Follow Us On

22

April

2025

Tuesday

ദുഃഖവെള്ളിയെന്ന് മലയാളീകരിക്കപ്പെട്ട ഗുഡ് ഫ്രൈഡേ

ദുഃഖവെള്ളിയെന്ന് മലയാളീകരിക്കപ്പെട്ട ഗുഡ് ഫ്രൈഡേ

ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍

കാല്‍വരിയില്‍ യേശു ജീവാര്‍പ്പണം ചെയ്ത ദിവസം ,ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം പാശ്ചാത്യ രാജ്യങ്ങളാണ് ഗുഡ് ഫ്രൈഡേ എന്ന് പേരിട്ട് ആചരിച്ചു തുടങ്ങിയത്. ദൈവത്തിന്റെ ദിനം(God’s Friday) എന്ന പേരില്‍ നിന്നാണ് പിന്നീട് ഏറെ സാമാന്യവല്‍ക്കരിക്കപ്പെട്ട ഗുഡ് ഫ്രൈഡേയിലേക്ക് ഈ ദിനം മാറപ്പെട്ടത്. വിശുദ്ധ വെളളി ( Holy Friday ), വലിയ വെളളി (Great Friday), ഈസ്റ്റര്‍ വെളളി ( Easter Friday) എന്നിങ്ങനെ പല രാജ്യങ്ങളില്‍ ദു:ഖവെള്ളി അറിയപ്പെടുന്നുണ്ട്. രാജ്യാന്തര തലത്തില്‍ ഭൂരിഭാഗമിട ങ്ങളിലും ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ഗുഡ് ഫ്രൈഡേ എന്ന പദമാണ്. യേശുക്രിസ്തുവിന്റെ ജനനവും പീഢാനുഭവവും ഉയിര്‍പ്പും ചരിത്ര വസ്തുതയാണ്. ക്രിസ്തുവിന്റെ കുരിശുമരണം, ലോകം മുഴുവനും വേണ്ടിയുള്ളതായിരുന്നു. ക്രിസ്തുവിന്റെ സഹനം ആവശ്യമില്ലാത്ത ഒരു മനുഷ്യനും ഉണ്ടായിരുന്നില്ല, ഇപ്പോഴില്ല, ഇനി ഉണ്ടാകുകയുമില്ല’.

കോഴി കൂവലിലെ സാംഗത്യം

തോമസ് മെര്‍ട്ടന്‍ ഇപ്രകാരം പറഞ്ഞിട്ടുണ്ട് , ”മനുഷ്യന്റെ ഏറ്റവും വലിയ പ്രലോഭനം തീര്‍ത്തും നിസാരമായതി നുവേണ്ടി ജീവിതം നഷ്ടപ്പെടുത്തുകയെന്നതാണ്”. പീഢാനുഭവ ചരിത്രത്തില്‍ ബലഹീനനായ പത്രോസിനെ നാം കാണുന്നുണ്ട്.  മനുഷ്യപ്രകൃതിയുടെ പൊതുസ്വഭാവമാണ് ആ തള്ളിപ്പറച്ചില്‍. അതുകൊണ്ടുതന്നെ പീഡാനുഭവ യാത്ര, പത്രോസിനെ സംബന്ധിച്ചിടത്തോളം കോഴി കൂവുന്നതുവരെ നിരാശാജനകമായിരുന്നു. എന്നാല്‍, കോഴികൂവിയപ്പോള്‍ പത്രോസിന് ദൈവിക ചിന്തയുണ്ടായി. ഒരു കണക്കിന്, അന്ന് കോഴി കൂവിയതുപോലും പത്രോസിനു വേണ്ടിയായിരുന്നു. കോഴികൂകല്‍ പത്രോസില്‍ ഒരു പുതിയ ആകാശം അനാവരണം ചെയ്യപ്പെടുന്നുണ്ട്. അന്നുവരെ പത്രോസ്, ഈശോയെ കണ്ടത്, കണ്ണുകള്‍ കൊണ്ടു മാത്രമായിരുന്നു. എന്നാല്‍ കോഴി കൂകിയപ്പോള്‍ അവന്‍ ക്രിസ്തുവിനെ ഹൃദയംകൊണ്ടു തൊടുകയായിരുന്നു.

യേശുവിന്റെ കുരിശുയാത്ര നമ്മില്‍ അവശേഷിപ്പിക്കുന്ന നിരവധി ഓര്‍മ്മപ്പെടുത്തലുകളുണ്ട്.  സ്വന്തം ഇരിപ്പിടം ഉറപ്പാക്കാന്‍ കൈകഴുകിയ പീലാത്തോസിനെയും തള്ളി പ്പറഞ്ഞ പത്രോസിനെയും കാല്‍വരിയിലെ കള്ളന്മാരെയും  ചാട്ടവാറുകൊണ്ടടിച്ച പട്ടാളക്കാരനെയും പീഡന കാഴ്ചകളില്‍ മതിമറന്ന് ക്രിസ്തുവിനെ കളിയാ ക്കിയവരെയും ഒക്കെ കാണുമ്പോള്‍ , നമ്മുടെ ഉള്ളിന്റെയുളളിലെ സമാനമനസ്‌കരെയും കാണാതെ പോകരുത്.

സത്യത്തെ  കഴുകിക്കളയുമ്പോള്‍

സത്യം കൃത്യമായറിഞ്ഞിട്ടും പീലാത്തോസ്, സ്വയം കൈകഴുകി. സത്യത്തിനു നേരെ മുഖം തിരിക്കുന്നതും നിസംഗത കാണിക്കുന്നതും ആള്‍ക്കൂട്ടത്തിന്റെ ശബ്ദം മാത്രം കേട്ട്  വിചാരണ നടത്തുന്നതും എല്ലാ കാലത്തും ആവര്‍ത്തിക്കപെടുന്നുണ്ടെന്നത് യാഥാര്‍ത്ഥമാണ്.
ദൈവരാജ്യത്തില്‍ ആയിരിക്കുമ്പോള്‍ എന്നെയും ഓര്‍ക്കണമെന്ന നല്ല കളളന്റെ പ്രാര്‍ത്ഥനയാണ് ദുഃഖവെള്ളി കണ്ട ഏറ്റവും മനോഹരമായ പ്രാര്‍ത്ഥന. താന്‍ തെറ്റ് ചെയ്തതിനു ശിക്ഷ അനുഭവിക്കുമ്പോള്‍ , തെറ്റ് ചെയ്യാതെ ശിക്ഷയനുഭവിക്കുന്ന നീതിമാനായ ഒരു ദൈവമാണ് തന്റെ കൂടെ കുരിശില്‍ കിടക്കുന്നതെന്ന മന:സ്താപമാണ്  അയാള്‍ക്ക് പറുദീസ സമ്മാനിച്ചത്.  വെല്ലുവിളിച്ച മറ്റേ കള്ളനും ഇന്നിന്റെ പ്രതീകമാണ്. ദുഃഖവെള്ളിയില്‍ ഏറ്റവും കൂടുതല്‍ മനനം ചെയ്യപ്പെടേണ്ട ചിന്തയാണ് സ്‌നേഹം. സ്‌നേഹത്തിന്റെ അവിഭാജ്യതയാണ് ക്രിസ്തു തീര്‍ത്ത പാതകള്‍.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?