ജോസഫ് മൈക്കിള്‍
jmmoolayil@hotmail.com
കാലിന്റെ സഹായമില്ലാതെ ഓടിക്കാന്‍ കഴിയുന്ന വിധത്തില്‍ കാറില്‍ രൂപമാറ്റം വരുത്തിയതിന് ഇന്ത്യയില്‍ ആദ്യമായി പേറ്റന്റ് ലഭിച്ചത് ബിജു വര്‍ഗീസിനാണ്. വീല്‍ച്ചെയറില്‍ ഇരുന്നാണ് ബിജു ഈ അപൂര്‍വ നേട്ടം സ്വന്തമാക്കിയത്. 23-ാം വയസില്‍ ഉണ്ടായ ഒരു ബൈക്ക് അപകടമാണ് ബിജുവിനെ വീല്‍ച്ചെയറിലാക്കിയത്. ദേശീയ അവാര്‍ഡുകളടക്കം നിരവധി പുരസ്‌കാരങ്ങള്‍ ബിജുവിന് സ്വന്തമായിക്കഴിഞ്ഞു. ദുഃഖവെള്ളികള്‍ക്കപ്പുറം ഉയിര്‍പ്പു ഞായറുകള്‍ കാത്തിരിപ്പുണ്ടെന്ന് ബിജുവിന്റെ ജീവിതം ഓര്‍മിപ്പിക്കുന്നു.
കൊട്ടാരക്കരയില്‍നിന്നും എരുമേലിക്കായിരുന്നു ബിജു വര്‍ഗീസിന്റെ ആ യാത്ര. സുഹൃത്താണ് ബൈക്ക് ഓടിച്ചിരുന്നത്. മൈലം പാലത്തിന് മുമ്പ് പമ്പില്‍നിന്നും പെട്രോള്‍ അടിച്ചതുവരെയെ ബിജുവിന്റെ ഓര്‍മയില്‍ ഉള്ളൂ. പിന്നീട് 20 ദിവസങ്ങള്‍ക്കുശേഷം ഓര്‍മ തിരികെ ലഭിക്കുമ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലായിരുന്നു. അങ്ങനെ 1996 മാര്‍ച്ച് മൂന്ന് ബിജുവിന്റെ ജീവിതത്തിലെ ദുഃഖവെള്ളിയായി മാറി. അപ്പോഴേക്കും ബിജുവിന്റെ ശരീരം അരക്കു താഴേക്കു പൂര്‍ണമായി തളര്‍ന്നിരുന്നു. കേവലം 23 വയസുമാത്രം പ്രായമുള്ള മിടുക്കനും നാട്ടുകാര്‍ക്കു പ്രിയങ്കരനുമായ ബിജുവിന്റെ അവസ്ഥ അറിഞ്ഞ് കണ്ണീര്‍ പൊഴിച്ചത് ഒരു നാടുമുഴുവനുമായിരുന്നു. ആ ചെറുപ്പക്കാരന്‍ ഇനി എങ്ങനെ ജീവിക്കുമെന്നോര്‍ത്ത് അനേകര്‍ സഹതപിച്ചു.
ഡോ. കലാമിന്റെ പ്രോത്സാഹനം
2007 ഫെബ്രുവരി 11. ഡല്‍ഹിലെ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഓഡിറ്റോറിയമാണ് വേദി. രാജ്യത്തിന് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ ഏതാനും വ്യക്തികള്‍ക്ക് നാഷണല്‍ ഇന്നവേഷന്‍ ഫൗണ്ടേഷന്റെ അവാര്‍ഡു നല്‍കുന്ന ചടങ്ങാണ് നടക്കുന്നത്. അവാര്‍ഡു സമ്മാനിക്കുന്നത് ലോകം കണ്ട ഏറ്റവും മികച്ച ശാസ്ത്രജ്ഞന്‍മാരില്‍ ഒരാളും ഇന്ത്യന്‍ രാഷ്ട്രപതിയുമായ ഡോ. എ.പി.ജെ അബ്ദുള്‍ കലാം. വേദിയിലും സദസിലുമായി കേന്ദ്ര മന്ത്രിമാരും വിവിഐപികളും ക്ഷണിക്കപ്പെട്ട അതിഥികളും. ഏറ്റവും മുന്‍നിരയില്‍ വീല്‍ച്ചെയറില്‍ അവാര്‍ഡു വാങ്ങുന്നതിനായി ഒരു ചെറുപ്പക്കാരന്‍ ഇരുന്നിരുന്നു. അവന്റെ പേര് ബിജു വര്‍ഗീസ് എന്നായിരുന്നു. പ്രതിസന്ധികള്‍ മുമ്പില്‍ ഉയരുമ്പോള്‍ ദൈവം നമുക്കുവേണ്ടി ജനലുകള്‍ തുറന്നിട്ടിരിക്കുമെന്ന് ഓര്‍മപ്പെടുത്തുന്നതുപോലെ.
ചടങ്ങ് ആരംഭിച്ചു. ബിജുവിന്റെ പേരു വിളിക്കുമ്പോള്‍ സഹോദരന്‍ ജോഷി ബിജുവിനെ കോരിയെടുത്ത് സ്റ്റേജില്‍ കയറ്റി അവാര്‍ഡ് സ്വീകരിക്കണം എന്നായിരുന്നു തലേദിവസം നടന്ന ചടങ്ങിന്റെ റിഹേഴ്‌സലില്‍ തീരുമാനിച്ചിരുന്നത്. അവാര്‍ഡുദാന ചടങ്ങ് ആരംഭിച്ചു. രാഷ്ട്രപതി ഡോ. കലാമിന്റെ അടുത്ത സീറ്റില്‍ ഇരുന്നത് നാഷണല്‍ ഇന്നവേഷന്‍ ഫൗണ്ടേഷന്റെ അന്നത്തെ ചെയര്‍മാന്‍ അനില്‍ ഗുപ്തയായിരുന്നു. ബിജുവിന്റെ പേരുവിളിക്കുന്നതിന് തൊട്ടുമുമ്പ് അനില്‍ ഗുപ്ത ഡോ. കലാമിന്റെ ചെവിയില്‍ ബിജുവിനെക്കുറിച്ച് ചെറുവിവരണം നല്‍കി. ബിജുവിന്റെ പേര് അനൗണ്‍സ് ചെയ്തു. സഹോദരന്‍ ബിജുവിനെ എടുക്കുന്നതിനായി സമീപത്ത് എത്തി. ഉടന്‍ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് ഡോ. കലാമെന്ന മനുഷ്യസ്‌നേഹിയായ രാഷ്ട്രപതി അവിടെ നില്ക്കാന്‍ കൈകൊണ്ട് ആംഗ്യം കാണിച്ചു. എന്നിട്ട് പ്രോട്ടോക്കോള്‍ മാറ്റിവച്ചുകൊണ്ട് അദ്ദേഹം വേദിവിട്ട് താഴേക്ക് ഇറങ്ങി ബിജുവിന്റെ സമീപത്തെത്തി.
വിദേശ-ദേശീയ മാധ്യമങ്ങളുടെ വലിയ നിരതന്നെ ഉണ്ടായിരുന്നു. ക്യാമറകള്‍ എല്ലാം സ്റ്റേജിലേക്ക് ഫോക്കസ് ചെയ്തു വച്ചിരിക്കുകയായിരുന്നു. ഡോ. കലാം ബിജുവിന്റെ സമീപത്ത് എത്തിയിട്ട് ആദ്യം ആവശ്യപ്പെട്ടത് ക്യാമറകള്‍ ബിജുവിലേക്ക് തിരിക്കാനായിരുന്നു. ആ ചെറുപ്പക്കാരനെ ലോകം അറിയണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധം ഉണ്ടായിരുന്നു (എന്നിട്ടും ആ വാര്‍ത്ത മലയാളത്തിലെ പത്രങ്ങളുടെ പ്രാദേശിക പേജില്‍ ചുരുങ്ങിപ്പോയി എന്നൊരു പരിഭവം ബിജുവിനുണ്ട്). തമിഴ് കലര്‍ന്ന മലയാളത്തില്‍ ഡോ. കലാം എല്ലാ വിവരങ്ങളും ചോദിച്ചറിഞ്ഞു. അദ്ദേഹം ബിജുവിനോടു പറഞ്ഞു, ”നീ ഇനിയും സ്വപ്‌നങ്ങള്‍ കാണണം. നിനക്കിനിയും ഒരുപാടു കാര്യങ്ങള്‍ ചെയ്യാനുണ്ട്.” ബിജുവിനെപ്പോലെ ഉള്ളവരാണ് ഇന്ത്യയുടെ യഥാര്‍ത്ഥ ഹീറോസ് എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. നാഷണല്‍ ഇന്നവേഷന്‍ ഫൗണ്ടേഷന്റെ ബെസ്റ്റ് ഇന്‍വന്റര്‍ ഓഫ് ഇന്ത്യ അവാര്‍ഡ് ഡോ. കലാം അവിടെവച്ച് ബിജുവിന് സമ്മാനിച്ചു.
ബിജുവിന്റെ കാറ് ഓടിക്കാന്‍ കാലുകള്‍ വേണ്ട
കാലിന്റെ സഹായമില്ലാതെ കാര്‍ ഓടിക്കാന്‍ കഴിയുന്ന വിധത്തില്‍ ക്ലച്ച്, ആക്‌സിലേറ്റര്‍, ബ്രേയ്ക്ക് എല്ലാം ലിവറിലാക്കി രൂപമാറ്റം വരുത്തിയ കണ്ടുപിടുത്തമാണ് നാഷണല്‍ ഇന്നവേഷന്‍ ഫൗണ്ടേഷന്റെ ‘ബെസ്റ്റ് ഇന്‍വന്റര്‍ ഓഫ് ഇന്ത്യ’ പുരസ്‌കാരത്തിന് ബിജുവിനെ അര്‍ഹനാക്കിയത്. ഈ വിധത്തില്‍ വാഹനങ്ങളില്‍ രൂപമാറ്റം വരുത്തുന്നതിന് ഇന്ത്യയില്‍ ആദ്യമായി പേറ്റന്റ് ലഭിച്ചതും ബിജു വര്‍ഗീസിനാണ്. നിയമപരമായ അംഗീകാരം ഉണ്ടെങ്കില്‍ മാത്രമേ ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കുകയുള്ളൂ. അവിടംകൊണ്ടും ബിജു നിര്‍ത്തിയില്ല. കരങ്ങള്‍ ഇല്ലാത്തവര്‍ക്ക് കാലുകൊണ്ടുതന്നെ സാധാരണ കാറുകള്‍ ഓടിക്കാന്‍ കഴിയുന്ന വിധത്തില്‍ മാറ്റങ്ങള്‍ വരുത്തി. പിന്നെയും ബിജുവിനെത്തേടി ദേശീയ അവാര്‍ഡുകള്‍ എത്തി. 2013 ല്‍ മറ്റൊരു അവാര്‍ഡു നല്‍കിയത് അന്നത്തെ രാഷ്ട്രപതി പ്രതീഭ പാട്ടീലായിരുന്നു. തുടര്‍ന്ന് സിഎന്‍എന്‍ ഇന്ത്യാ-പോസിറ്റീവ് അവാര്‍ഡ് ലഭിച്ചു. സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ അവാര്‍ഡുകള്‍, കെസിബിസി അവാര്‍ഡുകള്‍ തുടങ്ങി പുരസ്‌കാരങ്ങളുടെ പട്ടിക നീളുകയാണ്.
സിനിമാക്കഥയെ വെല്ലുന്നതാണ് ബിജുവിന്റെ ജീവിതം. ദുഃഖവെള്ളികള്‍ക്കപ്പുറം ഉയിര്‍പ്പുഞായറുകള്‍ നമ്മെ കാത്തിരിക്കുന്നുണ്ടെന്നാണ് ബിജുവിന്റെ ജീവിതം ഓര്‍മിപ്പിക്കുന്നത്. കോട്ടയം ജില്ലയിലെ എരുമേലിക്കടുത്ത് വെണ്‍കുറിഞ്ഞി ഗ്രാമത്തില്‍, പുരയിടത്തില്‍ പരേതരായ വര്‍ക്കി-ക്ലാരമ്മ ദമ്പതികളുടെ ഏഴു മക്കളില്‍ അഞ്ചാമനായി 1972 മെയ് അഞ്ചിനായിരുന്നു ബിജുവിന്റെ ജനനം. അഞ്ചു സഹോദരിമാരും ഒരു അനുജനുമാണ് ബിജുവിന്. ഇലക്ട്രീഷ്യനായ സഹോദരീ ഭര്‍ത്താവിനോടൊപ്പം ചേര്‍ന്ന് പത്താം ക്ലാസിനുശേഷം ഇലക്ട്രിക്ക് വര്‍ക്കുകളും പ്ലംബിംഗ് ജോലികളും പഠിച്ചു. വളരെ വേഗം ബിജു പേരെടുത്ത ഇലക്ട്രീഷ്യനായി മാറി.
ഹോബി, വാഹന റിപ്പയറിംഗ്
ചെറുപ്പം മുതല്‍ ടെക്‌നിക്കലായ കാര്യങ്ങളോട് വലിയ താല്പര്യമായിരുന്നു. വര്‍ക്ക്‌ഷോപ്പുകളില്‍ വാഹനങ്ങള്‍ പണിയുന്നതു നോക്കിനില്ക്കുന്നത് ചെറുപ്പത്തിലെ ഹോബിയായിരുന്നു. ബിജുവിന്റെ ഡിസൈനുകളും വ്യത്യസ്തമായ മോഡലുകളും പെട്ടെന്നുതന്നെ ശ്രദ്ധിക്കപ്പെട്ടു. പലയിടത്തുനിന്നും ആളുകള്‍ അന്വേഷിച്ചു വരാന്‍ തുടങ്ങി. വീട്ടില്‍നിന്നും 180 കിലോമീറ്റര്‍ അകലെയുള്ള കൊട്ടാരക്കരയില്‍ വീടിന്റെ ഇലക്ട്രിക്-പ്ലബിംഗ് ജോലി ബിജുവിന് ലഭിച്ചു. സുഹൃത്തിന്റെ അമ്മാവന്റെ വീടാണ്. അവര്‍ അമേരിക്കയിലായിരുന്നു. അതേസമയത്തുതന്നെ വീടിനടുത്തുള്ള സ്വകാര്യ എസ്റ്റേറ്റിലെ 10 ലക്ഷം ലിറ്റര്‍ വെള്ളം കൊള്ളുന്ന വാട്ടര്‍ ടാങ്കിന്റെ നിര്‍മാണം ആരംഭിച്ചപ്പോള്‍ അതിന്റെ പ്ലംബിംഗ് കോണ്‍ട്രാക്ട് ലഭിച്ചത് ബിജുവിനായിരുന്നു. പിറ്റേന്ന് ടാങ്കിന്റെ വാര്‍ക്കയായിരുന്നു. വാര്‍ക്കയുടെ സമയത്ത് ബിജു അവിടെ ഉണ്ടാകണമെന്ന് മാനേജര്‍ നേരത്തെതന്നെ പറഞ്ഞിരുന്നു. എന്നാല്‍, തലേന്ന് ഉച്ചയായപ്പോള്‍ കൊട്ടാരക്കരയില്‍നിന്നും ഫോണ്‍ വന്നു. അത്യാവശ്യമായി വീടുപണിയുന്നിടത്തേക്കു ചെല്ലണം. സുഹൃത്തിനെയും കൂട്ടി ബൈക്കില്‍ അവിടേക്കുപോയി. പണികള്‍ കാണിച്ചുകൊടുത്തു. രാത്രി 9 മണിയായപ്പോള്‍ അവിടെനിന്നും എരുമേലിയിലേക്കു തിരിച്ചു.
അമേരിക്കന്‍ പ്രസിഡന്റിന്റെ വിമാനമായ എയര്‍ഫോഴ്‌സ് 1-നെക്കുറിച്ചുള്ള പ്രോഗ്രാം ടിവിയില്‍ കണ്ടുകൊണ്ട് കിടക്കുകയായിരുന്നു. ഇത്രയും വലിയ വിമാനം കൈകൊണ്ടാണല്ലോ നിയന്ത്രിക്കുന്നത് എന്നൊരു ചിന്ത മനസിലൂടെ കടന്നുപോയി. വിമാനത്തെ കൈകൊണ്ട് നിയന്ത്രിക്കാമെങ്കില്‍ ചെറിയൊരു കാറിനെ ഈ വിധത്തില്‍ മാറ്റാന്‍ കഴിയില്ലേ എന്നൊരു ചോദ്യം മനസില്‍ ഉയര്‍ന്നു. അതു ദൈവം നല്‍കിയ ചിന്തയാണെന്ന് ബിജുവിന് തോന്നി.
ക്ഷതം സ്‌പൈനല്‍കോഡിന്
മൈലം റെയില്‍വേ ഓവര്‍ ബ്രിഡ്ജില്‍നിന്നും ബൈക്ക് റെയില്‍ട്രാക്കിലേക്ക് തെറിച്ചുവീണു. തലയടിച്ചായിരുന്നു ബിജുവിന്റെ വീഴ്ച. രക്ഷപ്പെടാന്‍ സാധ്യതയില്ലെന്നായിരുന്നു എല്ലാവരും വിചാരിച്ചത്. നട്ടെല്ലിന് മാരകമായ പരിക്കുപറ്റിയ വിവരം ആദ്യഘട്ടത്തില്‍ തിരിച്ചറിഞ്ഞിരുന്നില്ല. ഒരു ഡിസ്‌ക് പൊട്ടിത്തകര്‍ന്നിരുന്നു. 20 ദിവസം കഴിഞ്ഞ് കണ്ണുതുറക്കുമ്പോള്‍ ആദ്യം കാണുന്നത് അടുത്തുനില്ക്കുന്ന കൂട്ടുകാരുടെ മുഖങ്ങളായിരുന്നു. താന്‍ എവിടെയാണെന്നോ, എന്താണ് സംഭവിച്ചതെന്നോ മനസിലായില്ല. അല്പംകഴിഞ്ഞാണ് ആശുപത്രി കിടക്കയിലാണെന്ന വിവരം തിരിച്ചറിഞ്ഞത്. ഉടനെ ഡിസ്ചാര്‍ജ് ആകുമെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. അതുകേട്ടപ്പോള്‍ ആശ്വാസം തോന്നി. തലയിലെ മുറിവുകള്‍ അപ്പോഴേക്കും ഉണങ്ങിയിരുന്നു. നട്ടെല്ലിന്റെ സര്‍ജറിയും കഴിഞ്ഞിരുന്നു. (സുഹൃത്തിന് ഗുരുതരമായ പരിക്കുകള്‍ ഉണ്ടായിരുന്നില്ല. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രിയില്‍നിന്നും ഡിസ്ചാര്‍ജ് ആയി). പിന്നെയും രണ്ടു ദിവസം കഴിഞ്ഞാണ് കാല്‍ ചലിപ്പിക്കാന്‍ കഴിയുന്നില്ലെന്ന കാര്യം തിരിച്ചറിഞ്ഞത്. രണ്ടുമാസം റെസ്റ്റ് എടുത്താല്‍ ഇതൊക്കെ മാറുമെന്ന് ആ സമയത്ത് കൂട്ടുകാര്‍ ആശ്വസിപ്പിച്ചു.
മൂന്ന് മാസത്തേക്കൊരു വീല്‍ച്ചെയര്‍
സര്‍ജറി ചെയ്ത പ്രശസ്തനായ ഡോ. മാര്‍ത്താണ്ഡപിള്ള ഡിസ്ചാര്‍ജ് ചെയ്യുന്നതിന് രണ്ടു ദിവസം മുമ്പ് വന്നിരുന്നത് ബിജു ഇപ്പോഴും ഓര്‍മിക്കുന്നുണ്ട്. സ്‌പൈനല്‍കോഡിന് പരിക്കുപറ്റിയ വിവരം ഡോക്ടര്‍ അറിയിച്ചു. നാല് മാസം അനങ്ങാതെ ബെഡില്‍ കിടക്കണമെന്ന് ഡോക്ടര്‍ പറഞ്ഞു. ഒരു വീല്‍ച്ചെയര്‍ വാങ്ങേണ്ടതായി വരുമെന്നുകൂടി അവസാനം ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. അതുകേട്ടപ്പോള്‍ മനസില്‍ ആശങ്ക നിറഞ്ഞു. കുറെ നാളത്തേക്ക് ഞാന്‍ നടക്കാന്‍ മേലാതിരിക്കുമല്ലോ എന്നൊരു തോന്നല്‍ ഉണ്ടായി. വീട്ടില്‍ വന്നിട്ട് നാലു മാസം കഴിഞ്ഞാണ് എഴുന്നേറ്റിരുന്നത്. കട്ടിലില്‍ ഇരുന്നപ്പോള്‍ മറിഞ്ഞുപോകാതെ താങ്ങാന്‍ ഇടത്തും വലത്തും രണ്ടു പേര്‍ ഉണ്ടായിരുന്നു. നാലുമാസംകൂടി ചോറ് അന്നു സ്വന്തം കൈകൊണ്ട് വാരി ഉണ്ടപ്പോള്‍ കണ്ണുനിറഞ്ഞൊഴുകി. സാവകാശം തന്റെ യഥാര്‍ത്ഥ അവസ്ഥ ബിജു തിരിച്ചറിഞ്ഞു. അതിനോടു മനസുകൊണ്ട് പൊരുത്തപ്പെട്ടു. തുടര്‍ന്ന് ആയുര്‍വേദ ചികിത്സയുടെ കാലമായിരുന്നു. ഇക്കാലമായപ്പോള്‍ ആ ഇടത്തരം കുടുംബത്തിന്റെ സാമ്പത്തികനില ആകെത്തകര്‍ന്നു. സഹോദരിമാരെ വിവാഹം ചെയ്തതിന്റെ ബാധ്യതകള്‍, വിവാഹം നടത്തേണ്ട സഹോദരിമാര്‍, എല്ലാറ്റിനും മുമ്പില്‍ ഓടിനടന്നിരുന്ന ചെറുപ്പക്കാരന്റെ തളര്‍ച്ച. അങ്ങനെ രണ്ടു വര്‍ഷം മുമ്പോട്ടുപോയി.
കിടന്നുകൊണ്ട് നിര്‍മിച്ച സ്റ്റെബിലൈസറുകള്‍
ഇനി തന്റെ പഴയ ജോലി ചെയ്യാന്‍ കഴിയില്ലെന്ന യാഥാര്‍ത്ഥ്യം മനസുകൊണ്ട് അംഗീകരിച്ചു. എമര്‍ജന്‍സി ലൈറ്റ്, മിക്‌സി, തേപ്പുപെട്ടി തുടങ്ങിയവയുടെ റിപ്പയറിംഗ് ആരംഭിച്ചു. കിടന്നുകൊണ്ടായിരുന്നു അവയുടെ പണികള്‍. നേരംപോക്കിനൊപ്പം ചെറിയ വരുമാനവുമായി. ട്യൂബ് ലൈറ്റിന് ഇലക്‌ട്രോണിക്‌സ് ചോക്ക് ഇറങ്ങിയത് അക്കാലത്തായിരുന്നു. ഇലക്‌ട്രോണിക്‌സ് ചോക്ക് ഉപയോഗിച്ചാല്‍ ചെറിയ വോള്‍ട്ടേജിലും ട്യൂബ് ലൈറ്റ് തെളിയുമായിരുന്നു. ഇലക്‌ട്രോണിക്‌സ് ചോക്ക് അഴിച്ചു പഠിച്ചതിനുശേഷം സ്വന്തമായി ചോക്കുകള്‍ നിര്‍മിക്കാന്‍ ആരംഭിച്ചു. അതിന് നല്ല പ്രതികരണമായിരുന്നു ലഭിച്ചത്. കച്ചവടക്കാര്‍ വീട്ടില്‍വന്നു വാങ്ങിക്കൊണ്ടുപോകാന്‍ തുടങ്ങി. ഇതിനിടയില്‍ ഒരു കത്തിയ സ്റ്റെബിലൈസര്‍ കിട്ടി. ഉടമസ്ഥന്‍ പറഞ്ഞു, ഞാന്‍ പുതിയത് വാങ്ങുകയാണ്. ബിജുവിന് പണി പഠിക്കാന്‍ ഉപയോഗിക്കാം. തുറന്നുനോക്കിയപ്പോള്‍ ഇതു തനിക്ക് നിര്‍മിക്കാന്‍ കഴിയുമെന്ന ബോധ്യം ലഭിച്ചു.
കിടന്നുകൊണ്ട് സ്റ്റെബിലൈസര്‍ ഉണ്ടാക്കാന്‍ തുടങ്ങി. അക്കാലത്ത് വോള്‍ട്ടേജ് ക്ഷാമം പൊതുവേ എല്ലായിടത്തും ഉണ്ടായിരുന്നു. കമ്പനികളുടെ സ്റ്റെബിലൈസര്‍ ഇത്ര ചെറിയ വോള്‍ട്ടേജില്‍ പ്രവര്‍ത്തിക്കുമായിരുന്നില്ല. അതുകൊണ്ടുതന്നെ ബിജുവിന്റെ സ്റ്റെബിലൈസറിന് ധാരാളം ആവശ്യക്കാര്‍ ഉണ്ടായി. കുറെക്കഴിഞ്ഞപ്പോള്‍ കുഴല്‍ക്കിണറുകളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന വലിയ സ്റ്റെബിലൈസറുകള്‍ ഉണ്ടാക്കാന്‍ തുടങ്ങി. ഇക്കാലത്ത് പുസ്തകങ്ങള്‍ വായിക്കാന്‍ ആരംഭിച്ചു. ജീവചരിത്രങ്ങള്‍, നോവലുകള്‍. പ്രതിസന്ധികളെ മറികടന്ന് ജീവിതവിജയം നേടിയവരുടെ അനുഭവങ്ങള്‍ തുടങ്ങി പരന്ന വായനയായിരുന്നു.
അമേരിക്കന്‍ പ്രസിഡന്റിന്റെ വിമാനം
പുതിയ ടിവി വാങ്ങിയപ്പോള്‍ പഴയ ബ്ലാക്ക് ആന്റ് വൈറ്റ് ടിവി ഒരാള്‍ ബിജുവിന് നല്‍കി. ഏതോ ഒരു വിദേശ ചാനലില്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ വിമാനമായ എയര്‍ഫോഴ്‌സ് 1-നെക്കുറിച്ചുള്ള പ്രോഗ്രാം കണ്ടു. പൈലറ്റിന്റെ കോക്ക്പിറ്റും സംവിധാനങ്ങളുമെല്ലാം കണ്ടപ്പോള്‍ ഇത്രയും വലിയ വിമാനം കൈകൊണ്ടാണല്ലോ നിയന്ത്രിക്കുന്നത് എന്നൊരു ചിന്ത മനസിലൂടെ കടന്നുപോയി. വിമാനത്തെ കൈകൊണ്ട് നിയന്ത്രിക്കാമെങ്കില്‍ ചെറിയൊരു കാറിനെ ഈ വിധത്തില്‍ മാറ്റാന്‍ കഴിയില്ലേ എന്നൊരു ചോദ്യം മനസില്‍ ഉയര്‍ന്നു. അതു ദൈവം നല്‍കിയ ചിന്തയാണെന്ന് ബിജുവിന് തോന്നി. ആ സമയത്താണ് വാഹനാപകടത്തിന്റെ നഷ്ടപരിഹാരമായി 2.5 ലക്ഷം രൂപ ഇന്‍ഷ്വറന്‍സ് കമ്പനിയില്‍നിന്നും ലഭിച്ചത്. അതുകൊണ്ട് ബിജു ഒരു മാരുതി വാഗണാര്‍ കാര്‍ വാങ്ങി. അതിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ കേട്ടു. അക്കാലത്ത് കാര്‍ ആഡംബരവസ്തു ആയിരുന്നു. മാത്രമല്ല, കുടുംബത്തിലെ സാമ്പത്തികാവസ്ഥയും അതിന് അനുകൂലമായിരുന്നില്ല. കാലു വയ്യാത്തവന്‍ എങ്ങനെ കാര്‍ ഓടിക്കും, ഇനി ഡ്രൈവറെ വയ്‌ക്കേണ്ടെ എന്നൊക്കെയുള്ള ചോദ്യങ്ങളും ഉയര്‍ന്നു. അപ്പോഴും ബിജുവിന് നല്ല ആത്മവിശ്വാസം ഉണ്ടായിരുന്നു. തന്റെ മനസിലെ ആശയം കാറില്‍ പരീക്ഷിച്ചുനോക്കാന്‍ ബിജു തീരുമാനിച്ചിരുന്നു.
തനിക്കു നഷ്ടപ്പെട്ടുപോയ സഞ്ചാരസ്വാതന്ത്ര്യം വീണ്ടെടുക്കാനുള്ള വഴിയായിട്ടാണ് ബിജു വാഹനത്തെ കണ്ടത്. സുഹൃത്തിന്റെ വെല്‍ഡിംഗ് വര്‍ക്ക്‌ഷോപ്പില്‍ രാത്രിയില്‍ പോയി (10 മണിവരെ വര്‍ക്ക്‌ഷോപ്പില്‍ പണികള്‍ ഉള്ളതിനാല്‍ അതു കഴിഞ്ഞായിരുന്നു ഈ വര്‍ക്ക്). അതിനും സുഹൃത്തുക്കള്‍ സഹായിച്ചു. അവര്‍ രാത്രിയില്‍ വന്ന് ബിജുവിനെ കൊണ്ടുപോകുമായിരുന്നു. ബിജുവിന്റെ ആശയങ്ങള്‍ക്കനുസരിച്ച് ഡിസൈന്‍ ചെയ്യിച്ചു. ക്ലച്ച്, ആക്‌സിലേറ്റര്‍, ബ്രേയ്ക്ക് എല്ലാം ലിവറിലാക്കി, കാര്‍ ഓടിക്കാന്‍ കാലിന്റെ ആവശ്യം ഇല്ലാത്ത രീതിയിലേക്ക് മാറ്റി. അതു കാറില്‍ ഫിറ്റുചെയ്തു. വാഹനം ഒരു കിലോമീറ്റര്‍ ഓടിച്ചുകഴിഞ്ഞപ്പോള്‍ ചില തെറ്റുകള്‍ മനസിലാക്കി (ബിജുവിന് നേരത്തെ ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരുന്നു) തിരിച്ചു വര്‍ക്ക്‌ഷോപ്പില്‍വന്ന് അതും ശരിയാക്കി. ഏതാനും മാസങ്ങള്‍ക്കുശേഷം ഡിസൈനില്‍ കാര്യമായ ഭേദഗതികള്‍ വരുത്തി ഒരു പരിഷ്‌ക്കരണംകൂടി നടത്തിയപ്പോള്‍ ബിജുവിന്റെ പരീക്ഷണം പൂര്‍ണ വിജയത്തിലെത്തി.
വീല്‍ച്ചെയറിലൊരു മെക്കാനിക്ക്
ആ വാഹനവുമായി ബിജു യാത്രകള്‍ ആരംഭിച്ചു. എല്ലാവര്‍ക്കും ബിജു ഒരത്ഭുതമായി മാറിക്കൊണ്ടിരുന്നു. മുറിയില്‍ ഒറ്റപ്പെട്ടുപോയതില്‍നിന്നുള്ള വീണ്ടെടുപ്പായിട്ടാണ് ബിജു അതിനെ കണ്ടത്. പഴയതുപോലെ എല്ലായിടത്തും പോകാന്‍ തുടങ്ങി. തന്റെ ജോലിയും ഇതോടൊപ്പം വികസിപ്പിച്ചു. ആശുപത്രിയില്‍ പിന്നീട് ചെല്ലുമ്പോള്‍ ഡോക്ടര്‍മാര്‍ ഈ വിവരം അറിഞ്ഞു, അവര്‍ ബിജുവിന്റെ വാഹനത്തില്‍ കയറി. ഡോക്ടര്‍മാര്‍ പറഞ്ഞാണ് സമാനമായ അവസ്ഥയില്‍ കഴിയുന്ന പലരും വിവരം അറിഞ്ഞത്. അങ്ങനെയുള്ള പലരും ബിജുവിനെ സമീപിച്ചു. അങ്ങനെ ആവശ്യക്കാരുടെ എണ്ണം കൂടിവരാന്‍ തുടങ്ങിയപ്പോള്‍ ബിജു വീടിനോട് ചേര്‍ന്ന് ചെറിയൊരു വര്‍ക്ക്‌ഷോപ്പ് ആരംഭിച്ചു. വീല്‍ച്ചെയറില്‍ ഇരുന്ന് പണികള്‍ ചെയ്യാന്‍ കഴിയുന്ന രീതിയിലായിരുന്നു അതു ഡിസൈന്‍ ചെയ്തതും. 10, 100, 150… അങ്ങനെ ബിജു രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ എണ്ണം കൂടിവന്നു.
ആവശ്യക്കാരുടെ എണ്ണം കൂടാന്‍ തുടങ്ങിയപ്പോള്‍ ബിജുവിന് മറ്റൊരു ചിന്ത ഉണ്ടായി. ഇതിന് നിയമപരമായ അംഗീകാരം അത്യാവശ്യമാണ്. അല്ലെങ്കില്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടാല്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കില്ല. അതിനെ എങ്ങനെ മറികടക്കാന്‍ കഴിയുമെന്നായിരുന്നു ബിജുവിന്റെ ചിന്ത. അപേക്ഷയുമായി ഗവണ്‍മെന്റിനെ സമീപിച്ചു. അതിനായി നിരവധി കടമ്പകള്‍ കടക്കേണ്ടതായി ഉണ്ടായിരുന്നു. എന്നാല്‍ അതിനെയെല്ലാം മറികടക്കാന്‍ ദൈവം ഒരു എളുപ്പവഴി ഒരുക്കിവച്ചിരുന്നു. ഈ സമയത്താണ് നാഷണല്‍ ഇന്നവേഷന്‍ ഫൗണ്ടേഷന്റെ ദേശീയ അവാര്‍ഡ് ബിജുവിനെ തേടിയെത്തുന്നത്.
ദേശീയ അവാര്‍ഡ് വന്ന വഴി
കാഞ്ഞിരപ്പള്ളി രൂപതയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പീരുമേടു ഡവലപ്‌മെന്റ് സൊസൈറ്റിയാണ് ബിജുവിന്റെ നേട്ടങ്ങളെ നാഷണല്‍ ഇന്നവേഷന്‍ ഫൗണ്ടേഷന്റെ (എന്‍ഐഎഫ്) മുമ്പില്‍ എത്തിച്ചത്. ഒരു ദിവസം ബിജു സ്വയം ഡ്രൈവ് ചെയ്ത് കുമളിയിലുള്ള സഹോദരിയുടെ വീട്ടിലേക്കു പോകുകയായിരുന്നു. അതിനിടയില്‍ പീരുമേട് ഡവലപ്‌മെന്റ് സൊസൈറ്റിയുടെ ഓഫീസിനു മുമ്പില്‍ കാര്‍ നിര്‍ത്തി. അന്ന് സൊസൈറ്റിയുടെ ഡയറക്ടര്‍ ആയിരുന്ന ഫാ. തോമസ് കുറ്റിമാലയ്ക്കല്‍ (ഇപ്പോള്‍ അദ്ദേഹം അമേരിക്കയിലാണ്) ബിജുവിന്റെ സുഹൃത്തായിരുന്നു. ഏതാനും ആളുകള്‍ അച്ചന്റെ ഓഫീസില്‍ ഉണ്ടായിരുന്നു. കാഴ്ചയില്‍ അവരെല്ലാം വടക്കേ ഇന്ത്യയില്‍നിന്ന് വന്നവരാണെന്ന് ബിജുവിന് മനസിലായി. തിരിച്ചുവരുമ്പോള്‍ കാണാമെന്ന് പറഞ്ഞ് പോകാന്‍ തുടങ്ങിയ ബിജുവിനോട് അച്ചന്‍ പറഞ്ഞു, ഇവരെ പരിചയപ്പെട്ടിട്ടു പോയാല്‍ മതി. അവരുമായി അച്ചന്‍ ബിജുവിന്റെ അടുത്ത് എത്തി.
അവര്‍ ബിജുവിന്റെ കാറില്‍ കയറി. ഡ്രൈവ് ചെയ്തത് ബിജുവായിരുന്നു. ഇതെല്ലാം അവര്‍ ക്യാമറയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. അവര്‍ക്കും അതൊരു അത്ഭുതമായിരുന്നു. ഒരു മാസത്തിനുശേഷം വീണ്ടും ഒരിക്കല്‍ക്കൂടി അച്ചനെ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു, അടുത്ത ആഴ്ച ഡല്‍ഹിയില്‍നിന്നും ഏതാനും പേര്‍ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എത്തും. നീ പോയി അവരെ കൂട്ടിക്കൊണ്ടുവരണം. ബിജു സമ്മതിച്ചു. തീയതിയും അച്ചന്‍ പറഞ്ഞു. അതനുസരിച്ച് റെയില്‍വേ സ്റ്റേഷനിലെത്തി അവരെ വാഹനത്തില്‍ കയറ്റി തിരികെ പീരുമേട്ടിലേക്ക് തിരിച്ചു. അരക്കു താഴേക്കു പൂര്‍ണമായി തളര്‍ന്നുപോയ ചെറുപ്പക്കാരനാണ് തിരക്കേറിയ കോട്ടയം പട്ടണത്തിലൂടെ വാഹനം ഓടിക്കുന്നതെന്നും അവന്‍തന്നെയാണ് വാഹനത്തില്‍ രൂപമാറ്റം വരുത്തിയത് എന്നതും അവരെ അമ്പരിപ്പിച്ചു.
നാഷണല്‍ ഇന്നവേഷന്‍ ഫൗണ്ടേഷനിലെ ഉദ്യോഗസ്ഥന്മാരായിരുന്നു അവര്‍. ആ വിവരം അച്ചന്‍ ബിജുവിനോടു പറഞ്ഞിരുന്നില്ല. ഇതിനുമുമ്പുതന്നെ ബിജുവിന്റെ കണ്ടുപിടുത്തങ്ങള്‍ ആ വൈദികന്‍ ഫൗണ്ടേഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. അവര്‍ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് അവരെ സ്വീകരിക്കാന്‍ ബിജുവിനെ അയച്ചതും. തങ്ങള്‍ കേട്ടറിഞ്ഞതിലും വലിയ അത്ഭുതമാണ് വാഹനം ഓടിക്കുന്ന ബിജുവെന്ന് സെലക്ഷന്‍ കമ്മിറ്റിക്ക് പൂര്‍ണമായി ബോധ്യപ്പെട്ടു. എങ്കിലും പരിശോധനകളും ടെസ്റ്റുകളുമെല്ലാം അതിന്റെ മുറയ്ക്ക് നടന്നു. അങ്ങനെ 2007-ല്‍ ദേശീയ അവാര്‍ഡ് ബിജുവിനെ തേടിയെത്തി.
പുതിയ പരീക്ഷണം ബ്രെയിന്‍ ട്യൂമറിന്റെ രൂപത്തില്‍
ദൈവത്തിന്റെ പദ്ധതിയുടെ ഭാഗമായിരുന്നു തനിക്കു സംഭവിച്ച അപകടമെന്ന് പൂര്‍ണബോധ്യം ലഭിച്ചത് അവാര്‍ഡു സ്വീകരണ ചടങ്ങില്‍വച്ചായിരുന്നു എന്ന് ബിജു പറയുന്നു. വെറുമൊരു ഇലക്ട്രീഷ്യനായി ചുരുങ്ങുമായിരുന്ന തന്നെ ആ വേദിയില്‍ എത്തിച്ച ദൈവപദ്ധതിക്ക് അവിടെവച്ച് ഹൃദയപൂര്‍വം നന്ദി പറഞ്ഞു. വീല്‍ച്ചെയറിനെ ദൈവം നല്‍കിയ സമ്മാനമായിട്ടാണ് ബിജു വിശേഷിപ്പിക്കുന്നത്. വിവാഹത്തെക്കുറിച്ച് ബിജു ഒരിക്കലും ചിന്തിച്ചിരുന്നില്ല. എന്നാല്‍, ബിജുവിന്റെ എല്ലാക്കാര്യങ്ങളും മനസിലാക്കി ഒരു പെണ്‍കുട്ടി മുമ്പോട്ടുവന്നു. അരുവിത്തുറ തടിക്കപ്പറമ്പില്‍ ബേബി-എല്‍സി ദമ്പതികളുടെ മകള്‍ ജൂബി. ബിജു ഇടയ്‌ക്കൊക്കെ ചികിത്സ തേടിയിരുന്ന വീടിനടുത്തുള്ള അസീസി ആശുപത്രിയിലെ ലാബ്‌ടെക്‌നീഷ്യനായിരുന്നു ജൂബി. 2007 നവംബറില്‍ വിവാഹം നടന്നു. 2010 ഓഗസ്റ്റ് രണ്ടിന് അവര്‍ക്ക് ഒരു ആണ്‍കുട്ടി ജനിച്ചു. വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയോടുള്ള സ്‌നേഹംകൊണ്ട് മകന് കരോള്‍ എന്നാണ് പേരു നല്‍കിയിരിക്കുന്നത്. കാറുകളില്‍ ഈ വിധത്തില്‍ ഭേദഗതി നടത്താനുള്ള പേറ്റന്റ് 2011 ല്‍ ഇന്ത്യയില്‍ ആദ്യമായി ബിജുവിന് ലഭിച്ചു. അതോടെ ഇന്‍ഷ്വറന്‍സ് പരിരക്ഷയുമായി. പൂനെയില്‍ നടന്ന ആ ടെസ്റ്റില്‍ പങ്കെടുക്കുന്നതിനായി രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം സ്വയം ഡ്രൈവ് ചെയ്താണ് ബിജു പോയത്. 1500-ലധികം വാഹനങ്ങള്‍ക്ക് ഈ സംവിധാനം ബിജു ഫിറ്റുചെയ്തു കഴിഞ്ഞു.
2015 മറ്റൊരു സഹനത്തെക്കൂടി അവര്‍ക്ക് നേരിടേണ്ടതായി വന്നു. ഭാര്യ ജൂബിക്ക് ബ്രെയിന്‍ ട്യൂമര്‍ ബാധിച്ചു. വെല്ലൂര്‍ ആശുപത്രിയിലായിരുന്നു സര്‍ജറി. ഇപ്പോഴും മരുന്നുകള്‍ കഴിക്കുന്നുണ്ട്. ട്യൂമറിന്റെ 40 ശതമാനം ബ്രെയിനിലുണ്ട്. ആറുമാസം കൂടുമ്പോള്‍ ടെസ്റ്റിനു പോകണം. എല്ലാ പ്രാവശ്യവും ബിജു സ്വയം ഡ്രൈവ് ചെയ്താണ് വെല്ലൂര്‍ക്കു പോകുന്നത്. ബിജുവിന് ഇങ്ങനെയൊരു അപകടം സംഭവിച്ചില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ, കാലുകള്‍ക്ക് സ്വാധീനം ഇല്ലാത്തവര്‍ക്ക് വാഹനം ഓടിക്കാന്‍ അനുവദിക്കുന്ന നിയമം ഉണ്ടാകുമായിരുന്നോ എന്നുപോലും സംശയമുണ്ട്. വീട്ടില്‍നിന്നും ഒരിക്കലും തനിയെ പുറത്തേക്ക് ഇറങ്ങാന്‍ കഴിയില്ലെന്ന് കരുതിയിരുന്ന അനേകര്‍ക്ക് വിശാലമായ പുറംലോകത്തിന്റെ വാതിലുകളാണ് ബിജുവിലൂടെ തുറക്കപ്പെട്ടത്. ബിജു മോട്ടീവേഷന്‍ ക്ലാസുകള്‍ എടുക്കാറുണ്ട്. പ്രതിസന്ധികളുടെ നടുവില്‍ അകപ്പെട്ട അനേകര്‍ക്ക് ബിജുവിന്റെ അനുഭവങ്ങള്‍ പുതുവെളിച്ചം പകര്‍ന്നുകഴിഞ്ഞിരിക്കുന്നു. കാരണം, ബിജു അവരുടെ മുമ്പില്‍ തുറന്നുവയ്ക്കുന്നത് സ്വന്തം ജീവിതംതന്നെയാണ്. മൊബൈല്‍: 9447359094.
Leave a Comment
Your email address will not be published. Required fields are marked with *