Follow Us On

16

January

2025

Thursday

മിശ്രവിവാഹത്തിലെ കുഞ്ഞിന് മാമ്മോദീസ; വൈദികനെതിരെയുള്ള കേസ് സ്റ്റേ ചെയ്തു

മിശ്രവിവാഹത്തിലെ കുഞ്ഞിന് മാമ്മോദീസ;  വൈദികനെതിരെയുള്ള കേസ് സ്റ്റേ ചെയ്തു

ഗാന്ധിനഗര്‍: ഗുജറാത്തില്‍ മിശ്രവിവാഹത്തിലുണ്ടായ കുഞ്ഞിന് മാമ്മോദീസ നല്‍കിയ വൈദികനെതിരെ മതപരിവര്‍ത്തനനിയമമനുസരിച്ച് കേസെടുത്തത് സുപ്രീംകോടതി താല്‍ക്കാലികമായി തടഞ്ഞു. കുഞ്ഞിന്റെ അമ്മ കത്തോലിക്കയായതിനാലാണ് വൈദികന്‍ കുഞ്ഞിന് മാമ്മോദീസ നല്‍കിയതെന്ന് ഈശോ സഭാവൈദികനും മനുഷ്യാവകാശപ്രവര്‍ത്തകനുമായ ഫാ. സെഡറിക് പ്രകാശ് ഇതിനെക്കുറിച്ച് പറഞ്ഞു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വൈദികനെതിരെ ക്രിമിനല്‍ നടപടികള്‍ കൈകൊള്ളുന്നത് സ്റ്റേ ചെയ്തത്. വൈദികന്റെ പേരും വിവരവും അദ്ദേഹത്തിന്റെ ജീവന് വെല്ലുവിളിയുള്ളതിനാല്‍ വെളിപ്പെടുത്തിയിട്ടില്ല. മൂന്ന് ആഴ്ചകള്‍ക്കുശേഷം കോടതി വീണ്ടും വാദം കേള്‍ക്കും.

ഗുജറാത്ത് കോടതി വൈദികന്റെ ഹര്‍ജി തള്ളിയതിനെത്തുടര്‍ന്നാണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്. കുഞ്ഞിന്റെ അച്ഛനും അമ്മയും കുട്ടിക്ക് മാമ്മോദീസ നല്‍കുന്നതിന് സമ്മതം നല്‍കിയിരുന്നുവെന്നും വൈദികന്‍ കോടതിയെ ധരിപ്പിച്ചു. കുഞ്ഞിന്റെ അച്ഛന്‍ ഒരു ഹിന്ദുവായതിനാല്‍ ഗവണ്‍മെന്റിന്റെ മുന്‍കൂര്‍ അനുവാദം എടുക്കാതെയാണ് വൈദികന്‍ കുഞ്ഞിന് മാമ്മോദീസ നല്‍കിയതെന്നാണ് പോലീസ് ആരോപിക്കുന്നത്.

ഒരു വൈദികനെ ക്രിമിനല്‍ കേസില്‍പ്പെടുത്തിയെന്നത് മതപരിവര്‍ത്തനനിരോധന നിയമത്തിന്റെ വ്യക്തമായ ദുരുപയോഗമാണ്. എന്നാല്‍ സുപ്രീംകോടതി ശരിയായ കാര്യം ചെയ്തുവെന്നും ഫാ. സെഡറിക് പ്രകാശ് കൂട്ടിച്ചേര്‍ത്തു. ഗുജറാത്തില്‍ 2003 ലാണ് മതപരിവര്‍ത്തനനിരോധനനിയമം നടപ്പിലാക്കിയത്. മാര്‍ച്ച് 2021 ല്‍ ഗവണ്‍മെന്റ് മതപരിവര്‍ത്തനനിരോധന നിയമത്തില്‍ കൂടുതല്‍കര്‍ക്കശമായ ശിക്ഷകള്‍ കൂടി കൂട്ടിച്ചേര്‍ത്തു.

പുതിയ നിരോധനനിയമത്തിലെ വ്യവസ്ഥകളനുസരിച്ച് കുറ്റാരോപിതര്‍ക്ക് ഏഴുവര്‍ഷം വരെ ജയില്‍ശിക്ഷ ലഭിക്കും. ഇന്ത്യയിലെ 28 സംസ്ഥാനങ്ങളില്‍ 11 എണ്ണത്തിലും മതപരിവര്‍ത്തനനിരോധന നിയമം ഉണ്ട്. ഈ നിയമമനുസരിച്ച് മിശ്രവിവാഹവും കുറ്റകരമാണ്. പ്രത്യേകിച്ചും ഹിന്ദു പെണ്‍കുട്ടിയും ക്രിസ്ത്യന്‍/ മുസ്ലീം യുവാവുമായുള്ള വിവാഹം. ഈ നിയമം പലപ്പോഴും ക്രൈസ്തവരെ അടിച്ചമര്‍ത്തുന്നതിനുവേണ്ടി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. മതപരിവര്‍ത്തനിരോധന നിയമം തന്നെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളുടെയും ചൈതന്യത്തിന്റെയും നഗ്നമായ ലംഘനമാണ്, പ്രത്യേകിച്ചും മൗലികാവകാശങ്ങളുടെ ലംഘനം; ഫാ. സെഡറിക് പ്രകാശ് അഭിപ്രായപ്പെട്ടു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?