Follow Us On

17

May

2024

Friday

മയക്കുമരുന്നുകള്‍ക്കും നിയമ പരിരക്ഷയോ?

മയക്കുമരുന്നുകള്‍ക്കും  നിയമ പരിരക്ഷയോ?

റവ.ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട്

ലഹരിമരുന്നുകളുടെ ഉപയോഗം കൗമാരക്കാരിലേക്കും എത്തിയതിന്റെ ആഘാതത്തില്‍ നില്‍ക്കുമ്പോള്‍ പാശ്ചാത്യലോകത്തില്‍നിന്ന് വരുന്ന ചില വാര്‍ത്തകള്‍ ആശങ്ക ജനിപ്പിക്കുകയാണ്. ജര്‍മനി എന്ന വ്യവസായികമായി മുന്നില്‍ നില്‍ക്കുന്ന രാജ്യം പതിനെട്ടു വയസു തികയുന്നവര്‍ക്ക് 30 ഗ്രാംവരെ കഞ്ചാവ് കൈയില്‍ സൂക്ഷിക്കാനും ഉപയോഗിക്കാനുമുള്ള അനുവാദം നല്‍കിയിരിക്കുന്നു! മാത്രമല്ല സൗഹാര്‍ദകൂട്ടായ്മകള്‍ക്ക് ഈ ലഹരി വില്‍ക്കുന്നത് കുറ്റകരമല്ലെന്ന നയവും സ്വീകരിച്ചു. നൂറുകണക്കിന് അന്യദേശക്കാര്‍ ജര്‍മനി ലക്ഷ്യമാക്കി യാത്ര തുടങ്ങിയിരിക്കുന്ന ഇക്കാലത്ത് രക്ഷിതാക്കളുടെ മനസില്‍ ഇടിത്തീയാകുന്ന വാര്‍ത്തയാണിത്.

ഞെട്ടിപ്പിക്കുന്ന വാര്‍ത്ത

ജര്‍മനിയിലെ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിച്ചപ്പോഴാണ് ജര്‍മനിക്ക് മുമ്പ് മാള്‍ട്ട, നെതര്‍ലാന്റ് എന്നീ രാജ്യങ്ങളില്‍ കഞ്ചാവ് ഉപയോഗം കുറ്റങ്ങളുടെ പട്ടികയില്‍നിന്ന് നേരത്തെതന്നെ ഒഴിവാക്കപ്പെട്ടിരിക്കുന്നുവെന്നറിയുന്നത്. മാനസിക പിരിമുറുക്കം, ഉറക്കമില്ലായ്മ എന്നിവയ്ക്കുള്ള ‘ഔഷധ’മായിട്ടാണ് ഈ നിയമം കുറ്റകരമല്ലാതാക്കിയത്. മദ്യപാനം, വിവാഹമോചനം, കോടികള്‍ മുടക്കിയുള്ള ഷെയര്‍ ബിസിനസ് തകര്‍ച്ച എന്നിവമൂലമുള്ള വിഷമഘട്ടങ്ങളെ തരണം ചെയ്യാനും തന്മൂലമുള്ള വിഷാദരോഗം ഒഴിവാക്കാനും ‘കഞ്ചാവ് തെറാപ്പി’ സഹായകരമാണെന്ന് അന്നാട്ടിലെ ആരോഗ്യക്ഷേമമന്ത്രിതന്നെ പറഞ്ഞിരിക്കുന്നു. അങ്ങനെ വരുമ്പോള്‍ ആരോഗ്യവും സാമൂഹികക്ഷേമവും ഒരുപോലെ തകരുമെന്നതിന് സംശയമില്ല.
ഈ നിയമം ജര്‍മനിയിലോ നെതര്‍ലാന്റിലോ മാത്രം ഒതുങ്ങിനില്‍ക്കുമെന്ന് കരുതുക വയ്യ.

ലഹരിവ്യാപാരം ആഗോളതലത്തില്‍ വലിയ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ വ്യാപാരികളും ദല്ലാളന്മാരും ലഹരിവ്യാപാരത്തിന്റെ മുന്‍പന്തിയിലുണ്ടാകും. യുവജനങ്ങളുടെ സമ്മര്‍ദവും കൂടിച്ചേര്‍ന്നാല്‍ വളര്‍ച്ചയുടെ കൂമ്പടഞ്ഞുപോകും. വിഖ്യാത ഇംഗ്ലീഷ് കാവ്യം ‘ദി ലോട്ടസ് ഈറ്റേഴ്‌സിന്റെ’ നാടായി രാജ്യങ്ങള്‍ മാറും. ലോര്‍ഡ് ആല്‍ഫ്രഡ് ടെന്നിസന്റെ പ്രശസ്തമായ കാവ്യത്തില്‍ ഒരു പ്രത്യേക ദ്വീപിലെ താമരമൊട്ടുകള്‍ ഭക്ഷിച്ചവര്‍ മൊത്തമായി മയക്കത്തിലായി സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാന്‍ മടിക്കുന്നതാണ് കാവ്യസാരം. ഇവിടെയും ജീവിതത്തിന്റെ ദിശ മാറ്റുന്ന ഗതികേടില്‍ താമരമൊട്ട് ഭക്ഷിക്കുന്നവര്‍ സ്വയം നഷ്ടപ്പെടുത്തുന്നു.

കഞ്ചാവ് വ്യാപാര-ഉപയോഗത്തിനുള്ള നിയമസംരക്ഷണം സമൂഹത്തിന് ഗുണം ചെയ്യുമോ എന്ന ആശങ്കയില്‍ ലൈസന്‍സുള്ള വില്പനകേന്ദ്രങ്ങളില്‍നിന്ന് മാത്രമേ തല്‍ക്കാലം വില്‍പനയുണ്ടാകുകയുള്ളൂവത്രേ! എന്ത് ഗുണമാണ് പ്രതീക്ഷിക്കേണ്ടത്! സംലഭ്യത ഒരു പ്രധാന ഘടകമാണെന്ന് അന്നാട്ടിലെ നിയമപണ്ഡിതന്മാരെ പഠിപ്പിക്കേണ്ടതുണ്ടോ? നിയന്ത്രിതമായി വില്‍പന നടത്തിയാ ല്‍ സംഘടിതമായ അക്രമങ്ങള്‍ക്ക് തടയിടാനാകുമെന്ന് കരുതാന്‍ മാത്രം ബുദ്ധിശൂന്യരായോ ജര്‍മന്‍കാര്‍? എത്ര വലിയ പാത്രത്തിലാണെങ്കിലും പാല്‍ നശിപ്പിക്കാന്‍ ഒരു നുള്ള് ഉപ്പ് മതിയല്ലോ. യൂറോപ്യന്‍ യൂണിയനിലെ അംഗരാഷ്ട്രങ്ങള്‍ പുതിയനിയമത്തിന് അംഗീകാരം നല്‍കാതിരിക്കുന്നതും ശ്രദ്ധേയമാണ്.

കഞ്ചാവ് വളര്‍ത്താനും അനുമതി

പുതിയ നിയമനിര്‍മാണം, ചുരുങ്ങിയ എണ്ണം കഞ്ചാവ് ചെടികള്‍ വളര്‍ത്താനും അനുമതി നല്‍കുന്നു. മുന്‍കാലങ്ങളില്‍ ജീവന്‍ നിലനിര്‍ത്താന്‍ ‘വായുഗുളികകള്‍’ കരുതിയിരുന്നതുപോലെ കഞ്ചാവിനുള്ള ദാഹം നിയന്ത്രണാധീനമാകുമ്പോള്‍, വീട്ടില്‍ വളര്‍ത്തു ന്ന കഞ്ചാവ് ചെടികള്‍ ഉപയോഗിക്കാമല്ലോ. വിനാശകാലേ വിപരീതബുദ്ധി! സ്ഥിതിവിവരക്കണക്കനുസരിച്ച് ജര്‍മനിയിലെ ആരോഗ്യമന്ത്രിയുടെ പത്രക്കുറിപ്പില്‍, കഴിഞ്ഞ വര്‍ഷം നാലു ദശലക്ഷം പേര്‍ അന്നാട്ടില്‍ കഞ്ചാവ് ഉപയോഗിച്ചിട്ടുണ്ടത്രേ. ഇതില്‍ 18-24 പ്രായത്തിലുള്ളവരും നല്ല ശതമാനമുണ്ടെന്ന് സര്‍ക്കാര്‍തന്നെ സമ്മതിച്ചിട്ടും ആസന്ന വിപത്ത് ഹിറ്റ്‌ലറിന്റെ നാട്ടുകാര്‍ മനസിലാക്കുന്നില്ല. നൈട്രസ് ഓക്‌സൈഡ് ശ്വസിപ്പിച്ച് നാസി തടവറയില്‍ വധിക്കപ്പെട്ട സംഭവത്തിന്റെ മറ്റൊരു പതിപ്പായി ഈ അനുമതി മാറും.

നാലുവര്‍ഷം കഴിഞ്ഞ് പുതിയ നിയമത്തിന്റെ പ്രത്യാഘാതങ്ങള്‍ വിലയിരുത്താമെന്നാണ് സര്‍ക്കാര്‍ നിലപാട്. അപ്പോഴേക്കും കഞ്ചാവിന്റെ അടിമകളായി ആയിരക്കണക്കിന് യുവജനങ്ങള്‍ തിരികെവരാന്‍ സാധിക്കാത്തവണ്ണം ലഹരിക്ക് അടിമകളായിക്കഴിഞ്ഞിരിക്കും.
ഗര്‍ഭഛിദ്രനിയമം ചില രാജ്യങ്ങളില്‍ നിയന്ത്രണങ്ങളോടെ നിയമവിധേയമാക്കിയെങ്കിലും അതിന്റെ ഭീകരത ലോകം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. മാത്രമല്ല, തെറ്റായ നയങ്ങള്‍ പെട്ടെന്ന് മറ്റ് രാജ്യങ്ങളിലേക്ക് കാട്ടുതീപോലെ പടര്‍ന്നു പിടിക്കുകയും ചെയ്യും. സര്‍ക്കാരും നിയമപാലനരംഗത്തുള്ളവരും അതീവജാഗ്രത പുലര്‍ത്തേണ്ട സമയമാണിത്.

അനുബന്ധം
ധര്‍മച്യുതിമൂലമുണ്ടാകുന്ന വിഷാദാവസ്ഥയ്ക്ക് മറുമരുന്ന് ഏതായാലും ലഹരിയല്ല. സത്യ-ധര്‍മ-നീതിബോധത്തില്‍ അധിഷ്ഠിതമായ ഉത്തമ കുടുംബ-സമൂഹ ജീവിതമാണ് അതിനുള്ള ഔഷധം.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?