കൊളംബോ: 2019ലെ ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ 268 പേരെ അരുംകൊല ചെയ്ത ജിഹാദി ആക്രമണത്തിന് നാളെ (ഏപ്രിൽ 21) നാല് വർഷം. കൊച്ചീക്കാട സെന്റ് ആന്റണീസ്, നെഗുംബേ സെന്റ് സെബാസ്റ്റ്യൻ, ബട്ടിക്കലോവ സീയോൺ എന്നീ മൂന്ന് ദൈവാലയങ്ങൾ ഉൾപ്പെടെ ആറ് സ്ഥലങ്ങളിലായിരുന്നു ചാവേർ സ്ഫോടനം. ഐസിസുമായി ബന്ധമുള്ള നാഷണൽ തൗഹീദ് ജമാത്ത് എന്ന ഇസ്ലാമിക തീവ്രവാദി സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്ന് സ്ഥിരീകരിക്കപ്പെട്ടെങ്കിലും നീതി ഇനിയും അകലെയാണെന്നതാണ് ഖേദകരം. അന്വേഷണത്തിൽ ഭരണകൂടം ഒളിച്ചുകളി തുടരുമ്പോഴും നഷ്ടധൈര്യരാകാതെ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്നത് തുടരുകയാണ് ശ്രീലങ്കയിലെ കത്തോലിക്കാ സഭ.
സ്‌ഫോടനത്തിന്റെ നാലാം വാർഷിക ദിനത്തിൽ സംഘടിപ്പിക്കുന്ന മനുഷ്യചങ്ങല ഇക്കൂട്ടത്തിൽ ഏറ്റവും പുതുതാണ്. ചാവേർ ആക്രമണം നടന്ന കൊളംബോ നഗരത്തിൽ സംഘടിപ്പിക്കുന്ന മനുഷ്യചങ്ങലയിൽ പങ്കെടുക്കാൻ ആഹ്വാനം നൽകിയിരിക്കുകയാണ് കൊളംബോ ആർച്ച്ബിഷപ്പ് കർദിനാൾ മാൽക്കം രഞ്ജിത്ത്. ഇരകൾക്ക് നീതി നേടിക്കൊടുക്കുക എന്നതിനൊപ്പം, ചാവേർ ആക്രമണവുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം പുറത്തുകൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് മനുഷ്യചങ്ങലയ്ക്ക് ആഹ്വാനം നൽകിയിരിക്കുന്നത്.
‘മുൻകാലങ്ങളിൽ കൊലപാതകങ്ങളും അക്രമങ്ങളും മതപരവും വംശീയവുമായ സംഘർഷങ്ങളും ഉണ്ടായിട്ടുണ്ട്. ഈ സമയങ്ങളിൽ അധികാരം നേടാനും നിലനിർത്താനുമുള്ള നിയമവാഴ്ചയുടെയും നീതിയുടെയും തത്വങ്ങൾ അവഗണിക്കപ്പെട്ടു. കുത്തഴിഞ്ഞ രാഷ്ട്രീയ സംസ്‌ക്കാരം ഈ കുറ്റകൃത്യങ്ങളെല്ലാം മറക്കുന്ന തന്ത്രമാണ് സ്വീകരിക്കുന്നത്. ഈ ദുഷിച്ച രീതികൾ തുറന്നുകാട്ടാനുള്ള ഞങ്ങളുടെ ശ്രമങ്ങൾ നിർത്തില്ലെന്ന് വ്യക്തമാക്കുകയാണ് ഇതിലൂടെ. ഈ പ്രതിജ്ഞാബദ്ധത ഉപേക്ഷിച്ചാൽ രാജ്യത്തിന് മോശം മാതൃക സൃഷ്ടിക്കുമെന്ന് ഞങ്ങൾക്ക് ബോധ്യമുണ്ട്,’ കർദിനാൾ വ്യക്തമാക്കി.
ഏപ്രിൽ 21 രാവിലെ 8.30മുതൽ 9.00വരെയാണ് മനുഷ്യചങ്ങല ക്രമീകരിച്ചിരിക്കുന്നത്. സ്‌ഫോടനം നടന്ന സമയമായ 8.45ന് രണ്ട് മിനിറ്റ് നേരം മൗനമായി നിലയുറപ്പിക്കാനും കർദിനാൾ ആഹ്വാനം ചെയ്തു. മനുഷ്യചങ്ങലയിൽ പങ്കെടുക്കാൻ സാധിക്കാത്തവർ അവരവർ ആയിരിക്കുന്ന ഇടത്തുതന്നെ ഇതേ സമയം മൗനമായി പ്രാർത്ഥിക്കണമെന്നും അദ്ദേഹം നിർദേശം നൽകിയിട്ടുണ്ട്.
അന്വേഷണത്തിന്റെ ആദ്യഘട്ടം മുതൽതന്നെ മെല്ലെപ്പോക്കിലായിരുന്നു ഭരണകൂടം. ശ്രീലങ്കയിലെ സഭ നടത്തിയ പ്രതിഷേധത്തിന്റെയും സമ്മർദത്തിന്റെയും ഫലമായി 2021 ഓഗസ്റ്റിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും തുടർ നടപടികൾ പിന്നെയും നീണ്ടു. മുൻ പ്രസിഡന്റ് മൈത്രിപാല സിരിസേനയും ബന്ധപ്പെട്ട അധികാരികളും ആക്രമണങ്ങൾ തടയുന്നതിൽ അലംഭാവം കാട്ടിയെന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ച ശ്രീലങ്കൻ സുപ്രീം കോടതി, ഇരകൾക്ക് നഷ്ടപരിഹാരം നൽകാൻ വിധിച്ചത് ഇക്കഴിഞ്ഞ ജനുവരിയിലാണ്. പ്രസ്തുത വിധി നിർണായക നീക്കമായി വിലയിരുത്തപ്പെടുമ്പോഴും സ്‌ഫോടനവുമായി ബന്ധപ്പെട്ട രഹസ്യങ്ങൾ പൂർണമായി പുറത്തുവന്നിട്ടില്ല എന്നതാണ് വസ്തുത.
Leave a Comment
Your email address will not be published. Required fields are marked with *