കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോ, ഇറ്റലി: അഭയാര്‍ത്ഥികളോടും, ഭവനരഹിതരായ വ്യക്തികളോടും, ദരിദ്രരോടും ഒപ്പം കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയില്‍ ദിവ്യബലിയര്‍പ്പിച്ചും ഉച്ചഭക്ഷണത്തില്‍ പങ്കചേര്‍ന്നും ലിയോ 14 ാമന്‍ പാപ്പ. ദരിദ്രരോട് ഏറെ അടുപ്പം പ്രകടിപ്പിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പൊന്തിഫിക്കേറ്റിന്റെ തുടര്‍ച്ചയാകും തന്റെയും പ്രവര്‍ത്തനങ്ങള്‍ എന്ന വ്യക്തമായ സൂചന നല്‍കുന്നതായിരുന്നു പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനങ്ങളോടൊപ്പം ചിലവഴിച്ച ലിയോ പാപ്പയുടെ ഞായറാഴ്ച.
പാപ്പയുടെ വേനല്‍ക്കാല വസതിക്ക് സമീപമുള്ള അല്‍ബാനോ ലാസിയേലയിലെ സാന്താ മരിയ ഡെല്ല റൊട്ടോണ്ട ദൈവാലയത്തിലാണ് ലിയോ പാപ്പ ദരിദ്രര്‍ക്ക് വേണ്ടിയുള്ള പ്രത്യേക ദിവ്യബലിയര്‍പ്പിച്ചത്. എല്ലാവരെയും ഒരുമിച്ച് കൊണ്ടുവരുന്ന ‘ഉപവിയുടെന്റെ അഗ്‌നി’യെക്കുറിച്ച് പ്രസംഗത്തില്‍ പരാമര്‍ശിച്ച പാപ്പ, സഭയുടെ ദൃഷ്ടിയില്‍, എല്ലാവരും വിലപ്പെട്ടവരും മാന്യതയുള്ളവരുമാണെന്ന് വ്യക്തമാക്കി.
ദിവ്യബലിക്കും ആഞ്ചലൂസ് പ്രാര്‍ത്ഥനയ്ക്കും ശേഷം, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടരായ 110 പേരോടൊപ്പം പാപ്പ ഉച്ചഭക്ഷണം കഴിച്ചു. പേപ്പല്‍ വില്ലയുടെ പൂന്തോട്ടത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന പരിസ്ഥിതി കേന്ദ്രമായ ബോര്‍ഗോ ലൗഡാറ്റോ സി’യിലാണ് ഭക്ഷണം ക്രമീകരിച്ചിരുന്നത്. ഉച്ചഭക്ഷണത്തിന് മുന്നോടിയായി നല്‍കിയ ചെറു വിചിന്തനത്തില്‍ ദൈവത്തിന്റെ സൃഷ്ടിയുടെ ഭംഗിയെക്കുറിച്ച് ലിയോ പാപ്പ സംസാരിക്കുകയും ഏറ്റവും മനോഹരമായ സൃഷ്ടി ദൈവത്തിന്റെ സാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യനാണെന്ന് ഓര്‍മിപ്പിക്കുകയും ചെയ്തു.
Leave a Comment
Your email address will not be published. Required fields are marked with *