Follow Us On

16

January

2025

Thursday

അഗ്നിയുടെ നടുവില്‍ ലഹയിനായില്‍ സംഭവിച്ച അത്ഭുതം

അഗ്നിയുടെ നടുവില്‍  ലഹയിനായില്‍ സംഭവിച്ച അത്ഭുതം

ന്യൂയോര്‍ക്ക്: എരിയുന്ന തീച്ചൂളയില്‍ എറിയപ്പെട്ട മൂന്ന് യുവാക്കള്‍ അത്ഭുതകരമായി സംരക്ഷിക്കപ്പെട്ട സംഭവം ബൈബിളില്‍ വിവരിക്കുന്നുണ്ട് (ദാനിയേല്‍ 3). സമാനമായൊരു സംഭവമാണ് അമേരിക്കയില്‍ ഇപ്പോള്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നത്. അമേരിക്കയിലെ ഹവായ് ദ്വീപിലെ കാട്ടുതീയില്‍ ഒരു കേടുപാടും സംഭവിക്കാത്ത ലഹയിനായിലെ മരിയ ലാനാകിലാ കത്തോലിക്ക ദൈവാലയമാണ് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. കനത്ത അഗ്നിബാധയില്‍ ചുറ്റുപാടുമുള്ള കെട്ടിടങ്ങള്‍ കത്തിയെരിഞ്ഞപ്പോള്‍ നടുവില്‍ ഉണ്ടായിരുന്ന ദൈവാലയം അത്ഭുതകരമായി സംരക്ഷിക്കപ്പെട്ടത് അവിശ്വസനീയമെന്നാണ് വിലയിരുത്തപ്പെടുന്നത്.

1918-ന് ശേഷം അമേരിക്കയില്‍ ഏറ്റവുമധികം ജീവന്‍ കവര്‍ന്ന കാട്ടുതീയാണ് കഴിഞ്ഞ മാസം ഹവായ് ദ്വീപില്‍ ഉണ്ടായത്. മരിച്ചവരുടെ എണ്ണം 100-ന് മുകളിലാണ്. കാണാതായവരുടെ സംഖ്യ അതിന്റെ എത്രയോ ഇരട്ടിയാണ്. 2200-ന് മുകളില്‍ കെട്ടിടങ്ങള്‍ കത്തിനശിച്ചു എന്നാണ് കണക്കാക്കപ്പെടുന്നത്. ഏതാണ്ട് ആറ് ബില്യണ്‍ ഡോളര്‍ നഷ്ടം സംഭവിച്ചു എന്നാണ് പ്രാഥമിക വിലയിരുത്തലുകള്‍. അത്തരമൊരു സാഹചര്യത്തിലാണ് ചുറ്റുപാടുമുള്ള കെട്ടിടങ്ങള്‍ കത്തിനശിച്ചപ്പോള്‍ ദൈവാലയം മാത്രം സംരക്ഷിക്കപ്പെട്ടത്.

കോട്ടയം, എരുമേലി സ്വദേശിയും മിഷനറീസ് ഓഫ് ഫെയ്ത്ത് സഭാംഗവുമായ ഫാ. കുര്യാക്കോസ് നെടുംപറമ്പിലാണ് മരിയ ലാനാകിലാ ദൈവാലയ വികാരി. ദൈവാലയത്തിലെ പൂക്കള്‍പ്പോലും കരിഞ്ഞിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍. പരിശുദ്ധ മാതാവിന്റെ സ്വര്‍ഗീയ സംരക്ഷണത്തിന്റെ അടയാളമായിട്ടാണ് ഈ അനുഗ്രഹത്തെ കാണുന്നത്; ഫാ. നെടുംപറമ്പില്‍ പറഞ്ഞു. ഞായറാഴ്ചകളില്‍ നാല് വിശുദ്ധ കുര്‍ബാനകള്‍ അര്‍പ്പിക്കപ്പെട്ടിരുന്ന ഇടവക ദൈവാലയത്തില്‍ 800 കുടുംബങ്ങളാണ് ഉള്ളത്. 1858 സെപ്റ്റംബര്‍ എട്ടിന് മാതാവിന്റെ നാമധേയത്തില്‍ ഒരു കപ്പേള ഇവിടെ സ്ഥാപിക്കപ്പെട്ടിരുന്നു.

തുടര്‍ന്ന് യേശുവിന്റെയും മറിയത്തിന്റെയും തിരുഹൃദയത്തിന്റെ നാമധേയത്തിലുള്ള സന്യാസ സഭയിലെ അംഗമായ ഫാ. ഓബര്‍ട്ട് ബുയിലോണ്‍ 1864 ലാണ് ഇടവക സ്ഥാപിച്ചത്. 2012-ലാണ് മിഷനറീസ് ഓഫ് ഫെയ്ത്ത് സഭയെ ദൈവാലയത്തിന്റെ ചുമതല ഏല്പിച്ചത്. ലഹയിനായില്‍ ഒരു ബോംബിട്ട അവസ്ഥയാണുള്ളതെന്ന് കാട്ടുതീയ്ക്ക് ശേഷം സ്ഥലം സന്ദര്‍ശിച്ച ഗവര്‍ണര്‍ ജോഷ് ഗ്രീന്‍ പ്രതികരിച്ചു. ദൈവാലയത്തിന് കേടുപാടുകള്‍ സംഭവിക്കാത്തതിനാല്‍ അഗ്നിബാധക്കു ശേഷവും ഗവണ്‍മെന്റിന്റെ അനുമതിയോടെ ദൈവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടുകയും ചെയ്തു. ദൈവം അത്ഭുതകരമായി സംരക്ഷിച്ച ദൈവാലയം ഭാവിയില്‍ ഒരു മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായി ഉയര്‍ന്നുവരുമെന്ന പ്രതീക്ഷയിലാണ് ഇടവകാംഗങ്ങള്‍.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?