Follow Us On

24

November

2024

Sunday

ദൈവകരുണയുടെ തിരുനാളിൽ ഫിലിപ്പൈൻസിലെ തീർത്ഥാടന കേന്ദ്രത്തിൽ സംഗമിച്ചത് പതിനായിരങ്ങൾ!

ദൈവകരുണയുടെ തിരുനാളിൽ ഫിലിപ്പൈൻസിലെ തീർത്ഥാടന കേന്ദ്രത്തിൽ സംഗമിച്ചത്  പതിനായിരങ്ങൾ!

മനില: ദൈവകരുണയുടെ തിരുനാൾ ദിനമായ ഇന്നലെ (ഏപ്രിൽ 16) ഫിലിപ്പൈൻസിലെ വിഖ്യാതമായ ദൈവകരുണയുടെ തീർത്ഥാടന കേന്ദ്രത്തിലെ തിരുക്കർമങ്ങളിൽ പങ്കെടുക്കാനെത്തിയത് പതിനായിരങ്ങൾ. ഏപ്രിൽ 15 വൈകിട്ട് ആരംഭിച്ച് 16 രാവിലെ വരെ നീളുന്ന തിരുക്കർമങ്ങളാൽ സവിശേഷമാണ് എൽ സാൽവദോർ നഗരത്തിൽ സ്ഥിതിചെയ്യുന്ന ഡിവൈൻ മേഴ്‌സി ഷ്രൈനിലെ തിരുനാൾ ആഘോഷം.

തീർത്ഥാടന കേന്ദ്രത്തിൽ സ്ഥാപിതമായ 50 അടി ഉയരമുള്ള ദൈവകരുണയുടെ തിരൂരൂപം ഫിലിപ്പൈൻസിന് പുറത്തും വിഖ്യാതമാണ്. മക്കാജലാർ ഉൾക്കടലിന് അഭിമുഖമായി നിൽക്കുന്ന പ്രസ്തുത തിരുരൂപത്തിനു സമീപം ഒരുക്കിയ ബലിവേദിയിൽ ഏപ്രിൽ 15 വൈകിട്ട് 5.00ന് അർപ്പിച്ച കരുണകൊന്തയോടെയായിരുന്നു തിരുനാൾ ആഘോഷങ്ങളുടെ ആരംഭം. തുടർന്ന് ദിവ്യബലി അർപ്പിക്കപ്പെട്ടു.

ഏപ്രിൽ 16 പുലർച്ചെ 2.00 അർപ്പിച്ച കരുണയുടെ ജപമാലയ്ക്കുശേഷം തിരുരൂപം വഹിച്ചുകൊണ്ട് തീർത്ഥാടനകേന്ദ്രത്തിന് ചുറ്റും ക്രമീകരിച്ച പ്രദക്ഷിണവും തിരുനാളിന്റെ സവിശേഷതയായിരുന്നു. കൈയിൽ മെഴികുതിരിയേന്തി, അധരങ്ങളിൽ ദൈവസ്തുതികളുമായി ആബാലവൃദ്ധം വരുന്ന വിശ്വാസീസമൂഹം അണിചേർന്ന പ്രദക്ഷിണം അവിസ്മരണീയ അനുഭവമായി മാറി.

പ്രദക്ഷിണം ബലിവേദിയിൽ തിരിച്ചെത്തിയതിനെ തുടർന്ന് പുലർച്ചെ 4.00നായിരുന്നു ആഘോഷമായ തിരുനാൾ ദിവ്യബലി അർപ്പണം. മിസാമിസ് ഓറിയന്റൽ പ്രൊവിൻസിലെ എൽ സാൽവദോർ നഗരത്തിൽ 2008ലാണ് ഡിവൈൻ മേഴ്‌സി തീർത്ഥാടനകേന്ദ്രം കൂദാശചെയ്യപ്പെട്ടത്. തീർത്ഥാടന ദൈവാലയത്തിനു സമീപം നിർമിച്ച നിത്യാരാധനാ കേന്ദ്രത്തിനു മുകളിലായാണ് ദൈവകരുണയുടെ തിരുരൂപം പ്രതിഷ്ഠിച്ചിരിക്കുന്നത്.

വാർഷിക തിരുനാളുകളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് സംഘങ്ങളായും അല്ലാതെയും പതിനായിരങ്ങളാണ് ഇവിടെ എത്തുന്നത്. ഇത്തവണത്തെ പങ്കാളിത്തം ഒരു ലക്ഷത്തിൽപ്പരം വരുമെന്നാണ് ഏകദേശ കണക്ക്. ചവിട്ടുപടികളിലൂടെ കയറി 50 അടി ഉയരമുള്ള തിരുരൂപത്തിന്റെ ഹൃദയഭാഗത്തെത്തി പ്രാർത്ഥിക്കാനുള്ള സൗകര്യവും പതിവുപോലെ തിരുനാൾ ദിനങ്ങളിലും ഒരുക്കിയിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?