വത്തിക്കാന്‍ സിറ്റി: സോഷ്യല്‍ മീഡിയകളിലെ വിവാദങ്ങള്‍ക്ക് അവധി നല്‍കി ‘കീബോര്‍ഡ് പോരാളികള്‍’ സുവിശേഷ പ്രഘോഷണത്തിനായി മുന്നിട്ടിറങ്ങണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ബുധനാഴ്ചയിലെ പൊതുദര്‍ശനത്തോടനുബന്ധിച്ച് സുവിശേഷവത്കരണത്തിനായുള്ള തീക്ഷ്ണതയെക്കുറിച്ച് നടത്തിവരുന്ന പ്രഭാഷണ പരമ്പരയിലാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്. ഓഫീസില്‍ കമ്പ്യൂട്ടറിന്റെ മുമ്പിലിരുന്ന് മറ്റാരുടെയെങ്കിലും ആശയങ്ങള്‍ ‘കോപ്പി-പേസ്റ്റ്’ ചെയ്യുന്നതിലൂടെ സുവിശേഷം പ്രഘോഷിക്കാനാവില്ലെന്ന് പാപ്പാ പറഞ്ഞു.
മാനുഷികവും കാലഹരണപ്പെട്ടതുമായ കാര്യങ്ങള്‍ ചെയ്തുകൊണ്ട് തെറ്റായ ദിശയിലുള്ള തീക്ഷ്ണതയാണ് ഇപ്പോള്‍ പലരും പിന്തുടരുന്നത്. സുവിശേഷതീക്ഷ്ണതയെ ചെരുപ്പടികളോടാണ് പൗലോസ് ശ്ലീഹാ ഉപമിക്കുന്നത്. സുവിശേഷപ്രഘോഷണത്തിന് പോകുന്നവര്‍ ഒരിടത്ത് തന്നെ നില്‍ക്കാതെ മുന്നോട്ട് നീങ്ങണം; മാര്‍പാപ്പ ഓര്‍മിപ്പിച്ചു.
സുവിശേഷത്തിലെ സ്ത്രീകളെപ്പോലെ ഓരോരുത്തരും സുവിശേഷപ്രഘോഷകരായി മാറണമെന്ന് നേരത്തെ പാപ്പ ആഹ്വാനം ചെയ്തിരുന്നു. ഉത്ഥിതനായ മിശിഹായെക്കുറിച്ച് മറ്റുള്ളവരോട് പ്രഘോഷിക്കാന്‍ സുവിശേഷത്തിലെ സ്ത്രീകള്‍ തിടുക്കംകൂട്ടിയത് അനുസ്മരിച്ച പാപ്പ, യേശുവിനെ സാക്ഷ്യപ്പെടുത്തുന്നതിലൂടെ യേശുവിനെ കണ്ടുമുട്ടുമെന്നും ചൂണ്ടിക്കാട്ടി. യേശുവിനെ സാക്ഷ്യപ്പെടുത്തുന്നതിലൂടെയാണ് നാം യേശുവുമായി കണ്ടുമുട്ടുന്നത്.
ഓരോ തവണ യേശുവിനെ പ്രഘോഷിക്കുമ്പോഴും അവിടുന്ന് നമ്മുടെ അടുക്കലേക്ക് വരുന്നു. അങ്ങനെ കണ്ടുമുട്ടുന്ന യേശുവിനെ പ്രഘോഷിക്കുന്നതില്‍നിന്നും ഒരു ശക്തിക്കും നമ്മെ തടയാനാകില്ലെന്നും പാപ്പ വ്യക്തമാക്കി.
Leave a Comment
Your email address will not be published. Required fields are marked with *