Follow Us On

23

November

2024

Saturday

ജപമാല ചേര്‍ത്തുപിടിച്ച്…

ജപമാല  ചേര്‍ത്തുപിടിച്ച്…

 ജെയ്‌മോന്‍ കുമരകം

ഒരു വൈദികന്‍, താമരശേരി രൂപതയുടെ അധ്യക്ഷന്‍ ബിഷപ് റെമിജിയോസ് ഇഞ്ചനാനിയോട് പറഞ്ഞൊരനുഭവം കുറിക്കാം.
മണിപ്പൂരില്‍ സേവനം ചെയ്യുകയായിരുന്നു മലയാളിയായ ആ മിഷനറി വൈദികന്‍ അന്ന്. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായിരുന്ന യുവവൈദികനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി. മോചനദ്രവ്യമായി അവര്‍ വന്‍തുകയാണ് ആവശ്യപ്പെട്ടത്. ഇതുകേട്ട് എല്ലാവരുമൊന്നു ഞെട്ടി. എന്താണ് ചെയ്യേണ്ടതെന്ന് ആര്‍ക്കും ഒരു ഊഹവും ഇല്ല. പണം തട്ടാനുള്ള ഈ തന്ത്രത്തിന് വശപ്പെട്ടാല്‍ ഇത്തരം തട്ടിക്കൊണ്ടുപോകലുകള്‍ പിന്നെയും ഉണ്ടാകുമെന്നതിനാല്‍ പണം കൊടുക്കണ്ട എന്ന തീരുമാനത്തിലാണ് അധികൃതര്‍ എത്തിയത്. വിലപേശലിനുശേഷം തീവ്രവാദികള്‍ ആവശ്യപ്പെട്ട പണം കിട്ടാതെ വരുമ്പോള്‍ സാധുവായ അദ്ദേഹത്തെ അവര്‍ വിട്ടയയ്ക്കുമെന്ന പ്രതീക്ഷയായിരുന്നു എല്ലാവര്‍ക്കും.

അങ്ങനെയുള്ള ചില അനുഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. എന്നാല്‍ സംഭവിച്ചത് നേരെ തിരിച്ചാണ്. ആവര്‍ത്തിച്ചുള്ള താക്കീതുകള്‍ ഫലം കാണാതെ വന്നപ്പോള്‍ ആ വൈദികനെ തീവ്രവാദികള്‍ വെടിവെച്ച് കൊലപ്പെടുത്തി. പിന്നീട് ആ മൃതശരീരം ഇടവക പള്ളിക്ക് സമീപത്തുള്ള വയല്‍വക്കില്‍ ഉപേക്ഷിച്ച് അവര്‍ മടങ്ങി. വൈദികരും മറ്റും ചെന്നപ്പോള്‍ അദ്ദേഹത്തിന്റെ ജഡം കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു. മൃതദേഹം നിവര്‍ത്തി കിടത്തിയപ്പോള്‍ അദ്ദേഹത്തിന്റെ ഒരു കൈ പാന്റിന്റെ പോക്കറ്റില്‍ തിരുകിയ നിലയില്‍ കാണപ്പെട്ടു. എന്തെങ്കിലും കത്തോ മറ്റോ ആ പാന്റിന്റെ പോക്കറ്റില്‍ ഉണ്ടാകുമെന്ന് കരുതി വൈദികര്‍ ആ കരം വലിച്ച് പുറത്തെടുത്തു. മരവിച്ച കരത്തില്‍ ഭദ്രമായി മുറുകെ പിടിച്ച ജപമാലയാണ് അവരെല്ലാവരും കണ്ടത്.

എല്ലാവരും അദ്ദേഹത്തിന്റെ ജപമാലഭക്തിയെ വാഴ്ത്താന്‍ തുടങ്ങി. മരണത്തിലും അദേഹത്തിന്റെ പ്രാര്‍ത്ഥനയുടെ തീക്ഷ്ണതയായിരുന്നു അവരുടെ വാക്കുകളില്‍. എന്നാല്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായിരുന്ന ഒരു വൈദികന്റെ കാഴ്ചപ്പാട് മറ്റൊരു വിധത്തിലായിരുന്നു. ഇത്ര വലിയ ജപമാലഭക്തിയുള്ളവനായിരുന്നിട്ടും എന്തുകൊണ്ട് മാതാവ് അദേഹത്തെ തക്കസമയത്ത് രക്ഷിച്ചില്ല? അപേക്ഷിച്ചവരെ ആരെയും ഉപേക്ഷിച്ചിട്ടില്ലാത്തവളാണല്ലോ പരിശുദ്ധ അമ്മ. ഈ ഉറച്ച ബോധ്യമുണ്ടായിരുന്നിട്ടും തീക്ഷ്ണമതിയായ ആ വൈദികനെ അമ്മ എന്തുകൊണ്ട് കൈവിട്ടു?
പരിശുദ്ധ മറിയത്തിന്റെ മാധ്യസ്ഥശക്തിയിലുള്ള വിശ്വാസം അദ്ദേഹത്തിന് നഷ്ടപ്പെട്ടുപോയിരുന്നു. പല തവണ കൊന്ത ചൊല്ലിയിരുന്ന അദ്ദേഹം ആ പതിവ് ഉപേക്ഷിച്ചു. ഒരു പ്രാര്‍ത്ഥനയും ചൊല്ലാതെയായി. ഒഴിവാക്കാന്‍ വയ്യാത്തതുകൊണ്ട് വിശുദ്ധ കുര്‍ബാന ചൊല്ലിയെന്ന് മാത്രം. അതും ഒരു ചടങ്ങുപോലെ.

അങ്ങനെയിരിക്കെ ഒരു ദിവസം അദ്ദേഹം ദൈവാലയത്തില്‍ എന്തോ ആവശ്യത്തിന് ചെന്നു. അവിടെ നില്‍ക്കുമ്പോള്‍ അതാ പരിശുദ്ധ മറിയം തന്റെ നേരെ നടന്നു വരുന്നതായി അദേഹം കണ്ടു. അവള്‍ അടുത്തുവന്ന് ചോദിച്ചു: ”മകനേ, നീ എന്താണ് ചെയ്യുന്നത്? നിന്റെ കൂട്ടുകാരനെ ഞാന്‍ ഉപേക്ഷിച്ചുവെന്ന് നീ ചിന്തിക്കുന്നതെന്ത്? എന്റെ മകന്‍ പീഡിപ്പിക്കപ്പെടുകയും ക്രൂശിക്കപ്പെടുകയും ചെയ്തപ്പോള്‍ ഞാന്‍ ചെയ്തതെന്താണെന്ന് നിനക്കറിയില്ലേ? അവന്‍ ബലിയര്‍പ്പിക്കപ്പെടുകയും മഹത്വപ്പെടുകയും അതുവഴി മനുഷ്യകുലം രക്ഷിക്കപ്പെടുകയും ചെയ്യണമെന്നത് ദൈവഹിതമായിരുന്നില്ലേ? ആ ഹിതത്തിന് ആമ്മേന്‍ പറഞ്ഞ എനിക്ക് നിന്റെ കൂട്ടുകാരനെക്കുറിച്ചുള്ള ദൈവഹിതവും അംഗീകരിക്കാതിരിക്കാന്‍ കഴിയുമായിരുന്നോ? അവന്‍ ഇന്ന് അനേകര്‍ക്ക് സാക്ഷ്യവും മാതൃകയുമായിരിക്കുന്നു. അവന്റെ ‘ബലി’ ദൈവം സ്വീകരിച്ചിരിക്കുന്നു!”
ആ വൈദികന്‍ പരിശുദ്ധ മറിയത്തിന്റെ മുന്നില്‍ പൊട്ടിക്കരഞ്ഞു, മാപ്പപേക്ഷിച്ചു. നിറഞ്ഞ തീക്ഷ്ണതയോടെ വിശ്വാസത്തിലേക്കും പ്രാര്‍ത്ഥനയിലേക്കും തിരിച്ചുവന്നു.

പരിശുദ്ധ മറിയം എത്രയും ദയയുള്ളവളും അപേക്ഷിച്ചാല്‍ ഉപേക്ഷിക്കാത്തവളുംതന്നെ. ദൈവഹിതത്തിന് അനുരൂപമായിട്ടാണ് അവള്‍ മാധ്യസ്ഥ്യം വഹിക്കുന്നതെന്ന് നാം തിരിച്ചറിയണം. ഒരുവനെ സംബന്ധിച്ച ദൈവഹിതത്തിന് വിപരീതമായി സംഭവിക്കാന്‍ അവള്‍ മാധ്യസ്ഥ്യം വഹിക്കില്ല. തന്നെത്തന്നെയും സ്വന്തം പുത്രനെയും ദൈവത്തിന് സമര്‍പ്പിച്ച മറിയം, മനുഷ്യഹിതത്തിനനുസൃതമായി പ്രവര്‍ത്തിക്കണമെന്ന് നാം ശഠിക്കരുത്. മറിച്ച്, ദൈവഹിതം നമ്മില്‍ നിറവേറുവാന്‍ പരിശുദ്ധ മറിയത്തിന്റെ മാധ്യസ്ഥ്യം തേടുകയാണ് വേണ്ടത്.

മാലാഖയുടെ കോട്ട

റോമിലെ ടൈബര്‍ നദീതീരത്ത് സ്ഥിതിചെയ്യുന്ന സംരക്ഷണ കൂടാരം മാലാഖയുടെ കോട്ട എന്നാണ് അറിയപ്പെടുന്നത്. ഈ കോട്ട പല മാര്‍പാപ്പമാരുടെയും ജീവന്‍ യുദ്ധകാലത്ത് സംരക്ഷിച്ചുവെന്നാണ് ചരിത്രം പറയുന്നത്. ഇതിന് മാലാഖയുടെ കോട്ട എന്ന പേര് ലഭിക്കാനിടയായതിന് പിന്നില്‍ വലിയൊരു ചരിത്രമുണ്ട്. എ.ഡി 589 ല്‍ ടൈബര്‍ നദി കരകവിഞ്ഞൊഴുകുകയും റോമാപ്പട്ടണം മുഴുവന്‍ വെള്ളത്തിനടിയിലാവുകയും ചെയ്തു. പ്രളയജലം ഇറങ്ങിയതോടെ റോമില്‍ പ്ലേഗ് പടര്‍ന്നുപിടിച്ചു. അനേകര്‍ ദാരുണമായി പിടഞ്ഞ് മരിക്കാന്‍ തുടങ്ങി. പെലാജിയുസ് രണ്ടാമന്‍ മാര്‍പാപ്പയുടെ ജീവന്‍ പോലും ആ പകര്‍ച്ചവ്യാധിയില്‍ നഷ്ടമായി.
തുടര്‍ന്ന് മാര്‍പാപ്പയായത് ഗ്രിഗറി ഒന്നാമന്‍ ആയിരുന്നു. പാപ്പ എല്ലാവരെയും വിളിച്ചു കൂട്ടി ദൈവകാരുണ്യം യാചിച്ചു കൊണ്ട് ഒരു വലിയ പ്രദക്ഷിണം നടത്താന്‍ തീരുമാനിച്ചു. നാടിനെ ബാധിച്ച ഈ വന്‍ വിപത്തില്‍ നിന്നും ഞങ്ങളെ രക്ഷിക്കണമേ എന്ന് ജനം കരളുരുകി പ്രാര്‍ത്ഥിച്ചു.

പ്രദക്ഷിണം ഹാഡ്രിയന്‍ ചക്രവര്‍ത്തിയുടെ കൊട്ടാരത്തിനു സമീപം എത്തിയപ്പോള്‍ ഗ്രിഗറി മാര്‍പാപ്പ ഒരു ദര്‍ശനം കണ്ടു. ക്രെസെന്‍സിയൂസ് കോട്ടയുടെ മേല്‍ വിശുദ്ധ മിഖായേല്‍. രക്തം പുരണ്ട വാള്‍ ഊരിപ്പിടിച്ചിരിക്കുന്നു. അതോടെ റോമിലെ സാംക്രമികരോഗം ശമിക്കുകയും ജനങ്ങള്‍ അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു. നന്ദി സൂചകമായി കോട്ടയുടെ മുകളില്‍ വിശുദ്ധ മിഖായേല്‍ മാലാഖയുടെ വലിയൊരു തിരുസ്വരൂപം പാപ്പ സ്ഥാപിച്ചു. ദൈവകരുണയുടെ അടയാളമായി ആ രൂപം അവിടെ നിലകൊണ്ടു. അതോടെ സാംക്രമിക രോഗങ്ങളുണ്ടാകുമ്പോള്‍ മാലാഖയുടെ കോട്ടയിലേക്ക് ജനം ഒഴുകാന്‍ തുടങ്ങി.

13-ാം നൂറ്റാണ്ടില്‍ നിക്കോളാസ് മൂന്നാമന്‍ മാര്‍പാപ്പയാണ് മാലാഖയുടെ കോട്ടയും വത്തിക്കാന്‍ കൊട്ടാരവും തമ്മില്‍ ഭൂമിയ്ക്കടിയിലൂടെ ഗുഹവഴി ബന്ധിപ്പിച്ചത്. 800 മീറ്ററോളം ദൈര്‍ഘ്യമുണ്ട് ഭൂമിക്കടിയിലൂടെയുള്ള ഈ തുരങ്കപാതയ്ക്ക്.
1527 ല്‍ സ്പാനിഷ് രാജാവായ ചാള്‍സ് അഞ്ചാമന്‍ റോമാപട്ടണം ആക്രമിച്ചു. എന്നാല്‍ അന്നത്തെ മാര്‍പാപ്പയായ ക്ലെമെന്റ് ഏഴാമന്‍ തുരങ്കത്തിലൂടെ മാലാഖയുടെ കോട്ടയിലേക്ക് രക്ഷപ്പെട്ടതുകൊണ്ട് സ്പാനിഷ് സൈന്യത്തിന് മാര്‍പാപ്പയെ പിടികൂടാനായില്ല.
1929 ല്‍ വത്തിക്കാന്‍ രാഷ്ട്രം രൂപീകരിച്ചപ്പോള്‍ ഇറ്റലിയും പരിശുദ്ധ സിംഹാസനവും തമ്മിലുണ്ടാക്കിയ കരാര്‍ പ്രകാരം വത്തിക്കാന്‍ മാലാഖയുടെ കോട്ട ഇറ്റലിക്ക് വിട്ടുകൊടുക്കുകയും തുരങ്കപാത ഇരുമ്പ് ഗയിറ്റുകൊണ്ട് അടയ്ക്കുകയും ചെയ്തു. ഇറ്റാലിയന്‍ ഗവണ്‍മെന്റിന് കീഴിലുള്ള മാലാഖയുടെ കോട്ട ഇപ്പോള്‍ ദേശീയ മ്യൂസിയമാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?