുന്നുണ്ട്: ‘നിന്റെ രാജ്യത്തില്‍ എന്നെയും ഓര്‍ക്കേണമേ.’ ആ നിമിഷം ആ നല്ല കള്ളനോട് യേശു പറഞ്ഞു: ‘ഇന്ന് നീ എന്നോട് കൂടെ പറുദീസയിലായിരിക്കും.’ എല്ലാവരുടെയും ഭൂതവും വര്‍ത്തമാനവും ഭാവിയുമൊക്കെ തന്റെ നിത്യതയിലെ അറിയുന്ന നസ്രായന് അയാളുടെ ഇടര്‍ച്ചകള്‍ ഓരോന്നായി നിരത്തി അവസാന നിമിഷം അയാളോട് ക്ഷമിക്കാതിരിക്കാമായിരുന്നു. കുരിശ് മരണത്തിന്റെ കൊടിയ വേദനയിലും തന്റെ വേദനകള്‍ വിസ്മരിച്ചുകൊണ്ട് കരുണയുടെ നീര്‍ച്ചാലായി യേശു അയാളുടെ ജീവിതത്തിലേക്ക് കനിഞ്ഞിറങ്ങുകയാണ്. അങ്ങനെ മാനസാന്തരപ്പെടുന്ന ആ നല്ല കള്ളന്‍ നസ്രായന്റെ രഷാകര ദൗത്യത്തിന്റെ ആദ്യ ഫലമാവുകയാണ്. നസ്രായന്റെ കാരുണ്യം സ്വീകരിക്കുന്ന ഈ നല്ല കള്ളന്‍ പാപംമൂലം പറുദീസ നഷ്ടപ്പെട്ട, എന്നാല്‍ ഇപ്പോള്‍ തമ്പുരാന്റെ ആത്മ പരിത്യാഗംവഴി പറുദീസ വീണ്ട് കിട്ടപ്പെട്ട മാനവരാശിയുടെ പ്രതീകമാവുകയാണ്. അങ്ങനെ അബ്ബാ പിതാവിനോടൊപ്പം വീണ്ടും പറുദീസായില്‍ ആയിരിക്കാനും, ത്രിത്വവുമായുള്ള ആത്മബന്ധത്തില്‍ തിരികെ പ്രവേശിക്കാനുമുള്ള സുകൃതം മാനവരാശിക്ക് ലഭിക്കുകയാണ്.
യേശുവിന്റെ ക്ഷമിക്കുന്ന സ്‌നേഹമാണ് ദു:ഖവെള്ളിയെ രക്ഷയുടെ ദിനമാക്കി മാറ്റിയത്. അവന്റെ ക്ഷമയാണ് നമ്മെ ദൈവത്തോടും സഹോദരങ്ങളോടും പ്രകൃതിയോടും അനുരജ്ഞിപ്പിച്ച് സ്‌നേഹത്തില്‍ ജീവിക്കാന്‍ പ്രാപ്തരാക്കുന്നത്. നസ്രായന്റെ അനുകമ്പാര്‍ദ്രവും കരുണ നിറഞ്ഞതും പരിധികളില്ലാത്തതുമായ ക്ഷമയെ നമുക്കും ജീവിതത്തില്‍ അനുകരിക്കാം.
Leave a Comment
Your email address will not be published. Required fields are marked with *