Follow Us On

13

August

2025

Wednesday

മലയാളി വൈദികന് പെറുവിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

മലയാളി വൈദികന് പെറുവിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
ലിമ (പെറു): പെറുവിന്റെ പ്രിയപ്പെട്ട മിഷനറി ഫാ. ജോയി കൊച്ചുപുരയ്ക്കല്‍ സിഎംഐക്ക് ഇടവകക്കാര്‍ അന്തിമോപചാരം നല്‍കിയത് ഏറെ ഹൃദയഭേദകമായിട്ടാണ്. അനേകര്‍ പൊട്ടിക്കരയുന്നുണ്ടായിരുന്നു. ഏറ്റവും പ്രിയപ്പെട്ടൊരാള്‍ അപ്രതീക്ഷിതമായി വിടവാങ്ങുമ്പോള്‍ ഉണ്ടാകുന്ന നൊമ്പരമായിരുന്നു അവിടെ കൂടിയ ഓരോ മുഖങ്ങളിലും പ്രതിഫലിച്ചിരുന്നത്. അതുകൊണ്ടുകൂടിയാകാം ആ വിടവാങ്ങല്‍ ചടങ്ങ് സോഷ്യല്‍മീഡിയകളില്‍ വൈറലായത്.
പെട്ടെന്നുണ്ടായ ഹൃദയസ്തംഭനമാണ് പെറു രൂപതയിലെ പംപാകോല്‍പ, അരേഖി ഇടവകയില്‍ സേവനം ചെയ്തുകൊണ്ടിരുന്ന 53-കാരനായ ഫാ. ജോയി കൊച്ചുപുരയ്ക്കലിന്റെ മരണകാരണം.
കേരളത്തില്‍നിന്ന് എത്തിയ ഒരു വൈദികന്‍ വളരെ കുറഞ്ഞകാലംകൊണ്ട് പെറുവിന്റെ ഹൃദയംകവര്‍ന്നെങ്കില്‍ സുവിശേഷത്തിന്റെ പരിമളം അദ്ദേഹത്തിന്റെ പ്രവര്‍ത്തനമേഖലകളില്‍ നിറഞ്ഞുതുളുമ്പിനിന്നിരുന്നു എന്നു ചുരുക്കം. 2023-ലാണ് ഫാ. ജോയി കൊച്ചുപുരയ്ക്കല്‍ പെറുവിലെത്തിയത്. അദ്ദേഹത്തിന് വിടനല്‍കുന്ന ചടങ്ങുപോലും സുവിശേഷപ്രഘോഷണമായി മാറി. വാക്കുകള്‍ക്കുപകരം ഹൃദയങ്ങളില്‍നിന്നു ഉയര്‍ന്ന ഗത്ഗദങ്ങളായിരുന്നു സംസാരിച്ചതെന്നുമാത്രം.
തലശേരി അതിരൂപതയിലെ ബലാല്‍ സെന്റ് ആന്റണീസ് ഇടവകയിലെ കൊച്ചുപുരയ്ക്കല്‍ എബ്രാഹം-പരേതയായ മേരി  ദമ്പതികളുടെ മകനായി 1971 ഡിസംബര്‍ 30നാണ് ഫാ. ജോയിയുടെ ജനനം. ഏലിക്കുട്ടി, ജോസഫ്, വര്‍ക്കി, മാത്യു, മേരി എന്നിവരാണ് സഹോദരങ്ങള്‍. 2003 ഡിസംബര്‍ 27 നാണ് പൗരോഹിത്യം സ്വീകരിച്ചത്. സിഎംഐ സഭയുടെ മൈസൂര്‍ ആസ്ഥാനമായുള്ള സെന്റ് പോള്‍ പ്രൊവിന്‍സംഗമാണ്.
2006 മുതല്‍ 2017 വരെ അര്‍ജന്റീനയില്‍ മിഷനറിയായിരുന്നു. ഇന്ത്യയില്‍ തിരിച്ചെത്തിയ അദ്ദേഹം 2019 വരെ കൊപ്പയിലെ സെന്റ് മേരീസ് കാര്‍മല്‍ ഹൗസിന്റെ സുപ്പീരിയര്‍ ജനറലായി സേവനം ചെയ്തു. തുടര്‍ന്ന് കൗണ്‍സലിംഗില്‍ ലൈസന്‍ഷ്യേറ്റ് ചെയ്തു. 2023-ലാണ് പെറു മിഷനിലേക്ക് യാത്രയായത്. മൃതദേഹം ഇന്ത്യയില്‍ എത്തിക്കും. സംസ്‌കാര തീയതി പിന്നീട്.
ദൈവത്തിന്റെ പ്രിയപ്പെട്ടവന്‍ ആയതുകൊണ്ടുകൂടിയാകാം മധ്യവയസില്‍ ജോയിയച്ചനെ അവിടുന്നു വിളിച്ചത്. ഭൂമിയില്‍ നിര്‍വഹിച്ചതില്‍ കൂടുതല്‍ നിയോഗങ്ങള്‍ അവിടെ ഉണ്ടാകാം. ആ ശവമഞ്ചം കൊണ്ടുപോകുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ അവിടെ രൂപപ്പെട്ടത് സങ്കടക്കടലായിരുന്നു. ഫാ. ജോയി കൊച്ചുപുരയ്ക്കല്‍ ആ ഇടവകക്കാരുടെയും പ്രിയപ്പെട്ടവനായിരുന്നു എന്നാണ് കണ്ണീര്‍ക്കടല്‍ പറയാതെ പറയുന്നത്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?